മഞ്ചേരി: പുതു വർഷ ആഘോഷത്തിനായി എത്തിച്ച മാരക ലഹരി മരുന്നുകളുമായി യുവാവ് മഞ്ചേരി എക്സൈസിൻറെ പിടിയിൽ. മഞ്ചേരി പുല്ലൂർ എടലോളി വീട്ടിൽ ഷംസുദ്ദീനാണ് (41) പിടിയിലായത്. അരകിലോയോളം ഹാഷിഷ് ഓയിലും വിപണിയിൽ അമ്പതിനായിരം രൂപ വില വരുന്ന എം.ഡി.എം.എ മയക്കുമരുന്നുകളുമായാണ് ഇയാൾ പിടിയിലായത്.
മഞ്ചേരി ബോയ്സ് സ്കൂൾ ഗ്രൗണ്ടിന് സമീപത്ത് വെച്ച് ഇയാൾ സഞ്ചരിച്ചിരുന്ന ഹോണ്ട സിറ്റി കാറും കസ്റ്റഡിയിലെടുത്തു. കാറിൽ മയക്കുമരുന്നുകൾ വലിക്കാനും മറ്റും ഉപയോഗിക്കുന്ന ഉപകരണങ്ങളും ഹാഷിഷ് ഓയിൽ ചില്ലറ വിൽപനക്കായി കരുതിയിരുന്ന ചെറിയ പ്ലാസ്റ്റിക് കുപ്പികളും കണ്ടെടുത്തു.
ഇയാൾ സ്ഥിരമായി ചെന്നൈ, ബാഗ്ലൂർ, മൈസൂർ എന്നിവടങ്ങളിൽ നിന്നും മയക്കുമരുന്നുകൾ മഞ്ചേരിയിൽ എത്തിച്ച് ചില്ലറ വിൽപന നടത്തുന്നതായി എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ ഷംസുദീനെ ഒരാഴ്ചയായി മഞ്ചേരി എക്സൈസ് നിരീക്ഷിച്ച് വരികയായിരുന്നു.
കഞ്ചാവിൽ നിന്നും വേർത്തിരിച്ചെടുക്കുന്ന ഹാഷിഷ് ഓയിലിന് കഞ്ചാവിനെക്കാൾ വീര്യം കൂടുതലായതിനാൽ ആവശ്യക്കാരേറെയാണെന്ന് എക്സൈസ് പറയുന്നു. പിടികൂടിയ ഹാഷിഷ് ഓയിലിന് വിപണിയിൽ രണ്ട് ലക്ഷത്തോളം രൂപ വിലവരും. പാർട്ടി ഡ്രഗ് എന്നറിയപ്പെടുന്ന എം.ഡി.എം.എക്ക് വിപണിയിൽ ഗ്രാമിന് മുവായിരത്തിലധികം വിലയുണ്ട്.
മഞ്ചേരി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഇ. ജിനീഷിൻറെ നേതൃത്വത്തിലാണ് ഷംസുദ്ദീനെ മയക്കുമരുന്നുകളുമായി വാഹന സഹിതം പിടികൂടിയത്. പ്രിവൻറീവ് ഓഫീസർ പി.ഇ. ഹംസ, സിവിൽ എക്സൈസ് ഓഫീസർമാരായ ടി.കെ.സതീഷ്, കെ.പി. സാജിദ്, അമിൻ അൽത്താഫ്, വനിതാ സിവിൽ എക്സൈസ് ഓഫീസറായ കെ.പി. ധന്യ, എക്സൈസ് ഡ്രൈവർ സവാദ് നാലകത്ത് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.