പിതാവിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ലോക കേരളസഭയിലെ ഓപ്പണ്‍ ഫോറത്തില്‍ സഹായം അഭ്യർഥിക്കുന്ന എബിൻ.  വേദിയിൽ വെച്ച് തന്നെ സൗദിയിലേക്ക് വിളിച്ച് നടപടി ആവശ്യപ്പെടുന്ന എം.എ. യൂസഫലി

'അച്ഛ​നെ കണ്ടിട്ട് മൂന്നര വർഷമായി.. മൃതദേഹം ഏറ്റുവാങ്ങാൻ ആരുമില്ല..' വിതുമ്പലടക്കാനാവാതെ എബിന്‍; ഉടനടി നടപടിയുമായി യൂസഫലി

തിരുവനന്തപുരം: 'സൗദിയിലെ ആശുപത്രി മോർച്ചറിയിൽ കിടക്കുന്ന അച്ഛനെ അവസാനമായി ഒരു ​നോക്കു കാണണം.. മൂന്നരക്കൊല്ലം മുമ്പാണ് അവസാനമായി കണ്ടത്. ഞങ്ങൾക്ക് അവിടെ ആരുമില്ല. അതിന് കുറേ പണച്ചെലവും....' വാക്കുകൾ മുഴുമിപ്പിക്കാനാവകാതെ വിതുമ്പുകയായിരുന്നു എബിൻ. ലോക കേരളസഭയിലെ ഓപ്പണ്‍ ഫോറത്തില്‍ മൈക്ക് കൈയിലെടുത്ത എബിന്റെ സംസാരം പാതിവഴിയിൽ മുറിഞ്ഞപ്പോൾ കണ്ടുനിന്നവരുടെ ഉള്ളംപിടഞ്ഞുപോയി...

ഉള്ളുലയ്ക്കുന്ന ആവശ്യവുമായി വന്ന എബിന്റെ വാക്കുകൾ കേട്ടയുടൻ വേദിയിലുണ്ടായിരുന്ന വ്യവസായി എം.എ. യൂസഫലി ഇടപെട്ടു. തന്റെ ലുലു ഗ്രൂപ്പിന്റെ സൗദി ഓഫിസിൽ വിളിച്ച് ആ വേദിയില്‍ നിന്നു തന്നെ യൂസഫലി നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടു. ആശുപത്രി അധികൃതരുമായും ബന്ധപ്പെട്ടു. മൂന്നു ദിവസത്തിനകം മൃതദേഹം നാട്ടിലെത്തിക്കാനാണ് അദ്ദേഹം ആവശ്യ​പ്പെട്ടത്. എന്ത് പ്രയാസമുണ്ടെങ്കിലും തന്നെ വിളിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എബിന്റെ അച്ഛന്‍ ബാബു (46) സൗദിയിലെ ഖമീസ് മു​ഷൈത്തിൽ മൂന്നുനില കെട്ടിടത്തിൽനിന്ന് വീണാണ് മരിച്ചത്. മൃതദേഹം ഖമീസ് മുഷൈത്തിലെ ആശുപത്രി മോര്‍ച്ചറിയിലാണ്. അച്ഛന്റെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങാന്‍ അവിടെ ബന്ധുക്കളാരുമില്ല. ഇതിനാവശ്യമായ നടപടിക്രമങ്ങളെ കു​റിച്ച് ധാരണയില്ലാത്ത എബിന്റെ കുടുബത്തിന് സാമ്പത്തിക ചെലവും താങ്ങാനുള്ള ത്രാണിയില്ല. 11 വര്‍ഷമായി സൗദിയിലുള്ള ബാബു മൂന്നര വർഷം മുമ്പാണ് അവസാനമായി നാട്ടിലെത്തി കുടുംബക്കാരെ കണ്ടത്.

Full View

തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ എബിന്‍ ജൂൺ ഒമ്പതിന് അച്ഛനുമായി ഫോണിൽ സംസാരിച്ചിരുന്നു. അടുത്ത ദിവസമാണ് മരണ വിവരം അറിഞ്ഞത്. മൃതദേഹം നാട്ടിലെത്തിക്കാന്‍ നോര്‍ക്ക റൂട്ട്സില്‍ ബന്ധപ്പെടുകയും അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. മൃതദേഹം ഏറ്റുവാങ്ങാന്‍ ആരെങ്കിലുമുണ്ടോ എന്ന് അന്വേഷിച്ച് ഇന്ത്യന്‍ എംബസിയില്‍ നിന്നും ഫോണ്‍ വന്നിരുന്നു. 

Tags:    
News Summary - Yusuff Ali MA with immediate action to bring home the dead body of malayalee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.