മാതൃത്വത്തേയും മാതാവിനെയും ആഹ്ലാദാരവങ്ങളോടെ പ്രകീർത്തിക്കുന്ന ദിനത്തിൽ നെഞ്ചിൽ കനലുമായി കഴിയുന്നുണ്ട് ഒരുപാട് അമ്മമാർ. പരപ്പനങ്ങാടിയിലെ സകരിയ്യയുടെ ഉമ്മ ബിയ്യുമ്മയെയും പന്തീരാങ്കാവിലെ താഹ ഫസലിെൻറ മാതാവ് ജമീലയെയും പോലെ. മക്കൾക്കൊപ്പം ആഘോഷങ്ങളില്ല, ആനന്ദ സെൽഫികളില്ല. പകരം അറിയാത്ത തെറ്റുകളുടെ പേരിൽ ദൂരെ അഴിക്കുള്ളിൽ അടച്ചിടപ്പെട്ട മക്കൾ ഉണ്ടോ, ഉറങ്ങിയോ എന്ന ആവലാതിയിൽ, ഇനിയെന്ന് കാണാനാകുമെന്ന ആശങ്കയിൽ ഈ മാതൃദിനവും കടന്നുപോകും. പുറം കാഴ്ചക്കാർ പലതും പറഞ്ഞു. രാജ്യ വിരുദ്ധരെന്നും അക്രമികളെന്നും മുദ്രകുത്തി. അപ്പോഴും ഇപ്പോഴും അവരൊരു തെറ്റും ചെയ്തിട്ടില്ലെന്ന് മക്കളുടെ ഉള്ളറിയുന്ന ഈ അമ്മമാർ വിശ്വസിക്കുന്നു.
ഒരു നാൾ നീതി പുലരുമെന്ന് കാത്തിരിക്കുന്നു. അതെത്രനാൾ എന്നതുമാത്രമാണ് വേദന. 2009 ഫെബ്രുവരി അഞ്ചിനാണ് പരപ്പനങ്ങാടി വാണിയം പറമ്പത്ത് കോണിയത്ത് വീട്ടിലെ സകരിയ്യയെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 2008 ലെ ബംഗളൂരു സ്ഫോടനക്കേസിൽ പ്രതി ചേർക്കപ്പെട്ടായിരുന്നു അറസ്റ്റ്. യു.എ.പി.എ പ്രകാരം വിചാരണ തടവുകാരനായി ജയിലിലടക്കപ്പെടുേമ്പാൾ 19 വയസ്സായിരുന്നു സകരിയ്യയുടെ പ്രായം. അന്നു തുടങ്ങിയതാണ് ബിയ്യുമ്മയുടെ കണ്ണീർ. ഇപ്പോൾ 12 വർഷം പിന്നിട്ടിരിക്കുന്നു. കേസ് അവസാനിച്ചില്ല,മകൻ തെറ്റുകാരനെല്ലന്ന് നൂറു ശതമാനം ഉറപ്പുണ്ട്. സാക്ഷികൾ അത് കോടതിയിൽ വ്യക്തമാക്കിയതുമാണ്. എന്നിട്ടും തടവ് തുടരുന്നു. ഇതിനിടയിൽ മകനെ കണ്ടത് മൂന്ന് തവണ മാത്രം. മനസ്സിെൻറ വേദന ശരീരത്തെ കീഴടക്കിയതിനാലാകാം അടുത്തിടെ ഈ ഉമ്മക്ക് തളർവാതവും പിടിപെട്ടു. ഇനിയെന്നു മകനെ കാണും എന്ന തേങ്ങൽ മാത്രം ബാക്കി.
പുസ്തകങ്ങളും പുത്തനാശയങ്ങളും ഇഷ്ടപ്പെട്ടയാളായിരുന്നു താഹ ഫസൽ. കൂലിപ്പണിക്കിടയിൽ അതിനായി സമയം കണ്ടെത്തി. പുസ്തകങ്ങളും ലഘുലേഖകളും കൈയിൽ വെച്ചതിെൻറ പേരിൽ 2019 നവംബറിലാണ് താഹ ഫസൽ അറസ്റ്റിലാകുന്നത്. മാവോയിസ്റ്റ് ബന്ധമാരോപിച്ച് യു.എ.പി.എ ചുമത്തി. 10 മാസത്തിന് ശേഷം ജാമ്യം കിട്ടിയപ്പോൾ ജമീല ഒരുപാട് ആശ്വസിച്ചതാണ്. എന്നാൽ വൈകാതെ ജാമ്യം റദ്ദാക്കപ്പെട്ടു. ജമീലയുടെ കണ്ണിൽ വീണ്ടും ഇരുട്ടുപടർന്നു. ഇത് രണ്ട് അമ്മമാരുടെ മാത്രം കഥയും കാത്തിരിപ്പുമല്ല. മഹാമാരിയേക്കാൾ കഠിനമായ ഭരണകൂട ഭീകരതയാൽ, ഇഴയുന്ന നിയമസംഹിതകളാൽ ജയിലിൽ തുടരുന്ന മക്കളുള്ള അനേകായിരം അമ്മമാരുടെ ജീവിതമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.