പാലക്കാട്: 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സെമിഫൈനലാണ് വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. യോഗ്യരായ സ്ഥാനാര്‍ത്ഥികള്‍ പാലക്കാടും ചേലക്കരയിലും വയനാട്ടിലും വരണം. ജയിക്കാന്‍ കഴിയുന്നവരെ ബി.ജെ.പി സ്ഥാനാർഥിയാക്കണം. അടുത്ത തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഭരണം നിയന്ത്രിക്കാനുള്ളത്രയും സീറ്റ് ബി.ജെ.പിക്ക് നേടാനാകണമെന്നും പാലക്കാട് നടന്ന പരിപാടിയിൽ സുരേഷ് ഗോപി പറഞ്ഞു.
“തൃശ്ശൂർ എനിക്ക് ഇഷ്ടമാണ്. തൃശ്ശൂർ എനിക്ക് വേണം. തൃശ്ശൂർ നിങ്ങളെനിക്ക് തരണം. എന്നിട്ടേ തൃശ്ശൂർ ഞാനിങ്ങെടുക്കുവാ എന്ന് എന്നു പറഞ്ഞുള്ളൂ. പക്ഷേ പാലക്കാട് അത് മാറ്റിപ്പറയേണ്ടി വരും. നിങ്ങൾ എനിക്ക് പാലക്കാട് തന്നോളൂ, ഈ കേരളം ഞങ്ങളിങ്ങ് എടുക്കും. ഇതും ആ ട്രോളൻമാർ ഏറ്റെടുത്താൽ നമ്മൾ രക്ഷപ്പെട്ടു” -സുരേഷ് ഗോപി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലും നേട്ടം ഉണ്ടാക്കണമെന്നും ഉപതെരഞ്ഞെടുപ്പിലെ ഫലം തൃശ്ശൂരിലെ വിജയവുമായി താരതമ്യം ചെയ്യരുതെന്നും സുരേഷ് ഗോപി പറഞ്ഞു.
പാലക്കാട് എം.എൽ.എ ആയിരുന്ന ഷാഫി പറമ്പിൽ ലോക്സഭാ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. വയനാട്ടിലും റായ്ബറേലിയിലും വിജയിച്ച രാഹുൽ ഗാന്ധി, വയനാട് വിട്ടതോടെ ഇവിടെയും ഉപതെരഞ്ഞെടുപ്പ് ഉറപ്പായി. എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, കേരളത്തിലെ ബി.ജെ.പിയുടെ പ്രഭാരിയായി പ്രകാശ് ജാവഡേക്കറെ വീണ്ടും തെരഞ്ഞെടുത്തു. വി മുരളീധരന്‍ വീണ്ടും ദേശീയ നേതൃത്വത്തിലെത്തി. ഏഴ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ സഹചുമതലയാണ് വി. മുരളീധരന് നല്‍കിയത്. അനില്‍ ആന്‍റണിയെ മേഘാലയയുടെയും നാഗാലാൻഡിന്‍റെയും ചുമതലയുള്ള പ്രഭാരിയായും നിയമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.