‘ഇനിയൊരു വൈവാഹിക ജീവിതത്തിന് സൗകര്യമൊത്താൽ അതൊരു അനാഥ യുവതിക്കൊപ്പം’ -ജയിലിൽനിന്ന് റഹീം മനസ്സു തുറക്കുന്നു
text_fields‘‘പുറത്തിറങ്ങിയാൽ വീട്ടാൻ കടങ്ങളേറെയാണ്. തനിക്കുവേണ്ടി കൈകോർത്ത നല്ല മനുഷ്യർ. ലോകത്തിന്റെ നാനാദിക്കിലുള്ളവർ. അവരിൽ കൂട്ടുകാരുണ്ട്, നാട്ടുകാരുണ്ട്, എന്നാൽ ഒരു പരിചയവുമില്ലാത്ത, ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത, കേട്ടിട്ടില്ലാത്തവരാണ് ഏറെയും.
പതിനായിരക്കണക്കിന് മനുഷ്യർ. അവരാണ് എനിക്കുവേണ്ടി പണമയച്ചത്. അവർക്കൊന്നും പണമായി തിരിച്ചുകൊടുക്കാൻ എനിക്ക് സാധിക്കില്ല. അത്ര ചെറിയ തുകയല്ലല്ലോ അത്... എണ്ണിയാലൊടുങ്ങാത്ത ആ മനുഷ്യരോടെല്ലാമുള്ള കടം ഞാനെന്റെ പ്രവൃത്തികൊണ്ട് വീട്ടാൻ ശ്രമിക്കും...’’
അബ്ദുൽ റഹീമിന്‍റെ വാക്കുകളാണ്. വധശിക്ഷ റദ്ദാക്കിയ ദിവസം റിയാദിലുള്ള തന്‍റെ കൂട്ടുകാരൻ ഷൗക്കത്തിനോട് പറഞ്ഞതാണിത്. റിയാദിലെ ജയിലറയിൽ പുറത്തേക്ക് വാതിൽ തുറക്കുന്നതും കാത്ത് നാളുകളെണ്ണി കഴിയുമ്പോൾ വീട്ടാനുള്ള കടങ്ങളെക്കുറിച്ചാണ് ആ മനസ്സ് ആലോചിക്കുന്നത്.
മുഴുവൻ മുനുഷ്യരോടും ഹൃദയത്തിന്റെ അടിത്തട്ടിൽനിന്നുള്ള നന്ദി പറഞ്ഞ് ഫോണിൽ വിതുമ്പി അബ്ദുൽ റഹീം. ജയിലിലെ ഫോണിൽനിന്ന് സൗകര്യം കിട്ടുമ്പോഴൊക്കെ വിളിക്കാറുള്ള അവൻ ഇത്ര വാചാലമായി സംസാരിച്ച, അതിലേറെ വൈകാരികമായി പോയ മറ്റൊരവസരമില്ലെന്ന് ഷൗക്കത്ത് ഓർക്കുന്നു.
വൈവാഹിക ജീവിതം അനാഥക്കൊപ്പം
ഇപ്പോൾ റഹീമിന്‍റെ മനസ്സ് ശാന്തമാണ്. പല വിചാരങ്ങൾ ശാന്തമായ കടൽപരപ്പിലെ ചെറിയ ഓളങ്ങൾപോലെ ഇളകുന്നുണ്ട്. ഉള്ളെരിഞ്ഞുള്ള പ്രാർഥനയാൽ ജീവിതത്തിന്റെ പകലിരവുകളെ ഹോമിച്ച ഉമ്മയെക്കുറിച്ചാണ് ഇപ്പോൾ ആലോചിക്കുന്നത്.
ആശ്വസിപ്പിക്കാൻ, അണച്ചുപിടിക്കാൻ ആ കൈകൾ എപ്പോഴും തന്നോടൊപ്പമുണ്ട് എന്ന തോന്നലിലാണ് ഓരോ നിമിഷവും ജയിലറയിൽ തള്ളിനീക്കിയത്. ആ ബലത്തിലാണ് തടവറയിലെ തീക്ഷ്ണാനുഭവങ്ങളെ മറികടന്നുകൊണ്ടിരുന്നത്.
ശിഷ്ടജീവിതം ഉമ്മയെ പരിചരിച്ച് കഴിഞ്ഞുകൂടണമെന്നേ മനസ്സിലിപ്പോഴുള്ളൂ. 25ാം വയസ്സിൽ കാരാഗൃഹത്തിൽ അടക്കപ്പെട്ട ജീവിതമാണ്. 18 വർഷത്തിനുശേഷം പുറത്തിറങ്ങാനുള്ള ഉത്തരവിനുവേണ്ടി കാത്തിരിക്കുമ്പോൾ തിരിച്ചറിയുന്നുണ്ട്, ജീവിതത്തിലെ നല്ലതായിരിക്കേണ്ട സമയമെല്ലാം കടന്നുപോയിരിക്കുന്നു.
എന്നാലും ഇനിയൊരു വൈവാഹിക ജീവിതത്തിന് സൗകര്യമൊത്താൽ അതൊരു അനാഥ യുവതിക്കൊപ്പമാകണം എന്നൊരു ചിന്തയും പതിയെ മനസ്സിലുറക്കുന്നുണ്ട്.
പുറത്ത് ആയിരക്കണക്കിന് മനുഷ്യർ തന്നെ സഹായിക്കാൻ അണിനിരക്കുമ്പോഴും ജയിലറയുടെ നാല് ചുവരുകൾക്കുള്ളിൽ അനുഭവിച്ച അനാഥത്വത്തിന്റെയും ഒറ്റപ്പെടലിന്റെയും വേദന വിശാലമായ ലോകത്ത് ഒറ്റപ്പെട്ടും അനാഥമായും കഴിയാൻ വിധിക്കപ്പെടുന്ന ഒരാൾക്കെത്രയോ തീക്ഷ്ണമായിരിക്കും.
അങ്ങനെയൊരാളെ ജീവിതത്തോട് ചേർത്തുപിടിക്കണം -ഷൗക്കത്തിനോട് ഒടുവിൽ അബ്ദുൽ റഹീം മനസ്സിലുള്ളത് തുറന്നുപറഞ്ഞു.
ജീവൻ തിരിച്ചുകിട്ടിയ ജൂലൈ രണ്ട്
ഇക്കഴിഞ്ഞ ജൂലൈ രണ്ട് ആരും മറക്കില്ല. അബ്ദുൽ റഹീമിനുവേണ്ടി അണിചേർന്ന മുഴുവൻ മനുഷ്യരും കാത്തിരുന്ന വിധി പ്രഖ്യാപനമുണ്ടായ ദിവസം. അന്ന് നട്ടുച്ചയിലെ 12.16 എന്ന ആ സമയം ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത മുഹൂർത്തമാണെന്ന് റഹീമിന്‍റെ കേസിൽ ഇന്ത്യൻ എംബസി പ്രതിനിധിയായി ആദ്യകാലം മുതൽ ഇടപെടുന്ന മലയാളി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരി പറയുന്നു.
റിയാദിലെ ക്രിമിനൽ കോടതിയിൽ വധശിക്ഷ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിൽ ജഡ്ജി ഒപ്പിട്ട സമയമാണത്. അതോടെ നെഞ്ചിലേറ്റി നടന്ന ഭാരം ഒലിച്ചുപോയതുപോലെയാണ് തോന്നിയതെന്നും ജീവിതത്തിൽ അതുപോലെയൊരു ദിവസത്തിലൂടെ കടന്നുപോയിട്ടില്ലെന്നും യൂസഫ് കാക്കഞ്ചേരി കൂട്ടിച്ചേർക്കുന്നു.
റഹീമിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങളെയെല്ലാം ഇക്കാലമത്രയും ഏകോപിപ്പിച്ചുകൊണ്ടിരിക്കുന്ന പൊതുപ്രവർത്തകനും മുസ്ലിം ലീഗ് നേതാവുമായ അഷ്റഫ് വേങ്ങാട്ടും അതുതന്നെയാണ് പറഞ്ഞത്, മറക്കില്ല ആ ദിവസത്തെ.
റഹീം മോചനം എന്ന ദൗത്യത്തിൽ അണിചേർന്ന സിദ്ദീഖ് തുവ്വൂർ, മുനീബ് പാഴൂർ, സി.പി. മുസ്തഫ, നാസർ കാരന്തൂർ, മൊയ്തീൻ കോയ കല്ലമ്പാറ, കുന്നുമ്മൽ കോയ, അബ്ദുല്ല വല്ലാഞ്ചിറ, കുഞ്ഞി കുമ്പള, കുഞ്ഞോയി കോടമ്പുഴ, നൗഫൽ പാലക്കാടൻ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത മുഴുവൻ സാമൂഹിക പ്രവർത്തകരും മാധ്യമ പ്രവർത്തകരും ഒരേ സ്വരത്തിലാണ് അതാവർത്തിക്കുന്നത്.
15 മില്യൺ റിയാൽ ഇത്രയെളുപ്പമോ?
വധശിക്ഷയിൽനിന്ന് രക്ഷപ്പെടുത്താനുള്ള 15 മില്യൺ റിയാലിന്റെ ദിയാധനം ‘ഹിന്ദികൾ’ (ഇന്ത്യക്കാർ) സമാഹരിക്കുമെന്നത് ആദ്യം തമാശയായാണ് തോന്നിയതെന്ന് അബ്ദുൽ റഹീമിന്‍റെ വക്കീലായ സൗദി അഭിഭാഷകൻ ഉസാമ അൽഅംബർ പറയുന്നു.
ദിയാധനം നൽകാനുള്ള കരാർ അനുസരിച്ച് നിശ്ചിത കാലാവധിക്കുള്ളിൽ പണം നൽകണം. ഇത്ര ഭീമമായ തുക കുറഞ്ഞ ദിവസത്തിനുള്ളിൽ സമാഹരിക്കാൻ അവർക്ക് കഴിയില്ല എന്നുതന്നെയാണ് താൻ കരുതിയത്.
റഹീമിന്‍റെ കാര്യം തന്നെ അത്ഭുതപ്പെടുത്തി. ഹൗസ് ഡ്രൈവറായ സാധാരണക്കാരനുവേണ്ടി ഇത്രയും മനുഷ്യർ ഒറ്റക്കെട്ടായി ഇറങ്ങിപ്പുറപ്പെടുക. മലയാളികളുടെ മാനവിക ബോധവും സംഘശക്തിയും ഇപ്പോഴും അത്ഭുതമായാണ് തോന്നുന്നതെന്ന് ഉസാമ പറയുന്നു. ഇക്കാര്യം തന്‍റെ സഹപ്രവർത്തകരോടും സുഹൃത്തുക്കളോടും പറഞ്ഞിട്ട് അവർക്ക് വിശ്വസിക്കാനാവുന്നില്ല.
അങ്ങനെ സംഭവിക്കില്ലെന്നാണ് അവർ തീർത്തുപറയുന്നത്. റഹീമിന്‍റെ മാതാവിന്റെ കണ്ണീരൊപ്പാനും ആ ഉമ്മയുടെ ചുണ്ടിൽ ചിരി വിരിയിക്കാനും കാരണക്കാരാകാൻ മത്സരിച്ച മലയാളികൾ തന്‍റെ അഭിഭാഷക ജീവിതത്തിലെ ഏറ്റവും പുതിയ അനുഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജയിലഴികൾക്കിടയിലൂടെ കേട്ട കഥ
ഈ ലേഖകൻ കഴിഞ്ഞ 24 വർഷമായി റിയാദിൽ പത്രപ്രവർത്തനം നടത്തുന്നു. ഈ കാലത്തിനിടെ നിരവധി ജീവിതങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അനേകം സംഭവങ്ങളിലേക്കും മനുഷ്യരിലേക്കും കടന്നുചെന്നിട്ടുണ്ട്. എന്നാൽ, അക്കൂട്ടത്തിൽ ഏറ്റവും അവിസ്മരണീയം അബ്ദുൽ റഹീമിന്‍റെ കേസ് ആദ്യമായി റിപ്പോർട്ട് ചെയ്യാനിടയാക്കിയ ഒരു കൂടിക്കാഴ്ചയാണ്.
ഞാനും സൗദിയിലെ മറ്റൊരു മാധ്യമപ്രവർത്തകൻ ഷക്കീബ് കൊളക്കാടനും അന്ന് റിയാദ് മലസിലെ സെൻട്രൽ ജയിലിൽ ചെന്നതായിരുന്നു. ജയിലിലെ സന്ദർശകരുടെ മുറിയിൽ നല്ല തിരക്കായിരുന്നു. സന്ധ്യമയങ്ങുന്നു. അതിനുമുമ്പേ ഇരുട്ടുകയറിയ മുറിയിൽ വൈദ്യുതി വിളക്ക് തെളിഞ്ഞിട്ടുണ്ട്.
വലിയ ഇരുമ്പ് വേലിയുടെ രണ്ട് പാളികൾക്കപ്പുറം വന്നുനിൽക്കുന്ന ജയിൽപുള്ളികളുടെ മുഖങ്ങളിൽ ഞങ്ങൾ തേടിപ്പോയ ആളെ തിരഞ്ഞു. ഒരു വീട്ടുജോലിക്കാരി കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി ദമ്പതികളിലെ ഭർത്താവിനെ കാണുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. വാർത്തക്കൊപ്പമുള്ള ഫോട്ടോയിൽ കണ്ട പരിചയം മാത്രമാണുള്ളത്. ആ മുഖം അപ്പുറത്ത് വന്നുനിൽക്കുന്നവരിൽ ഇല്ലെന്ന് ഷക്കീബ് പറഞ്ഞു. ഞാനും സൂക്ഷിച്ചുനോക്കി അത് ശരിവെച്ചു.
ഇരുമ്പു വേലിയുടെ രണ്ട് പാളികൾക്കിടയിൽ രണ്ടടിയോളം അകലമുണ്ട്. ഏറ്റവും ഉറ്റവരായവർക്ക് അപ്പുറവും ഇപ്പുറവും നിൽക്കുമ്പോൾ ഒന്ന് തൊടണമെന്നുണ്ടെങ്കിൽ പോലും സാധ്യമല്ല. കമ്പിയഴികൾക്കിടയിലൂടെ പരസ്പരം നോക്കിനിൽക്കാം. നോക്കുമ്പോൾ പലരും കണ്ണീർ വാർക്കുന്നുണ്ട്.
കരച്ചിലടക്കാൻ പാടുപെടുന്നവരുണ്ട്. ഞങ്ങൾ വേണ്ടതൊക്കെ ചെയ്യുന്നുണ്ട് ഉടൻ പുറത്തിറങ്ങാൻ കഴിയുമെന്ന് പ്രതീക്ഷ കൈമാറുന്നവരുണ്ട്. അതുകേൾക്കുമ്പോൾ മറുഭാഗത്തെ മുഖം മുറിയിലെ വൈദ്യുതി വിളക്കിനേക്കാൾ തെളിയുന്നുണ്ട്.
കാണേണ്ട ആൾ വരാൻ വൈകുന്നതുകൊണ്ട് ഞങ്ങൾക്ക് ഇഷ്ടംപോലെ സമയമുണ്ടായിരുന്നു. വേലിക്കപ്പുറം അഴികളിലേക്ക് ചാരി സുമുഖനായ ഒരു യുവാവ് ഞങ്ങളെത്തന്നെ നോക്കിനിൽക്കുന്നത് അപ്പോഴാണ് കണ്ടത്. നോട്ടങ്ങൾ പരസ്പരം ഇടഞ്ഞപ്പോൾ പരിചയഭാവമുണ്ടായി, നിങ്ങൾ ആരെയാണ് കാത്തുനിൽക്കുന്നതെന്ന് അയാൾ ചോദിച്ചു.
ഞങ്ങൾ ആളുടെ പേര് പറഞ്ഞപ്പോൾ അയാൾ എന്റെ സെല്ലിലാണെന്നും സുഖമില്ലാതെ കിടക്കുകയാണെന്നും പറഞ്ഞു. എങ്കിൽ പിന്നീടാവാം എന്നുപറഞ്ഞ് മടങ്ങുംമുമ്പ് നിങ്ങളുടെ കേസ് എന്താണെന്ന് അയാളോട് ചോദിച്ചു. ഒരു സൗദി ബാലൻ മരിച്ച കേസാണ്. ഏഴുമാസമായി. ഞങ്ങൾ രണ്ടുപേരുണ്ട്. എന്റെ പേര് മുഹമ്മദ് നസീർ. എന്റെ ബന്ധു അബ്ദുൽ റഹീമാണ് ഒന്നാം പ്രതി. അവനും ഇവിടെ സെല്ലിലുണ്ട്. ഇതുവരെ വിധി വന്നിട്ടില്ല. വിചാരണയിലാണ്.
സന്ദർശന സമയം അവസാനിക്കാനൊരുങ്ങുകയായിരുന്നു. ഞാൻ പെട്ടെന്ന് പോക്കറ്റിൽനിന്ന് ചെറിയൊരു കടലാസെടുത്ത് മൊബൈൽ നമ്പർ എഴുതി കമ്പിയഴികൾക്കിടയിലൂടെ അകത്തേക്ക് എറിഞ്ഞുകൊടുത്തു. നസീർ അതെടുത്തു. ജയിലിൽ ടെലിഫോൺ സൗകര്യം കിട്ടുമ്പോൾ വിളിക്കണേ എന്ന് അയാളോടുപറഞ്ഞ് അവിടം വിട്ടു. പിറ്റേന്നുതന്നെ നസീറിന്റെ കാൾ വന്നു. നമ്പർ ചോദിച്ചുവാങ്ങിയിട്ട് അങ്ങോട്ടുവിളിച്ചു. കേസിന്റെ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു.
ഭിന്നശേഷിക്കാരനായ ഒരു സൗദി ബാലൻ അവിചാരിതമായി കൊല്ലപ്പെടുകയും അതിൽ കുടുങ്ങി ജയിലിലായ അന്ന് 25 വയസ്സ് മാത്രമുള്ള, കോഴിക്കോട് ജില്ലയിലെ ഫറോക്ക് കോടമ്പുഴ മച്ചിലകത്ത് പീടിയേക്കൽ വീട്ടിൽ പരേതനായ മുല്ല മുഹമ്മദ്കുട്ടിയുടെയും ഫാത്തിമയുടെയും മകൻ അബ്ദുൽ റഹീമിനെയും ബന്ധുവായ യുവാവ് ആപത്തിൽപ്പെട്ട നേരത്ത് സഹായം ചോദിച്ചു വിളികേട്ടുചെന്ന് കേസിൽപെട്ട കോഴിക്കോട് നല്ലളം ബസാർ ചാലാട്ട് വീട്ടിൽ മുഹമ്മദ് നസീർ അഹമ്മദിനെയും കുറിച്ചുള്ള വാർത്തകളുടെ തുടക്കമായിരുന്നു അത്.
കേസിന്റെ എല്ലാ ഘട്ടത്തിലും വാർത്തകളിലൂടെ ഒപ്പം സഞ്ചരിച്ചു. ഒരിക്കൽ നാട്ടിൽ അവധിക്ക് പോയപ്പോൾ റഹീമും നസീറും ജയിലിൽനിന്ന് പറഞ്ഞു, കോഴിക്കോട്ടുള്ള ഞങ്ങളുടെ വീടുകളിലും ഒന്ന് പോണേ എന്ന്.
രണ്ടു വീടുകളിലും പോയി റഹീമിന്‍റെ ഉമ്മയെയും കൂടപ്പിറപ്പിനെയും നസീറിന്റെ ഭാര്യയെയും ഭാര്യപിതാവിനെയും കുട്ടികളെയും കണ്ട് അവിടെ നിന്ന് തയാറാക്കിയ റിപ്പോർട്ടുകളിലൂടെ അധികാരികളുടെ ശ്രദ്ധയിലെത്തിക്കാൻ ശ്രമിച്ചത്, സാമൂഹിക പ്രവർത്തകരുടെയും ഇന്ത്യൻ എംബസിയുടെയും ഇടപെടലുകളും യഥാസമയം റിപ്പോർട്ട് ചെയ്തുകൊണ്ടിരുന്ന് വിഷയം സജീവമാക്കി നിർത്തിയത്, വധശിക്ഷ വിധിച്ചതും അതിനെതിരെ അപ്പീൽ പോയതും, കോടതി നടപടികൾ കാണാനും റിപ്പോർട്ട് ചെയ്യാനും കോടതിയിൽ പലവട്ടം കയറിയിറങ്ങിയത് എന്നിവയെല്ലാം ആ യാത്രയിൽ തെളിഞ്ഞുകിടക്കുന്ന ഓർമകളാണ്.
10 വർഷത്തിനുശേഷം മുഹമ്മദ് നസീർ മോചിതനായപ്പോഴും 15 മില്യൺ റിയാലെന്ന ഭാരിച്ച ദിയാധനമുണ്ടെങ്കിലേ റഹീമിന്‍റെ ജീവൻ രക്ഷിക്കാനാവൂ എന്ന് ലോകത്തെ അറിയിക്കാൻ വാർത്തകൾ തയാറാക്കി ആ യാത്ര തുടരുകയായിരുന്നു. ഒടുവിൽ ലോകത്തെ അത്ഭുതപ്പെടുത്തിയ ജനകീയ ധനസമാഹരണത്തിലും വധശിക്ഷ റദ്ദാക്കപ്പെട്ടതിലും ഇടമുറിഞ്ഞില്ല വാർത്തായിടപെടലുകൾ.
ജയിലിന്റെ വാതിൽ മലർക്കെ തുറന്ന് അബ്ദുൽ റഹീം ഇറങ്ങിവരുന്നതും നാട്ടിലെത്തി ഉമ്മയുടെ ചാരത്തണയുന്നതുംവരെ തുടരും കേവലമൊരു ജോലിക്കപ്പുറം സഹാനുഭൂതിയുടെ ഉണങ്ങാത്ത മഷികൊണ്ടുള്ള ഈ കേസിന്റെ ജീവിതമെഴുത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.