തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരുടെ സംഘം ചേർന്നുള്ള ആക്രമത്തിനിരയായ അരുൺ ദേവിന്റെ അമ്മൂമ്മ മരിച്ചു. നെഞ്ചു വേദനയെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രാജമ്മാൾ ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു മരണം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
രാജമ്മാളിന് കൂട്ടിരിക്കാൻ എത്തിയപ്പോഴായിരുന്നു ചിറയിൽകീഴ് കിഴുവിലം സ്വദേശി അരുൺ ദേവിനെ (28) ആശുപത്രി ഗേറ്റിലെ സെക്യൂരിറ്റി ജീവനക്കാർ ക്രൂരമായി മർദിച്ചത്. മുത്തശ്ശിയുടെ പരിശോധനാ ഫലങ്ങൾ വാങ്ങാനായി ആശുപത്രിക്ക് പുറത്തിറങ്ങിയ അരുൺദേവ് തിരികെ വരുമ്പോൾ ബന്ധു ഒപ്പമുണ്ടായിരുന്നു. സെക്യൂരിറ്റി ജീവനക്കാരനോട് ബന്ധുവിനെ കൂടി ഉള്ളിൽ പ്രവേശിപ്പിക്കണമെന്ന് അഭ്യർഥിച്ചു. വിസമ്മതിച്ച സെക്യൂരിറ്റി ജീവനക്കാരൻ പ്രവേശന പാസ് വാങ്ങി മടക്കി നൽകിയില്ല. പാസ് മടക്കിനൽകാൻ അരുൺദേവ് ആവശ്യപ്പെട്ടതോടെ സെക്യൂരിറ്റി ജീവനക്കാരൻ പാസ് കീറിയെറിഞ്ഞു. ഇതേതുടർന്നുണ്ടായ വാക്കുതർക്കത്തിനൊടുവിൽ അരുൺദേവിനെ ഒരു സുരക്ഷ ഉദ്യോഗസ്ഥൻ പിടിച്ചുതള്ളി. സംഭവം ചിലർ മൊബൈലിൽ പകർത്താൻ തുടങ്ങിയതോടെ അരുൺ ദേവിനെ ബലമായി പിടിച്ചുവലിച്ച് സെക്യൂരിറ്റി റൂമിനു പിന്നിലേക്ക് കൊണ്ടുപോയി സംഘം ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു.
സംഭവത്തിൽ നേരത്തെ രണ്ടു സെക്യൂരിറ്റി ജീവനക്കാർ അറസ്റ്റിലായിട്ടുണ്ട്. സ്വകാര്യ സുരക്ഷാ ജീവനക്കാരായ വിഷ്ണു, രതീഷ് എന്നിവരെ മെഡിക്കൽ കോളജ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. അരുൺദേവ് നൽകിയ പരാതിയിലാണ് പൊലീസിന്റെ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.