ബ്രിട്ടീഷ് വിരുദ്ധ സമരായുധം വരെയായ ചപ്പാത്തി കേരളത്തിലെത്തിയിട്ട് 100 വർഷം

നാവു വിളമ്പുന്ന കഥകളോളം രുചി വരില്ല, മറ്റൊന്നിനും. കടൽ കടന്നും നാടുകൾ താണ്ടിയും മനുഷ്യർ പങ്കുവെച്ച രുചിഭേദങ്ങളോളം മധുരതരമാകില്ല മറ്റു പലതും. ശീലിച്ചുപോന്നവക്കൊപ്പം ഓരോ നാളിലും പുതുതായി കണ്ടുമുട്ടുന്ന വിഭവങ്ങൾകൂടി ചേർന്നാണ് ഓരോ വീടകങ്ങളിലും തീൻമേശ ഒരുങ്ങുന്നത്.

സാധാരണക്കാരന്‍റെ അടുക്കള മുതൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ വരെ പരീക്ഷണങ്ങളുടെ കലവറകളാകുന്ന പുതുകാലത്തും ചോറിനോളം മലയാളി ഇഷ്ടം കൂടുന്ന ചപ്പാത്തിക്കുമുണ്ട് ഇങ്ങനെയൊരു അത്ഭുത കഥപറയാൻ.

അതുപക്ഷേ സാദാ അടുക്കളക്കാര്യമല്ല. കേരളക്കരയിൽ വലിയ സാമൂഹിക വിപ്ലവം തീർത്ത ഒരു സത്യഗ്രഹപ്പന്തലിലെത്തിയവരിൽ തീയും കനലും പകർന്നതിന്‍റെയാണ്.

കേരളത്തിൽ ആദ്യം വിളമ്പിയ ചപ്പാത്തി

ഒരു നൂറ്റാണ്ടുമുമ്പ് അയിത്തത്തിനെതിരെ നാടൊന്നാകെ സംഘടിച്ച വൈക്കം സത്യഗ്രഹ പന്തലിനരി​കെ ഉയർന്ന ​സൗജന്യ ഭോജനശാലയിലായിരുന്നു ആദ്യമായി കേരളത്തിൽ ചപ്പാത്തി വിളമ്പിയത്. അതും ഇന്ത്യയുടെ വടക്കേ അറ്റത്ത് പഞ്ചാബിൽനിന്നുവന്ന അകാലികൾ. സ്വർണവർണവുമായി വിളഞ്ഞുനിന്ന ഗോതമ്പുപാടങ്ങൾ നൽകിയ സമൃദ്ധിയുടെ നിറവിലിരുന്ന പഞ്ചാബികൾ, ഇങ്ങിക്കരെ മലയാളക്കരയിൽ അന്നം വിളമ്പാൻ എത്തിയതായിരുന്നു അന്ന്.

1924 മേയ് മാസത്തിലായിരുന്നു അവരുടെ വരവ്. രണ്ടുമാസം മുമ്പ് തുടങ്ങിയ സത്യഗ്രഹം രാജ്യമെങ്ങും അലയൊലികൾ ഉയർത്തിയ സമയം. സമരമുഖത്തുള്ളവർക്കും അല്ലാത്തവർക്കും ഒരുപോലെ ഭക്ഷണം നൽകാനായി പഞ്ചാബി​ലെ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിക്കു കീഴിൽ 15 അംഗ സംഘം കേരളത്തിലേക്ക് പുറപ്പെടുന്നു.

വെച്ചുവിളമ്പാൻ ആവശ്യമായ ഗോതമ്പുപൊടി കയറ്റിയ മൂന്നു കപ്പലുകളും. ലാലാ ലാൽസിങ്, കൃപാൽ സിങ് എന്നിവർക്കായിരുന്നു നേതൃത്വം. തന്നെ കാണാനെത്തുന്ന ഒരാളും വിശന്നിരിക്കരുതെന്ന സിഖ് ഗുരുവിന്‍റെ നൂറ്റാണ്ടുകളായുള്ള ചിട്ടയുടെ തുടർച്ചയുമായി എത്തിയ ഇവർ എല്ലാ ദിവസവും ഭക്ഷണം വെച്ചുവിളമ്പി.

ചപ്പാത്തി അടങ്ങുന്നതായിരുന്നു ഭക്ഷണം. അതിരാവിലെ തുടങ്ങി രാത്രി എട്ടുവരെ ഭോജനശാലയിലെത്തിയ എല്ലാവരും മൃഷ്ടാന്നം കഴിച്ചു. അതിവേഗമാണ് മലയാളി ഈ കൂട്ടത്തെയും അവർ വിളമ്പിയ വിഭവത്തെയും ഹൃദയത്തോടു ചേർത്തത്.


ഗാന്ധിജി എതിർത്തു, സൗജന്യ ഭോജനശാലക്ക് താഴു വീണു

പഞ്ചാബിൽ മന്ത്രിയായിരുന്ന സർദാർ കെ.എം. പണിക്കർ വഴിയായിരുന്നു മലയാളക്കരയിലെ സമരവും സാമൂഹിക സാഹചര്യവും പഞ്ചാബികൾ അറിയുന്നത്. അകാലികളുടെ ഈ സൗജന്യ ഭോജനശാല പക്ഷേ, ഇവിടെയെത്തിയ ഗാന്ധിജിക്ക് തീരെ പിടിച്ചില്ല.

മലയാളി സ്വന്തമായി കഴിക്കാൻ ശേഷിയുള്ളവനാണെന്നും അവർ വിദേശിയുടെ ഭക്ഷണം കഴിക്കുന്നത് ഭിക്ഷയും യാചനയുമാണെന്നും അദ്ദേഹം പറഞ്ഞു.

അതിനകം എണ്ണമറ്റ ആളുകളെ അന്നമൂട്ടിയ അകാലി സംഘം പക്ഷേ, മടങ്ങാൻ കൂട്ടാക്കുമായിരുന്നില്ല. തങ്ങളെ അയച്ച ഗുരുദ്വാര സമിതി ആവശ്യ​പ്പെടാതെ മടങ്ങില്ലെന്നായി അവർ. സർദാർ കെ.എം. പണിക്കർതന്നെ ഇടപെട്ട് ഗുരുദ്വാര സമിതിയെക്കൊണ്ട് ഒടുവിൽ സൗജന്യ ഭോജനത്തിന് താഴിടുവിച്ചു.

മലയാളിയുടെ പ്രിയ ചപ്പാത്തി

മലയാളിയുടെ രുചിക്കൂട്ടുകളിൽ അതിനകം ഇരിപ്പുറപ്പിച്ച ചപ്പാത്തി പക്ഷേ, അവർക്കൊപ്പം തിരിച്ചുപോയില്ല. അരി മുഖ്യാഹാരമായ മലയാളിയുടെ അടുക്കളയിൽ അത് സ്ഥിരതാമസമാക്കി. രാവിലെയും രാത്രിയുമൊക്കെ അവർക്കിപ്പോൾ പാകത്തിൽ വെന്ത ചപ്പാത്തി തന്നെ വേണം. പ്രമേഹരോഗികളടക്കം ഭക്ഷണ നിയന്ത്രണമുള്ളവർക്കാകുമ്പോൾ അതില്ലാതെ ഒന്നും നടക്കില്ല.

കേരളത്തിന് 100 വർഷത്തെ ബന്ധമേ ഉള്ളൂവെങ്കിലും ചപ്പാത്തി ലോകത്തുടനീളം മനുഷ്യരുടെ രുചിമുകുളങ്ങൾ കീഴടക്കിയിട്ട് നൂറ്റാണ്ട് പലതായി. ഇന്ത്യയിൽ മാത്രമല്ല, കിഴക്കൻ ആഫ്രിക്ക, കരീബിയൻ ദ്വീപുകൾ എന്നിങ്ങനെ എല്ലായിടത്തുമുണ്ട് പലപേരുകളിൽ ഗോതമ്പിലൊരുങ്ങുന്ന ഈ ശരാശരിക്കാരന്‍റെ ഭക്ഷണം.

ചപ്പാത്തിയുടെ പിറവി ഇന്ത്യയിൽ?

ചപ്പാത്തി ഏറ്റവുമാദ്യം നാവിൽ രുചിയുടെ കപ്പലോട്ടി തുടങ്ങിയത് എവിടെയാണെന്നതിൽ പോലുമുണ്ട് അഭിപ്രായ ഭേദങ്ങൾ. ഇന്ത്യയിലാണെന്നു തന്നെയാണ് പൊതുവെ ചരിത്രകാരന്മാർക്കിടയിൽ സുസമ്മതമായത്. സഹസ്രങ്ങൾ മുമ്പ് സിന്ധു നദീതട സംസ്കാരം വരെയെങ്കിലും പഴക്കമുള്ളതാണ് ഇന്ത്യയുമായതിന്‍റെ പൊക്കിൾക്കൊടി ബന്ധം.

അതങ്ങനെ പടർന്നുകയറി ലോകത്തോളം വളർന്നു. ചിലയിടത്ത് ചപ്പാത്തിയെന്ന പേര് നിലനിർത്തിയപ്പോൾ മറ്റിടങ്ങളിൽ അത് റൊട്ടിയായി. എണ്ണ കൂട്ടിയും അല്ലാതെയും പാകം ചെയ്യാമെന്നായി. പലയിടത്തും കടുകെണ്ണയിൽ വെന്ത ചപ്പാത്തി മലയാളക്കരയിൽ വെളിച്ചെണ്ണയിലും നെയ്യിലും ചൂടു പറത്തി.

അതുവികസിച്ച്, പൊറോട്ടപോലുള്ള മറ്റു വിഭവങ്ങളുടെ പിറവിയിലേക്കും വഴി തുറന്നു. ചപ്പാത്തിക്കൊപ്പം ദാലും സബ്ജിയും കൂട്ടി ഉത്തരേന്ത്യക്കാരൻ വിശപ്പുമാറ്റുമ്പോൾ ഏതുതരം കറിക്കൊപ്പവും അത് നാവിന് വഴങ്ങുമെന്ന് മലയാളിയും പറയുന്നു.

ഭരണകൂടത്തിനെതിരെ ചപ്പാത്തി സമരം

പഴയ ബ്രിട്ടീഷ് വാഴ്ചക്കാല​ത്തൊരു കഥയുണ്ട്. ​ചപ്പാത്തി ഒന്നിച്ച് നിർമിച്ച് ഗ്രാമങ്ങളിൽനിന്ന് ഗ്രാമങ്ങളിലേക്ക് വ്യാപകമായി കൈമാറുന്ന രീതി ബ്രിട്ടീഷ് ഉദ്യോഗസ്ഥർ മനസ്സിലാക്കി. ഭരണകൂടത്തിനെതിരെ ഇന്ത്യക്കാരുടെ ഏതോ സമരമുറയാണെന്നായിരുന്നു അവർക്ക് ആധി.

മറുവശത്ത്, ഇത് തങ്ങളെ കീഴടക്കാൻ ബ്രിട്ടീഷുകാർ ഉപയോഗിക്കുന്ന തന്ത്രമാണെന്ന് ഇന്ത്യക്കാർക്കിടയിലും പ്രചാരണം വന്നു. യഥാർഥത്തിൽ, കോളറ പടർന്നകാലത്ത് ഭക്ഷ്യക്ഷാമം മൂർധന്യത്തിലെത്തിയപ്പോൾ പാവങ്ങളെ ഊട്ടാൻ ചിലർ കണ്ടെത്തിയ മാർഗം മാത്രമായിരുന്നു അത്. അതുപോലും കലാപമായി കണ്ട ബ്രിട്ടീഷുകാർക്ക് കൂടുതൽ തലവേദന സൃഷ്ടിക്കും മുമ്പ് സംഭവം കെട്ടടങ്ങിയത് മിച്ചം.

ഇതുപക്ഷേ, വിശപ്പു മാറ്റാൻ മാത്രമായിരുന്നെങ്കിൽ 1857ൽ മഥുരയിൽ തുടക്കമിട്ട ഒരു ചപ്പാത്തി പ്രസ്ഥാനവും ചരിത്രത്തിലുണ്ട്. രാത്രികളിൽ ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ ശരിക്കും കുഴക്കി 300 കിലോമീറ്റർ വരെ ചപ്പാത്തികൾ സഞ്ചരിച്ചുകൊണ്ടിരുന്നത് അന്വേഷിക്കാൻ മാർക് തോൺഹില്ലിന്‍റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെ വരെ വെച്ച സംഭവമുണ്ട്.

വീടുകളിൽ മാത്രമല്ല, പൊലീസ് എയ്ഡ് പോസ്റ്റുകളിലും ഈ ചപ്പാത്തി വിതരണം ചെയ്യപ്പെട്ടു. ജനങ്ങളെ കലാപത്തിനിറക്കാനുള്ള നീക്കമാണിതെന്ന് അന്നത്തെ ഫതഹ്പൂർ കലക്ടർ ജെ.ഡബ്ല്യു. ഷെറർ റിപ്പോർട്ട് നൽകി. ഒന്നാം സ്വാത​ന്ത്ര്യ സമരത്തിൽ വരെ ചപ്പാത്തി പ്രസ്ഥാനം പങ്കുവഹിച്ചതായി രേഖകളിലുണ്ട്. ഇങ്ങനെ, പലതുണ്ട് ചപ്പാത്തി കഥകൾ. ഒരു കപ്പ് ഗോതമ്പ് ​പൊടിയിൽ അരക്കപ്പ് വെള്ളം ചേർത്തുണ്ടാക്കുന്ന ചപ്പാത്തിക്ക് രസവും രുചിയും കൂട്ടുന്ന റെസിപികൾ പലത് ഓരോ അടുക്കളയിലും സുപരിചിതം.

ടി.കെ. മാധവൻ സമരനായകനായി, മഹാത്മാ ഗാന്ധിയുടെ അനുഗ്രഹാശിസ്സുകളോടെ 603 ദിവസം നീണ്ടുനിന്ന വൈക്കം സത്യഗ്രഹത്തിന്‍റെ ശതാബ്ദിയാഘോഷിക്കുന്ന മലയാളിയുടെ ഓർമകൾക്ക് രുചിയും നിറവും നൽകാൻ ചപ്പാത്തി കൂടിയുണ്ടെന്നതിൽ കേമമായി മറ്റെന്തുണ്ട്?

ചപ്പാത്തിക്ക് പലതുണ്ട് ഗുണം

ശരീരം ക്ഷീണം കാണിച്ചു തുടങ്ങുമ്പോൾ ഡോക്ടർമാർ ആദ്യം നിർദേശിക്കുന്ന ഒന്നാണ് ചപ്പാത്തി. നാരുകളും പ്രോട്ടീനും കൊഴുപ്പും നന്നായി അടങ്ങിയ ഇവ കൂടുതൽനേരം വിശപ്പ് വരാതെ സൂക്ഷിക്കും. കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, സോഡിയം എന്നിങ്ങനെ ശരീരത്തിനാവശ്യമായ ഘടകങ്ങൾ നൽകുന്നതിനൊപ്പം അരിയാഹാരംപോലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കാതെ നിലനിർത്തുകയും ചെയ്യും. ഒരു ചെറിയ ചപ്പാത്തിയിൽ 70 കലോറിയുണ്ടെന്നാണ് കണക്ക്. മൂന്ന് ഗ്രാം പ്രോട്ടീൻ, 0.4 ഗ്രാം കൊഴുപ്പ്, 15 ഗ്രാം ഊർജദായകമായ കാർബോഹൈ​​േഡ്രറ്റ് എന്നിവയുമുണ്ടാകും.

സിങ്ക് പോലുള്ള ധാതുക്കൾ കൂടി ചേരുന്നതിനാൽ ചർമത്തിനും നല്ലതാണെന്ന് വിദഗ്ധർ പറയുന്നു. ദഹനത്തിന് അരിയേക്കാൾ ഇതിനു വേഗം വരുമെന്നത് മറ്റൊന്ന്. ഇങ്ങനെ ഗുണങ്ങൾ പലതാകു​ന്നതിന്‍റെ മെച്ചം ചപ്പാത്തിക്കുണ്ട്.




Tags:    
News Summary - Chapathi in Kerala is 100 years old

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.