കോവിഡും അടച്ചിരിപ്പും കഴിഞ്ഞൊരു ഓണക്കാലമാണ് വരുന്നത്. ഇത്തവണ മഹാമാരി വെല്ലുവിളിയല്ലെങ്കിലും പേമാരിയാണ് വില്ലൻ. പൂക്കളം തീർക്കലും ഓണക്കളികളും ആഘോഷവുമെല്ലാം ഇത്തവണയും വീടകങ്ങളിലാക്കുന്നതാണ് സുരക്ഷിതം.
പണ്ട് ഓണനാളുകളിൽ ഉണ്ടായിരുന്ന നാടൻ കളികൾ കൂടാതെ വീട്ടുകാർക്കും സുഹൃത്തുക്കൾക്കുമൊപ്പം കളിക്കാനാവുന്ന ഓൺലൈൻ ഗെയിമുകളും നിരവധിയാണ്. നമ്മുടെ നാടൻ കളികളും ഓൺലൈൻ ഗെയിമുകളും പരിചയപ്പെടാം. ഇത്തവണ ഓണം ഗെയിംഫുൾ ആക്കാം.
ഓണത്തിന് കുടുംബത്തോടൊപ്പം ഒത്തുകൂടാനാവാത്തവർക്ക് സൂം പ്ലാറ്റ്ഫോമിൽ കളിക്കാവുന്ന ലളിതമായ ഗെയിമാണിത്. അഞ്ച് ഇമോജികൾ ആദ്യം അയക്കുന്നവർ വിജയികളാവുന്ന ഇ
മോജി ലൈനപ്, ഒരു അക്ഷരം പറഞ്ഞാൽ അതിൽനിന്ന് പരമാവധി വാക്കുകൾ നിർമിക്കുന്ന വേർഡ് ഗെയിം, ഒരാൾ അഭിനയിച്ചു കാണിക്കുന്ന രംഗം ആദ്യം ചാറ്റ് ബോക്സിൽ ടൈപ് ചെയ്ത് കാണിക്കുന്നയാൾ വിജയിക്കുന്ന ഗെയിം, ഓൺലൈനിൽ വളരെ വലുപ്പത്തിൽ സൂം ചെയ്തു വെച്ച ഒരു ചിത്രം സൂം ഔട്ട് ചെയ്യുമ്പോൾ ആ ചിത്രമേതാണെന്ന് ആദ്യം പറയുന്നയാൾ വിജയിക്കുന്ന സൂം ഔട്ട് ഗെയിം തുടങ്ങിയവ സൂം പ്ലാറ്റ്ഫോമിൽ കളിക്കാം.
എക്കാലത്തും മലയാളികളുടെ ഇഷ്ട ഗെയിമാണ് ലുഡോ. ഇപ്പോൾ ഓൺലൈൻ ആപ്പുപയോഗിച്ച് ദൂരെയുള്ള സുഹൃത്തുക്കൾക്കോ വീട്ടിലെ അംഗങ്ങൾക്കോ ഒപ്പം കളിക്കാം. ലുഡോ ബോർഡോ കരുക്കളോ ആവശ്യമില്ലാതെ ഫോണിൽ കളിക്കാനാവും. ഇതിനായി ലുഡോ കിങ് പോലെയുള്ള ആപ്പുകൾ ഉപയോഗിക്കാം.
പഴയ നിധിവേട്ടയെ അനുസ്മരിപ്പിക്കുന്ന ഗെയിമാണിത്. സാധാരണമായി മുങ്ങിയ കപ്പൽ അവശിഷ്ടങ്ങൾ അല്ലെങ്കിൽ കുഴിച്ചിട്ട പുരാതന സാംസ്കാരിക സ്ഥലങ്ങളിലാണ് ഓൺലൈനായി നിധി തിരയുക. വീട്ടിലോ പരിസരത്തോ ഒളിപ്പിച്ച സമ്മാനങ്ങൾ തേടുന്ന ഓഫ് ലൈൻ ട്രഷർ ഹണ്ടും കളിക്കാവുന്നതാണ്.
കേരളത്തിലെ തനതായ കലാരൂപമാണ് പുലികളി അഥവാ കടുവകളി. ഓണത്തിന് കലാകാരന്മാരുടെ ശരീരത്തിൽ കടുവയുടെ വരകളും മുഖംമൂടിയും വെച്ചശേഷം വാദ്യമേളങ്ങൾക്കനുസരിച്ച് നൃത്തം വെക്കുന്നു. കളിത്തോക്കുമായി വേട്ടക്കാരനും ചുവടുവെക്കും. കോവിഡ് കാലത്ത് പുലികളി ഓൺലൈനായി നടത്തിയിരുന്നു. കുടുംബാംഗങ്ങൾക്കും ഇത്തരത്തിൽ കളിക്കാം. വിഡിയോ ടെലിഫോണി സർവിസുകളായ സൂം, ഗൂഗ്ൾ ഡ്യൂ, സ്കൈപ് എന്നിവ ഉപയോഗിച്ച് പുലിയും വേട്ടക്കാരനുമായി ഉഷാറാക്കാം.
ഏറെ ഗൃഹാതുരത്വമുള്ള ഓണക്കളിയാണിത്. അഞ്ചോ ആറോ ആളുകൾക്ക് കളിക്കാം. തെങ്ങോലകൊണ്ടുണ്ടാക്കിയ പന്തുപയോഗിച്ചാണ് കളി. പ്രാദേശികമായി കളിനിയമങ്ങളിൽ മാറ്റമുണ്ട്. സ്റ്റംപ് പോലെ ഒരു കല്ല് (ചൊട്ട) നിലത്ത് കുത്തിനിർത്തി അതിനടുത്തു നിന്നാണ് കളിക്കുന്നത്. ഒരാൾ കളിക്കുമ്പോൾ മറ്റുള്ളവർ മറുപുറത്ത് നിൽക്കും. എറിയുന്ന പന്ത് നിലംതൊടാതെ മറുപുറത്തുള്ളവർ പിടിച്ചെടുത്താൽ കളിക്കാരൻ പുറത്താകും. പിടിച്ചില്ലെങ്കിൽ പന്ത് വീണ സ്ഥലത്തുനിന്ന് സ്റ്റംപിലേക്കെറിയണം. പന്ത് നിലംകുത്തി വരുമ്പോൾ പിടിച്ചെടുത്തിട്ട് ചൊട്ടയിലെറിഞ്ഞു കൊള്ളിച്ചാലും ഒരാളുടെ അവസരം തീരും. അഞ്ചോ ആറോ ആളുകൾക്ക് കളിക്കാം. ഒറ്റക്കൊറ്റക്ക് കളിക്കുന്നതായതുകൊണ്ട് എത്ര പേരെന്നത് പ്രശ്നമല്ല. ആദ്യം ഒരാൾ കളി ആരംഭിക്കുന്നു. ചൊട്ടക്കു മുന്നിൽ പുറംതിരിഞ്ഞുനിന്ന് ഇടതുകൈയിൽനിന്ന് വലതുകൈയിലേക്ക് തട്ടിക്കൊടുത്ത് വലതുകൈകൊണ്ട് തലക്ക് മുകളിലൂടെ 'തലമ്മ ഒന്ന്' എന്നുപറഞ്ഞ് അടിക്കണം. ചുറ്റുഭാഗത്തും പന്ത് പിടിക്കാനിരിക്കുന്നവരുടെ കണ്ണ് വെട്ടിച്ചായിരിക്കണം അടി. പിടിച്ചാൽ ഔട്ട്. പിടിച്ചില്ലെങ്കിൽ പന്ത് വീണ സ്ഥലത്തുനിന്ന് സ്റ്റംപിലേക്കെറിയണം. സ്റ്റംപിൽ തട്ടിയാലും ഔട്ട്. ഇനി കൈയിൽ തട്ടുകയും പിടിക്കാനാവാതെ നിലത്തുവീഴുകയും ചെയ്താൽ സ്റ്റംപിനു നേരെ നിന്ന് എറിയാം. ഔട്ടായില്ലെങ്കിൽ തലമ്മ രണ്ടും ശേഷം മൂന്നും അടിക്കാം. പിന്നീട് മൂന്ന് അടികൾ വീതമുള്ള ഓരോ റൗണ്ടുകളാണ്.
രസകരവും ആവേശവുമായ കളിയാണ് ഉറിയടി. ഒരു കയറിന്റെ അറ്റത്ത് മൺകലത്തോടെ ഉറി കെട്ടിയിടും. കലത്തിനുള്ളിൽ പൂക്കളും സമ്മാനപ്പൊതികളും മിഠായികളും വെക്കാറുണ്ട്. കലം കയറിൽ കെട്ടിത്തൂക്കി അതിന്റെ ഒരറ്റം ഉറിക്കാരൻ നിയന്ത്രിക്കും. കളിയിൽ പങ്കെടുക്കുന്നവർ കണ്ണുകെട്ടി കൈയിലെ വടി ഉപയോഗിച്ച് കലം അടിച്ചുപൊട്ടിക്കണം. ഉറിക്കാരൻ കയർ അയച്ചും മുറുക്കിയും അടി തട്ടാതിരിക്കാൻ ശ്രദ്ധിക്കും. കലം പൊട്ടിക്കുന്നയാളെ വിജയിയായി പ്രഖ്യാപിക്കും. ഉറിക്കുള്ളിലെ സമ്മാനങ്ങൾ വിജയിക്ക് സ്വന്തം. ബ്രേക് ദ പോട്ട് എന്ന പേരിൽ ഓൺലൈനായും നമുക്ക് ഉറിയടിക്കാം.
പ്രധാനമായും വടക്കൻ കേരളത്തിൽ ഓണക്കാലത്ത് കണ്ടുവരുന്ന ആചാരമാണ് ഓണപ്പൊട്ടൻ. മുഖത്ത് ചുവപ്പുനിറം പൂശി കിരീടമണിഞ്ഞ് ഒരു കൈയിൽ മണിയും മറുവശത്ത് ഈത്തപ്പഴം നിറച്ച കൂടയും പിടിച്ച് ഓണപ്പൊട്ടൻ വീട് സന്ദർശിക്കാൻ എത്തും. മാവേലി തന്റെ പ്രജകളെ കാണാനായി തിരുവോണനാളിൽ വീടുകളിൽ വരുന്നതിന്റെ പ്രതീകമായാണ് ഈ ആചാരം. ചെണ്ടയും ഇലത്താളവുമായി രണ്ടുപേർ ഓണപ്പൊട്ടനൊപ്പം ഉണ്ടാകും.
സ്ത്രീകള്‍ക്ക് മാത്രമായിട്ടുള്ള ഓണവിനോദമാണ് കൈകൊട്ടിക്കളി. മുണ്ടും നേര്യതും അണിഞ്ഞ സ്ത്രീകള്‍ വട്ടത്തില്‍ക്കൂടി പാട്ടുപാടി ചുവടുവെച്ച് കളിക്കുന്നതാണ് കൈകൊട്ടിക്കളി.
പുരുഷന്മാരെ ഉദ്ദേശിച്ചുള്ള കളിയാണിത്. ഓണത്തിന് വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തിൽ മത്സര ഇനമായി അമ്പെയ്ത്ത് നടത്താറുണ്ട്. പണ്ടൊക്കെ മരം കൊണ്ട് ഉപയോഗിച്ചിരുന്ന വില്ല് ഇന്ന് ഇരുമ്പിനും പ്ലാസ്റ്റിക്-ഫൈബർ എന്നിവക്കും മറ്റും വഴിമാറിയെങ്കിലും അമ്പെയ്ത്ത് മത്സരത്തിന്‍റെ ഹരം വേറെ തന്നെയാണ്. നിശ്ചിത എണ്ണം അമ്പ് ലക്ഷ്യത്തിലെത്തിക്കുന്നവരാണ് വിജയിക്കുക.
ഏതാണ്ട് വിസ്മൃതിയിലായിക്കൊണ്ടിരിക്കുന്ന ഒരു കേരളീയ വിനോദമാണ് തുമ്പിതുള്ളൽ. ഒരു കളത്തിന്റെ നടുക്ക് പെൺകുട്ടിയെ പൂക്കുലയുമായി (ഇലകളോടു കൂടിയ ചെറിയ മരച്ചില്ലകളുമാവാം) നിർത്തും. ചുറ്റും നിൽക്കുന്നവർ പ്രത്യേക ഗാനങ്ങൾ ആലപിച്ചും മൃദുവായി അടിച്ചും ആ പെൺകുട്ടിയെ വലംവെക്കും. ഗാനത്തിന്റെ വേഗം വർധിക്കുന്നതിനനുസരിച്ച് കുട്ടി തുമ്പിയെപ്പോലെ തുള്ളിത്തുടങ്ങും
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.