എസ്. ശ്രീജിത്തിനെ മാറ്റിയത് നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാനെന്ന് യൂത്ത് കോൺഗ്രസ്

കൊച്ചി: ക്രൈംബ്രാഞ്ച് മേധാവി എ.ഡി.ജി.പി എസ്. ശ്രീജിത്തിനെ നീക്കിയത് നടിയെ ആക്രമിച്ച കേസ് അന്വേഷണം അട്ടിമറിക്കുന്നതിനാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ.എസ് നുസൂര്‍.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി. ശശിയെ നിയമിച്ചതിന് ശേഷം ആദ്യമായെടുത്ത തീരുമാനമാണിത്. പീഡിപ്പിക്കപ്പെടുന്നവര്‍ക്കൊപ്പമല്ല, പീഡനത്തിന് നേതൃത്വം നല്‍കുന്നവര്‍ക്കൊപ്പമാണ് സര്‍ക്കാരെന്ന് വ്യക്തമാക്കുന്നതാണ് ക്രൈംബ്രാഞ്ച് മേധാവി എ.ഡി.ജി.പി എസ് ശ്രീജിത്തിനെ നീക്കിയ നടപടിയെന്ന് റിപ്പോർട്ടർ ചാനലിനോട് എൻ.എസ് നുസൂര്‍ പറഞ്ഞു. 

പി. ശശി ആരാണെന്നും എന്താണെന്നും കേരളം കണ്ടതാണ്. കോണ്‍ഗ്രസ് നേതാവ് പി.ടി തോമസ് തുടങ്ങിവെച്ച പോരാട്ടമാണ് നടിയെ ആക്രമിച്ച കേസ്. അന്വേഷണത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ വീഴ്ച സംഭവിച്ചാൽ അത് കോണ്‍ഗ്രസ് ചൂണ്ടികാട്ടുമെന്നും നുസൂര്‍ കൂട്ടിചേര്‍ത്തു.

ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തിനെ ട്രാന്‍സ്‌പോര്‍ട്ട് കമീഷണറാക്കി സ്ഥലം മാറ്റി ഇന്നലെ ഉത്തരവിറങ്ങിയിരുന്നു. ഷേഖ് ദര്‍വേസ് സാഹിബാണ് പുതിയ ക്രൈംബ്രാഞ്ച് മേധാവി. നടിയെ ആക്രമിച്ച കേസും ഇതുമായി ബന്ധപ്പെട്ട വധഗൂഢാലോചന കേസും വഴിത്തിരിവില്‍ നില്‍ക്കേയാണ് ക്രൈംബ്രാഞ്ച് മേധാവിയുടെ മാറ്റം എന്നതും ശ്രദ്ധേയമാണ്. നടിയെ ആക്രമിച്ച കേസില്‍ എ.ഡി.ജി.പി ശ്രീജിത്തിനെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ദിലീപിന്റെ അഭിഭാഷകര്‍ പരാതി നല്‍കിയിരുന്നു. അഡ്വ ഫിലിപ്പ് ടി. വര്‍ഗീസ് മുഖേനയാണ് സര്‍ക്കാരിന് പരാതി നല്‍കിയത്. കേസിൽ ദിലീപിന്‍റെ അഭിഭാഷകരെ ചോദ്യം ചെയ്യുന്നതിനുള്ള നീക്കമുണ്ടായതും എസ്. ശ്രീജിത്തിന് തിരിച്ചടിയായെന്നാണ് സൂചന. 

Tags:    
News Summary - Youth Congress says ADGP S Sreejith's transfer was to sabotage the case of attacking the actress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.