എപ്പോഴും ഊർജസ്വലമായിരിക്കാനും രോഗങ്ങളെ ഒരുപരിധി വരെ അകറ്റിനിര്‍ത്താനും ശരീരവും മനസ്സും ആരോഗ്യകരമായി സൂക്ഷിക്കേണ്ടതുണ്ട്. ശരീരത്തിന്‍റെ ഫിറ്റ്നസ് നിലനിര്‍ത്തുന്നതില്‍ പ്രാധാന്യം നല്‍കുന്നവര്‍ ഇന്നേറെയാണ്.
മാറിയ ജീവിതരീതി മൂലം ജീവിതശൈലീ രോഗങ്ങള്‍ ഉള്‍പ്പെടെ ബാധിക്കുന്നവരുടെ എണ്ണം ഇക്കാലത്ത് വളരെ കൂടുതലാണ്. തെറ്റായ ഭക്ഷണക്രമവും ഉദാസീനമായ ജീവിതശൈലിയും കാരണം ശരീരത്തിന്‍റെ ഫിറ്റ്നസ് നഷ്ടപ്പെടുന്ന സാഹചര്യത്തിലാണ് വ്യായാമത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പലരും ബോധവാന്മാരാകുന്നത്.
പതിവായ നടത്തം, സ്വയം ചെയ്യാവുന്ന മറ്റു വ്യായാമങ്ങള്‍ തുടങ്ങിയവയിലൂടെ ഫിറ്റ്നസ് നിലനിര്‍ത്താന്‍ ശ്രമിക്കുന്നവരുണ്ട്. അതേസമയം, ഫിറ്റ്നസ് കേന്ദ്രങ്ങളിലെത്തി ശരീരത്തെ ആരോഗ്യകരമാക്കാന്‍ ശ്രമിക്കുന്നവരും ധാരാളമാണ്. എന്നാല്‍, വ്യായാമം ചെയ്യാന്‍ തുടങ്ങുന്ന സമയത്ത് പല സംശയങ്ങളും മനസ്സില്‍ കടന്നുവരാം.
ഏതെല്ലാം വ്യായാമങ്ങള്‍ ചെയ്യണം, എത്രനേരം ചെയ്യണം തുടങ്ങിയ സംശയങ്ങള്‍ സാധാരണമാണ്. അതോടൊപ്പം തന്നെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും ചെയ്യാവുന്ന വ്യായാമങ്ങള്‍ ഏതെല്ലാം എന്നതും പലരുടെയും ആശങ്കയാണ്.
സ്ത്രീ-പുരുഷ വ്യത്യാസത്തിന് അപ്പുറം ഓരോരുത്തരുടെയും പ്രായം, ആരോഗ്യനില, ശാരീരിക അവസ്ഥ എന്നിവയാണ് ഇക്കാര്യത്തില്‍ പ്രധാനമായും പരിഗണിക്കേണ്ടത്. അതുകൊണ്ടുതന്നെ ഒരാള്‍ക്ക് ഏറ്റവും അനുയോജ്യമായ വ്യായാമരീതികള്‍ പ്രത്യേകമായി തന്നെ തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം.
വ്യായാമം സ്ത്രീകളിലും പുരുഷന്മാരിലും
ഒരേ പ്രായത്തിലുള്ള സ്ത്രീകളിലും പുരുഷന്മാരിലും വ്യായാമ രീതികളില്‍ വലിയ വ്യത്യാസങ്ങളില്ല. എല്ലാത്തരം വ്യായാമ രീതികളും ഇരു കൂട്ടര്‍ക്കും താൽപര്യം അനുസരിച്ച് ചെയ്യാവുന്നതാണ്. പ്രായം, ആരോഗ്യം എന്നിവ മികച്ച അവസ്ഥയിലാണെങ്കില്‍ വർക്കൗട്ടുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ പ്രത്യേകിച്ച് മുന്‍കരുതലുകളുടെ ആവശ്യമില്ല. ഏതു തരത്തിലുള്ള വ്യായാമവും പതിവാക്കാം. ഒരേ രീതിയിലുള്ള വ്യായാമം മടുപ്പ് തോന്നിക്കുന്നുവെങ്കില്‍ ഫിറ്റ്നസ് വർക്കൗട്ട്, നീന്തല്‍, യോഗ എന്നിവ മാറിമാറി ചെയ്യാവുന്നതാണ്.
ആർത്തവ സമയം സൂക്ഷിക്കണം
ആര്‍ത്തവ സമയത്ത് രക്തസ്രാവം കൂടുതലുള്ള ദിവസങ്ങളില്‍ മാത്രം കഠിനമായ വ്യായാമ മുറകള്‍ ഒഴിവാക്കുന്നത് നല്ലതാണ്. ഈ ദിവസങ്ങളില്‍ അധ്വാനം കൂടുതലുള്ള വ്യായാമരീതികള്‍ ചെയ്യുന്നത് മറ്റു പല അസ്വസ്ഥതകളും വര്‍ധിക്കാന്‍ ഇടയാകും.
നടത്തം മാത്രം പോരാ
സ്ത്രീയായാലും പുരുഷനായാലും നടത്തംകൊണ്ട് മാത്രം ആരോഗ്യകരമായ ശരീരം നിലനിര്‍ത്താനോ അമിതവണ്ണം കുറക്കുന്നതിനോ സാധിക്കില്ല. ശരീര ചലനം സാധ്യമാകുന്ന മറ്റെന്തെങ്കിലും തരത്തിലുള്ള വ്യായാമങ്ങള്‍കൂടി പരിശീലിക്കുന്നതാണ് നല്ലത്.
ആഴ്ചയില്‍ ആറു ദിവസം അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യേണ്ടതുണ്ട്. എന്നാല്‍, ഒരു മണിക്കൂറില്‍ കൂടുതല്‍ ചെയ്യേണ്ടതില്ല. അമിതമായ വ്യായാമം മറ്റുപല പ്രശ്നങ്ങള്‍ക്കും വഴിവെക്കുമെന്നത് വസ്തുതയാണ്. ഇതോടൊപ്പം ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍ ഡോക്ടറുടെ നിർദേശപ്രകാരം അനുയോജ്യമായ വ്യായാമരീതികള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.
പ്രായ, ലിംഗ ഭേദമില്ലാതെ ഫിറ്റ്നസ് എല്ലാവര്‍ക്കും ആവശ്യമാണ്. അതുകൊണ്ടുതന്നെ ഭക്ഷണരീതിയിലും കൃത്യമായ നിയന്ത്രണം വേണം. അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍, കാര്‍ബോഹൈഡ്രേറ്റ് ആഹാരങ്ങള്‍ എന്നിവയുടെ അളവ് കുറക്കുകയാണ് നല്ലത്.
കുട്ടികള്‍ കളിച്ചുവളരട്ടെ
കുട്ടികള്‍ക്ക് ഫിറ്റ്നസ് കേന്ദ്രങ്ങളില്‍ നിന്നുള്ള പ്രത്യേക വ്യായാമങ്ങള്‍ ആവശ്യമില്ല. ശരീരത്തിനും മനസ്സിനും ഒരുപോലെ ഗുണകരമാകുന്ന വിവിധതരം കളികളാണ് കുട്ടികള്‍ക്ക് വേണ്ടത്. ദിവസവും വൈകീട്ട് കുറഞ്ഞത് അരമണിക്കൂറെങ്കിലും ശരീരചലനം ആവശ്യമാകുന്ന കളികളില്‍ ഏര്‍പ്പെടാന്‍ കുട്ടികള്‍ക്ക് അവസരമൊരുക്കുകയും അതിനുള്ള പ്രോത്സാഹനം നല്‍കുകയും വേണം. മറ്റു കുട്ടികള്‍ക്കൊപ്പം ഉല്ലസിച്ചുള്ള കളികള്‍ തന്നെയാണ് കുട്ടികളുടെ മികച്ച വ്യായാമം.
എന്നാല്‍, പുതിയ ജീവിതസാഹചര്യത്തില്‍ കുട്ടികള്‍ ഇത്തരത്തിലുള്ള കളികളില്‍ ഏര്‍പ്പെടുന്നത് വളരെ കുറവാണ്. മൊബൈല്‍ ഗെയിമുകളിലേക്ക് കുട്ടികളുടെ ലോകം ചുരുങ്ങിയതാണ് പ്രധാന കാരണം. ഇത്തരം കുട്ടികളെ രക്ഷിതാക്കള്‍ നിര്‍ബന്ധപൂര്‍വം ഫിറ്റ്നസ് കേന്ദ്രങ്ങളില്‍ എത്തിക്കാറുണ്ടെങ്കിലും ഫലപ്രദമായ രീതിയില്‍ വ്യായാമമുറകള്‍ ചെയ്യാന്‍ കുട്ടികള്‍ക്ക് സാധിക്കാറില്ല.
അതേസമയം, സ്വന്തം താല്പര്യത്തോടെ ഫിറ്റ്നസ് കേന്ദ്രങ്ങളിലെത്തുന്ന കുട്ടികള്‍ കൃത്യമായ രീതിയില്‍ വർക്കൗട്ട് ചെയ്യുകയാണെങ്കില്‍ ഫലം ലഭിക്കുകയും ചെയ്യും. 12നു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് താൽപര്യം ഉണ്ടെങ്കില്‍ ഫിറ്റ്നസ് കേന്ദ്രങ്ങളിലെത്തി വ്യായാമം ചെയ്യാം. അല്ലാത്തപക്ഷം ദിവസവും ഏതെങ്കിലും കായികവിനോദങ്ങള്‍ക്കായി സമയം ചെലവഴിക്കുന്നതും ഗുണകരമാണ്.
സ്കിപ്പിങ് ചെയ്യുമ്പോൾ കരുതൽ വേണം
സ്കിപ്പിങ് എക്സർസൈസ് ചെയ്യുന്ന സമയത്ത് അൽപം ശ്രദ്ധിക്കേണ്ടതുണ്ട്. ചിലര്‍ തുടര്‍ച്ചയായി 800 മുതല്‍ 1000 വരെ തവണ സ്കിപ്പിങ് ചെയ്യാറുണ്ട്. എന്നാല്‍, അമിതമായി സ്കിപ്പിങ് വർക്കൗട്ട് ചെയ്യുന്നത് സ്ത്രീശരീരത്തില്‍ ചില പ്രശ്നങ്ങള്‍ക്ക് വഴിവെക്കാം. അതേസമയം, ആരോഗ്യകരമായ അളവില്‍ ചെയ്യുന്നത് ശരീരത്തിന് വലിയ ഗുണം ചെയ്യുമെന്നതാണ് വസ്തുത. ആര്‍ത്തവദിനങ്ങളില്‍ ചെറിയ വ്യായാമങ്ങള്‍ ചെയ്യുന്നത് അസ്വസ്ഥതകള്‍ കുറക്കാനും ഒരു പരിധിവരെ സഹായിക്കും. മറ്റു ദിവസങ്ങളില്‍ സ്ഥിരമായി ചെയ്യുന്ന വർക്കൗട്ടുകള്‍ പൂര്‍ണമായും ചെയ്യാം.
ഗര്‍ഭിണികള്‍ക്ക് പ്രത്യേക വ്യായാമം
മറ്റു പ്രയാസങ്ങളില്ലെങ്കില്‍ (ഡോക്ടര്‍ വിശ്രമം നിർദേശിച്ചിട്ടില്ലെങ്കില്‍) ഗര്‍ഭിണികളായിരിക്കുമ്പോള്‍ പോലും വ്യായാമം ചെയ്യുന്നത് വളരെ ഗുണകരമാണ്. ഗര്‍ഭകാല അസ്വസ്ഥതകള്‍ കുറക്കുന്നതിനും പ്രസവസമയത്തെ സങ്കീര്‍ണതകള്‍ ഒഴിവാക്കി സാധാരണ പ്രസവത്തിനായി ശരീരത്തില്‍ അനുകൂല സാഹചര്യമൊരുക്കാനും വ്യായാമം വളരെയധികം സഹായിക്കും. ആദ്യ മൂന്നു മാസത്തിനുള്ളില്‍ അബോര്‍ഷന്‍ സാധ്യത കൂടുതലായതിനാല്‍ ഈ കാലയളവ് പൂര്‍ത്തിയായ ശേഷം വ്യായാമം ചെയ്യുന്നതാണ് നല്ലത്.
നേരത്തേ വ്യായാമം ചെയ്യുന്നവരാണെങ്കില്‍ ഗര്‍ഭകാലത്തും അവ ആരോഗ്യകരമായി തുടരാം. നടത്തം, നീന്തല്‍, സൈക്ലിങ് എന്നിവ ശീലമാക്കിയവര്‍ക്ക് ശരീരത്തിന് ആയാസം വരാത്ത രീതിയില്‍ ഗര്‍ഭകാലത്തും ഇതു ചെയ്യാം. എന്നാല്‍, ഗര്‍ഭിണികളായശേഷം വ്യായാമം ചെയ്ത് തുടങ്ങുന്നവരാണെങ്കില്‍ അമിതമായ വർക്കൗട്ടുകള്‍ തിരഞ്ഞെടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
ദിവസവും അരമണിക്കൂര്‍ നടക്കുന്നത് നല്ലതാണ്. കൂടാതെ ബാള്‍ എക്സർസൈസ്, ബട്ടര്‍ ഫ്ലൈ സ്ക്വാട്ട്സ്, യോഗ തുടങ്ങിയവ ചെയ്യുന്നത് ഗുണംചെയ്യും. എന്നാല്‍, കമിഴ്ന്നുകിടന്നുകൊണ്ടുള്ള വ്യായാമങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. ഓട്ടം, ചാട്ടം തുടങ്ങി കൂടുതല്‍ ആയാസമുള്ള വർക്കൗട്ടുകളും ഈ സമയത്ത് ഒഴിവാക്കുകയാണ് നല്ലത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.