കേരളത്തിലാദ്യമായി ബി.എസ്.സി ന്യൂക്ലിയര്‍ മെഡിസിന്‍ കോഴ്സിന് അനുമതി നൽകിയെന്ന് വീണ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ബി.എസ്.സി ന്യൂക്ലിയര്‍ മെഡിസിന്‍ ടെക്‌നോളജി കോഴ്‌സ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആരംഭിക്കുന്നതിന് അനുമതി നല്‍കിയെന്ന് മന്ത്രി വീണ ജോര്‍ജ്. ആറ് സീറ്റുകളുള്ള കോഴ്‌സിനാണ് അനുമതി നല്‍കിയത്. ഇന്ത്യയില്‍ തന്നെ വളരെ കുറച്ച് മെഡിക്കല്‍ കോളജുകളില്‍ മാത്രമാണ് ഈ കോഴ്‌സുള്ളത്.

പുതിയ കോഴ്‌സ് ആരംഭിക്കുന്നതോടെ നൂതനമായ ന്യൂക്ലിയര്‍ മെഡിസിന്‍ ടെക്‌നോളജിയില്‍ കൂടുതല്‍ വിദഗ്ധരെ സൃഷ്ടിക്കാന്‍ സാധിക്കും. നടപടിക്രമങ്ങള്‍ പാലിച്ച് അടുത്ത അധ്യയന വര്‍ഷം തന്നെ കോഴ്‌സ് ആരംഭിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി. റേഡിയോ ആക്ടീവ് മൂലകങ്ങളും അവയുടെ വികിരണങ്ങളും ഉപയോഗിച്ച് രോഗനിര്‍ണയവും ചികിത്സയും നടത്തുന്ന അത്യാധുനിക ശാസ്ത്ര ശാഖയാണ് ന്യൂക്ലിയര്‍ മെഡിസിന്‍. റേഡിയോ ഐസോടോപ്പ് ഉപയോഗിച്ചുള്ള സ്‌കാനിംഗും ചികിത്സയും നടത്തുന്നു.

സ്‌പെക്റ്റ് സിടി, പെറ്റ് സിടി എന്നിവ ഉപയോഗിച്ചാണ് സ്‌കാനിംഗും രോഗനിര്‍ണയവും നടത്തുന്നത്. ഇതിലൂടെ രോഗങ്ങളെ കണ്ടെത്താനും രോഗത്തിന്റെ സ്ഥാനവും വ്യാപനവും നിര്‍ണയിക്കാനും സഹായിക്കുന്നു. ഹൈപ്പര്‍ തൈറോയ്ഡിസം, തൈറോയിഡ് കാന്‍സര്‍, ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍, മറ്റ് കാന്‍സറുകള്‍ എന്നിവയുടെ ചികിത്സയ്ക്ക് ന്യൂക്ലിയര്‍ മെഡിസിന്‍ ഉപയോഗിക്കുന്നു.

സംസ്ഥാനത്ത് തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗം പ്രവര്‍ത്തിച്ചു വരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സ്‌പെക്റ്റ് സ്‌കാന്‍, പെറ്റ് സ്‌കാന്‍ എന്നിവ സജ്ജമാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സ്‌പെക്റ്റ് സ്‌കാന്‍ ഉടന്‍ പ്രവര്‍ത്തനസജ്ജമാകും. പെറ്റ് സ്‌കാന്‍ സ്ഥാപിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്.

Tags:    
News Summary - Veena George said B.Sc. nuclear medicine was given permission to Kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.