അമീന സൈനു കളരിക്കൽ

നസ്സിൽ ഇരുണ്ടുകുടിയ വലിയ കറുത്തമേഘങ്ങൾ എന്നെ അമർത്തിപ്പിടിക്കുന്നു. എനിക്ക് ഈ ലോകത്തിൽ നിറങ്ങൾ കാണാനാകുന്നേയില്ല. എെൻറ ജീവിതത്തിൽ എല്ലാം ചാരനിറം. പുറത്തേക്ക് ഒഴുകാത്ത സങ്കടവും പിണക്കവും ഊറിക്കിടക്കുന്നല്ലാതെ മറ്റൊന്നും ബാക്കിയില്ല. ആവേശം വിട്ടുപോയി. ഓരോ നീണ്ട ദിവസവും പോരാട്ടമാണ്. രാവിലെ മുതൽ രാത്രിവരെ കടക്കാൻ വേണ്ടിമാത്രം. ഉറങ്ങാനോ കരയാനോ കഴിയുന്നില്ല. ഇരുട്ടിനെ അഭിമുഖീകരിച്ചുകൊണ്ടുള്ള നിമിഷങ്ങൾ... എനിക്ക് ഒരിക്കൽ കൂടി ആ ഇരുട്ടിൽനിന്ന്​ പുറത്തിറങ്ങണം' -വിഷാദരോഗം എന്ന ആ അസ്ഥ പറഞ്ഞോ എഴുതിയോ വിതുമ്പിയോ പ്രകടിപ്പിക്കാൻ കഴിയാത്ത അത്രമേൽ ഭീകരമാണ്.

ആരെങ്കിലും എന്നോടൊന്ന് മിണ്ടിയിരുന്നെങ്കിൽ, വെറുതെ എന്തെങ്കിലുമൊന്ന് ചോദിച്ചിരുന്നെങ്കിൽ... മരവിപ്പിക്കുന്ന ആ മണിക്കൂറുകൾക്ക് വർഷത്തെക്കാൾ ദൈർഘ്യമുണ്ടെന്ന് തോന്നിയിരുന്നു. ആർത്തലക്കുന്ന കടലുപോലെ പ്രക്ഷുബ്​ധമായ മനസ്സിന് ആശ്വാസംതേടിയാണ് ജോലിക്ക് ശേഷം ഞാൻ തനിച്ച് പുറത്തിറങ്ങിയത്. കാമറക്ക്​ മുന്നിൽ മുഖത്ത് ചിരിവരുത്തി എന്തൊക്കെയോ ആർക്കോവേണ്ടി വായിച്ചു, എന്താണ് വായിച്ചതെന്നുപോലും അറിയില്ല. ഇന്നെങ്കിലും കുറച്ചു മനുഷ്യരെ കാണണം, ചിരിക്കണം, മനസ്സിലെ ഭാരം ഇറക്കിവെക്കണം എന്നൊക്കെ ആശ്വസിച്ചാണ് ആ മാളിലെത്തിയത്. പക്ഷേ, ആ വെമ്പലുകൾ എന്നിൽതന്നെ കെട്ടടങ്ങി. ചുറ്റും നൂറുകണക്കിന് ആളുകൾ കളിച്ചും ചിരിച്ചും വന്നുപോവുന്നുണ്ടെങ്കിലും ഒരാൾപോലും എന്നെ ശ്രദ്ധിക്കുന്നില്ല. ലോകത്ത് ഏറ്റവും വെറുക്കപ്പെട്ടവളാണോ ഞാൻ? ആ നിമിഷം ഒരാളെങ്കിലും വന്ന് "നീ ഓക്കെ അല്ലേ" എന്ന് ചോദിച്ചിരുന്നെങ്കിലെന്ന് കൊതിച്ചുപോയിരുന്നു. ഇനി എല്ലാവരും സമാന മാനസിക അവസ്ഥയിലാണോ -ഇതെല്ലാം വെറും തോന്നലായിരിക്കാം. ഞാൻപോലും തിരിച്ചറിയാതിരുന്ന എന്നിലെ വിഷാദം തന്ന ആഘാതമായിരിക്കാം... അങ്ങനെ എത്രയെത്ര സന്ദർഭങ്ങൾ...

വെളിച്ചത്തെ മൂടുന്ന നിഴൽ

വിഷാദം, വെയിൽ വീണ്​ പ്രകാശം പൂത്തുനിൽക്കുന്നിടത്ത്​ പതിയെ നിഴൽ വന്നുമൂടുന്ന പോലെയാണത്. എല്ലാവരിൽനിന്നും ഒറ്റപ്പെട്ട് ഏതോ ലോകത്ത് എന്തിനോവേണ്ടി ജീവിച്ചിരുന്നു ഞാൻ. പുറംലോകത്തിൽ നിന്നും ഉൾവലിഞ്ഞ് നാലുചുവരുകൾക്കുള്ളിൽ സ്വയം തളക്കപ്പെട്ടിരുന്നു. ജീവിതത്തിൽ രണ്ടുതവണ വിഷാദരോഗം എന്ന അവസ്ഥയിലൂടെ കടന്നുപോയി.

കരയാനോ ചിരിക്കാനോ കൂട്ടുകൂടാനോ ആകാതെ മരവിച്ചുപോയ ആ അവസ്ഥ വിഷാദമായിരുന്നു എന്ന് അറിയുന്നതുപോലും വർഷങ്ങൾക്ക് ശേഷമാണ്. ബിരുദ അവസാനവർഷ വിദ്യാർഥിയായിരിക്കെയായിരുന്നു വിവാഹം. ഒട്ടും താൽപര്യമില്ലാതിരുന്നിട്ടുപോലും എനിക്ക് ആരുടെയൊക്കെയോ സമ്മർദത്തിന് വവങ്ങേണ്ടിവന്നു. എെൻറ സങ്കൽപത്തിലുള്ള ആളായിരുന്നില്ല ഭർത്താവ്. സ്ത്രീധനം ആവശ്യപ്പെട്ടുള്ള വിവാഹത്തെ 20 വയസ്സിെൻറ അറിവുവെച്ച് ഞാൻ എതിർത്തെങ്കിലും ഫലമുണ്ടായില്ല. പക്ഷേ, ഗംഭീരമായി വിവാഹനിശ്ചയമെല്ലാം കഴിഞ്ഞതിനാൽ സ്ത്രീധനത്തിെൻറ പേരിൽ വിവാഹം മുടങ്ങുന്നത് സങ്കൽപിക്കാൻ വാപ്പിക്കും കഴിയില്ലായിരുന്നു. ഭാവിയിൽ പഠിപ്പിക്കുമെന്നുള്ള ഉറപ്പ് മാത്രമായിരുന്നു ആ വിവാഹത്തിൽ ആകെയുള്ള എെൻറ സന്തോഷം.

എന്നാൽ, വിവാഹശേഷം അദ്ദേഹം കെട്ടിപ്പൊക്കിയ നുണയുടെ കൊട്ടാരം തവിടുപൊടിയാവാൻ അധികസമയം വേണ്ടിവന്നില്ല. പ്രായം, ജോലി തുടങ്ങി എന്നോട് പറഞ്ഞ പലകാര്യങ്ങളും നുണയായിരുന്നു. പലതും പറഞ്ഞ്​ വിശ്വസിപ്പിച്ചായിരുന്നു ബന്ധം ഉറപ്പിച്ചത്. കാര്യവട്ടത്ത് ജേണലിസം പി.ജിക്ക് ചോരാനായിരുന്നു ലക്ഷ്യം. അഡ്മിഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ അദ്ദേഹം മറച്ചുവെച്ചതോടെ പി.ജി സീറ്റ് നഷ്​ടമായി. എന്നെ പഠിക്കാൻ വിടുന്നതിനോടും അദ്ദേഹത്തെക്കാളും ഉയർന്നുപോവുന്നതുമൊക്കെയായിരുന്നു കാരണം. കൂട്ടുകാരുടെ ഉപദേശങ്ങളായിരുന്നു അതിെൻറയൊക്കെ പിന്നിൽ. ആ വാശിക്കാണ് എെൻറ വള പണയംവെച്ച് കോട്ടയത്ത് എം.ജിയിൽ ജേണലിസത്തിൽ പി.ജിക്ക് ചേർന്നത്, വിവാഹം കഴിഞ്ഞ് നാലാം മാസം. അഡ്മിഷൻ കിട്ടിയത് അദ്ദേഹത്തിന് ഇഷ്​ടപ്പെട്ടില്ല. 'എനിക്ക് ഭ്രാന്താണ്, അതിനുള്ള ചികിത്സ തുടരാൻ കോളജിൽനിന്ന്​ പറഞ്ഞയക്കണം എന്നായി ആവശ്യം. അക്കാര്യം പറഞ്ഞ് അധ്യാപകരെയും തെറ്റിദ്ധരിപ്പിച്ചു. കാണുന്നവർക്ക് ഞങ്ങൾ ഭാര്യയും ഭർത്താവും ആണെങ്കിലും ഉള്ളിൽ അപരിചിതരായിരുന്നു. സാനിറ്ററി പാഡ് പോലും എനിക്ക് നിഷേധിക്കപ്പെട്ടിട്ടുണ്ട്. കോളജിൽവെച്ച് ഭക്ഷണം വാങ്ങിക്കഴിക്കാൻപോലും പൈസയില്ലാതെ പട്ടിണികിടന്ന എത്രയോ നാളുകൾ ജീവിതത്തിലൂടെ കടന്നുപോയിട്ടുണ്ട്.


വേദനയും സന്തോഷവും

ഒരിക്കൽ അധ്യാപിക ഡോ. ലിജിമോൾ എന്നെ വിളിപ്പിച്ച്​ കാര്യങ്ങൾ അന്വേഷിച്ചതോടെയാണ് കാര്യങ്ങൾ പുറംലോകം അറിഞ്ഞത്. ഞാൻ അനുഭവിക്കുന്ന പ്രയാസം ആരുമറിയരുതെന്ന നിർബന്ധം അന്നുവരെ എനിക്കുണ്ടായെങ്കിലും ടീച്ചർക്കുമുന്നിൽ പിടിച്ചുനിൽക്കാനായില്ല. ദേഹോപദ്രവം വരെ ഏറ്റ സംഭവങ്ങൾ ഉൾപ്പെടെ പറഞ്ഞു. പിറ്റേദിവസം ഉമ്മിയെ കോളജിലേക്ക് വിളിപ്പിച്ച്​ ടീച്ചർ വിഷയം പറഞ്ഞു. 'നീ എന്താ ഇതൊന്നും നേരത്തേ പറയാതിരുന്നത് എന്നായിരുന്നു' കരഞ്ഞുകൊണ്ട് പുറത്തിറങ്ങിയ ഉമ്മ എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് ചോദിച്ചത്. വീട്ടുകാരുടെ സമ്മതത്തോടെ 2014ലായിരുന്നു വിവാഹമോചനം.

പെണ്ണായാൽ എല്ലാം സഹിക്കണം

നിർണായകഘട്ടത്തിൽ സ്വന്തം കാര്യത്തിൽ തീരുമാനമെടുക്കുക എന്നത് പ്രയാസമാണ്. പക്ഷേ, മറ്റുള്ളവരുടെ ജീവിതത്തിൽ ഇടപെടാനും അഭിപ്രായം പറയാനും ആർക്കും ഒരാലോചനയുടെയും ആവശ്യമില്ല. എെൻറ ഭാഗം കേൾക്കാൻപോലും ബന്ധുക്കളാരും ശ്രമിച്ചില്ല. 'പെണ്ണായാൽ എല്ലാം സഹിക്കണം, ചിലതൊക്കെ കണ്ടില്ലെന്നും കേട്ടില്ലെന്നും വെക്കണം, നീ തിരികെ ഭർത്താവിെൻറ വീട്ടിലേക്ക് പോയില്ലെങ്കിൽ ഞങ്ങൾക്ക് നാണക്കേടാണ്'- എന്നൊക്കെയായിരുന്നു കുറ്റപ്പെടുത്തൽ. ചോദ്യങ്ങളും ഉപദേശങ്ങളും കാരണം മനസ്സ് നീറിപ്പുകഞ്ഞതോടെയാണ് നാലു ചുവരുകൾക്കിടയിലേക്ക് ജീവിതം ചുരുങ്ങുന്നത്.

വീണ്ടും പ്രണയം, ഡിപ്രഷൻ

വിവാഹജീവിതം അവസാനിപ്പിച്ച് മൂന്നരവർഷങ്ങൾക്കിപ്പുറമാണ് അടുത്ത പ്രണയം സംഭവിക്കുന്നത്. സുഹൃത്തിെൻറ സുഹൃത്തായ അദ്ദേഹം ഡോക്ടറായിരുന്നു. പരിചയവും സംസാരവും അടുപ്പവും ഒടുവിൽ പ്രണയത്തിലെത്തി. പക്ഷേ, 11 മാസമായിരുന്നു അതിെൻറ ആയുസ്സ്. കൂടുതൽ അടുത്തറിഞ്ഞതോടെയാണ് അദ്ദേഹം പൊസസീവിെൻറ അപ്പുറമാണെന്ന് മനസ്സിലായത്. സമൂഹവുമായി ബന്ധപ്പെടാൻ സമ്മതിക്കില്ല, വേറെ ആരോടും സംസാരിക്കാൻ പറ്റില്ല, വീട്ടിൽപോലും പോവാൻ സമ്മതിച്ചിരുന്നില്ല. ഇമോഷണലി ബ്ലാക്ക് മെയിൽ ചെയ്തും അമിത സ്നേഹം പ്രകടിപ്പിച്ചും സംസാരിക്കുന്നതും പെരുമാറുന്നതുമായ രീതി. ഞാൻ അദ്ദേഹത്തിൽ മാത്രമായി ചുരുങ്ങിയത് എന്നെ പുറംലോകവുമായി അകറ്റി. അക്കാരണത്താൽ സൗഹൃദ കൂട്ടായ്മകളിൽനിന്നുപോലും ഞാൻ പുറത്തായി. ആ പ്രണയം സത്യമായിരുന്നെങ്കിലും വ്യക്തി റോങ്ങായിരുന്നു. എങ്ങനെയോ ആ ബന്ധത്തിൽനിന്ന് പുറത്തിറങ്ങിയ ഞാൻ ശരിക്കും ഒറ്റപ്പെട്ടുപോയിരുന്നു. വിഷാദത്തെ അതിജീവിക്കാൻ പ്രയാസപ്പെടുന്ന എന്നിലേക്ക് വീണ്ടുമെത്തിയ ആഘാതം താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

ഞാനറിയാത്ത എന്നിലെ വിഷാദം

നമ്മളില്‍ ഒരാള്‍ സമൂഹത്തില്‍നിന്ന്​ പെട്ടെന്ന് പിന്‍വലിയുകയും സ്വയം തീര്‍ത്ത ഒരു വലയത്തിനുള്ളില്‍ ജീവിക്കാന്‍ തുടങ്ങുകയും ചെയ്യുന്നത് കൂടെയുള്ളവര്‍പോലും അറിയുന്നില്ല. നമുക്കൊപ്പം നടന്ന ഒരാളുടെ ആത്മഹത്യവാര്‍ത്ത കേള്‍ക്കുമ്പോള്‍ ചിന്തിക്കാറില്ലേ, എന്തിനാകും അവരത് ചെയ്തതെന്ന്. ആരോരുമറിയാതെ അവരെ കാര്‍ന്നുതിന്നു കൊണ്ടിരുന്ന ആ രോഗത്തെ പെട്ടെന്ന് ആര്‍ക്കും മനസ്സിലായിട്ടുണ്ടാവില്ല. അതാണ്‌ വിഷാദം എന്ന മാനസികാവസ്ഥ. എന്നിലുണ്ടായ വിഷാദരോ ഗെെത്തയും തിരിച്ചറിയാൻ എനിക്കായില്ല. ജോലിയുടെ ഭാഗമായി 'സ്ത്രീ അസുഖങ്ങൾ സംബന്ധിച്ച' ഒരു പരിപാടിക്കുള്ള റിസർച്ചിനിടെയാണ് വിഷാദത്തെക്കുറിച്ച് പഠിക്കുന്നത്. അതിൽപറഞ്ഞ പല മാനസിക അവസ്ഥകളും എന്നിലുണ്ടായിരുന്നു. തുടർന്നാണ് സുഹൃത്തായ സൈക്യാട്രിസ്​റ്റിനെ കാണുന്നതും കാര്യങ്ങൾ സംസാരിച്ചതോടെ സിവിയർ ഡിപ്രഷനാണെന്ന് മനസ്സിലാക്കുന്നതും. മരുന്ന് എെൻറ ദേഷ്യം കുറക്കാനും ഇമോഷൻസ് നിയന്ത്രിക്കാനും സഹായിച്ചു. വിഷാദം ജീവിതത്തിൽ വന്നാൽ നമ്മൾ കരുതുന്നതുപോലെ, വെറുതെ അങ്ങ് മറികടന്നു പോവില്ല, ചികിത്സ തേടണം... പലരും ഇപ്പോഴും അക്കാര്യങ്ങളിൽ ബോധവാന്മാരല്ല. മറ്റേതൊരു അസുഖത്തിനുമെന്നതുപോലെ വിഷാദമുള്ളവരും ഡോക്ടറുടെ ചികിത്സതേടണം. എനിക്ക് ചികിത്സ വേണമെന്ന് വീട്ടുകാരോട് പറഞ്ഞപ്പോൾ ആദ്യം അവരും ഉൾക്കൊണ്ടിരുന്നില്ല. പിന്നീട് കാര്യങ്ങൾ മനസ്സിലായതോടെയാണ് ഒപ്പം നിന്നത്.


ഉമ്മ ഷക്കീല സൈനുവിനൊപ്പം

ഇമോഷൻ നിയന്ത്രിക്കാൻ പഠിച്ചു

എന്നെ കണ്ടുപിടിക്കാനുള്ള യാത്രയിലാണ് ഞാനിപ്പോൾ. വിഷാദത്തിൽനിന്ന് ഇപ്പോഴും പൂർണമായി മോചിതയല്ല. ദേഷ്യം വരാറുണ്ട്, സങ്കടവും ടെൻഷനും. പക്ഷേ, നിമിഷങ്ങൾക്കകം അതിനെയൊക്കെ മറികടക്കാറുണ്ട്. വികാരങ്ങൾ ആരുടെമേലും അടിച്ചേൽപിക്കാറില്ല. മനസ്സിനെ നിയന്ത്രിക്കാനാവുന്നുണ്ട്. നമ്മുടെ വികാരങ്ങൾ അതേരീതിയിൽ പ്രകടിപ്പിക്കമ്പോൾ അത് മറ്റുള്ളവരെ എത്രത്തോളം വേദനിപ്പിക്കുമെന്നറിയാം. എല്ലാ വേദനകളും ഒതുക്കി വിഷാദത്തിെൻറപടുകുഴിയിൽ വീണുകിടക്കുന്ന നിങ്ങളെപ്പറ്റി ഒന്നോർത്തുനോക്കൂ...

ഹാപ്പി സ്മോൾ ഫാമിലി

വാപ്പി സൈനുദ്ദീനും ഉമ്മ ഷക്കീലയും സഹോദരി അനീനയും ഉൾപ്പെടെ ഹാപ്പി സ്മോൾ ഫാമിലിയാണ് ഞങ്ങളുടേത്. കൊല്ലം ജില്ലയിലെ പുനലൂരാണ് വീട്. വാപ്പി ഗൾഫിലായിരുന്നു. ആൺകുട്ടികളില്ലാത്തതിനാൽ ബന്ധുക്കളിൽനിന്നും മറ്റുമുള്ള സഹതാപചോദ്യങ്ങൾ പലപ്പോഴും നേരിട്ടിട്ടുണ്ട്. ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ അന്ന് ആ ചോദ്യം ചോദിച്ചവരെക്കാൾ സന്തുഷ്​ടരാണ് വാപ്പിയും ഉമ്മിയും. വിവാഹമോചനശേഷം പല വേദികളിൽനിന്നും എന്നെ അകറ്റിയ ബന്ധുക്കൾ ഇന്ന് ചേർത്തുനിർത്തുന്നതും മനസ്സുകൊണ്ടെങ്കിലും അംഗീകരിക്കുന്നതും ഏറെ സന്തോഷം നൽകുന്നുണ്ട്.

ഇല്ല, ഞാൻ തോറ്റിട്ടില്ല

ജീവിതത്തിൽ ഇടറിവീണെങ്കിലും ഒരിക്കലും ഞാൻ തോറ്റുപോയിട്ടില്ല, സന്തോഷവതിയാണ്. ലോകത്ത് ഏറ്റവും ഭാഗ്യമില്ലാത്ത വ്യക്തി ഞാനായിപ്പോയല്ലോ, പടച്ചോൻ എന്തിനാണ് ഇങ്ങനെ പരീക്ഷിക്കുന്നത് എന്നൊക്കെ ആദ്യം തോന്നിയിരുന്നു. പക്ഷേ, ഇന്ന് നേരെ തിരിച്ചാണ് തോന്നുന്നത്. അന്നത്തെ വിഷമം എനിക്കുണ്ടായ പരീക്ഷണമായിരുന്നു. ഇന്ന് അതിനെയെല്ലാം അതിജീവിച്ച് എല്ലാവരേയും ചേർത്തുപിടിച്ച് മുന്നോട്ടുപോകാൻ കഴിയുന്നുണ്ട്. വിഷാദമെന്ന തുരങ്കത്തിെൻറ അറ്റത്തുള്ള വെളിച്ചത്തിലേക്ക് നടന്നെത്തിയിരിക്കും എന്നത് ഉറച്ച തീരുമാനമാണ്. വിഷാദത്തിൽനിന്ന് പൂർണമായി പുറത്തുചാടണം. നഷ്​ടപ്പെട്ടുപോയ ജീവിതത്തിലെ നല്ല സമയം വീണ്ടെടുക്കണം. ജോലിയും കരിയറും പാഷനുമൊപ്പം ഇഷ്​ടങ്ങളായ യാത്ര, വായന, ഭക്ഷണം എന്നിവയെല്ലാം നൽകുന്ന ആനന്ദവും ചെറുതല്ല.

തളരുമ്പോൾ ചേർത്തുപിടിക്കുക എന്നത് അമൂല്യമാണ്. ഡിപ്രഷൻ അനുഭവിക്കുന്ന നിരവധിയാളുകളുണ്ട് നമുക്ക് ചുറ്റും. വൈകാരികമായി പിന്തുണവേണ്ട സമയത്ത് ഒറ്റപ്പെട്ടുപോയി എന്ന തോന്നൽ ആർക്കും വേണ്ട. നിങ്ങളെ കേൾക്കാൻ ആളുകളുണ്ട്, അടുപ്പമുള്ളവരോട് മനസ്സു തുറന്ന്​ സംസാരിക്കാം... മുൻവിധികളെയും അനാവശ്യ ചിന്തകളെയും പടികടത്താം. നമ്മുടെ സന്തോഷം നമുക്ക് കണ്ടെത്താം. കല്യാണവും പ്രണയവും മനോഹരമാണ്... എന്നാൽ, കോമ്പിനേഷൻ ശരിയാവണം എന്നുമാത്രം...

Tags:    
News Summary - Ameena Sainu Kalarickal life experience and depression

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.