സംസാരത്തിൽ എത്രതന്നെ ഒളിപ്പിച്ചാലും നിങ്ങളുടെ വികാരവിക്ഷോഭങ്ങൾ ശരീരഭാഷയിലൂടെ വെളിപ്പെടും. ആത്മവിശ്വാസം പ്രതിഫലിക്കുന്നശരീരഭാഷ എങ്ങനെ സ്വായത്തമാക്കാം എന്ന് നോക്കാം...
ആശയവിനിമയത്തിൽ വാക്കുകളിലൂടെ കൈമാറുന്നത് വെറും ഏഴു ശതമാനം മാത്രമാണ്. ബാക്കി 93 ശതമാനവും ശരീരഭാഷയിലൂടെയാണ്. ശരീരംകൊണ്ടുള്ള ഈ ആശയവിനിമയത്തിൽ ശബ്ദത്തിലെ ഏറ്റക്കുറച്ചിലുകൾ, മുഖഭാവങ്ങൾ, ആംഗ്യങ്ങൾ, കണ്ണിെൻറയും പുരികത്തിെൻറയും ചലനം, സ്പർശനം എന്നിവയൊക്കെ ഉൾപ്പെടും. പറയാനുള്ളതും പാതിപറഞ്ഞതുമായ കാര്യങ്ങൾ കൃത്യമായി മറ്റുള്ളവരിലേക്ക് എത്തിക്കാൻ ഇങ്ങിനെ ശരീരഭാഷയിലൂടെ കഴിയുന്നു. സംസാരത്തിൽ ഒളിപ്പിക്കാൻ ശ്രമിക്കുന്ന കാര്യങ്ങൾ പലതും ശരീരഭാഷ വെളിപ്പെടുത്തും.
ശരീരം, നടത്തം, ചലനം, ആംഗ്യങ്ങൾ, മുഖഭാവങ്ങൾ എന്നിവയൊക്കെ ഓരോ മനുഷ്യരിലും വ്യത്യസ്തമാണ്. വികാരങ്ങൾ മാറുന്നതിനനുസരിച്ച് ശരീരഭാഷയും വ്യത്യാസപ്പെടും. സംസാരിക്കാൻ കഴിയാത്ത കുഞ്ഞുങ്ങളുടെ കരച്ചിലും ആംഗ്യങ്ങളും അവരുടെ വികാരപ്രകടനങ്ങളാണ്. പ്രായമേറുേമ്പാൾ ശരീരഭാഷ ഭാവങ്ങളുടെയും ആംഗ്യങ്ങളുടെയും സ്വരത്തി
െൻറയും മിശ്രിതമാവുന്നു. മുഖഭാവം നോക്കി വികാരം വായിക്കാം. മാനസിക സമ്മർദം ശരീരഭാഷയിൽ പ്രതിഫലിക്കും. സ്ട്രെസ് ഹോർമോണുകൾ ഉപയോഗിച്ച് ശരീരം സമ്മർദത്തോട് പ്രതികരിക്കുന്നു. ഹൃദയമിടിപ്പും ശ്വസനവും രക്തസമ്മർദവും ഈ വേളയിൽ കൂടുന്നു. കൂടുതൽ പഞ്ചസാര രക്തത്തിലേക്ക് ഒഴുകി ഊർജമേകുന്നു. എന്നാൽ സമ്മർദം ഏറെനാൾ നീളുന്നത് ആരോഗ്യം തകർക്കും.
സമ്മർദത്തിെൻറ പല അടയാളങ്ങളും ഒറ്റനോട്ടത്തിൽ തിരിച്ചറിയാനാവും. മുഖഭാവങ്ങൾ കൃത്യമായ അംഗചലനങ്ങൾക്കൊപ്പമല്ലെങ്കിൽ തെറ്റിദ്ധരിക്കപ്പെട്ടേക്കാം. വികാരങ്ങൾ മറയ്ക്കാൻ ആളുകൾ പലതന്ത്രങ്ങളും പരീക്ഷിക്കാറുണ്ടെങ്കിലും അതത്ര എളുപ്പമല്ല. പറയുന്നതിനെക്കാൾ കൂടുതൽ കാണുന്നതാണ് മറ്റുള്ളവർ വിശ്വസിക്കുക. ശരീരഭാഷയെ പൂർണമായി നിയന്ത്രിക്കാൻ പ്രയാസമാണ്. പുഞ്ചിരി മുഖത്തുവരുത്തി ഇരിക്കുേമ്പാൾ കാലോ കൈയോ വിറച്ചാൽ നിങ്ങളുടെ പുഞ്ചിരി വെറുതെയാവും, പരിഭ്രമം പുറത്താവും. കണ്ണിനു ചുറ്റുമുള്ള പേശികൾ ചലിക്കാത്ത ആത്മാർഥതയില്ലാത്ത ചിരികളുടെ പൊള്ളത്തരവും മറ്റുള്ളവർക്ക് മനസ്സിലാവും.
ശരീരഭാഷ മെച്ചപ്പെടുത്താനുള്ള ബോധപൂർവമായ പരിശ്രമത്തിലൂടെ ആകർഷകമായ വ്യക്തിത്വം നേടിയെടുക്കാനാവും. ശരീരഭാഷയെ നവീകരിക്കാനും മെച്ചപ്പെടുത്താനുമുള്ള ചില വഴികൾ ഇതാ...
1 -പവർ പോസ്: രണ്ടു മിനിറ്റ് പവർ പോസ് ചെയ്യുക. ഉയർന്നുനിന്ന് കൈകൾ ആകാശത്തേക്ക് നീട്ടുക അല്ലെങ്കിൽ സൂപ്പർമാനെപ്പോലെ ഇടുപ്പിൽ കൈകൾവെച്ച് നിൽക്കുക. ഇതിലൂടെ നിങ്ങളുടെ ആത്മവിശ്വാസം വർധിക്കുമെന്ന് ഹാർവഡ് സർവകലാശാല പ്രഫസർ ഏയ്മി കുഡി പറയുന്നു. പരിഭ്രാന്തിയോ ഭയമോ അനുഭവപ്പെടുന്ന സാഹചര്യത്തിലേക്ക് കടക്കുന്നതിനു മുമ്പ് ഇതു പരീക്ഷിക്കുക. മറ്റുള്ളവർ കാണുന്നില്ലെന്ന് ഉറപ്പാക്കുക.
2-അറിയുക: ശരീരഭാഷ മെച്ചപ്പെടുത്തണമെങ്കിൽ ആദ്യം നിങ്ങളുടെ ശരീരഭാഷ എങ്ങിനെയാണെന്ന് മനസ്സിലാക്കണം. നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളും ശ്രദ്ധിക്കാൻ തുടങ്ങുക. ആളുകളുമായോ ചില വിഷയങ്ങളോ സംസാരിക്കുമ്പോഴുള്ള ഭാവ-ആംഗ്യ പ്രകടനങ്ങൾ ശ്രദ്ധിക്കുക. ചെയ്ത കാര്യങ്ങളും അതിെൻറ അർഥവും മനസ്സിലാക്കാൻ ശ്രമിക്കുക.
3-മറ്റുള്ളവരെ പഠിക്കുക: മറ്റുള്ളവരെ നോക്കുക. പ്രത്യേകിച്ച് നിങ്ങളുടെ ആരാധനപാത്രങ്ങളെ. അവരുടെ ഭാവ-ശരീര ചലനങ്ങൾ, അവർ എങ്ങനെ തങ്ങളെ നിലനിർത്തുന്നു എന്നിവ സൂക്ഷ്മമായി പഠിക്കുക.
4-അനുകരിക്കുക: നിങ്ങൾ ആരുടെയെങ്കിലും നേരെ ഇരിക്കുകയോ നിൽക്കുകയോ ചെയ്യുകയാണെങ്കിൽ അവരുടെ ശരീരസ്ഥാനങ്ങൾ പ്രതിഫലിപ്പിക്കുക. അവരുടെ സ്വരവുമായി പൊരുത്തപ്പെടുത്തുക. സംഭാഷണത്തിെൻറ അതേ വേഗം പാലിക്കുക. കുറച്ച് സമയത്തിനു ശേഷം രണ്ടുപേരും ചെയ്യുന്നത് സ്വാഭാവികമാകും. ആര് ആരെയാണ് പിന്തുടരുന്നതെന്നുപോലും അറിയില്ല.
5-കണ്ണുകളിലേക്ക് നോക്കുക: കണ്ണുകൾ ആത്മാവിലേക്കുള്ള ജാലകങ്ങളാണ്. നേർക്കുനേർ നടത്തുന്ന സംസാരം വളരെയധികം ആശയവിനിമയം ചെയ്യുന്നുണ്ട്. ആരുടെയും കണ്ണിൽ നോക്കാൻ ഭയപ്പെടരുത്. കണ്ണിൽ നോക്കിയുള്ള സംസാരത്തിലൂടെ നിങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ പറയാനാവുമെന്നു മാത്രമല്ല, മറ്റുള്ളവരിൽ നിന്ന് ഏറെ പഠിക്കാനും കഴിയും.
6- ശാന്തമായിരിക്കുക: ഇപ്പോൾ നിങ്ങൾ ചെയ്യുന്നതും ചെയ്യാത്തതുമായ എല്ലാ കാര്യങ്ങളെക്കുറിച്ചും വളരെ ബോധമുള്ളയാളാണ്, ദീർഘശ്വാസം എടുത്ത് വിശ്രമിക്കുക. നിങ്ങളുടെ ശരീരഭാഷ ക്രമീകരിക്കുന്നത് ആദ്യം ബുദ്ധിമുട്ടായി തോന്നിയേക്കാം. പെട്ടെന്ന് നിർബന്ധപൂർവം ചെയ്യരുത്. അറിവും ചെറുവിദ്യകളും നേടിയാൽ കാലക്രമേണ വാക്കുകളിലൂടെയും ശരീരത്തിലൂടെയും നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം ആശയവിനിമയം നടത്താനാവും.
7- കുനിയരുത്: നേരെ ഇരിക്കുന്നതും നിൽക്കുന്നതും അൽപം ബുദ്ധിമുട്ടായി തോന്നുമെങ്കിലും നിങ്ങൾ കുനിയുന്നില്ലെന്ന് ഉറപ്പാക്കുക. നടു നിവർത്തി നിൽക്കുക. ചെവിയിൽനിന്ന് തോളുകൾ താഴ്ത്തുക. കൈകാലുകൾ ഒന്നിനുമേൽ മറ്റൊന്ന് കയറ്റിവെക്കാതിരിക്കുക. നിങ്ങളുടെ നടുവിനു മാത്രമല്ല, സാമൂഹിക ജീവിതത്തിലും ഇത് പ്രയോജനം ചെയ്യും.
8-ചലനങ്ങളുടെ വേഗം കുറക്കുക: വേഗത്തിലുള്ള ചലനങ്ങൾ നിങ്ങളെ കൂടുതൽ ഉത്കണ്ഠാകുലനാക്കും. കൈ ആംഗ്യങ്ങൾ മുതൽ നടത്തം വരെയുള്ള എല്ലാറ്റിനും മാറ്റമുണ്ടാക്കാൻ കഴിയും വേഗം കുറക്കുന്നതിലൂടെ. ഏത് വേഗതയിലാണ് നിങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസം തോന്നുന്നത് എന്ന് ശ്രദ്ധിക്കുക.
9-താടി ഉയർത്തിവെക്കുക: നടക്കുമ്പോൾ നിലത്തേക്ക് നോക്കാറുണ്ടോ? നിങ്ങളുടെ തല എപ്പോഴും താഴ്ത്തിയിരിക്കുകയാണോ? പകരം, തല ഉയർത്തി കണ്ണുകൾ മുന്നോട്ടുനോക്കുക. ഇത് ആദ്യം അസ്വാഭാവികമായി തോന്നിയേക്കാം. എന്നാൽ, പിന്നീട് കൂടുതൽ ആത്മവിശ്വാസത്തോടെ ഈ പോസ് ഉപയോഗിക്കാനാവും.
10-പോക്കറ്റുകൾ ഒഴിവാക്കുക: കൈകൾ പോക്കറ്റിലിടുന്ന ശീലം നിങ്ങളെ കൂടുതൽ ഉത്കണ്ഠാകുലരും ആത്മവിശ്വാസം കുറഞ്ഞവരുമാക്കുന്നു. ആത്മവിശ്വാസത്തോടെയിരിക്കാൻ കൈകൾ പോക്കറ്റിലിടാതിരിക്കുക.
11 -കൈകൾ ശ്രദ്ധിക്കുക: ഇടക്കിടെ മുഖത്തോ കഴുത്തിലോ തൊടുന്നുണ്ടോയെന്ന് നോക്കുക. രണ്ടും ആശങ്കയോ പരിഭ്രാന്തിയോ ഭയമോ അനുഭവപ്പെടുന്നതിെൻറ സൂചനയാണ്. ആത്മവിശ്വാസമുള്ളവരിൽ ഈ സ്വഭാവം കാണില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.