തിരുവനന്തപുരം: പി.എസ്.സി പരീക്ഷ ക്രമക്കേട് സി.ബി.ഐ അന്വേഷിക്കുക, പി.എസ്.സി പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യുവമോർച്ച നടത്തിയ സെക്രേട്ടറിയറ്റ് മാർച്ച് അക്രമാസക്തമായി. പൊലീസിനുനേരെ തിരിഞ്ഞ സമരക്കാരെ പിരിച്ചുവിടാൻ കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. തുടർന്ന് ലാത്തിച്ചാര്‍ജും നടത്തി. നാല് പ്രവർത്തകർക്ക് പരിക്കേറ്റു.
ഉച്ചക്ക് ഒന്നോടെ പാളയത്തുനിന്നാണ് നൂറോളം വരുന്ന പ്രവർത്തകർ പ്രകടനമായി എത്തിയത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള മാർച്ച് ഉദ്ഘാടനം ചെയ്തതിന് പിന്നാലെ മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ പൊലീസിനുനേരെ തിരിയുകയായിരുന്നു. ചിലർ ബാരിക്കേഡുകൾ മറിച്ചിടാനും ശ്രമിച്ചു. ഇതോടെ ഏഴ് തവണ ജലപീരങ്കി പ്രയോഗിച്ചു. തുടർച്ചയായ ജലപീരങ്കി പ്രയോഗത്തിൽ ചിതറിയോടിയ പ്രവർത്തകർ തിരികെയെത്തി വീണ്ടും പൊലീസുമായി വാക്കേറ്റമായി. ഇതോടെ അഞ്ചുതവണ കണ്ണീർവാതകവും പ്രയോഗിച്ചു.
ഇതിനുശേഷവും പ്രവർത്തകർ പിരിഞ്ഞുപോകാതെ സംഘടിച്ച് മുദ്രാവാക്യം വിളികളുമായി സെക്രേട്ടറിയറ്റിന് മുന്നിലെത്തി. പ്രതിഷേധത്തിനിടെ ചിലർ പൊലീസുകാരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതോടെ ലാത്തിച്ചാർജ് നടത്തുകയായിരുന്നു. ജലപീരങ്കിയിലും ലാത്തിച്ചാര്‍ജിലും പരിക്കേറ്റ യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി രഞ്ജിത് ചന്ദ്രന്‍, സംസ്ഥാന സെക്രട്ടറി രാഗേന്ദു, സംസ്ഥാനസമിതി അംഗം വിഷ്ണു, ജില്ല പ്രസിഡൻറ് സി.ജി. മഞ്ജിത്, പ്രവര്‍ത്തകന്‍ സന്തോഷ് എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബി.ജെ.പി ജില്ല പ്രസിഡൻറ് എസ്. സുരേഷ്, ജനറല്‍ സെക്രട്ടറി പാപ്പനംകോട് സജി, വൈസ് പ്രസിഡൻറ് പൂന്തുറ ശ്രീകുമാര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി പൊലീസുമായി നടത്തിയ ചര്‍ച്ചയിലാണ് സംഘര്‍ഷത്തിന് അയവുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.