സാഹിത്യകാരൻ കെ. പൊന്ന്യം അന്തരിച്ചു

തലശ്ശേരി: സാഹിത്യകാരനും റെയിൽവേ സ്‌റ്റേഷൻ റിട്ട. ഡെപ്യൂട്ടി സൂപ്രണ്ടുമായ കെ. പൊന്ന്യം (കെ.കെ. കരുണാകരൻ -96) നിര്യാതനായി. പൊന്ന്യത്തെ പുതിയമഠത്തിൽ വീട്ടിൽ ചൊവ്വാഴ്‌ച ഉച്ചക്ക് 12.15നായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖത്തെ തുടർന്ന്‌ ചികിത്സയിലായിരുന്നു.

കഥ, കവിത, നോവൽ, നോവലെറ്റ്, വിവർത്തനം, ലേഖനങ്ങൾ തുടങ്ങി എഴുത്തിന്റെ വിവിധ മേഖലകളിൽ സാന്നിധ്യമറിയിച്ചു. പതിനെട്ടാം വയസ്സിലാണ്‌ ആദ്യ കവിത എഴുതി പ്രസിദ്ധീകരിച്ചത്‌. ചീന്തിയെടുത്ത ഏടുകൾ, സൗപർണിക, പുറത്താക്കപ്പെടുന്നവർ, ഇല്ല സാർ എനിക്കൊരാവലാതിയും ഇല്ല, അവിശ്വാസി, റീത്ത്, ഒരു മനുഷ്യനും ഒടുങ്ങാത്ത കൊടുങ്കാറ്റും (കഥാസമാഹാരം), അപകടങ്ങൾ (നോവൽ), പാളങ്ങൾ (നോവലെറ്റ്), ആരോ അടുത്തടുത്തുണ്ട്, രണ്ട് വരി രണ്ട് ശബ്ദം (കവിത സമാഹാരങ്ങൾ), മറോക്ക (വിവർത്തനം) എന്നിവയാണ് പ്രധാന കൃതികൾ.

1927 നവംബർ നാലിനാണ്‌ പുതിയമഠത്തിൽ കെ.കെ. കരുണാകരൻ എന്ന കെ. പൊന്ന്യത്തിന്റെ ജനനം. വിദ്യാഭ്യാസത്തിനുശേഷം 1950 ഡിസംബർ 15ന്‌ റെയിൽവേയിൽ ജോലിയിൽ പ്രവേശിച്ചു.‌ പാലക്കാട്‌ ഡിവിഷനിലെ വിവിധ സ്‌റ്റേഷനുകളിൽ ജോലിചെയ്‌തു. 1985ൽ തലശ്ശേരിയിൽനിന്ന്‌ ഡെപ്യൂട്ടി സൂപ്രണ്ടായി വിരമിച്ചു. സാഹിത്യകാരൻ വൈശാഖൻ സഹപ്രവർത്തകനാണ്‌.

ഭാര്യ: പി. രോഹിണി (റിട്ട. പ്രധാനാധ്യാപിക, പൊന്ന്യം സൗത്ത്‌ എൽ.പി). മക്കൾ: പി. പ്രീത (റിട്ട. അധ്യാപിക, കൊടക്കളം യു.പി), അനൂപ്‌കുമാർ (യൂനിയൻ ബാങ്ക്‌, തലശ്ശേരി ശാഖ), ജ്യോതി (അധ്യാപിക, മമ്പറം ഇന്ദിര ഗാന്ധി സ്കൂൾ). മരുമക്കൾ: കെ.കെ. ബാലകൃഷ്‌ണൻ (റിട്ട. ജലവിഭവ വകുപ്പ്‌, കണ്ണൂർ), രശ്‌മി, മുരളീധരൻ (റിട്ട. സോണൽ മാനേജർ, കിൻഫ്ര). സഹോദരൻ: കെ.കെ. രാഘവൻ നമ്പ്യാർ.

Tags:    
News Summary - Writer K. Ponnyam passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.