കിടപ്പു രോഗികളെ പരിചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തൊക്കെ?. രോഗിയെ പ്രയാസപ്പെടുത്താതെ വേണം പരിചരണം
സ്വയം പരിചരണം അസാധ്യമായ കിടപ്പുരോഗികളെയും ദീർഘ കാല രോഗികളെയും വീട്ടിലെ സാഹചര്യങ്ങളും സൗകര്യങ്ങളും ഉപയോഗിച്ച് പരമാവധി ആശ്വാസം ലഭിക്കുന്ന രീതിയിൽ പരിചരിക്കാൻ കുടുംബാംഗങ്ങളെ സഹായിക്കുന്ന ചില പരിചരണ രീതികളാണ് താഴെ പറയുന്നത്
എല്ലാ പരിചരണങ്ങളും ചെയ്യുമ്പോഴും എന്താണ് ചെയ്യാൻ പോകുന്നത് എന്ന് രോഗിയോട് പറഞ്ഞ് മനസ്സിലാക്കേണ്ടതാണ്.
വായയുടെ പരിചരണം
ശരീരത്തിന്റെ പ്രധാന പ്രവേശന കവാടങ്ങളിൽ ഒന്നാണ് വായ. അന്നനാളം, ശ്വാസനാളം, മൂക്ക്, ചെവി ഉമിനീർന്ഥികൾ എന്നിവയിലേക്ക് വായയിൽനിന്ന് പ്രവേശന ദ്വാരങ്ങളുണ്ട് . ആയതിനാൽ വായയുടെ പരിചരണം വളരെ അത്യാവശ്യവും പ്രധാനവുമാണ്.
രാവിലെയും രാത്രിയും വായ വൃത്തിയാക്കുക. സാധാരണപോലെ ബോധമുള്ള രോഗിയാണെങ്കിൽ ബ്രഷും പേസ്റ്റും ഉപയോഗിച്ച് പല്ല് മോണ നാവ് കവിൾ എല്ലാം വൃത്തിയാക്കി കുലുക്കി തുപ്പിയാൽ മതിയാവും. അതിനുവേണ്ടി ഒരു ബേസിൻ ഉപയോഗിക്കാവുന്നതാണ്. രോഗിയുടെ കഴുത്തിൽ ഒരു ടവ്വൽ വിരിച്ച് വെച്ചാൽ മറ്റു ഭാഗങ്ങളിൽ ആവുന്നത് തടയാം.
വായ തുറക്കാൻ പറ്റാത്ത ആളാണെങ്കിൽ ഒരു ബ്രഷിൽ തുണി ചുറ്റി വായ തുറന്ന് കിടക്കാൻ പാകത്തിന് അണപ്പല്ലിന്റെ ഇടയിൽ വയ്ക്കുക. അതിനുശേഷം മറ്റൊരു ബ്രഷിന്റെ നാരുള്ള ഭാഗത്തുനിന്ന് തുടങ്ങി താഴെ വരെ തുണി ചുറ്റിപ്പിടിച്ച് പല്ല് മോണ കവിൾ നാവ് എല്ലാം വൃത്തിയാക്കണം.
അഴുക്കാവുന്നതിനനുസരിച്ച് തുണി മാറ്റി ഉപയോഗിക്കണം. വായ വരൾച്ച ഉണ്ടെങ്കിൽ ഉപ്പുവെള്ളത്തിൽ ഒരു തുള്ളി നാരങ്ങാനീര് ചേർത്താൽ ഉമിനിയർ ഗ്രന്ഥിയെ ഉത്തേജിപ്പിക്കാൻ സാധിക്കും. മോണയിൽനിന്ന് രക്തം വരുന്നുണ്ടെങ്കിൽ ഐസ് വെള്ളത്തിൽ മുക്കിയ തുണി ഉപയോഗിച്ച് അവിടെ അമർത്തിപ്പിടിക്കുക.
കുളിപ്പിക്കുന്ന വിധം
കുളിമുറിയിൽ എത്തിക്കാനും ഇരുത്താനും കഴിയുന്ന ആളാണെങ്കിൽ സാധാരണ പോലെ രോഗിക്ക് ബുദ്ധിമുട്ടില്ലാതെ കുളിപ്പിക്കാവുന്നതാണ്. മറിച്ചാണെങ്കിൽ അത്തരം ആളുകളെ ദിവസവും നനച്ചു തുടപ്പിക്കുക. ഒരു റബർ /പ്ലാസ്റ്റിക് ഷീറ്റിൽ രോഗിയെ കിടത്തിയശേഷം ഇളം ചൂടുവെള്ളത്തിൽ തുണി മുക്കി ശരീരഭാഗങ്ങൾ മുഖം തുടങ്ങി മുഴുവൻ ഭാഗവും തുടക്കുക.
പിന്നീട് സോപ് പതപ്പിച്ചു എല്ലാഭാഗത്തും തേക്കുക. ശേഷം ശുദ്ധ ജലം കൊണ്ടു ഒന്ന് രണ്ടു തവണകൂടി പൂർണമായും തുടച്ചശേഷം ഉണങ്ങിയ തുണി കൊണ്ടു ശരീരം ഒപ്പിയെടുക്കാം. വെള്ളം എത്താൻ സാധ്യത ഇല്ലാത്ത ഭാഗങ്ങൾ മടക്കുകൾ, ചെവി, കണ്ണ്, മൂക്, വിരലുകൾ, ഗുഹ്യ ഭാഗം, പൊക്കിൾ, തുടയിടുക്കുകൾ പ്രത്യേകം വൃത്തിയാക്കണം.
അതിനു ശേഷം വാസലിൻ, ലിക്യുഡ്പരാഫിൻ പോലുള്ള മൊയ്സ്ച്ചുറൈസേർ പുരട്ടി ശരീരം മൊത്തം വട്ടത്തിൽ മൃദു വായി മസാജ് ചെയ്യുക. ചെറിയ തുണി മടക്കിയെടുത്ത് മടക്കുകളിൽ വെച്ച് കൊടുത്താൽ തൊലി തമ്മിലുരഞ്ഞു പൊട്ടുന്നതും അഴുകുന്നതും തടയാം.
തലമുടി കഴുകുന്നതിനായി കട്ടിലിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് രോഗിയെ കട്ടിലിന് അറ്റത്തേക്ക് തല വരുന്ന രീതിയിൽ കിടത്തുക റബ്ബർ ഷീറ്റിന്റെ ഒരു ഭാഗം കട്ടിലിന് താഴെ ഒരു ബക്കറ്റ് വെച്ച് അതിലേക്ക് ഇറക്കി വെക്കുക. രോഗിക്ക് കഴുത്ത് വേദന ഇല്ലാതിരിക്കാൻ ഒരു തുണി മടക്കി കഴുത്തിനടിയിൽ വെച്ചു കൊടുക്കുക.
റബ്ബർ ഷീറ്റിന്റെ ഇരുവശവും പൊക്കി വെച്ചാൽ മറ്റു ഭാഗങ്ങളിലേക്ക് വെള്ളം ആവുന്നത് തടയാം. ചെവികൾ കോട്ടൺ വച്ച് അടക്കുക. കണ്ണുകൾ ഒരു ടവ്വൽ ഉപയോഗിച്ച് മൂടുക തലയും മുടിയും നനച്ച ശേഷം ഷാംപൂ/താളി ഉപയോഗിച്ച് നന്നായി കഴുകുക. ടവ്വൽ ഉപയോഗിച്ച് തുടച്ച് ഉണങ്ങാൻ അനുവദിക്കുക.
കണ്ണിന്റെ പരിചരണം
പഞ്ഞിയോ കോട്ടൺ തുണിയോ തണുത്ത വെള്ളത്തിൽ മുക്കി കൺപോളകൾ, മൂക്കിന്റെ ഭാഗത്തുനിന്ന് ചെവിയുടെ ഭാഗത്തേക്ക് തുടക്കുക. ഒരു പ്രാവശ്യം ഉപയോഗിച്ച തുണി പിന്നീട് ഉപയോഗിക്കരുത്. സ്വയം മുഖം കഴുകാൻ പറ്റുന്ന രോഗിയാണെങ്കിൽ ദിവസവും പലതവണ തണുത്ത വെള്ളത്തിൽ കഴുകണം.
മൂക്കിന്റെ പരിചരണം
തുണി തിരി പോലെ ആക്കിയോ, വിരലിൽ തുണി ചുറ്റിയോ മൂക്ക് വൃത്തിയാക്കണം. ഭക്ഷണത്തിനായി മൂക്കിലൂടെ ട്യൂബ് ഇട്ട രോഗിയാണെങ്കിൽ പ്രത്യേക പരിചരണം ആവശ്യമുണ്ട്.
ചെവിയുടെ പരിചരണം
ചെവിയുടെ പുറംഭാഗവും പിന്നീട് മടക്കുകളും ഉൾഭാഗവും വെള്ളത്തിൽ മുക്കി പിഴിഞ്ഞ തുണി വിരലുകളിൽ ചുറ്റി തുടച്ചു വൃത്തിയാക്കുക. ആവശ്യമെങ്കിൽ ബഡ്സ് ഉപയോഗിച്ച് വൃത്തിയാക്കാം. ചെവിയുടെ ദ്വാരത്തിനുള്ളിലേക്ക് ഒരു കാരണവശാലും ഈർക്കിൾ, പിൻ പോലുള്ള വസ്തുക്കൾ കടത്തരുത്.
ശയ്യാവൃണം വരാതിരിക്കാൻ വേണ്ട മുൻകരുതലുകൾ
● ദിവസവും കുളിപ്പിക്കുകയോ നനച്ചു തുടക്കുകയോ ചെയ്യുക
● നനവുകൾ ഒപ്പിയെടുത്ത് പാരഫിൻ/വാസലിൻ പുരട്ടി വട്ടത്തിൽ മസാജ് ചെയ്യുക
● അയഞ്ഞ വസ്ത്രങ്ങൾ ധരിപ്പിക്കുക
● ബെഡ്ഷീറ്റ് ചുളിവുകൾ ഇല്ലാതെ വിരിക്കുക
● ബെഡ്ഷീറ്റ് മാറ്റുന്ന സമയത്ത് വലിച്ചെടുക്കാതെ രോഗിയെ ചരിച്ചു കിടത്തിയ ശേഷം പഴയ ബെഡ്ഷീറ്റ് രോഗിയുടെ അടുത്തേക്ക് ചുരുട്ടി വെച്ച് പകരം പുതിയ ബെഡ്ഷീറ്റ് പകുതി വിരിച്ചു വയ്ക്കുക, ശേഷം എതിർവശത്തേക്ക് ചരിച്ചു കിടത്തി പഴയ ഷീറ്റ് എടുത്തുമാറ്റി ബാക്കിയുള്ള പുതിയ ഷീറ്റ് ചുളിവുകൾ ഇല്ലാതെ വിരിക്കുക
● ബെഡ്ഷീറ്റ് ബെഡിന് നാലുവശവും ഉള്ളിലേക്ക് മടക്കി വെക്കുക (രോഗിയെ ഇടതുവശത്തേക്ക് ചരിക്കുമ്പോൾ വലതുകാൽ മടക്കി വെച്ചതിനുശേഷം ചരിക്കുക. അപ്പോൾ എളുപ്പത്തിൽ ചരിക്കാൻ സാധിക്കും)
● എയർ ബെഡ് / വാട്ടർ ബെഡ് ഇടുക
● കട്ടിൽ ചുമലിനോട് ചേർത്ത് ഇടാതിരിക്കുക
● ബെഡിൽ ഭക്ഷണ അവശിഷ്ടങ്ങൾ മറ്റു സാധനങ്ങൾ ഒന്നും ആവാതെ സൂക്ഷിക്കുക
● മലമൂത്ര-വിസർജനം, വിയർപ്പ്, വെള്ളം തുടങ്ങിയ നനവുകളുണ്ടെങ്കിൽ ഉടനെ ബെഡ്ഷീറ്റ് മാറ്റണം
● ഓരോ രണ്ടു മണിക്കൂർ കൂടുമ്പോൾ തിരിച്ചും മറിച്ചും കിടത്തേണ്ടതാണ്. ആ സമയത്ത് മസാജ് ചെയ്തു കൊടുക്കണം.
മൂത്രത്തിനു ട്യൂബിട്ട രോഗികളും പരിചാരകരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
● രോഗിയുടെ അവസ്ഥ അനുസരിച്ചു കുളിപ്പിക്കുകയോ തുടക്കുകയോ ചെയ്യുക
● ട്യൂബിട്ട ഭാഗത്തെ രോമങ്ങൾ കത്രിക ഉപയോഗിച്ച് മുറിച്ചു മറ്റേണ്ടതാണ്
● പൊക്കിളിനു താഴോട്ട് ട്യൂബിട്ടഭാഗവും, തുടയിടുക്കുകളും സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി രാവിലെയും വൈകിട്ടും കഴുകുക. പുരുഷൻ മാർ ആണെങ്കിൽ അഗ്രചർമ്മം നീക്കിയശേഷം വൃത്തിയായി കഴുകി തൊലി യഥാസ്ഥാനത്താക്കുക.
● ട്യൂബിന്റെ മഞ്ഞ നിറത്തിലുള്ള ഭാഗം പ്രേത്യേകം കഴുകാൻ ശ്രെദ്ധിക്കേണ്ടതാണ്.
● മലവിസർജനം നടത്തുമ്പോൾ മലം ട്യൂബിലോ ട്യൂബിട്ട ഭാഗത്തോ ആകാതെ ശ്രെദ്ധിക്കുക.
● യൂറിൻ ബാഗ് ട്യൂബിൽനിന്ന് ഊരാൻ പാടില്ല. അങ്ങിനെ സംഭവിച്ചാൽ യോജിപ്പിക്കുന്ന ഭാഗം തിളപ്പിച്ചാറിയ വെള്ളത്തിൽ കഴുകിയതിനു ശേഷം യോജിപ്പിക്കുക.
● ട്യൂബ് വലിഞ്ഞു പോകാതിരിക്കാൻ മുട്ടിനു മുകളിൽ കട്ടിലിനു വശങ്ങളിലായി ബാഗ് കെട്ടേണ്ടതാണ്. അല്ലെങ്കിൽ ട്യൂബ് വലിഞ്ഞു രക്തം വരാൻ സാധ്യത ഉണ്ട്.
● രണ്ടു മണിക്കൂർ കൂടുമ്പോഴെങ്കിലും ബാഗിൽ വരുന്ന മൂത്രം ഒഴിവാക്കണം.
● മൂത്രത്തിന്റെ ബാഗ് അരക്കു താഴെ വരുന്ന രീതിയിൽ ആണ് കെട്ടേണ്ടത്.
● ട്യൂബിട്ടവർ നന്നായി വെള്ളം കുടിക്കണം (ഡോക്ടർ മറിച്ച് നിർദ്ദേശിച്ചിട്ടില്ലെങ്കിൽ).
● ദിവസവും മല വിസർജനമുണ്ടെന്ന് ഉറപ്പു വരുത്തണം.
● ട്യൂബ് മാസത്തിൽ ഒരിക്കൽ മാറ്റുക.
● ട്യൂബ് ലീക്കാകുകയോ, ബ്ലോക്കാകുകയോ, പഴുപ്പ് കാണുകയോ ചെയ്താൽ വിവരം നഴ്സിനെയോ, ആരോഗ്യ പ്രവർത്തകരെയോ അറിയിക്കണം.
മൂക്കിലിട്ട ട്യൂബിലൂടെ ഭക്ഷണം കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
● മൂക്കും വായും സാധാരണ പോലെ വൃത്തി യാക്കേണ്ടതാണ്.
● രോഗിയുടെ തലഭാഗം ഉയർത്തി വെച്ച ശേഷം മാത്രം ഭക്ഷണം നൽകുക.
● ട്യൂബിലൂടെ കൊടുക്കുന്ന ആഹാര സാധനങ്ങൾ നന്നായി ജ്യൂസ് ആക്കി അരിച്ചതിനു ശേഷം മാത്രം കൊടുക്കുക.
● ഓരോ ഗ്ലാസ് (200എം.എൽ) ആഹാരവും തിളപ്പിച്ചാറിയ വെള്ളവും രോഗിയുടെ അടുത്തുതന്നെ എടുത്തു വക്കുക.
● ട്യൂബ് മടക്കിപിടിച്ചു അടപ്പ് തുറന്നു സിറിഞ്ചിലൂടെ ദ്രവരൂപത്തിലുള്ള ആഹാരം ഒഴിച്ചു കൊടുക്കാം.
● ഭക്ഷണം കൊടുക്കുന്നതിനു മുമ്പും ശേഷവും തിളപ്പിച്ചാറിയ വെള്ളം കൊടുക്കണം. ഇത് ട്യൂബ് വൃത്തിയാവാനും തടസ്സം നീങ്ങാനും സഹായിക്കും.
● ഭക്ഷണം കൊടുത്തശേഷം ട്യൂബ് അടപ്പിട്ട് വെക്കാൻ ശ്രദ്ധിക്കണം.
● അബോധവസ്ഥയിലല്ലാത്ത രോഗിയാണെങ്കിൽ കൊടുക്കുന്ന ആഹാരം രോഗിയുടെ വായിൽ തൊട്ടു വച്ചു കൊടുക്കാം. ഇത് രുചി അറിയാൻ സഹായിക്കും.
● ട്യൂബ് ആദ്യത്തേതിലും പുറത്തേക് വന്നിട്ടുണ്ടെങ്കിലോ, ചുമ ഉണ്ടെങ്കിലോ ഭക്ഷണം കൊടുക്കാൻ പാടില്ല. നഴ്സിന്റെ സഹായം തേടേണ്ടതാണ്.
● ട്യൂബ് പിടിച്ചു വലിക്കാതിരിക്കാൻ ചെവിയുടെ വശത്ത് ഒട്ടിച്ചു വെക്കാവുന്നതാണ്.
● ട്യൂബ് ഒട്ടിച്ചുവെച്ച പ്ലാസ്റ്റർ ഇളകിയിട്ടുണ്ടെങ്കിലോ അഴുക്കായിട്ടുണ്ടെങ്കിലോ മാറ്റി ഒട്ടിക്കോനും ശ്രദ്ധിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.