പെരുമ്പാവൂര്‍: വേങ്ങൂരില്‍ യുവതി ആത്മഹത്യ ചെയ്യാന്‍ കാരണം ഉത്തരേന്ത്യന്‍ ഓണ്‍ലൈന്‍ ലോണ്‍ ആപ് സംഘത്തിന്റെ ഭീഷണിയെന്ന് പൊലീസ്. സംഘത്തെ തിരിച്ചറിഞ്ഞതായും അന്വേഷണത്തിന് പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം വ്യാപിപ്പിച്ചതായും പൊലീസ് പറഞ്ഞു.
യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അയച്ചതാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് സൂചന. കണിച്ചാട്ടുപാറ അരുവാപ്പാറ കുരിയപ്പുറം വീട്ടില്‍ അനീഷിന്റെ ഭാര്യ ആരതിയെയാണ് (31) ചൊവ്വാഴ്ച ഉച്ചക്ക് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. യുവതിയുടെ ഫോണിൽനിന്ന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
ഓണ്‍ലൈന്‍ ലോണ്‍ ആപ് വഴി ആരതി വായ്പ എടുത്തിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ലോണ്‍ ചിലത് തിരിച്ചടച്ചു. വലിയ തുക വായ്പയെടുക്കുന്നതിനുള്ള ശ്രമമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന് ലഭിച്ച വിവരം. വലിയ തുക വായ്പ ലഭിക്കുന്നതിന് പ്രോസസിങ് ഫീസായി ആവശ്യപ്പെട്ട തുകക്ക് മറ്റൊരു ലോണ്‍ ആപ്പില്‍നിന്ന് വായ്പയെടുത്തു.
ഉദ്ദേശിച്ച വലിയ തുക വായ്പ കിട്ടിയില്ലെന്ന് മാത്രമല്ല, ചെറിയ തുക അടക്കാനുമായില്ല. ഇതോടെ ഉത്തരേന്ത്യന്‍ ലോണ്‍ ആപ് സംഘം ഭീഷണി തുടങ്ങി. മോര്‍ഫ് ചെയ്ത് ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നുപറഞ്ഞ് മാനസികമായി പീഡിപ്പിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മോര്‍ഫ് ചെയ്ത ചിത്രങ്ങൾ യുവതിയുടെയും ഭര്‍ത്താവിന്റെയും ഫോണിലേക്ക് അയച്ചതായാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.