വാനിൽ ഉയർന്ന വനിതകൾ

കേരളം

കൽപന
പ്രശസ്ത  മലയാള ചലച്ചിത്ര താരം കല്‍പന ജനുവരി 25ന് അന്തരിച്ചു. 'തനിച്ചല്ല ഞാന്‍' എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം നേടി. മലയാളം, തമിഴ്​ തുടങ്ങി  മുന്നൂറിലേറെ സിനിമകളില്‍ കല്‍പന അഭിനയിച്ചിട്ടുണ്ട്.
 

ജിഷ
ഏപ്രിൽ 28ന്​ പെരുമ്പാവൂര്‍ ഇരിങ്ങോളില്‍ ദലിത്​ നിയമ വിദ്യാര്‍ഥിനിയായ  ജിഷ(29) ക്രൂരമായി കൊല്ലപ്പെട്ടു. ജിഷയുടെ ജനനേന്ദ്രിയം ഉൾപ്പെടെയുള്ള ശരീരഭാഗങ്ങളിൽ  38 മുറിവുകളാണുണ്ടായിരുന്നത്​. പൊലീസ്​ നിസാരമെന്ന്​ തള്ളിയ കേസ്​ പോസ്​റ്റ്​മോർട്ടം റിപ്പോർട്ട്​ പുറത്തതു വന്നതോടെയാണ്​ വാർത്തയായത്​. ജിഷയുടെ കൊലപാതകിയെ അറസ്​റ്റു ചെയ്യാണമെന്നാവശ്യപ്പെട്ട്​ ​സംസ്ഥാനമെമ്പാടും പ്രതിഷേധം അലയടിച്ചു. ജൂൺ 15ന്​ പ്രതിയായ അസം സ്വദേശി അമീറുല്‍ ഇസ് ലാമിനെ പൊലീസ്​ അറസ്​റ്റു ചെയ്​തു.

സൗമ്യ
ക്രൂര പീഡനത്തിനിരയായി കേരളത്തി​​െൻറ വേദനയായി 2011 ഫെബ്രുവരി ആറിന്​  മൺമറഞ്ഞ സൗമ്യക്ക്​ നീതി നിഷേധിക്കപ്പെട്ടതായിരുന്നു വാർത്ത.  സെപ്​തംബർ 16ന്​ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി. ഗോവിന്ദച്ചാമി സൗമ്യയെ കൊലപ്പെടുത്തിയെന്ന്​ വ്യക്തമാക്കുന്ന തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ്​ സുപ്രീംകോടതി വധശിക്ഷ തള്ളിയത്​. സർക്കാർ പുനഃപരിശോധനാ ഹരജി  നൽകിയെങ്കിലും കോടതി അത്​ തള്ളുകയാണുണ്ടായത്​.

ഭാഗ്യലക്ഷ്​മി
രാഷ്​ട്രീയ നേതാവ്​ ഉൾപ്പെട്ട കൂട്ടബലാത്സംഗ കേസ്​ പുറത്തു കൊണ്ടുവന്നാണ്​ ​പ്രശസ്ത ഡബ്ബിങ്​ ആർട്ടിസ്​റ്റ്​ ഭാഗ്യലക്ഷ്​മി വാർത്തകളിലിടം പിടിച്ചത്​. നീതിന്യായ വ്യവസ്ഥയും പൊലീസും സ്ത്രീയുടെ മാനത്തിന് നേരെ മുഖം തിരിച്ചപ്പോള്‍ ഇരയുടെ നീതിക്കുവേണ്ടി  ഭാഗ്യലക്ഷ്മി രംഗത്തെത്തി. ഒക്​ടോബർ 29ന്​ ‘ഇത് നടക്കുന്നത് കേരളത്തില്‍ തന്നെയോ’ എന്ന തലക്കെട്ടില്‍ സുഹൃത്തിന്‍െറ ഭാര്യയെ ബലാത്സംഗം ചെയ്ത ഉന്നത രാഷ്ട്രീയ നേതാവിനും കൂട്ടാളിക്കെതിരെയും നടപടിയില്ലെന്ന്​ കാണിച്ച് ഭാഗ്യലക്ഷ്മി  ഫേസ്ബുക്ക് പേജില്‍ പോസ്റ്റിട്ടത്. ഇത്​ പിന്നീട്​ വാർത്തയാവുകയും നിയമനടപടികളിലേക്ക്​ നീങ്ങുകയും ചെയ്​തു.


ഇന്ത്യ

മൃണാളിനി സാരാഭായ്
പ്രശസ്ത നര്‍ത്തകിയും ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ പിതാവുമായ വിക്രം സാരാഭായിയുടെ ഭാര്യ മൃണാളിനി സാരാഭായ് ജനവരി 21ന് അന്തരിച്ചു. പ്രശസ്ത നടിയും നര്‍ത്തകിയുമായ മല്ലികാ സാരാഭായ്, കാർത്തികേയൻ എന്നിവർ മക്കളാണ്.  പ്രമുഖ സ്വാതന്ത്രസമര നായികയും ഐ.എന്‍. എ. പ്രവര്‍ത്തകയുമായിരുന്ന ക്യാപ്റ്റന്‍ ലക്ഷ്മി സഹോദരിയാണ്. അഹമദാബാദില്‍  'ദര്‍പ്പണ' എന്ന പേരില്‍ നൃത്തവിദ്യാലയം സ്ഥാപിച്ചു. പദ്മശ്രീ (1965), പദ്മഭൂഷണ്‍(1992) പുരസ്‌ക്കാരങ്ങള്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. 'ഹൃദയത്തിന്‍റെ സ്വരം' ആണ് ആത്മകഥ.

ഇറോം ചാനു ശർമ്മിള
മണിപ്പൂരി​​െൻറ ഉരുക്കു വനിത ഇറോം ശർമ്മിള 16 വർഷമായി തുടരുന്ന നിരാഹാരസമരം ആഗസ്​റ്റ്​ 10ന്​  അവസാനിപ്പിച്ചു.  സൈന്യത്തിന്‍റെ പ്രത്യേക സായുധാധികാര നിയമമായ അഫ്‌സ്​പ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തുടങ്ങിയ സമരം 5757 ദിവസങ്ങള്‍ പിന്നിട്ട ശേഷമാണ്​ ഇറോം ശർമ്മിള നിരാഹാരസമരം അവസാനിപ്പിച്ചത്​. രാഷ്​ട്രീയത്തിൽ ഇറങ്ങ​ുമെന്ന്​ വ്യക്തമാക്കിയ അവർ ഒക്​ടോബർ 20ന്​ സ്വന്തം പാർട്ടിയായ പ്രജയുടെ (പീപ്പിൾ റീസർജൻസ്​ ആൻറ്​ ജസ്​റ്റിസ്​ അലയൻസ്​) പ്രഖ്യാപനം നടത്തി. അടുത്ത വർഷമുണ്ടാകുന്ന മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും 44 കാരിയായ ഇറോം വ്യക്തമാക്കിയിട്ടുണ്ട്.

മെഹബൂബ മുഫ്​തി
ജമ്മു കശ്മീരിന്‍റെ 13മത് മുഖ്യമന്ത്രിയായി പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി.) അധ്യക്ഷ മെഹബൂബ മുഫ്തി ഏപ്രില്‍ നാലിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജമ്മു കശ്മീരിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയാണ്​ 56കാരിയായ മെഹബൂബ. ബി.ജെ.പി സഖ്യത്തി​​െൻറ സഹകരണത്തോടെയാണ്​ മെഹബൂബ അധികാരത്തിലെത്തിയത്​. മെഹബൂബക്കൊപ്പം 23 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.

മമതാ ബാനർജി
തൃണമുൽ കോൺഗ്രസ്​ അധ്യക്ഷ മമത ബാനര്‍ജി മെയ്​ 27 ന്​ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടര്‍ച്ചയായ രണ്ടാംവട്ടമാണ് മമത ബംഗാള്‍ മുഖ്യമന്ത്രി പദത്തിലെത്തുന്നത്​. മമതക്കൊപ്പം 17 പുതുമുഖങ്ങൾ ഉള്‍പ്പെടെ 41 മന്ത്രിമാരും അധികാരമേറ്റു. 294 അംഗ നിയമസഭയില്‍ 211 സീറ്റുകള്‍ നേടിയാണ് തൃണമൂൽ സര്‍ക്കാര്‍ ഭരണം നിലനിര്‍ത്തിയത്.

തൃപ്​തി ദേശായ്​
ഇന്ത്യയിലെ പ്രശസ്ത ലിംഗസമത്വ പ്രവർത്തകയും ഭൂമാതാ റാൻ രാഗിണി (ഭൂമാതാ ബ്രിഗേഡ്) എന്ന പ്രസ്ഥാനത്തിന്‍റെ സ്ഥാപകയുമാണ് തൃപ്തി ദേശായി. മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ ശനി ശിംഘ്നാപൂർ ക്ഷേത്രത്തിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കാൻ  തൃപ്തി ദേശായിയുടെ നേതൃത്വത്തിൽ പ്രക്ഷോഭം സംഘടിപ്പിച്ചു. തുടർന്ന്​ ക്ഷേത്ര പ്രവേശനവുമായി ബന്ധപ്പെട്ട്​ കോടതിയിലെത്തുകയും അനുകൂലവിധി നേടുകയും ചെയ്​തു. ശനി ക്ഷേത്രത്തിൽ ഏപ്രില്‍ 8 മുതല്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചു. ക്ഷേത്ര പ്രവേശനത്തില്‍ ലിംഗവിവേചനം പാടില്ലെന്ന ബോംബെ ഹൈകോടതി വിധിയെ തുടർന്നാണിത്.  
ഹാജി അലി ദർഗ: 2012ലാണ് ഹാജി അലി ദർഗയിൽ സ്ത്രീകൾക്ക് പ്രവേശനം തടഞ്ഞത്. ഏപ്രിലിൽ തൃപ്തി ദേശായിയുടെ നേതൃത്വത്തിൽ ഹാജി അലി ദർഗയിൽ പ്രവേശിക്കാൻ ഒരു സംഘം ശ്രമം നടത്തി. സംഘടനയുടെ പ്രതിഷേധത്തെ തുടർന്ന്​ സ്ത്രീ പ്രവേശനത്തിന് എതിരല്ലെന്ന് ദർഗ ട്രസ്റ്റ് സുപ്രീംകോടതിയെ അറിയിച്ചു. ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്കും ​പ്രവേശിക്കാമെന്ന്​ ആഗസ്​ററ്​ 26 ന്​  സുപ്രീംകോടതി ഉത്തരവിട്ടു.

പി.വി സിന്ധു
ഇന്ത്യയുടെ യശസ്​ വനോളമുയർത്തി  2016 റിയോ ഒളിമ്പിക്സിൽ  ബാ‍‍ഡ്മിൻറൺ താരം പി.വി. സിന്ധു ​വെള്ളി മെഡൽ നേടി. ഒളിമ്പിക്​സിൽ വെള്ളി മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ് സിന്ധു. പുല്ലേല ഗോപിചന്ദിന്‍റെ ശിഷ്യയായ സിന്ധു  ബാഡ്മിന്‍റൺ സിംഗിൾസിൽ ലോകചാമ്പ്യൻഷിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത താരവുമാണ്​. 2016 ൽ രാജ്യം  പത്​മശ്രീ നൽകി ആദരിച്ചു. പത്​മശ്രീ നേടുന്ന  ഏറ്റവും പ്രായം കുറ‍ഞ്ഞ താരമാണ്​ സിന്ധു. അർജുന അവാർഡും രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരവും നേടിയിട്ടുള്ള സിന്ധു ഭാരത് പെട്രോളിയത്തിൽ ഡപ്യൂട്ടി സ്പോർട്സ് മാനേജരാണ്.

സാക്ഷി മാലിക്

2016 ലെ റിയോ ഒളിമ്പിക്സിൽ ഗുസ്​തിയിലും മെഡൽ തിളക്കം സമ്മാനിച്ച താരമാണ്​ സാക്ഷി മാലിക്​. ഒളിമ്പിക്​സിൽ ഫ്രീ സ്റ്റൈൽ ഗുസ്തിയിൽ സാക്ഷി  വെങ്കല മെഡൽ നേടി. ഗുസ്തിയിൽ ഒളിമ്പിക് മെ‍ഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് സാക്ഷി.  ഹരിയാനയിലെ റോത്തക്കിൽ ജനിച്ച സാക്ഷി ഗുസ്തിക്കാരനായ മുത്തച്ഛൻ ബദ്‌ലു റാമിൽ നിന്നും പ്രചോദനം ഉൾകൊണ്ടാണ്​ ഗോദയിലിറങ്ങിയത്​. 2014 ഗ്ലാസ്ഗോ കോമൺവെൽത് ഗെയിംസിലെ വെള്ളി, 2015 ദോഹ ഏഷ്യൻ ഗെയിംസിലെ വെങ്കലം ഉൾപ്പെടെ നിരവധി മെഡലുകൾ നേടിയിട്ടുണ്ട്.

ദീപാ കർമാകർ

റിയോ ഒളിമ്പിക്സില്‍ ചരിത്രം കുറിച്ച് ഇന്ത്യയുടെ ദീപാ കര്‍മാകര്‍ നാലാം സ്ഥാനം നേടി. ആര്‍ടിസ്റ്റിക് ജിംനാസ്റ്റിക്സില്‍ വോൾട്ട്​ വിഭാഗത്തിലാണ്​ ദീപ മത്സരിച്ചത്​. ഒളിമ്പിക്​സിൽ ഇന്ത്യയിൽ നിന്ന്​ ജിംനാസ്റ്റിക്‌സിൽ മത്സരിച്ച ആദ്യ വനിതയാണ്​ അഗർത്തല സ്വദേശിയായ ദീപ.

എസ്​. ജാനകി
തെന്നിന്ത്യയുടെ വാനമ്പാടി എസ്. ജാനകി സംഗീത ലോകത്തു നിന്ന് വിരമിച്ചു. സെപ്​തംബർ 22നാണ്​ ജാനകിയമ്മ ഒൗദ്യോഗിക സംഗീത ജീവിതം അവസാനിപ്പിച്ചതായി വാർത്ത വന്നത്​. പ്രായാധിക്യമായതിനാൽ വിശ്രമ ജീവിതത്തിലേക്ക്​ പോകുന്നുവെന്ന്​  ജാനകിയമ്മ അറിയിക്കുകയായിരുന്നു.  മലയാള ചലച്ചിത്ര സംഗീത ശാഖയുടെ സുവർണ കാലത്ത് ഏറ്റവുമധികം ഗാനങ്ങൾ പാടിയ ഗായികയാണ് എസ്. ജാനകി.

മഹാശ്വേതാദേവി
പ്രശസ്ത എഴുത്തുകാരിയും ജ്ഞാനപീഠം ജേതാവും സാമൂഹിക പ്രവർത്തകയുമായ  മഹാശ്വേതാദേവി (90) ജൂലൈ 28 അന്തരിച്ചു. ഹജാര്‍ ചുരാഷിര്‍ മാ, അഗ്നി ഗര്‍ഭ, ആരേണ്യര്‍ അധികാര്‍, ബ്യാധ് ഖണ്ട, ചോട്ടി മുണ്ട, ബാഷി ടുണ്ടു എന്നിവയാണ് പ്രധാന കൃതികള്‍. അഞ്ച് കൃതികള്‍ സിനിമയാക്കി. എഴുത്തുകാരന്‍ ആയ നാബുരന്‍ ഭട്ടാചാര്യ മകനാണ്. സാമൂഹിക സമത്വത്തിനും ആദിവാസി സമൂഹത്തിന്‍റെ അവകാശങ്ങള്‍ക്ക് വേണ്ടിയും പോരാടിയ മഹാശ്വേതാദേവിയെ രാഷ്ട്രം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തക കൂടിയായ മഹാശ്വേതക്ക് മാഗ്‌സസെ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

കിരൺ ബേദി
ബി.ജെ.പി. നേതാവും മുന്‍ ഐ.പി.എസ്. ഉദ്യോഗസ്ഥയുമായ കിരണ്‍ ബേദിയെ പുതുച്ചേരി ലഫ്. ഗവര്‍ണറായി മെയ് 22ന് രാഷ്ട്രപതി നിയമിച്ചു. രാജ്യത്തെ ആദ്യ വനിതാ ഐ.പി.എസ് ഓഫിസറായിരുന്ന കിരൺ ബേദി, 1972ലാണ് സർവീസിൽ പ്രവേശിച്ചത്. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

ജയലളിത
തമിഴ്​നാട്​ മുഖ്യമന്ത്രിയും എ.ഐ.എഡി.എം.കെ ജനറൽ സെക്രട്ടറിയുമായ ജെ. ജയലളിത ഡിസംബർ അഞ്ചിന്​ അന്തരിച്ചു. എം.ജി.ആറി​​െൻറ മരണശേഷം പാർട്ടി നേതൃത്വത്തിലെത്തിയ ജയലളിത നാലാം തവണ മുഖ്യമന്ത്രി പദത്തിലെത്തി. അനധികൃത സ്വത്തുസമ്പാദനക്കേസിൽ ആരോപണ വിധേയയായി മുഖ്യമന്ത്രി പദം ഒഴിയേണ്ടിവന്നെങ്കിലും കുറ്റവിമുക്തയായി തിരിച്ചെത്തി വീണ്ടും മുഖ്യമന്ത്രിയാവുകയായിരുന്നു.

ലോകം

മരിയ ഷറപ്പോവ
അഞ്ചു തവണ ഗ്രാന്‍റ്സ്ലാം കിരീടം നേടിയ മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം  മരിയ ഷറപ്പോവക്ക്​ മരുന്നടി വിവാദത്തെ തുടർന്ന് വിലക്ക്​ ഏർപ്പെടുത്തി. ​ റഷ്യൻ താരം  ഉത്തേജകമരുന്ന് ഉപയോഗിച്ചതായി സമ്മതിച്ചതിനെ തുടർന്ന്​ ടെന്നീസിൽ നിന്നും  താൽകാലികമായി വിലക്കുകയായിരുന്നു. മാര്‍ച്ച് എട്ടിന് ഷറപ്പോവ തന്നെയാണ് ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതായി അറിയിച്ചത്. മെല്‍ഡോണിയം എന്ന മരുന്ന്  2006 മുതല്‍ ഉപയോഗിച്ച് വരുന്നതായി ഷറപ്പോവ സമ്മതിക്കുകയായിരുന്നു.

സായ് ഇങ് വെന്‍
തായ്‌വാ​​െൻറ ആദ്യ വനിതാ പ്രസിഡന്‍റായി ഡെമോക്രാറ്റിക് പ്രൊഗ്രസീവ് പാര്‍ട്ടി നേതാവ് സായ് ഇങ് വെന്‍ (59) മെയ് 20ന് സത്യപ്രതിജ്ഞ ചെയ്തു. ചൈനയെ അനുകൂലിക്കുന്ന കുമിന്താങ് പാര്‍ട്ടിയുടെ എട്ടു വര്‍ഷത്തെ ഭരണത്തിന് അന്ത്യം കുറിച്ചാണ് സ്വതന്ത്ര തായ്‌വാനെ അനുകൂലിക്കുന്ന ഇങ് വെന്‍ പ്രസിഡന്‍റാവുന്നത്.

ദിൽമ റൂസഫ്​
ബ്രസീൽ പ്രസിഡന്‍റ് ദിൽമ റൂസഫിനെ ഇംപീച്ച്​മ​െൻറ്​ നടപടിയിലൂടെ പുറത്താക്കി. അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് സെനറ്റ്​ ഇംപീച്ച്​മെന്‍റ്​ പ്രമേയം പാസാക്കുകയായിരുന്നു.  81 അംഗ സെനറ്റിൽ 61 പേർ പുറത്താക്കൽ നടപടിയെ പിന്തുണച്ചു. 2014ല്‍ ദില്‍മ റൂസഫ് രണ്ടാമതും പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ബജറ്റ് നിയമങ്ങള്‍ ലംഘിച്ച് പണം ചിലവിട്ടെന്നാണ് ദില്‍മക്കെതിരായ ആരോപണം. ഇടക്കാല പ്രസിഡന്‍റ് മൈക്കല്‍ ടെമറാണ് ഇപ്പോൾ ഭരണം നിർവഹിക്കുന്നത്​.

ആംഗല മെർക്കൽ
ജർമനിയുടെ പ്രഥമ വനിതാ ചാൻസലറാണ് ആംഗല മെർക്കൽ . ക്രിസ്ത്യൻ ഡെമോക്രാറ്റിക്‌ യൂണിയൻ (സി.ഡി.യു.) നേതാവായ ആംഗല 2005 ഒക്ടോബറിൽ ജർമനിയുടെ ചാൻസലറായി തെരഞ്ഞെടുക്കപ്പെട്ടു. ചാൻസലർ പദവിയിലെത്തുന്ന ആദ്യ വനിതയാണിവർ. പഴയ കിഴക്കൻ ജർമനിയിൽ നിന്നും ചാൻസലർ സ്ഥാനത്തെത്തുന്ന ആദ്യത്തെയാളും. ഇപ്പോഴത്തെ യൂറോപ്യൻ യൂണിയൻ സമിതിയുടെ പ്രസിഡന്‍റ് അഥവാ അധ്യക്ഷയും മെർകെൽ ആണ്.

പാർക്​ ഗ്യൂൻ ഹെ
ദക്ഷിണ കൊറിയയുടെ ആദ്യ വനിത പ്രസിഡന്‍റ് പാര്‍ക് ഗ്യൂന്‍ ഹൈയെ ഇംപീച്ച്​മ​െൻറിലൂടെ പുറത്താക്കി. പാര്‍ക് ഭരണഘടനാലംഘനവും അധികാര ദുര്‍വിനിയോഗവും ആരോപിച്ചായിരുന്നു നടപടി. ഡിസംബർ ഒമ്പതിന്​ ഇംപീച്ച്​മ​െൻറ്​ പ്രമേയം പാർലമ​െൻറ്​ പാസാക്കി.  1980ല്‍ ജനാധിപത്യ രാജ്യമായതിനു ശേഷം ദക്ഷിണ കൊറിയയില്‍ ഏറ്റവും ജനപ്രീതി കുറഞ്ഞ നേതാവായാണ് പാര്‍ക്കിനെ വിലയിരുത്തുന്നത്.

തെരേസ മേ
ബ്രിട്ടിഷ് പ്രധാനമന്ത്രിയായി തെരേസ മേ അധികാരമേറ്റു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവായ തെരേസ മാര്‍ഗരറ്റ് താച്ചറിന് ശേഷം പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന ആദ്യ വനിതയാണ് തെരേസ മേ. ബ്രക്സിറ്റ് ഫലം എതിരായതിനെ തുടർന്ന് രാജിവെച്ച ഡേവിഡ് കാമറണിനെ പിൻഗാമിയായാണ് തെരേസ മേ പ്രധാനമന്ത്രിയായത്. ആറു വര്‍ഷമായി ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പദം വഹിച്ച തെരേസ, മെയ്ഡന്‍ഹെഡ് മണ്ഡലം 1997ല്‍ രൂപവത്കരിച്ചത് മുതല്‍ അവിടത്തെ എം.പിയാണ്.

ഹിലരി ക്ലിന്‍റൻ
യു.എസ്​ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ  ഡെമോക്രാറ്റിക് സ്ഥാനാർഥിയായി മത്സരിച്ച ഹിലരി ക്ലിന്‍റൻ പരാജയപ്പെട്ടു. അമേരിക്കൻ ​പ്രസിഡൻറായിരുന്ന ബിൽ ക്ലിന്‍റ​ന്‍റെ ഭാര്യയും മുൻ സ്റ്റേറ്റ്​ സെക്രട്ടറിയായിരുന്ന ഹിലരി 232 വോട്ടുകളാണ്​ നേടിയത്​. സർവെകളിലും സംവാദത്തിലും മുന്നിട്ട്​ നിന്ന ഹിലരിയെ റിപ്പബ്ളിക്കൻ സ്ഥാനാർഥി ഡൊണൾഡ്​ ട്രംപ്​ 306 ഇലക്ടറൽ വോട്ടുകൾ നേടിയാണ് ജയിച്ചത്. ഇമെയിൽ വിവാദവും പുനരന്വേഷണവുമെല്ലാം ഹിലരിക്ക്​ വൻ തിരിച്ചടിയായി.

തയാറാക്കിയത്: വി.ആർ. ദീപ്തി

Tags:    
News Summary - Year ender 2016- women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.