ഉറ്റ ബന്ധുക്കളുടെ ക്രൂരതയിൽ ജീവിതവും സ്വപ്നങ്ങളും വീണുടഞ്ഞിട്ടുംസഹജീവികളുടെ സങ്കടങ്ങളിൽ താങ്ങായി നിന്ന് മറുനാട്ടിലും മനുഷ്യമഹത്വത്തിെൻറ മാതൃക തീർക്കുകയാണ് ഈ രാജസ്ഥാൻകാരി...
കഴിഞ്ഞ കുറെ വർഷങ്ങളായി സ്കൂൾ തുറക്കുന്ന ദിവസം പേരാമ്പ്രയിലെ ചില സ്കൂളുകളിൽ ഒരു യുവതിയെത്തും; നിർധന വിദ്യാർഥികൾക്ക് കൈനിറയെ സമ്മാനങ്ങളുമായി. പുതുമണം മാറാത്ത കുടയും ബാഗും പുസ്തകങ്ങളുമൊക്കെയാവും ആ സമ്മാനക്കൂടയിൽ നിറയെ. പേരാമ്പ്ര ഗവ. വെൽഫെയർ എൽ.പി സ്കൂളിലെയും മരുതേരി എൽ.പി സ്കൂളിലെയും വിദ്യാർഥികളൊക്കെ ആ സ്നേഹവാത്സല്യം ആവോളം അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ഈയിടെ പേരാമ്പ്ര ഉണ്ണിക്കുന്നം ചാലിലെ ഒരു ട്രസ്റ്റിെൻറ ഉദ്ഘാടനവേളയിൽ 10,000 രൂപ ഭാരവാഹികളെ ഏൽപിച്ചിട്ട് അവർ പറഞ്ഞു: ''ഓൺലൈൻ പഠനസൗകര്യമില്ലാത്ത കുട്ടികളെ സഹായിക്കണം, അവർക്ക് പഠനോപകരണങ്ങൾ ഉറപ്പുവരുത്തണം, പണിയൊന്നും ഇല്ലാത്തതുകൊണ്ട് എെൻറ കൈയിൽ ഇപ്പോൾ ഇതേയുള്ളൂ.'' ഇത് ഡയാന ലിസി, പേരാമ്പ്രയിലെ തെരുവോരത്ത് ചെരിപ്പുകുത്തി ഉപജീവനം നടത്തുന്ന ഇതര സംസ്ഥാനക്കാരി! സ്വന്തമായി ഒരു തുണ്ട് ഭൂമിയോ കയറിക്കിടക്കാനൊരു കൂരയോ ഇല്ലാതിരുന്നിട്ടും സഹജീവികളുടെ സങ്കടങ്ങളിൽ എന്നും താങ്ങായിനിന്ന ഈ മറുനാട്ടുകാരി ഇന്ന് പേരാമ്പ്രയുടെ സ്നേഹഭാജനമാണ്.
തെരുവിൽ ചെരിപ്പുകുത്തി ലഭിക്കുന്ന വരുമാനത്തിൽ വലിയൊരു ഭാഗവും നിർധന വിദ്യാർഥികളെ ഉൾപ്പെടെ സഹായിക്കുന്നതിനുവേണ്ടി വിനിയോഗിക്കുന്ന ലിസി ഇരുപ്രളയകാലത്തും കോവിഡ് കാലത്തും 10,000 രൂപ വീതമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയത്. പേരാമ്പ്ര ദയ പെയ്ൻ ആൻഡ് പാലിയേറ്റിവ് ക്ലിനിക്കിലെ സന്നദ്ധ സേവകകൂടിയായ ലിസിയുടെ ജീവിതം ജീവിച്ചിരിക്കുന്നവർക്കൊക്കെയും ഒരു പാഠപുസ്തകമാണ്.
രാജസ്ഥാനിലെ ജയ്പുരിൽ സമ്പന്ന കുടുംബത്തിലെ ഏക മകളായിരുന്നു അന്നത്തെ ഒമ്പതാം ക്ലാസുകാരി ശിവാനി പട്ടേൽ. കൃഷിയും ടൈൽ ക്വാറിയുമെല്ലാമുള്ള കുടുംബം. എന്നാൽ, സ്വത്തുമായി ബന്ധപ്പെട്ട തർക്കത്തിനിടെയുണ്ടായ സംഘർഷത്തിൽ അമ്മാവന്മാരാൽ അമ്മ കൊല്ലപ്പെട്ടു. ആസിഡ് ആക്രമണത്തിൽ ശിവാനിക്ക് ഗുരുതര പരിക്കേറ്റ് മാസങ്ങളോളം ആശുപത്രിയിലുമായി. ആശുപത്രിവാസത്തിനുശേഷം അച്ഛൻ ശിവദാസൻ മകളെയും കൂട്ടി നാടുവിടുകയായിരുന്നു. എങ്ങോട്ടെന്നില്ലാതെ ട്രെയിനിൽ കയറിയ അവർ കൊയിലാണ്ടിയിലാണ് വണ്ടിയിറങ്ങിയത്.
റെയില്‍വേ സ്റ്റേഷനില്‍ പതിവായി അന്തിയുറങ്ങുന്ന പെണ്‍കുട്ടിയെ നാട്ടുകാര്‍ ഇടപെട്ട് ടി.പി. കോയസ്സന്‍ എന്ന മനുഷ്യസ്നേഹിയെ ഏൽപിച്ചു. അദ്ദേഹം അവളെ മകളെപ്പോലെ സ്നേഹിച്ചു. മുഹമ്മദ് മുതാംസ് എന്ന പേരും നൽകി. രാജസ്ഥാന്‍കാരി പെണ്‍കുട്ടിക്ക് അങ്ങനെ കേരളം സ്നേഹം ഊട്ടാൻ തുടങ്ങുകയായിരുന്നു.
മുംതാസിനെ കൂടാതെ ഡയാന ലിസിയെന്നും പിന്നീട് പേരു ലഭിച്ചു. കോയസ്സെൻറ മരണത്തോടെ ലിസി വീണ്ടും കൊയിലാണ്ടി നഗരത്തിരക്കില്‍ അലിഞ്ഞു. മുനിസിപ്പാലിറ്റി ടോയ്ലറ്റില് ചാവികൊടുക്കുന്ന ജോലിയും പത്രവിതരണവും ബസ്സ്റ്റാന്‍ഡില്‍ ബസുകള്‍ നിര്ത്തിയിടുന്നതിെൻറ പണം പിരിക്കുന്ന ജോലിയുമായി അങ്ങനെ വർഷങ്ങൾ കഴിച്ചുകൂട്ടി. ഇതിനിടെ അച്ഛൻ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് ശിവകാശിയിലേക്കു പോയി. നഗരത്തിലെ ചില കഴുകന്‍കണ്ണുകള്‍ വേട്ടയാടാൻ തുടങ്ങിയപ്പോൾ അവൾ ഒരു ദിവസം കൊയിലാണ്ടിയില്നിന്നും ബസ് കയറി, കുറ്റ്യാടിയിലെത്തി.
അവിടെ കാര്‍ഡ്ബോര്‍ഡ് പെറുക്കിവിറ്റും കടകള്‍ക്കുമുന്നില്‍ അടിച്ചുവാരിയും സമീപത്തെ വീടുകളില്‍ ജോലിചെയ്തും ദിവസങ്ങള്‍ തള്ളിനീക്കി. രാത്രിയില്‍ നഗരത്തിനടുത്തുള്ള വീട്ടില്‍ അന്തിയുറങ്ങും. ചെരിപ്പും ബാഗുകളും തുന്നാനും പഠിച്ചു. പണിയായുധങ്ങള്‍ വാങ്ങി. അതിനിടയില്‍ കുറച്ചുകാലം കുറ്റ്യാടി ഗ്രാമപഞ്ചായത്തില്‍ താല്‍ക്കാലിക സ്വീപ്പര്‍ ജോലിയും ചെയ്തു. കുറ്റ്യാടിയില്‍നിന്ന് വീണ്ടും പേരാമ്പ്രയിൽ എത്തിയ ലിസി പതുക്കപ്പതുക്കെ സാമൂഹികസേവനത്തിലേക്ക് ഇറങ്ങി. ബസ് സ്റ്റാൻഡിൽ അന്തിയുറങ്ങുന്ന വയോധികെൻറ ജടപിടിച്ച മുടി വെട്ടിമാറ്റി കുളിപ്പിച്ച് ഭക്ഷണം കൊടുത്താണ് തുടക്കം. പിന്നീട് ലിസിയുടെ അത്തരം സാമൂഹികപ്രവർത്തനങ്ങൾ പേരാമ്പ്രക്കാർക്ക് പതിവുകാഴ്ചയായി.
കേരളത്തെ മുക്കിയ ആദ്യ പ്രളയത്തിൽ മന്ത്രി ടി.പി. രാമകൃഷ്ണെൻറ ഓഫിസിലെത്തി ലിസി തെൻറ കൈവശമുള്ള 10,000 രൂപയും 50 സാരികളും ദുരിതാശ്വാസനിധിയിലേക്ക് നൽകിയപ്പോൾ മന്ത്രിപോലും അമ്പരന്നു. ഒരു കോണിക്കൂടിൽ വാടകക്ക് താമസിക്കുന്ന ലിസിക്ക് രണ്ടാം പ്രളയം വന്നപ്പോഴും കോവിഡ് കാലത്തും രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നിട്ടില്ല, ദുരിതാശ്വാസനിധിയിേലക്ക് സംഭാവന ചെയ്യാൻ. കോവിഡ് നിയന്ത്രണങ്ങൾ തുടരുകയാണെങ്കിൽ തെൻറ കൈവശം അരി വാങ്ങാൻപോലും പണമുണ്ടാവില്ലെന്ന് ലിസിക്കറിയാം. ''ഇത്തരമൊരു ആപത്ഘട്ടത്തിൽ നാടിെന സഹായിച്ചില്ലെങ്കിൽ നാം മനുഷ്യരാണോ'' എന്നാണ് ലിസിയുടെ നിഷ്കളങ്കമായ ചോദ്യം.
നന്മവീടൊരുക്കി നാട്
വേദനതിന്നുന്ന കിടപ്പുരോഗികൾക്ക് ആശ്വാസമായും ലിസി എത്താറുണ്ട്. പേരാമ്പ്ര ദയ പാലിയേറ്റിവ് കെയർ സൊസൈറ്റിയുടെ വളൻറിയർകൂടിയാണ് ഇവർ. മലപ്പുറം ജില്ലയിലെ ജീവകാരുണ്യപ്രവർത്തകൻ സുശാന്ത് ലിസിയെ തേടിയെത്തി. നിലമ്പൂരിൽ ഒരു വീടുവെച്ച് നൽകാമെന്ന് ഉറപ്പുനൽകിയിരുന്നു. എന്നാൽ, പേരാമ്പ്ര വിട്ടുപോകാൻ തയാറല്ലെന്ന നിലപാടിലായിരുന്നു ലിസി. അതോടെ ലിസിക്ക് വീടൊരുക്കാൻ പേരാമ്പ്രക്കാർ കൈകോർക്കുകയായിരുന്നു. പേരാമ്പ്ര കെയർ ഫൗണ്ടേഷനും നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റും വെറും മൂന്നു മാസംകൊണ്ടാണ് ലിസിയുടെ വീടെന്ന സ്വപ്നം സാക്ഷാത്കരിച്ചുനൽകിയത്. ചേനോളി പള്ളിത്താഴെ നാലു സെൻറ് സ്ഥലം വാങ്ങി കോൺക്രീറ്റ് വീടൊരുക്കുകയായിരുന്നു. ഡോ. ആസാദ് മൂപ്പൻ ചെയർമാനായ കോഴിക്കോട് ആസ്റ്റർ ഡി.എം ഫൗണ്ടേഷൻ വീട് നിർമാണത്തിന് അഞ്ചു ലക്ഷം രൂപ സംഭാവന നൽകി. ശേഷിക്കുന്ന തുക കണ്ടെത്തിയത് ഒരു മെഗാഷോ അവതരിപ്പിച്ചുകൊണ്ടായിരുന്നു. ഇതിനൊപ്പം ആസ്റ്റർ ഡി.എം ഫൗണ്ടേഷൻ മൂന്നു വീടുകൾകൂടി പേരാമ്പ്ര മേഖലയിൽ അനുവദിക്കാമെന്നും വാഗ്ദാനം നൽകിയതായി കെയർ ഫൗണ്ടേഷൻ ഭാരവാഹികൾ പറഞ്ഞു.
കെയർ ഫൗണ്ടേഷനും എൻ.എസ്.എസ് യൂനിറ്റുമാണ് ലിസിയുടെ ഗൃഹപ്രവേശനത്തിന് ആളുകളെക്ഷണിച്ചത്. ആ ക്ഷണം ലിസിയുടെ ക്ഷണമായി സ്വീകരിച്ച് സമ്മാനപ്പൊതികളുമായി എല്ലാവരും സന്തോഷത്തിൽ പങ്കുചേരാനെത്തി. വീട്ടുപകരണങ്ങളുൾപ്പെടെ നിരവധി സമ്മാനങ്ങളാണ് ലഭിച്ചത്. ഇതിൽ നിന്ന് കുറച്ച് വീട്ടുപകരണങ്ങൾ വീട് കത്തിനശിച്ച ഒരു കുടുംബത്തിന് ലിസി നൽകി. ഭരണഘടനയുടെ ആമുഖമാണ് കെയർ ഫൗണ്ടേഷൻ നൽകിയ സ്നേഹോപഹാരം. തനിക്ക് ലഭിച്ച ഏറ്റവും വിലപിടിപ്പുള്ള സമ്മാനമായി കരുതി ലിസി അത് തെൻറ വീടിെൻറ ഉമ്മറത്തെ ചുവരിൽതന്നെ സ്ഥാപിച്ചു. ലിസിയോടുള്ള നാടിെൻറ കരുതലായിരുന്നു ഗൃഹപ്രവേശന ചടങ്ങ്. വീടിന് എന്താണ് പേരിടേണ്ടതെന്ന് ചോദിച്ചപ്പോൾ 'നന്മ' എന്നായിരുന്നു അവുടെ മറുപടി. ഈ നന്മവീട്ടിലിരുന്ന് ഒരുപാട് നന്മ ഇനിയും നാടിനുവേണ്ടി ചെയ്യണമെന്ന് അവർ പറയുന്നു.
15ാം വയസ്സിൽ അച്ഛെൻറ കൈപിടിച്ച് കേരളത്തിലേക്ക് എത്തുമ്പോൾ ലിസിയുടെ മുഖത്തും കഴുത്തിലും ആസിഡേറ്റ് പൊള്ളിയ വലിയ പാടുകളുണ്ടായിരുന്നു. അന്ന് മുഖത്ത് നോക്കാൻപോലും ആളുകൾ മടിച്ചിരുന്നു. സങ്കടം തുറന്നുപറയാൻ പോലും ഒരാളില്ലാത്ത അവസ്ഥ. പക്ഷേ വിധിക്ക് കീഴടങ്ങാൻ അവൾ ഒരുക്കമല്ലായിരുന്നു. ജീവിതത്തെക്കുറിച്ച് ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്ന ലിസിയുടെ ജീവിതം ഒഴുകിയത് അവർ ഒരിക്കലും സ്വപ്നം കാണാത്ത വഴികളിലൂടെയായിരുന്നു. നന്നായി പഠിച്ച് ജനങ്ങളെ സേവിക്കാൻ കലക്ടർ ഉദ്യോഗം നേടിയെടുക്കണമെന്നായിരുന്നു കുട്ടിയായിരുന്നപ്പോൾ ആഗ്രഹം. സ്വപ്നങ്ങൾ വീണുടഞ്ഞെങ്കിലും സാമൂഹിക സേവനത്തിലൂടെ സന്തോഷം കണ്ടെത്തുകയാണ് ലിസിയിന്ന്. നഷ്ടപ്പെട്ട സ്വത്ത് തിരിച്ചുപിടിക്കണമെന്ന് മോഹമൊന്നുമില്ലെങ്കിലും ജനിച്ചുവളർന്ന രാജസ്ഥാനിലേക്ക് ഒിക്കൽ കൂടി പോകണമെന്ന ആഗ്രഹം മാത്രമേയുള്ളൂ ലിസിക്കിന്ന്. ●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.