മുന്നാക്ക സംവരണം: ശിൽപശാല ജനുവരി 24ന്

കോഴിക്കോട്: പട്ടികജാതി-പട്ടികവർഗ-പിന്നോക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ മേഖലയിലും സർക്കാർ-പൊതുമേഖലാ സർവ്വീസുകളിലും സംവരണം ഉറപ്പാക്കുന്ന ആർട്ടിക്കിൾ 15,16 എന്നിവയിൽ ഭേദഗതി വരുത്തി, മുന്നോക്ക സമുദായങ്ങൾക്ക് 10% വരെ സംവരണം നൽകാൻ 2019 ലെ 124-ാം ഭരണഘടനാ ഭേദഗതിയിലൂടെ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നല്ലോ. സുപ്രീംകോടതി വിധി നില നില്ക്കുന്നതിനാൽ, സംവരണീയരുടെ അവസരങ്ങളുടെ 50% ത്തിൽ നിന്നും മുന്നാക്കക്കാർക്ക് നൽകാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നത്. സാമൂഹികമായ അനീതികൾ കാരണം ദുർബ്ബലരാക്കപ്പെട്ട ജനവിഭാഗങ്ങൾക്ക്, വിശിഷ്യ പട്ടികജാതി - പട്ടികവർഗ വിഭാഗങ്ങൾക്ക്, പരിരക്ഷ നൽകാൻ ഭരണകൂടങ്ങൾക്ക് മാർഗനിർദ്ദേശം നൽകുന്ന 46-ാം അനുഛേദം (നിർദ്ദേശകതത്വം) ദുരുപയോഗം ചെയ്തുകൊണ്ട് നാളിതുവരെ ജാതി മർദ്ദനം തുടർന്നുവന്നിരുന്ന സവർണർക്ക് ആർട്ടിക്കിൾ 15, 16ന്‍റെ പരിരക്ഷ നൽകിയ നടപടിയിലൂടെ ഭരണഘടനയുടെ സാമൂഹിക ജനാധിപത്യസ്വഭാവം അട്ടിമറിക്കപ്പെട്ടതായും സമസ്ത മണ്ഡലത്തിലും സവർണ ഹിന്ദു മേധാവിത്തം സ്ഥാപിക്കപ്പെട്ടതായും ഇതിനകം വിമർശിക്കപ്പെട്ടിട്ടുണ്ട്.

കേന്ദ്ര-സംസ്ഥാന സർവ്വീസുകളിൽ എസ്.സി./എസ്.ടി. വിഭാഗങ്ങൾക്ക് മതിയായ പ്രാതിനിധ്യം നാളിതുവരെ ഉറപ്പുവരുത്താൻ കഴിഞ്ഞിട്ടില്ലെന്നും, മണ്ഡൽ കമീഷൻ റിപ്പോർട്ട് നടപ്പിലായിട്ടും ഒ.ബി.സി വിഭാഗങ്ങൾക്ക് മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലെന്നും നിരവധി പഠനങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെന്ന നിലയിൽ (EWS) ഇപ്പോൾ കണക്കാക്കിയിരിക്കുന്ന മുന്നാക്കക്കാർക്ക് ദേശീയതലത്തിലുള്ള ഉന്നതവിദ്യാഭ്യാസ മേഖലകളിൽ ജനസംഖ്യയുടെ മൂന്നിരട്ടിവരെ (29%വരെ) നിലവിൽ പ്രാതിനിധ്യമുണ്ടെന്നും പഠനങ്ങൾ പുറത്തുവന്നിട്ടുണ്ട്. കേരളത്തിലെ പിന്നോക്കവിഭാഗങ്ങളുടെ പ്രാതിനിധ്യ കുറവിനെക്കുറിച്ച് വിശദമായ കണക്കുകൾ നരേന്ദ്രൻ കമീഷൻ റിപ്പോർട്ടും പുറത്തു കൊണ്ടുവന്നിട്ടുണ്ട്. എയ്ഡഡ് മേഖലയിലെ മുന്നോക്കക്കാരുടെ പ്രാതിനിധ്യം ഏറെക്കുറെ 100% മാണ്. സർവീസ് മേഖലയിലും വിദ്യാഭ്യാസമേഖലയിലും അനർഹമായ പ്രാതിനിധ്യമുള്ള മുന്നാക്കക്കാർക്ക് ഭരണഘടന തത്വങ്ങൾ അട്ടിമറിച്ചു കൊണ്ട് 10% വരെ സംവരണം നൽകിയ നടപടി എന്തിനാണെന്ന് വിശദീകരിക്കാൻ ദേശീയ രാഷ്ട്രീയ പാർട്ടികൾക്ക് നാളിതുവരെ കഴിഞ്ഞിട്ടില്ല.

ഭരണഘടനാ വിരുദ്ധമായ ഭേദഗതി യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കുന്ന സമീപനമാണ് കേരള സർക്കാർ കൈക്കൊണ്ടത്. വ്യത്യസ്ത സാമുദായിക വിഭാഗങ്ങളുടെ പ്രാതിനിധ്യത്തെക്കുറിച്ച് യാതൊരുവിധ പഠനത്തിന്‍റെയും പിൻബലമില്ലാതെ, വിദ്യാഭ്യാസ - സർവ്വീസ് മേഖലയിലെമ്പാടും 10% സീറ്റുകൾ സംവരണം ചെയ്യാൻ ശുപാർശ ചെയ്ത റിട്ടയേഡ് ജില്ലാ ജഡ്ജി കെ. ശശിധരൻ നായർ കമീഷൻ റിപ്പോർട്ട് അംഗീകരിച്ച് മുന്നോക്ക സമുദായ സംവരണം കേരളത്തിൽ നടപ്പാക്കി തുടങ്ങിയിരിക്കുകയാണ്. പട്ടിക വിഭാഗക്കാരുടെയും പിന്നോക്ക വിഭാഗക്കാരുടെയും അവസരങ്ങൾ തട്ടിയെടുക്കപ്പെടുന്നതായി ദിനംപ്രതി വാർത്തകൾ പുറത്തു വന്നു കൊണ്ടിരിക്കുന്നു. ഏറെ താമസിയാതെ സർവ്വീസ് മേഖലയിൽ പരിമിതമായി ലഭിക്കുന്ന അവസരങ്ങളും കവർന്നെടുക്കപ്പെടുമെന്ന കാര്യത്തിൽ തർക്കമില്ല.

ജസ്റ്റിസ് നരേന്ദ്രൻ കമീഷൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്ന പ്രാതിനിധ്യക്കുറവ് കൂടാതെ, നിലവിലുള്ള സംവരണ റോസ്റ്ററിൽ നടത്തിവന്നിരുന്ന മെറിറ്റ് അട്ടിമറി കേരളത്തിൽ ഏറെ ചർച്ചചെയ്യപ്പെട്ടിട്ടുള്ളതാണല്ലോ. റൊട്ടേഷൻ സംവിധാനത്തിൽ നടത്തിവന്നിരുന്ന അട്ടിമറിയിലൂടെ, ജാതി-മത പരിഗണനയില്ലാതെ എല്ലാ വിഭാഗങ്ങൾക്കും അർഹതപ്പെട്ട മെറിറ്റ് ക്വാട്ടയിൽ നിന്ന് (ഓപ്പൺ കോമ്പറ്റീഷൻ) സംവരണീയ വിഭാഗത്തെ ആസൂത്രിതമായി ഒഴിവാക്കുന്ന നടപടി വഴിയും വൻതോതിൽ അവസരങ്ങൾ കവർന്നെടുക്കപ്പെട്ടിട്ടുണ്ട്. വർഷങ്ങളായി തുടരുന്ന ഈ അനീതിയോടൊപ്പം, മുന്നാക്കവിഭാഗത്തിലെ EWSന് റോസ്റ്ററിൽ മുന്തിയ പരിഗണന (9-ാം സ്ഥാനം) നൽകുന്നത് വഴി സംവരണ വിഭാഗത്തിൽ നിന്നും, ഓപ്പൺ മെറിറ്റിൽ നിന്നും കൂടുതൽ അവസരങ്ങൾ കവർന്നെടുക്കപ്പെടും എന്നുറപ്പാണ്.

ഈ സാഹചര്യത്തിൽ ഭരണഘടന ഭേദഗതിയുടെയും, കേരളത്തിൽ നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുന്ന റോസ്റ്റർ സംവിധാനത്തിന്‍റെയും പ്രത്യാഘാതങ്ങളെക്കുറിച്ച് ബന്ധപ്പെട്ട എല്ലാ സംവരണ വിഭാഗങ്ങളും ജനാധിപത്യ വിശ്വാസികളും വ്യക്തത ഉണ്ടാക്കേണ്ടതാണ്. ഇതിന് സഹായകരമായ നിലയിൽ വിദഗ്ധരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഒരു ശിൽപശാല 2021 ജനുവരി 24-ാംതീയ്യതി ഞായറാഴ്ച കുഴുപ്പിള്ളി പള്ളത്താംകുളങ്ങര തീരദേശമാനവ ശക്തിവിഭവ വികസന കേന്ദ്രം ഹാളിൽ സംഘടിപ്പിക്കുകയാണ്. ശിൽപശാല രാവിലെ 10 മണിക്ക് സംവരണ സമുദായ മുന്നണി സംസ്ഥാന സെക്രട്ടറി എൻ.കെ അലി ഉദ്ഘാടനം ചെയ്യും. തുടർന്ന് ശിൽപ്പശാലയിൽ സുദേഷ് എം. രഘു, ഡോ: അമൽ സി രാജൻ, എം. ഗീതാനന്ദൻ, സി.എസ് മുരളി, പ്രശാന്ത് ഗീത അപ്പുൽ എന്നിവർ വിഷയങ്ങൾ അവതരിപ്പിക്കും. കൂടാതെ വിവിധ ദലിത്-ആദിവാസി സംഘടന നേതാക്കളും അക്കാദമിക് മേഖലയിലുള്ളവരും പങ്കെടുക്കുന്നു.

ദേശീയതലത്തിൽ സവർണ സംവരണനിയമം നടപ്പാക്കിയതിനെ തുടർന്നും, സംവരണം മൗലികാവകാശമല്ല എന്ന സുപ്രീംകോടതിവിധി വന്നതിനെ തുടർന്നും കേരളത്തിൽ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി വന്നിരുന്ന ദലിത് - ആദിവാസി - സ്ത്രീ-പൗരാവകാശ കൂട്ടായ്മയുടെയും, കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവ്വീസിൽ സംവരണം സ്ഥാപിച്ചെടുക്കാൻ പ്രക്ഷോഭം നടത്തുകയും, നിയമപരമായ ഇടപെടലുകൾ നടത്തുകയും ചെയ്ത സമുദായ നേതൃത്വങ്ങളുടെയും, സർവീസ് സംഘടനാ പ്രവർത്തകരുടെയും സംയുക്ത സംരംഭമായാണ് ശിൽപശാല സംഘടിപ്പിക്കുന്നത്. 2020 ഡിസംബർ 1 മുതൽ തുടക്കം കുറിച്ച പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകാൻ വിവിധ സംഘടനകളുടെ ഏകോപനവേദിയായി സംയുക്ത സാമുദായിക - രാഷ്ട്രീയ പ്രക്ഷോഭസമിതിക്ക് രൂപം നൽകിയിട്ടുണ്ട്. എസ്.സി./എസ്.ടി./ഒബിസി സംഘടനകളുടെ തുടർപ്രക്ഷോഭങ്ങൾക്കും നിയമപരമായ ഇടപെടലുകൾക്കും ശിൽപശാലയുടെ വിജയം ഉറപ്പാക്കണമെന്ന് എല്ലാ ജനാധിപത്യ വിശ്വാസികളോടും അഭ്യർഥിക്കുന്നതാ‍യും എം. ഗീതാനന്ദൻ, സി.എസ് മുരളി എന്നിവർ വാർത്താകുറിപ്പിലൂടെ അറിയിച്ചു.

Tags:    
News Summary - Work Shop in EWS Reservation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.