കൊല്ലപ്പെട്ട സുഭദ്ര, പ്രതികളെന്ന് സംശയിക്കുന്ന മാത്യൂസ്, ഭാര്യ ശർമിള

സുഭദ്രയെ കൊലപ്പെടുത്തുന്നതിന് മുമ്പ് കുഴി ഒരുക്കി; കുഴിയെടുക്കാൻ വന്നപ്പോൾ വയോധികയെ കണ്ടുവെന്ന് മേസ്തിരിയുടെ മൊഴി

ആലപ്പുഴ: കൊച്ചിയിൽ നിന്ന് ഒരുമാസം മുമ്പ് കാണാതാവുകയും വീട്ടുവളപ്പിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തുകയും ചെയ്ത വയോധികയുടെ കൊലപാതകത്തിൽ വെളിപ്പെടുത്തലുമായി മേസ്തിരി അജയൻ. സുഭദ്രയെ കൊലപ്പെടുത്തുന്നതിന് മുമ്പ് തന്നെ കുഴി ഒരുക്കിയിരുന്നതായി സംശയം. കുഴിയെടുക്കാൻ വന്നപ്പോൾ കൊല്ലപ്പെട്ട സുഭദ്രയെ കണ്ടിരുന്നുവെന്ന് അജയൻ മൊഴി നൽകി.

കുളിമുറി മാലിന്യവും വീട്ടിലെ മാലിന്യവും കുഴിച്ചു മൂടാനായി കുഴി എടുക്കാനാണ് ആദ്യം ആവശ്യപ്പെട്ടത്. മൂന്നടി താഴ്ചയിൽ കുഴി എടുത്തപ്പോൾ ആഴം പോരെന്ന് പറഞ്ഞു. വെള്ളം ഉയരുന്ന സ്ഥലമായതിനാൽ കുഴിയുടെ ആഴം കൂട്ടണമെന്ന് മാത്യുസ് ആവശ്യപ്പെട്ടു. തുടർന്ന് നാലടി താഴ്ചയിലേക്ക് കുഴിവെട്ടി. അടുത്ത ദിവസം പറമ്പ് വൃത്തിയാക്കാൻ വന്നപ്പോൾ കുഴി മൂടിയ നിലയിലായിരുന്നു. പരിസരത്തെ മാലിന്യങ്ങളിട്ട് കുഴി മൂടിയെന്നും പണിയുടെ ആവശ്യമില്ലെന്നും പറഞ്ഞു. ആ സമയത്ത് സംശയം തോന്നിയില്ലെന്നും അജയൻ വ്യക്തമാക്കി. കേസിലെ പ്രതിയെന്ന് സംശയിക്കുന്ന ശർമിള അമിത മദ്യപാനിയാണ് മദ്യപിച്ച ശേഷം പാട്ടും ഡാൻസും നടത്തുമായിരുന്നു. അതിനാൽ, പരിസരവാസികൾ ശ്രദ്ധിക്കില്ലായിരുന്നുവെന്നും അജയൻ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ മാസം റൈനോൾഡ് എന്ന ഒരു സുഹൃത്തിനെ കാണാൻ വേണ്ടി മാത്യൂസും ശർമിളയും സ്ഥലത്ത് എത്തിയതായി പൊലീസിന് വിവരം ലഭിച്ചിച്ചുണ്ട്. രാത്രി എട്ടുമണിയോടെ ലൈറ്റ് അണച്ച് വാതിലും ജനലും അടച്ച് കഴിയുന്ന താമസക്കാരായിരുന്നുവെന്ന് നാട്ടുകാരും പറയുന്നു. കഴിഞ്ഞ ഒമ്പതാം തീയതി വീട് പൂട്ടി സകലസാമഗ്രികളുമായി മടങ്ങിപ്പോകുന്നതിന്‍റെ സി.സിടിവി ദൃശ്യങ്ങൾ സമീപത്തെ വീട്ടിൽ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്.

അതേസമയം, ഒളിവിൽ കഴിയുന്ന പ്രതികളെന്ന് സംശയിക്കുന്ന ദമ്പതികളായ മാത്യൂസിനെയും ശർമിളയെയും കണ്ടെത്താനുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കി. ഇവർ ഉടൻ തന്നെ പിടിയിലാകുമെന്നാണ് പൊലീസ് അറിയിച്ചത്. കേരളത്തിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചു. ജില്ല പൊലീസ് മേധാവി എം.പി. മോഹനചന്ദ്രൻ, ഡിവൈ.എസ്.പി എം.ആർ. മധു ബാബു, മണ്ണഞ്ചേരി സി.ഐ എം.ആർ. രാജേഷ്, എസ്.ഐ കെ.ആർ. ബിജു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

കൊച്ചിയിൽ നിന്ന് ഒരുമാസം മുമ്പ് കാണാതായ വയോധികയെ കൊന്ന് വീട്ടുവളപ്പിൽ കുഴിച്ചുമൂടിയത് ഇന്നലെയാണ് കണ്ടെത്തിയത്. കൊച്ചി കടവന്ത്ര കർഷക റോഡ് ‘ശിവകൃപ’യിൽ പരേതനായ ഗോപാലകൃഷ്ണന്‍റെ ഭാര്യ സുഭദ്രയാണ് (73) കൊല്ലപ്പെട്ടത്. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 23ാം വാർഡ് പഴമ്പാശ്ശേരി വില്യംസിന്‍റെ ഉടമസ്ഥതയിലുള്ള വീട്ടിലെ ശൗചാലയത്തോടു ചേർന്ന് നാലടി താഴ്ചയിൽ കുഴിച്ചിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവിടെ വാടകക്ക് താമസിച്ചിരുന്ന ദമ്പതികളായ കാട്ടൂർ പള്ളിപ്പറമ്പിൽ മാത്യൂസ് (നിഥിൻ -33), ഭാര്യ കർണാടക ഉഡുപ്പി സ്വദേശി ശർമിള (30) എന്നിവർ ഒളിവിലാണ്. ആഭരണം കൈക്കലാക്കാനാണ് സുഭദ്രയെ കൊന്നതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ആരാധനാലയങ്ങളിലടക്കം ഒരുമിച്ച് യാത്ര നടത്തിയ സുഭദ്രയും ശർമിളയും തമ്മിൽ വർഷങ്ങളായി പരിചയമുണ്ട്.

ആഗസ്റ്റ് നാലിനാണ് സുഭദ്രയെ കാണാതായത്. ഇതുസംബന്ധിച്ച് മകൻ രാധാകൃഷ്ണൻ കടവന്ത്ര പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് സുഭദ്രയുടെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ അവസാനം എത്തിയത് ആലപ്പുഴ കലവൂർ കോർത്തുശ്ശേരിയിലാണെന്ന് തിരിച്ചറിഞ്ഞു. ആരാധനാലയങ്ങളിലടക്കം ഒരുമിച്ച് യാത്ര നടത്തിയ സുഭദ്രയും ശർമിളയും തമ്മിൽ വർഷങ്ങളായി പരിചയമുണ്ട്. സുഭദ്ര പലപ്പോഴും ശർമിളയുടെ വീട്ടിൽ വരാറുണ്ടായിരുന്നുവെന്നും സൂചന ലഭിച്ചു. ആഗസ്റ്റ് ഏഴിന് രാത്രി മൃതദേഹം കണ്ടെത്തിയ വീടിനു സമീപത്തെ റോഡിലൂടെ നടന്നു പോകുന്ന സി.സി ടി.വി ദൃശ്യങ്ങളും ലഭിച്ചു. പൊലീസ് വീട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ശൗചാലയത്തിനു മുന്നിൽ പുതിയ കുഴിയെടുത്തതായി കണ്ടെത്തി.

തിങ്കളാഴ്ച സ്ഥലത്തെത്തിയ പൊലീസ് നായ് മണംപിടിച്ചാണ് മൃതദേഹം കുഴിച്ചിട്ട സ്ഥലം തിരിച്ചറിഞ്ഞത്. ആദ്യം തലമുടിയും പിന്നീട് അഴുകിയ നിലയിൽ മൃതദേഹവും കണ്ടെത്തി. മൃതദേഹത്തിന് മൂന്നാഴ്ചത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. മുട്ടുവേദനക്ക് അമ്മ ഉപയോഗിച്ചിരുന്ന ബാൻഡ് കണ്ടാണ് മക്കളായ രാധാകൃഷ്ണനും രാജീവും മൃതദേഹം തിരിച്ചറിഞ്ഞത്.

Tags:    
News Summary - Worker's statement that when he came to dig, he saw the Subhadra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.