'എന്ത് സഹതാപ പോസ്റ്റിട്ടാലും ഹരികൃഷ്ണന്‍സിന്റെ ചീത്തപ്പേര് പോകില്ല'-എൻ.എസ്​.മാധവൻ

നടിയെ ആക്രമിച്ച കേസിൽ അതിജീവിതക്ക്​ പിന്തുണ പോസ്​റ്റിട്ട നടന്മാരായ മോഹൻലാലിനേയും മമ്മൂട്ടിയേയും പരിഹസിച്ച്​ എഴുത്തുകാരൻ എൻ.എസ്​.മാധവൻ. കേസിൽ പ്രതിയായ ദിലീപിനെ താരസംഘടനയായ അമ്മയില്‍ (AMMA) നിന്ന് പുറത്താക്കാതെ എന്ത് സഹതാപ പോസ്റ്റിട്ടിട്ടും കാര്യമില്ലെന്നാണ്​ എൻ.എസ്​.മാധവൻ ട്വീറ്റ്​ ചെയ്​തിരിക്കുന്നത്​. നടിയുടെ കുറിപ്പ്​ പങ്കുവച്ചുകൊണ്ടാണ്​ മലയാളത്തിലെ സൂപ്പർ സ്​റ്റാറുകൾ ആദ്യമായി നടിക്ക്​ തുറന്ന പിന്തുണ നൽകിയത്​. 'എ.എം.എം.എയില്‍ നിന്ന് ദിലീപിനെ പുറത്താക്കാതെ എന്ത് സഹതാപ പോസ്റ്റിട്ടാലും ഹരികൃഷ്ണന്‍സിന്റെ ചീത്തപ്പേര് പോകില്ല' എന്നായിരുന്നു മാധവ​െൻറ ട്വീറ്റ്.

കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ട നടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. താന്‍ കടന്നുപോയ വഴികളെ കുറിച്ചും തനിക്ക് പിന്തുണ നല്‍കി ഒപ്പം നിന്നവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടുമായിരുന്നു പോസ്റ്റ്. പോസ്റ്റ് പങ്കുവെച്ചുകൊണ്ട് സിനിമ മേഖലയിലെ നിരവധി പേർ രംഗത്തെത്തിയിരുന്നു. സൂപ്പർസ്റ്റാറുകളായ മമ്മൂട്ടിയും മോഹൻലാലും നടിയുടെ പോസ്റ്റ് പങ്കുവെക്കുകയും ചെയ്​തു. ഇരയാക്കപ്പെടലില്‍ നിന്ന്​ അതിജീവനത്തിലേക്കുള്ള യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ലെന്നും കഴിഞ്ഞ അഞ്ച് വര്‍ഷമായി തന്റെ പേരും വ്യക്തിത്വവും, തനിക്ക് സംഭവിച്ച അതിക്രമത്തിനടിയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണെന്നും നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു.

കുറ്റം ചെയ്​തത് താന്‍ അല്ലെങ്കിലും തന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടിട്ടുണ്ടെന്നും ആ സമയത്തൊക്കെ തനിക്ക് വേണ്ടി സംസാരിക്കാനും തന്റെ ശബ്ദം നിലയ്ക്കാതിരിക്കാനും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നെന്നും ഇന്ന് തനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ തനിച്ചല്ലെന്ന് തിരിച്ചറിയുകയാണെന്നും നടി പറഞ്ഞിരുന്നു.

മലയാള ചലചിത്ര രംഗത്ത് സ്ത്രീകർ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് ജസ്റ്റിസ് ഹേമ കമീഷൻ സമർപ്പിച്ച റിപ്പോർട്ടിലെ ശിപാർശകൾ നടപ്പാക്കാത്തതിനെതിരേയും എൻ.എസ് മാധവൻ നേരത്തേ പ്രതികരിച്ചിരുന്നു. 2019 ൽ സമർപ്പിച്ച റിപ്പോർട്ട് പഠിക്കാൻ വീണ്ടുമൊരു സമിതിയെ നിയമിച്ച സർക്കാർ നടപടിയെ വിമർശിച്ചു കൊണ്ടായിരുന്നു ട്വിറ്ററിലൂടെ എൻ.എസ്. മാധവ​ന്‍റെ പ്രതികരണം.

'എന്താണിത്, രണ്ട് വർഷം ഒരു നടപടിയും എടുക്കാതെ ജസ്റ്റിസ് ഹേമ കമീഷ​ന്‍റെ റിപ്പോർട്ട് പഠിക്കാൻ മറ്റൊരു സമിതി നിയമിച്ചിരുക്കുന്നു' -എൻ.എസ് മാധവൻ ട്വീറ്റ് ചെയ്തു. ഒരു ഇടതു സർക്കാർ ഇരകളോടൊപ്പമായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും ഹേമ കമീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2019 ഡിസംബർ 31 ന് സമർപ്പിച്ച ജസ്റ്റിസ് ഹേമ കമീഷ​ന്‍റെ റിപ്പോർട്ട് പുറത്തുവിടാനോ അതിൽ എന്തെങ്കിലും നടപടി കൈകൊള്ളാനോ ഇതുവരെ സർക്കാർ തയാറായിട്ടില്ല.

'കാസ്റ്റ് കൗച്ചർമാരെയും' അതുപോലുള്ള മറ്റു വഞ്ചകരെയും സംരക്ഷി​ക്കേണ്ട ചുമതല സർക്കാറിനില്ല - സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ സംബചന്ധിച്ച ഹേമ കമീഷൻ റിപ്പോർട്ട് പൂഴ്ത്തിവെച്ചതിനെ സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം ട്വീറ്റ് ചെയ്തു.

ഒരു നടി ക്രൂരമായി ആക്രമിക്കപ്പെട്ടതിന് ശേഷമാണ് സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് പഠിക്കാൻ ജസ്റ്റിസ് ഹേമ കമീഷനെ സർക്കാർ നിയമിച്ചത്. എന്നാൽ, ഈ കമീഷൻ സമർപ്പിച്ച റിപ്പോർട്ട് രണ്ടു വർഷത്തിന് ശേഷവും പുറത്തുവിടാൻ സർക്കാർ തയാറായിട്ടില്ല. അതിലെ ശിപാർശകൾ നടപ്പാക്കിയിട്ടുമില്ല.

വേദനാജനകമായ ആക്രമണത്തിന് ശേഷം കാര്യമായ പിന്തുണ ലഭിക്കാത്തത് സംബന്ധിച്ച് നടി സോഷ്യൽ മീഡയയിൽ പങ്കുവെച്ച പോസ്റ്റ് വീണ്ടും വാർത്തകളിൽ ഇടം നേടിയ ശേഷമാണ് കമീഷൻ റിപ്പോർട്ട് സംബന്ധിച്ച് പഠിക്കാൻ മറ്റൊരു സമിതിയെ നിയമിക്കാൻ സർക്കാർ ഒരുങ്ങുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.