അഞ്ചൽ: ക്ഷേത്രം ഓഫിസ് കുത്തിത്തുറന്ന് 16,000 മോഷ്ടിച്ച ശേഷം രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. മതരപ്പ തിരു അറയ്ക്കൽ ക്ഷേത്രത്തിൽ മോഷണം നടത്തിയ വെള്ളായണി താന്നിവിള കല്ലടി ചമേല വീട്ടിൽ മനോജ് (36) ആണ് പിടിയിലായത്.
തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. ക്ഷേത്രത്തിന് മുന്നിലുള്ള റോഡിലൂടെ പ്രഭാതസവാരി നടത്തുന്ന സ്ത്രീ, ക്ഷേത്ര മതിൽക്കെട്ടിനകത്ത് ഒരു ആൾ നിൽക്കുന്നത് കണ്ടു. ക്ഷേത്രത്തിൽ ഉച്ചഭാഷിണി പ്രവർത്തിപ്പിക്കാനെത്തിയ പ്രദേശവാസിയായ ആളാണെന്നു കരുതി അയാളുടെ പേര് വിളിച്ചു. ഇത് കേട്ട് ക്ഷേത്രത്തിൽനിന്ന ആൾ ഇറങ്ങിയോടി. തുടർന്ന് സ്ത്രീ ബഹളം വച്ച് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.
നാട്ടുകാർ എത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. വിവരമറിഞ്ഞെത്തിയ അഞ്ചൽ എസ്.ഐ പ്രജീഷ് കുമാറിൻറെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ക്ഷേത്രത്തിലേയും പരിസര വീടുകളിലേയും നിരീക്ഷണ കാമറകൾ പരിശോധിച്ച് തെളിവെടുപ്പ് നടത്തി. രാവിലെ പതിനൊന്നരയോടെ പയഞ്ചേരി ക്ഷേത്രത്തിന് സമീപത്തുനിന്നും മനോജിനെ കസ്റ്റഡിയിലെടുത്തു.
ക്ഷേത്രം ഓഫിസ് കുത്തിത്തുറന്ന നിലയിലും പൂജാസാധനങ്ങളും മറ്റും വാരിവലിച്ചിട്ട നിലയിലുമായിരുന്നു. മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 16,000 രൂപയാണ് നഷ്ടപ്പെട്ടത്. പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഏതാനും ദിവസം മുമ്പ് അഞ്ചലിന് സമീപം മാവിളയിലെ ക്ഷേത്രത്തിലും സമാനമായ മോഷണം നടന്നിരുന്നു. ഈ കേസുമായി മനോജിന് ബന്ധമുണ്ടോയെന്ന കാര്യമുൾപ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.