ദോഹ: 'പാട്ടിൽ പുതിയ പരീക്ഷണങ്ങൾ നല്ലതാണ്. സംഗീതസംവിധായകൻ സൃഷ്ടിച്ച ഒരു യഥാർഥ സംഗീതത്തെ മുറിവേൽപിക്കാതെയും പാട്ടിനെ മോശമാക്കാതെയുമുള്ള പരീക്ഷണങ്ങളാവാം. ഈ മാറ്റങ്ങൾ ആസ്വദിക്കുന്ന ഒരു വിഭാഗമുണ്ടെന്നത് സത്യമാണ്' -മലയാളത്തിന്‍റെ അനുഗൃഹീത ഗായിക കെ.എസ്. ചിത്ര പറഞ്ഞു. സെപ്റ്റംബർ 16 വെള്ളിയാഴ്ച ദോഹയിൽ നടക്കുന്ന 'ഇന്ദ്രനീലിമ' സംഗീത സായാഹ്നത്തിനായി എത്തിയ കെ.എസ്. ചിത്ര വാർത്തസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായാണ് സംഗീതലോകത്തെ പുതുതലമുറ പരീക്ഷണങ്ങളോടുള്ള തന്‍റെ നിലപാട് വ്യക്തമാക്കിയത്.
'മറ്റുള്ള സംഗീതജ്ഞർ തയാറാക്കി പാടി പ്രശസ്തമാക്കിയ പാട്ടുകളിലെ പരീക്ഷണത്തേക്കാൾ നല്ലത് സ്വന്തമായൊരു പാട്ട് ചിട്ടപ്പെടുത്തി ആസ്വാദകരിലെത്തിക്കുന്നതാണ്' -അവർ പറഞ്ഞു.
നാലു വർഷത്തെ ഇടവേളക്കുശേഷം ഖത്തറിൽ സംഗീതപരിപാടിയുമായി എത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ദോഹ വ്യക്തിപരമായി ഏറെ വിശേഷപ്പെട്ട നഗരമാണെന്നും അവർ പറഞ്ഞു.
വെള്ളിയാഴ്ച ദോഹ അല്‍അറബി സ്പോര്‍ട്സ് ക്ലബിലാണ് 'ഇന്ദ്രനീലിമ' സംഗീതസായാഹ്നം. ചിത്രക്കൊപ്പം സംഗീതസംവിധായകനും ഗായകനുമായ ശരത്, കെ.കെ. നിഷാദ്, നിത്യാമാമന്‍ തുടങ്ങിയ ഗായകർ ഉൾപ്പെടെ ഇരുപതോളം കലാകാരന്മാര്‍ വേദിയിലെത്തും. മലയാള മനോരമയും ഫെഡറൽ ബാങ്കുമാണ് പരിപാടിയുടെ സംഘാടകര്‍. മൂന്നു മണിക്കൂറോളം നീണ്ടു നിൽക്കുന്ന പരിപാടിയുടെ ടിക്കറ്റുകള്‍ ക്യു ടിക്കറ്റ്സ് വഴി ലഭ്യമാണെന്ന് സംഘാടകർ പറഞ്ഞു.
വാര്‍ത്തസമ്മേളനത്തില്‍ കെ.എസ്. ചിത്ര, ഇവന്റ് ഡയറക്ടർ വിന്‍സ് മാങ്ങാടന്‍, മലയാള മനോരമ ലേഖിക ശ്രീദേവി ജോയ്, ഫെഡറൽ ബാങ്ക് റിലേഷൻഷിപ് മാനേജർ നിഖില്‍ പി.എം, റേഡിയോ സുനോ എം.ഡി കൃഷ്ണകുമാര്‍, ആര്‍ജെ അപ്പുണ്ണി എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.