കൂട്ടുപഴം പച്ചടി
ചേരുവകൾ
1. പൈനാപ്പ്ൾ -ഒന്ന് ചെറുത്
2. ഏത്തപ്പഴം -ഒന്ന്
3. പഴുത്ത മാങ്ങ -ഒന്ന്
4 മുന്തിരി -അരക്കപ്പ്
5. മഞ്ഞൾപൊടി -അര ടീസ്പൂൺ
6. മുളകുപൊടി -ഒന്നര ടീസ്പൂൺ
7. ശർക്കര -രുചിക്ക് അനുസരിച്ച്
8. വറ്റൽമുളക് -രണ്ട്
9. തേങ്ങ ചിരകിയത് -ഒരു മുറി
10. ജീരകം -കാൽ ടീസ്പൂൺ
11. കടുക് -ഒരു ടീസ്പൂൺ
12. വെളിച്ചെണ്ണ -ഒരു ടേബ്ൾ സ്പൂൺ
13. കശുവണ്ടി പരിപ്പ് -കാൽ കപ്പ്
14. കടുക് -മുക്കാൽ ടീസ്പൂൺ
15. കറിവേപ്പില -രണ്ടു തണ്ട്
16. ഉപ്പ് -ആവശ്യത്തിന്
തയാറാക്കുന്ന വിധം
പൈനാപ്പ്ൾ ചെറിയ കഷണങ്ങളാക്കി വെള്ളം ചേർക്കാതെ മിക്സിയിൽ അടിച്ചെടുക്കുക. ഏത്തപ്പഴവും പഴുത്ത മാങ്ങയും ചെറുതായി അരിഞ്ഞെടുക്കുക. ചുവടുകട്ടിയുള്ള പാത്രത്തിൽ പഴങ്ങൾ വേവിക്കാം.
മഞ്ഞൾപൊടി, മുളകുപൊടി, ശർക്കര, ഉപ്പ് ഇവ ചേർത്ത് യോജിപ്പിക്കുക. പൈനാപ്പ്ൾ നീരിലാണ് പഴങ്ങൾ വെന്തു കിട്ടേണ്ടത്. വെള്ളം ചേർക്കേണ്ടതില്ല. അടച്ചുവെച്ച് ചെറുതീയിൽ 10 മിനിറ്റ് വേവിക്കണം. അടിയിൽ പിടിക്കാതെ ഇടക്കിടെ ഇളക്കിക്കൊടുക്കണം.
തേങ്ങ ചിരകിയതിലേക്ക് കാൽ ടീസ്പൂൺ ജീരകവും ആവശ്യത്തിന് വെള്ളവും ഒഴിച്ച് നല്ല മയത്തിൽ അരച്ചെടുക്കുക. ഒരു ടീസ്പൂൺ കടുക് ചതച്ചതുകൂടി ചേർത്ത് മാറ്റിവെക്കാം.
പഴങ്ങൾ നന്നായി വെന്ത് വെള്ളം വറ്റിവരുമ്പോൾ തേങ്ങയുടെ അരപ്പ് ചേർക്കുക. വീണ്ടും ചെറുതീയിൽ അഞ്ചു മിനിറ്റ് കൂടി വേവിക്കുക.
ഒരു ടേബ്ൾ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി കശുവണ്ടിപ്പരിപ്പ് വറുത്തുകോരി മാറ്റിവെക്കാം. ബാക്കിയുള്ള എണ്ണയിലേക്ക് കടുക് പൊട്ടിച്ച് വറ്റൽമുളകും കറിവേപ്പിലയും ചേർത്ത് താളിക്കുക.
പച്ചടിയിലേക്ക് വറുത്ത കശുവണ്ടിപ്പരിപ്പും കടുക് താളിച്ചതും ചേർത്ത് നന്നായി യോജിപ്പിക്കുക. പച്ചടിയുടെ ചൂട് മാറിക്കഴിയുമ്പോൾ കഴുകി വൃത്തിയാക്കിയ മുന്തിരികൂടി ചേർക്കാം. രുചിയേറും കൂട്ടുപഴം പച്ചടി തയാർ. രുചിയിലും ആരോഗ്യഗുണങ്ങളിലും മുന്നിലാണിത്.
മത്തങ്ങ പച്ചടി
ചേരുവകൾ
1. മത്തങ്ങ അരിഞ്ഞത് -ഒന്നര കപ്പ്
2. പച്ചമുളക് അരിഞ്ഞത് -മൂന്ന്
3. വറ്റൽ മുളക് -രണ്ട്
4. തേങ്ങ ചിരകിയത് -ഒരു മുറി
5. ജീരകം -കാൽ ടീസ്പൂൺ
6. കടുക് -ഒരു ടീസ്പൂൺ
7. തൈര് -മുക്കാൽ കപ്പ്
8. വെളിച്ചെണ്ണ -ഒരു ടേബ്ൾ സ്പൂൺ
9. കടുക് -മുക്കാൽ ടീസ്പൂൺ
10. കറിവേപ്പില -രണ്ടു തണ്ട്
11. ഉപ്പ് -ആവശ്യത്തിന്
തയാറാക്കുന്ന വിധം
കനം കുറച്ച് അരിഞ്ഞ മത്തങ്ങ പച്ചമുളകും ഉപ്പും അൽപം വെള്ളവും ചേർത്ത് നന്നായി വേവിക്കുക. തേങ്ങ ചിരകിയതിലേക്ക് ജീരകവും ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ല മയത്തിൽ അരക്കുക.
മത്തങ്ങ വെന്ത് വെള്ളം വറ്റിക്കഴിയുമ്പോൾ അരപ്പും ഒരു ടീസ്പൂൺ കടുക് ചതച്ചതും ചേർത്ത് വേവിക്കുക. അൽപം ചൂടാറിയ ശേഷം ഉടച്ച തൈര് ചേർത്ത് ഇളക്കുക. വെളിച്ചെണ്ണയിൽ കടുകും വറ്റൽമുളകും കറിവേപ്പിലയും താളിച്ച് പച്ചടിയിലേക്ക് ഒഴിച്ചുകൊടുക്കാം.
പാവക്ക പച്ചടി (കിച്ചടി)
ചേരുവകൾ
1. പാവക്ക -രണ്ട്
2. വറ്റൽ മുളക് -രണ്ട്
3. മഞ്ഞൾപൊടി -ഒരു നുള്ള്
4. കടുക് -മുക്കാൽ ടീസ്പൂൺ
5. തേങ്ങ ചിരകിയത് -ഒരു മുറി
6. ജീരകം -കാൽ ടീസ്പൂൺ
7. പച്ചമുളക് -എരിവിന് അനുസരിച്ച്
8. കടുക് -ഒരു ടീസ്പൂൺ
9. തൈര് -മുക്കാൽ കപ്പ്
10. വെളിച്ചെണ്ണ -ഒരു ടേബ്ൾ സ്പൂൺ
11. കറിവേപ്പില -രണ്ടു തണ്ട്
12. വെളിച്ചെണ്ണ -വറുക്കാൻ ആവശ്യത്തിന്
13. ഉപ്പ് -ആവശ്യത്തിന്
തയാറാക്കുന്ന വിധം
പാവക്ക കനം കുറച്ച് വട്ടത്തിൽ അരിഞ്ഞെടുക്കുക. അൽപം മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് തിരുമ്മി 10 മിനിറ്റ് മാറ്റിവെക്കുക. ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി പാവക്ക കഷണങ്ങൾ ഇളം ബ്രൗൺ നിറത്തിൽ വറുത്തുകോരുക.
തേങ്ങ ചിരകിയതിലേക്ക് ജീരകവും പച്ചമുളകും ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ല മയത്തിൽ അരക്കുക.
അരച്ച തേങ്ങയിലേക്ക് ചതച്ച കടുകും ആവശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കുക. ചൂട് മാറിക്കഴിയുമ്പോൾ നന്നായി ഉടച്ച തൈരും വറുത്ത പാവക്ക കഷണങ്ങളും ചേർത്ത് യോജിപ്പിക്കുക.
വെളിച്ചെണ്ണയിൽ കടുകും കറിവേപ്പിലയും വറ്റൽമുളകും താളിച്ച് പച്ചടിയിലേക്ക് ഒഴിച്ചുകൊടുക്കാം. പാവക്ക പച്ചടി തയാർ. പാവക്കയുടെ കയ്പ് രസം അൽപംപോലും അറിയില്ല എന്നതാണ് ഈ പച്ചടിയുടെ പ്രത്യേകത.
പാലക്കാടൻ മുളകാ പച്ചടി
പേര് പച്ചടി എന്നാണെങ്കിലും, സാധാരണ പച്ചടിയോട് ഒരു സാമ്യവും ഇല്ലെങ്കിലും രുചിയിൽ കേമനാണ്. തയാറാക്കി വെച്ചാൽ ഒരാഴ്ചയിലധികം കേടാവാതെ ഇരിക്കുകയും ചെയ്യും. എരിവും പുളിയും മധുരവും ഉപ്പും എല്ലാ രുചികളും ചേർന്നുവരുന്ന ഈ പച്ചടിയുടെ രുചി അത്ഭുതപ്പെടുത്തുന്നതാണ്.
അധികം എരിവില്ലാത്ത ചെറിയ പച്ചമുളകാണ് പച്ചടിയുണ്ടാക്കാൻ ഉപയോഗിക്കുന്നത്. എരിവിന് അനുസരിച്ച് 50 പച്ചമുളക് വരെ എടുക്കാം.
ചേരുവകൾ
1. പച്ചമുളക് -200 ഗ്രാം
2. വാളൻപുളി -100 ഗ്രാം
3. ശർക്കര -400 ഗ്രാം
4. മഞ്ഞൾപൊടി -അര ടീസ്പൂൺ
5. മുളകുപൊടി -രണ്ട് ടീസ്പൂൺ
6. എള്ള് -കാൽ കപ്പ്
7. കടുക് -രണ്ടു ടേബ്ൾ സ്പൂൺ
8. ഉഴുന്നുപരിപ്പ് -രണ്ടു ടേബ്ൾ സ്പൂൺ
9. ഉലുവ -അര ടീസ്പൂൺ
10. വറ്റൽ മുളക് -മൂന്ന്
11. വെളിച്ചെണ്ണ -ഒരു ടേബ്ൾ സ്പൂൺ
12. കടുക് -ഒരു ടീസ്പൂൺ
13. കറിവേപ്പില -രണ്ടു തണ്ട്
14. ഉപ്പ് -ആവശ്യത്തിന്
തയാറാക്കുന്ന വിധം
വാളൻപുളിയിലേക്ക് തിളച്ചവെള്ളം ഒഴിച്ച് അരമണിക്കൂർ കുതിർത്തുവെക്കുക. നന്നായി കുതിർന്നശേഷം പിഴിഞ്ഞ് അരിച്ചെടുക്കുക. ശർക്കരയിലേക്ക് അൽപം വെള്ളം ചേർത്ത് ഉരുക്കി അരിച്ച് മാറ്റിവെക്കുക.
ചുവടുകട്ടിയുള്ള പാത്രത്തിൽ നന്നായി കഴുകി വൃത്തിയാക്കിയ എള്ള് എണ്ണ ചേർക്കാതെ വറുത്തെടുക്കുക. എള്ള് മാറ്റിയശേഷം ഉഴുന്നുപരിപ്പും ഉലുവയും ഇളം ബ്രൗൺ നിറത്തിൽ വറുത്തെടുക്കാം. കടുകും വറുത്തെടുക്കുക. ചൂടാറുമ്പോൾ ഇവ നാലും കൂടി തരിതരിയായി പൊടിച്ച് മാറ്റിവെക്കുക.
പച്ചമുളക് തണ്ടോടെ കഴുകി വൃത്തിയാക്കി അറ്റം മുറിച്ചുവെക്കുക. ഒരു ടേബ്ൾ സ്പൂൺ വെളിച്ചെണ്ണ ചൂടാക്കി മുളക് നന്നായി വഴറ്റിയെടുക്കുക. പുളിവെള്ളത്തിലേക്ക് മഞ്ഞൾപൊടിയും മുളകുപൊടിയും ഉപ്പും ചേർത്ത് നന്നായി തിളപ്പിക്കുക. കുറുകിവരുമ്പോൾ ശർക്കര ചേർക്കുക. മധുരം ഇഷ്ടമില്ലാത്തവർ ശർക്കര 200 ഗ്രാം വരെ ചേർത്താലും മതി.
നന്നായി തിളച്ചു കഴിയുമ്പോൾ വറുത്ത മുളകില്‍ പകുതി ചേർക്കുക. മുളകിന്‍റെ രുചി പച്ചടിയിലേക്ക് പിടിക്കാൻ 10 മിനിറ്റോളം ചെറുതീയിൽ തിളപ്പിക്കണം. പൊടിച്ചുവെച്ച എള്ളും ഉഴുന്നുപരിപ്പും ഉലുവയും കടുകും ചേർത്ത് ഇളക്കുക.
കുറുകി കറുത്ത നിറത്തിൽ എത്തുമ്പോൾ തീ ഓഫ് ചെയ്യാം. വെളിച്ചെണ്ണയിൽ കടുകും വറ്റൽമുളകും കറിവേപ്പിലയും താളിച്ച് ഒഴിക്കാം. വെറൈറ്റി രുചിയിലുള്ള പാലക്കാടൻ മുളകാ പച്ചടി തയാർ.
നെല്ലിക്ക പച്ചടി
ചേരുവകൾ
1. നെല്ലിക്ക -നാല്
2. പച്ചമുളക് -എരിവിന് അനുസരിച്ച്
3. തേങ്ങ ചിരകിയത് -ഒരു കപ്പ്
4. ജീരകം -കാൽ ടീസ്പൂൺ
5. കടുക് -ഒരു ടീസ്പൂൺ
6. തൈര് -അരക്കപ്പ്
7. പഞ്ചസാര -അര ടേബ്ൾ സ്പൂൺ
8. വറ്റൽ മുളക് -രണ്ട്
9. കടുക് -മുക്കാൽ ടീസ്പൂൺ
10. വെളിച്ചെണ്ണ -ഒരു ടേബ്ൾ സ്പൂൺ
11. കറിവേപ്പില -രണ്ടു തണ്ട്
12. ഉപ്പ് -ആവശ്യത്തിന്
തയാറാക്കുന്ന വിധം
നെല്ലിക്ക ചെറിയ കഷണങ്ങളാക്കിയത്, പച്ചമുളക്, തേങ്ങ, ജീരകം ഇവ ഒന്നിച്ചാക്കി ആവശ്യത്തിന് വെള്ളം ചേർത്ത് നല്ല മയത്തിൽ അരച്ചെടുക്കുക.
ചതച്ച കടുക്, പഞ്ചസാര, ഉപ്പ് എന്നിവ ചേർത്ത് നന്നായി തിളപ്പിച്ച് വറ്റിച്ചെടുക്കുക. ചൂട് ആറിക്കഴിഞ്ഞാൽ ഉടച്ച തൈരുകൂടി ചേർത്ത് ഇളക്കാം. വെളിച്ചെണ്ണയിൽ കടുകും കറിവേപ്പിലയും വറ്റൽമുളകും താളിച്ച് ഒഴിക്കാം.
തക്കാളി മധുര പച്ചടി
ചേരുവകൾ
1. തക്കാളി -രണ്ട് എണ്ണം വലുത്
2. മഞ്ഞൾപൊടി -അര ടീസ്പൂൺ
3. പച്ചമുളക് -നാല്
4. വറ്റൽ മുളക് -രണ്ട്
5. തേങ്ങ ചിരകിയത് -ഒരു കപ്പ്
6. ജീരകം -കാൽ ടീസ്പൂൺ
7. കടുക് -ഒരു ടീസ്പൂൺ
8. തൈര് -അരക്കപ്പ്
9. കടുക് -മുക്കാൽ ടീസ്പൂൺ
10. കറിവേപ്പില -രണ്ടു തണ്ട്
11. പഞ്ചസാര -മധുരത്തിന് അനുസരിച്ച്
12. വെളിച്ചെണ്ണ -ഒരു ടേബ്ൾ സ്പൂൺ
13. ഉപ്പ് -ആവശ്യത്തിന്
തയാറാക്കുന്ന വിധം
തക്കാളിയും പച്ചമുളകും ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കുക. മഞ്ഞൾപൊടി, ഉപ്പ്, പഞ്ചസാര എന്നിവ ചേർത്ത് വേവിക്കുക. വെള്ളം ചേർക്കേണ്ടതില്ല.
തേങ്ങയും ജീരകവും ആവശ്യത്തിന് വെള്ളം ചേർത്ത് നല്ല മയത്തിൽ അരച്ചെടുക്കുക. തക്കാളി നന്നായി വെന്തുകഴിയുമ്പോൾ തേങ്ങ അരച്ചതും കടുക് ചതച്ചതും ചേർത്ത് വറ്റിച്ചെടുക്കുക. ചൂടാറിക്കഴിയുമ്പോൾ ഉടച്ച തൈര് ചേർത്ത് യോജിപ്പിക്കുക.
വെളിച്ചെണ്ണയിൽ കടുകും കറിവേപ്പിലയും വറ്റൽമുളകും താളിച്ച് ഒഴിക്കുക. ചുവന്ന ഉള്ളിയുടെ രുചി ഇഷ്ടമുള്ളവർക്ക് അതുകൂടി വറുത്ത് ഇടാവുന്നതാണ്.
ഒരു മിനിറ്റിൽ തയാറാക്കാവുന്ന മൂന്ന് പച്ചടികൾ
പച്ചടിയുണ്ടാക്കാൻ സമയമില്ല എന്നിരിക്കട്ടെ. കഷണങ്ങൾ വേവിച്ചും തേങ്ങ അരച്ചും സമയം കളയാതെ ഏറ്റവും എളുപ്പത്തിൽ മധുരമുള്ള പച്ചടിയും മധുരമില്ലാത്ത പച്ചടിയും തയാറാക്കാം.
● ഉടച്ച തൈരിലേക്ക് കടുമാങ്ങ ചേർത്താൽ മാങ്ങ പച്ചടിയായി.
● ഇഞ്ചി ഗ്രേറ്റ് ചെയ്തതും പച്ചമുളക് ചെറുതായി അരിഞ്ഞതും ആവശ്യത്തിന് ഉപ്പും തൈരും ചേർത്ത് ഇളക്കിയാൽ ഇഞ്ചി പച്ചടിയായി.
● ഞാലിപ്പൂവൻ പഴം വട്ടത്തിൽ അരിഞ്ഞെടുത്ത് ചെറുതായി ഉടച്ച് അതിലേക്ക് ചെറുതായി അരിഞ്ഞ ആപ്പ്ൾ, കുറച്ച് മുന്തിരി, ഒരു വലിയ സ്പൂൺ പഞ്ചസാര, അൽപം ഉപ്പ്, തൈര് ഇത്രയും ചേർത്തിളക്കിയാൽ മധുര പച്ചടിയുമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.