വികാരങ്ങൾ മനുഷ്യജീവിതത്തിലെ ഒഴിവാക്കാനാകാത്ത ഘടകങ്ങളാണ്. പരിണാമത്തിെൻറ വഴികളിൽ മൃഗങ്ങളുടേതിൽനിന്ന് വ്യത്യസ്തരായി ഉയർന്നുവന്നതോടൊപ്പം വികാരനിയന്ത്രണം എന്ന സവിശേഷമായ നിപുണതകൂടി മനുഷ്യർ ശീലിച്ചു. സമൂഹജീവിയെന്ന നിലയിലുള്ള മനുഷ്യരുടെ ഉന്നമനത്തെ വികാരങ്ങളും അവയുടെ നിയന്ത്രണവും സാരമായിത്തന്നെ സ്വാധീനിക്കുന്നുണ്ട്.
വികാരനിയന്ത്രണമെന്നത് വളർന്നുവന്ന സാഹചര്യങ്ങളുടെയും വ്യക്തിപരമായ പ്രത്യേകതകളുടെയും ചുറ്റുപാടുകളുടെയും സ്വാധീനത്തിൽ ഉടലെടുക്കുന്ന ഒന്നാണ്. എന്നാൽ, ചില സമയങ്ങളിൽ, ചില വ്യക്തികളിൽ വികാരനിയന്ത്രണം തകരാറിലാകുകയും തൽഫലമായി വൈകാരിക തകരാറുകളും അനുബന്ധ പെരുമാറ്റപ്രശ്നങ്ങളും പ്രകടമാകുകയും ചെയ്യാറുണ്ട്. പലതരം ശാരീരിക രോഗങ്ങൾ മുതൽ വിഷാദവും ഉത്കണ്ഠയും പോലുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ വരെ വൈകാരിക അസന്തുലിതാവസ്ഥ സംജാതമാക്കാറുണ്ട്.
ഹാർവഡിലെ വാറെൻ അനാട്ടമിക്കൽ മ്യൂസിയത്തിൽ ഒരു തുളവീണ തലയോട്ടി സൂക്ഷിച്ചിട്ടുണ്ട്! ഫിനിയസ് പി. ഗേജിെൻറ തലയോട്ടി!
1848ൽ കാവെൻഡിഷിലെ റെയിൽ റോഡ് ജോലിക്കാരനായിരുന്നു 25കാരനായ ഗേജ്. പാറ പൊട്ടിക്കാനായി വെടിമരുന്നിട്ട് അതിനുമുകളിൽ മണൽ നിറക്കുമ്പോഴാണ് അതിനുപയോഗിച്ചിരുന്ന ഇരുമ്പുദണ്ഡ് ആ ചെറുപ്പക്കാരെൻറ ഇടതുകവിൾ തുളച്ച് തലക്കു മുകളിലൂടെ പുറത്തുവന്നത്. അപ്രതീക്ഷിത സ്ഫോടനമായിരുന്നു ഇരുമ്പുദണ്ഡിന് ഗേജിെൻറ തലച്ചോറ് പിളർത്താനുള്ള പ്രവേഗം നൽകിയത്. മരിച്ചില്ലെങ്കിലും തലച്ചോറിെൻറ ഇടതു ഫ്രോണ്ടൽ ദളത്തിന് കേടുപാടുണ്ടാക്കിയ ഈ അപകടത്തിനുശേഷം ഗേജിെൻറ പെരുമാറ്റത്തിലും രീതികളിലും വളരെയധികം മാറ്റംവന്നു. പരിചയക്കാർ 'അയാളിപ്പോൾ ഗേജേയല്ല' എന്ന് പറഞ്ഞുതുടങ്ങി. ആരുമായും ഒത്തുപോകാത്ത, ഒരു നിയന്ത്രണവുമില്ലാത്ത, അക്രമാസക്തിയും അതിവൈകാരികതയും നിറഞ്ഞ മൃഗതുല്യനായ ഗേജിനെയാണ് അവർ പിന്നീട് കണ്ടത്. ഗേജിനെ നിരീക്ഷിച്ച ഭിഷഗ്വരന്മാരുടെ പല അനുമാനങ്ങളും മനുഷ്യമസ്തിഷ്കത്തിെൻറ ധർമങ്ങളെക്കുറിച്ച് എക്കാലവും പ്രസക്തമായവയായിരുന്നു. തലച്ചോറും വികാരങ്ങളും വ്യക്തിത്വവും എങ്ങനെയാണ് ബന്ധപ്പെട്ടുകിടക്കുന്നത് എന്ന രഹസ്യത്തിലേക്കുള്ള വഴികാട്ടാൻ ഗേജിെൻറ പെരുമാറ്റരീതികളും മസ്തിഷ്കവും ഒട്ടൊന്നുമല്ല വൈദ്യലോകത്തെ സഹായിച്ചത്!
ഇന്നും വികാരങ്ങളുടെയും വികാരനിയന്ത്രണത്തിെൻറയും വൈകാരിക തകരാറുകളുടെയും രഹസ്യങ്ങളെല്ലാം നമുക്കുമുന്നിൽ വെളിവാക്കപ്പെട്ടിട്ടില്ലെങ്കിലും വികാരങ്ങളെ ഉലക്കുന്ന പല രോഗാവസ്ഥകളും അവയുടെ നിയന്ത്രണവും ചികിത്സയും ഇന്ന് നമുക്ക് വഴിപ്പെട്ടുകഴിഞ്ഞു. വികാരങ്ങളുടെ കെട്ടുപൊട്ടിക്കുന്ന ചില രോഗാവസ്ഥകളെ അറിയാം.
സന്തോഷവും സങ്കടവുമാണ് നമുക്കേറ്റവും പരിചിതമായ വികാരങ്ങൾ. സന്തോഷം കണ്ടെത്താനുള്ള തത്രപ്പാടിലാണ് നാമോരോരുത്തരും. സന്തോഷവും സങ്കടവും ഒളിച്ചുകളി നടത്തുന്ന രോഗാവസ്ഥകളാണ് മൂഡ് ഡിസോർഡറുകൾ. തുടക്കത്തിലേ ചികിത്സിച്ചാൽ വരുതിയിൽ നിർത്താവുന്ന രോഗാവസ്ഥകളാണിവ.
സങ്കടം അണപൊട്ടിയൊഴുകുന്ന രോഗാവസ്ഥയാണ് വിഷാദരോഗം. രണ്ടാഴ്ചയിലധികം നീളുന്ന സങ്കടഭാവം, ആസ്വദിച്ചുചെയ്തിരുന്ന പ്രവൃത്തികളോടുപോലും താൽപര്യമില്ലായ്മ, തീവ്രമായ ക്ഷീണം എന്നിവയാണ് വിഷാദത്തിെൻറ പ്രധാന ലക്ഷണങ്ങൾ. അശുഭ ചിന്തകൾ, കുറ്റബോധം, ശ്രദ്ധപ്പതർച്ചകൾ, ആത്മവിശ്വാസക്കുറവ്, ആത്മഹത്യപ്രവണത, വിശപ്പിലും ഉറക്കത്തിലും ശരീരഭാരത്തിലുമുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ, ലൈംഗിക താൽപര്യക്കുറവ്, വിഷാദഭാവത്തിനുണ്ടാകുന്ന രാപ്പകൽ വ്യതിയാനങ്ങൾ ഇവയെല്ലാം അകമ്പടി ലക്ഷണങ്ങളാണ്. രോഗത്തിെൻറ തീവ്രാവസ്ഥയിൽ സൈക്കോട്ടിക് ലക്ഷണങ്ങളായ ഡെല്യൂഷൻ, ഹാലൂസിനേഷൻ എന്നിവയും കാണാറുണ്ട്. പൊതുസമൂഹത്തിൽ 30 ശതമാനത്തോളം പേരിൽ കണ്ടുവരുന്ന ഈ രോഗാവസ്ഥ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ രണ്ടുമടങ്ങ് കൂടുതലാണ്. മികച്ച ചികിത്സാരീതികൾ ലഭ്യമാണെങ്കിലും രോഗം തിരിച്ചറിയാത്തതുമൂലവും രോഗലക്ഷണങ്ങൾ സാഹചര്യപരമാണെന്ന മുൻവിധി മൂലവും പലരും കഷ്ടതയനുഭവിക്കാറുണ്ട്. അസുഖം എപ്പിസോഡുകളായി കൂടക്കൂടെ വരാനുള്ള സാധ്യതയും ഇതുമൂലം വർധിക്കുന്നു.
ബൈപോളാർ ഡിസോർഡർ
സന്തോഷം കൈവിട്ടുപോകുന്ന അവസ്ഥയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? കുറച്ചുനാൾ ആനന്ദത്തിെൻറ പരകോടിയിലും വേറെ കുറച്ചുനാൾ വിഷാദത്തിെൻറ പടുകുഴിയിലും ചെന്നെത്തുന്ന സാഹചര്യം ഊഹിക്കാനാവുമോ? ഇങ്ങനെ വിഷാദവും ഉന്മാദവും (mania) മാറിമാറിയോ ഉന്മാദാവസ്ഥകൾ മാത്രമായോ പ്രകടമാകുന്നതാണ് ബൈപോളാർ ഡിസോർഡർ. ജീവിതകാലഘട്ടത്തിൽ പലതവണ അസുഖം തലപൊക്കാം. ഉന്മാദാവസ്ഥയിൽ സന്തോഷമോ ദേഷ്യമോ കൂടിയും സംസാരവും ആത്മവിശ്വാസവും പരിധി കവിഞ്ഞും കാണപ്പെടുന്നു. വേണ്ടതിലും വേണ്ടാത്തതിലും കയറിയിടപെട്ടും സാധാരണയിൽ കവിഞ്ഞ് പണം ചെലവാക്കിയോ ദാനം നൽകിയോ അണിഞ്ഞൊരുങ്ങിയോ ഒക്കെയും ഒരേസമയം പലപല ആശയങ്ങൾ നടപ്പാക്കാൻ ശ്രമിക്കുകയോ സാഹസിക പ്രവൃത്തികളിൽ ഏർപ്പെടുകയോ ലൈംഗികതാൽപര്യം കൂടുതലായി പ്രകടിപ്പിക്കുകയോ ചെയ്തും മറ്റും തെൻറ രോഗാവസ്ഥ മറ്റുള്ളവർക്കു മുന്നിലവർ തുറന്നുകാണിക്കും. ഓരോ എപ്പിസോഡും മാസങ്ങൾ നീണ്ടുനിൽക്കാം. രോഗം വീണ്ടും വീണ്ടും വരാതെ കാക്കാനായി മൂഡ് സ്റ്റബിലൈസർ മരുന്നുകൾ ദീർഘകാലം കഴിക്കേണ്ടിവരും. ബൈപോളാർ രോഗലക്ഷണങ്ങൾ ആദ്യമായി കാണപ്പെടുക അധികവും കൗമാരകാലത്താണ്.
ഉത്കണ്ഠയും പകപ്പുമെല്ലാം നിത്യജീവിതത്തിെൻറ ഭാഗമാണ്. പുതിയ ചുറ്റുപാടുകളും പ്രവചനാതീതമായ സാഹചര്യങ്ങളും അപ്രതീക്ഷിതമായ ജീവിതാനുഭവങ്ങളും എന്ന് വേണ്ട, ഉത്കണ്ഠ നിറക്കുന്ന അനുഭവങ്ങൾ പലതാണ്. പലപ്പോഴും ഉത്കണ്ഠ ജീവിതത്തിെൻറ ഗുണനിലവാരം ഉയർത്താൻ സഹായിക്കുമെങ്കിലും ചില അവസരങ്ങളിലെങ്കിലും രോഗാവസ്ഥയുടെ രൂപം കൈക്കൊള്ളും. ഈ രോഗാവസ്ഥകൾക്ക് പ്രാരംഭദശയിലേ ചികിത്സ വേണം. ഉത്കണ്ഠാ ലക്ഷണങ്ങൾ തടയാനുള്ള മരുന്നുകളും റിലാക്സേഷന് വ്യായാമങ്ങളും സൈക്കോതെറപ്പികളുമെല്ലാം ചികിത്സാമാർഗങ്ങളിൽ ചിലതാണ്. ചില ഉത്കണ്ഠാരോഗങ്ങളെ പരിചയപ്പെടാം
എന്തിനും ഏതിനും പരിഭ്രമവും പകപ്പും ഉണ്ടാകുന്ന ജനറലൈസ്ഡ്
ആങ്സൈറ്റി ഡിസോർഡർ അഥവാ ജി.എ.ഡി സാധാരണയാണ്. മിക്കപ്പോഴും ഇക്കൂട്ടരുടെ ഉത്കണ്ഠക്ക് വ്യക്തമായ കാരണമോ അടിസ്ഥാനമോ ഉണ്ടാകണമെന്നില്ല. എപ്പോഴും എന്തിനും ബേജാറുമായി നടക്കുന്ന ഇവർ പലപ്പോഴും വരാൻ സാധ്യതയുള്ള അനിഷ്ടസംഭവങ്ങളെക്കുറിച്ചോർത്തും ചകിതരായിരിക്കും. സമാധാനത്തോടെ ജീവിക്കുക ഇവരെ സംബന്ധിച്ചിടത്തോളം വെറും സ്വപ്നം മാത്രമായിരിക്കും.
ഉത്കണ്ഠയുണർത്തുന്ന രോഗങ്ങളിലെ പ്രബലനായ അംഗമാണ് ഒ.സി.ഡി. കൂടക്കൂടെ തികട്ടിവരുന്ന, അപ്രിയമായ, സ്വന്തമെന്നു തിരിച്ചറിയുകയും അസ്വസ്ഥതയുണ്ടാക്കുന്നതിനാൽ അമർത്തിവെക്കാൻ രോഗി ശ്രമിക്കുകയും ചെയ്യുന്ന നിയന്ത്രണാതീതമായ ചിന്തകളാണിവിടെ (obsession) വില്ലൻ. ഈ ചിന്തകളെ തടയാൻ ശ്രമിക്കുമ്പോഴവർ പരാജയപ്പെടുകയും ചെയ്യും. അങ്ങനെ അവയുണ്ടാക്കുന്ന ഉത്കണ്ഠയൊഴിവാക്കാനുള്ള മാർഗമായി കംപൽഷനുകൾ എന്നറിയപ്പെടുന്ന ആവർത്തിച്ച് ചെയ്യുന്ന ചില പ്രവൃത്തികൾ സ്വീകരിക്കുന്നു. കിടക്കും മുന്പ് ഗ്യാസ് നോബ് അടച്ചോ എന്ന ചിന്തവരുന്ന വീട്ടമ്മ രണ്ടും മൂന്നും തവണ അത് ചെക്ക് ചെയ്യുന്നത് ഒബ്സഷനും കംപൽഷനും ഉദാഹരണമാണ്. വ്യക്തിയുടെ നിത്യജീവിതത്തെ താളംതെറ്റിക്കുമ്പോഴാണ് ഇതിനെയൊരു രോഗാവസ്ഥയായി ഗണിക്കുന്നത്. ഒബ്സഷനുകളും കംപൽഷനുകളും പലവിധമുണ്ട്. പ്രാർഥനാസമയത്ത് തോന്നുന്ന ദൈവദോഷചിന്തകൾ, മക്കളോടോ മാതാപിതാക്കളോടോ തോന്നുന്ന ലൈംഗികതാൽപര്യങ്ങൾ, കൈകാലുകളോ മറ്റു ശരീരഭാഗങ്ങളോ വൃത്തിഹീനമാണെന്ന ഭീതി, തനിക്കോ താൻമൂലം മറ്റുള്ളവർക്കോ അപകടം സംഭവിക്കുമോയെന്ന സംശയം എന്നിങ്ങനെ ഒരു നീണ്ടനിര തന്നെ കാണപ്പെടാറുണ്ട്. കംപൽഷനുകളാകട്ടെ എണ്ണം പറഞ്ഞു ചെയ്യുന്ന പ്രാർഥനകൾ, വീണ്ടും വീണ്ടുമുള്ള പരിശോധനകളും ഉറപ്പുവരുത്തലുകളും, അടുക്കിവെക്കലുകൾ, വൃത്തിയാക്കലുകൾ എന്നിങ്ങനെ നിരവധിയാണ്.
ഫോബിയകൾ
ഏതെങ്കിലും വസ്തുവിനോടോ സാഹചര്യത്തോടോ പ്രവൃത്തിയോടോ ഉണ്ടാകുന്ന അകാരണവും ന്യായീകരിക്കാനാവാത്തതുമായ ഭയത്തെയാണ് ഫോബിയകൾ എന്നുപറയുന്നത്. സൂര്യനുകീഴെയുള്ള എന്തും സൂര്യനും ഫോബിയയുണ്ടാക്കാം. മിക്കപ്പോഴും ഈ ഭയം, രോഗികൾക്ക് വളരെയധികം ദുരിതമുണ്ടാക്കുമെങ്കിലും ഭയപ്പെടുന്ന വസ്തുവിെൻറ 'ഭീകരത'യോട് ഒട്ടും ആനുപാതികമായിരിക്കില്ല. തങ്ങളുടെ ഭയം ന്യായീകരിക്കാനാവാത്തതാണെന്ന തിരിച്ചറിവ് രോഗികൾക്കുണ്ടാവുമെങ്കിലും ആ ഭയത്തെ ചെറുത്തുനിൽക്കാൻ അവർക്ക് സാധിക്കില്ല. മാത്രമല്ല, ഭീതിയുടെ ഹേതുവിൽനിന്നും കഴിയുന്നത്ര ഒഴിഞ്ഞുമാറി നടക്കാനും അവർ ശ്രമിക്കും. ഈ മുൻവിധി കാലക്രമത്തിൽ അവരെ സ്വൈരജീവിതത്തിൽനിന്ന് അകറ്റിനിർത്തും.
അഗോറാഫോബിയ: കയറിപ്പറ്റിയാൽ പുറത്തുകടക്കാനോ രക്ഷപ്പെടാനോ എളുപ്പമല്ലാത്ത സ്ഥലങ്ങളോടോ സാഹചര്യങ്ങളോടോ ഉള്ള അകാരണ ഭയമായ 'അഗോറാഫോബിയ' ഇവയിൽ പ്രധാനമാണ്. തിരക്കുള്ള തുറന്ന സ്ഥലങ്ങളോ പൊതുവാഹനങ്ങളോ മാളുകളോ എല്ലാം അഗോറാഫോബിയയെ ഉണർത്തിവിടാം.
സോഷ്യൽ ഫോബിയ: സാമൂഹിക ഇടപെടലുകൾ അസാധ്യമാക്കുന്ന 'സോഷ്യൽ ഫോബിയ'യാണ് മറ്റൊരു പ്രധാനി. പൊതുവേദികളിൽ സംസാരിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും ഗ്രൂപ്പുകളിൽ ഇടപെടുന്നതിനും അപരിചിതരോട് സംസാരിക്കുന്നതിനും എല്ലാം ഇത്തരക്കാർക്ക് ബുദ്ധിമുട്ടനുഭവപ്പെടുകയും അവയിൽനിന്നവർ ഒഴിഞ്ഞുമാറുകയും ചെയ്യും.
സ്പെസിഫിക് ഫോബിയ: ഈ ഗ്രൂപ്പിൽ എന്തിനോടുള്ള ഫോബിയയും വരാം. ഉയരങ്ങളോടുള്ള ഭയമായ അക്രോഫോബിയ മുതൽ ഇടിമിന്നലിനോടുള്ള 'അസ്ട്രാഫോബിയ', രക്തത്തിനോടുള്ള 'ഹീമോഫോബിയ', പൂച്ചകളോടുള്ള 'ഐലുറോഫോബിയ' എന്നിവയടക്കമുള്ള സാധാരണമായ ഫോബിയകൾ മുതൽ പുസ്തകങ്ങളോടുള്ള 'ബിബിളിയോഫോബിയ' പോലുള്ള അപൂർവ ഫോബിയകളും നിലവിലുണ്ട്.
ഉത്കണ്ഠയുടെ തീവ്രനിമിഷങ്ങൾ സമ്മാനിക്കുന്ന പാനിക് ഡിസോർഡർ ഇരുപതുകളിൽ തുടങ്ങുകയും ശ്രദ്ധിച്ചില്ലെങ്കിൽ ആജീവനാന്ത സഹചാരിയുമായിത്തീരുകയും ചെയ്യാവുന്ന രോഗാവസ്ഥയാണ്. പൊതുവെ കടുത്ത വൈകാരിക പ്രതിസന്ധിഘട്ടങ്ങളിൽ മാത്രം കാണാറുള്ള പാനിക് അറ്റാക്ക് പ്രത്യേകിച്ച് കാരണമോ പ്രേരകങ്ങളോ ഒന്നുമില്ലാതെ അടിക്കടിയുണ്ടാകുന്നതാണ് ഇതിെൻറ പ്രധാന ലക്ഷണം. കൂടിവരുന്ന നെഞ്ചിടിപ്പ്, മസിലുകൾ വലിഞ്ഞുമുറുകൽ, വിയർപ്പ്, ശ്വാസതടസ്സം, നെഞ്ചിൽ ഭാരം കയറ്റിെവച്ചപോലെയോ വലിഞ്ഞുമുറുകുന്നപോലെയോ ഉള്ള തോന്നൽ, വായും തൊണ്ടയും വരണ്ടുണങ്ങിയപോലെയും വയറിനകത്ത് ഇളകിമറിയുന്ന പോലെയുമുള്ള അനുഭവം, ഭയം, റിലാക്സ് ചെയ്യാനും ശ്രദ്ധ ഒരിടത്ത് കേന്ദ്രീകരിക്കാനുമാകാത്ത അവസ്ഥ, അസ്വസ്ഥതയുളവാക്കുന്ന ചിന്തകൾ, സമനില തെറ്റിപ്പോകുമോ മരണം സംഭവിക്കുമോ തുടങ്ങിയ ആശങ്കകൾ, കൈകാൽ വിറയൽ, വിരലുകൾ തണുത്തുപോകൽ, ഇരിപ്പുറക്കായ്ക തുടങ്ങി പലപ്പോഴും ഹാർട്ട് അറ്റാക്കിനെ അനുകരിക്കുന്ന രീതിയിലായിരിക്കും പാനിക് അറ്റാക്കുകൾ വരുന്നത്. മാസങ്ങളോളം ഈയനുഭവത്തിലൂടെ കടന്നുപോകുന്ന രോഗിക്ക് അടുത്ത അറ്റാക്കിനെയും പ്രതീക്ഷിച്ച് ആകുലപ്പെടാൻ മാത്രമേ നേരമുണ്ടാവൂ. വ്യക്തിജീവിതത്തിലും സാമൂഹിക ഇടപെടലുകളിലുമെല്ലാമത് സർവനാശം വിതക്കും.
മനസ്സിെൻറ നിയന്ത്രണം ഏറക്കുറെ കൈവിട്ടുപോകുന്ന രോഗാവസ്ഥകളാണ് സൈക്കോസിസുകൾ. തീവ്രമായ പേടിയും ഉത്കണ്ഠയും സങ്കടവും പലവിധ വിചിത്രാനുഭവങ്ങളുമെല്ലാം ഇവയുടെ മുഖമുദ്രയാണ്. തീവ്ര മനോരോഗങ്ങളുടെ ഗണത്തിൽപെട്ടവയാണിവ. ദീർഘകാലം രോഗം നീളുമ്പോൾ നിർവികാരാവസ്ഥയും ഇവരിലുണ്ടാകാറുണ്ട്. ഇത്തരം രോഗങ്ങൾക്ക് ഫലപ്രദമായ മരുന്നുകൾ ലഭ്യമാണിന്ന്. സൈക്യാട്രി മരുന്ന് ഒരിക്കൽ കഴിച്ചാൽ ജീവിതകാലം മുഴുവൻ കഴിക്കേണ്ടിവരും എന്ന അബദ്ധധാരണ ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് സൈക്കോട്ടിക് രോഗികളെയാണ്. രോഗാരംഭത്തിൽതന്നെ വേണ്ടചികിത്സ ലഭിക്കാതെ ശിഷ്ടജീവിതം മുഴുവൻ നരകിക്കേണ്ടിവരാറുണ്ട് പലർക്കും. 30 ശതമാനം രോഗികളിലും രോഗം പൂർണമായും ഭേദമാകാറുണ്ട്. വൈകാരിക ലക്ഷണങ്ങൾ പ്രകടമായ ചില സൈക്കോട്ടിക് രോഗാവസ്ഥകളെ അറിയാം:
മനോരോഗങ്ങളിൽ െവച്ചേറ്റവും തീവ്രവും ദുരൂഹത നിറഞ്ഞതുമാണിത്. 'ഡെല്യൂഷൻ' എന്നറിയപ്പെടുന്ന മിഥ്യാവിശ്വാസങ്ങൾ, 'ഹാലൂസിനേഷൻ' എന്നറിയപ്പെടുന്ന നേരല്ലാത്ത പഞ്ചേന്ദ്രിയാനുഭവങ്ങൾ, ചിന്തകളുടെ ഒഴുക്കിനുണ്ടാകുന്ന തകരാറുകൾ, സംഭാഷണത്തിലതുണ്ടാക്കുന്ന വ്യതിയാനങ്ങൾ, സംസാരത്തിലും ചലനങ്ങളിലുമുള്ള ചുറുചുറുക്കും വൈകാരിക ഭാവങ്ങളിലുള്ള സ്വാഭാവികതയും കൈമോശം വരുക, ഉൾവലിയാനുള്ള പ്രവണത എന്നിവയെല്ലാം രോഗലക്ഷണങ്ങളാണ്. നൂറിലൊരാൾക്കെന്ന തോതിൽ കണ്ടുവരുന്ന ഈ രോഗാവസ്ഥ പ്രകടമാകാൻ തുടങ്ങുന്നത് കൗമാരകാലത്താണ്. തുടക്കത്തിലേ തിരിച്ചറിഞ്ഞ് ചികിത്സിച്ചില്ലെങ്കിൽ ജീവിതത്തെ താളംതെറ്റിക്കുന്ന മാറാവ്യാധിയായിത്തീരുമിത്. സംശയങ്ങൾ, പേടി, അശരീരി കേൾക്കൽ, ചിന്തകളും പ്രവൃത്തികളും മറ്റാരാലോ നിയന്ത്രിക്കപ്പെടുന്നുണ്ടെന്ന വിശ്വാസം, സാമൂഹിക സമ്പർക്കത്തിൽനിന്ന് ഒഴിഞ്ഞുമാറൽ എന്നിങ്ങനെ യാഥാർഥ്യബോധവും ഉൾക്കാഴ്ചയും നഷ്ടമായി അലഞ്ഞുനടക്കുന്ന അവസ്ഥയിൽ വരെ രോഗി എത്തിപ്പെടാം.
പങ്കാളിയുടെ ചാരിത്ര്യത്തെയോ, വ്യക്തിവിരോധംമൂലം തന്നെ നശിപ്പിക്കാനൊരുമ്പെടുന്ന അയൽക്കാരനെയോ, തന്നെ ബാധിച്ച മാരകമായ രോഗാവസ്ഥയെയോ, തന്നെ മോഹിക്കുന്ന സിനിമാതാരത്തെയോ, ദേഹമാസകലം ഇഴഞ്ഞു നടക്കുന്ന ചെറിയ പ്രാണികളെയോ ഒക്കെക്കുറിച്ചുള്ള ആഴത്തിൽ വേരൂന്നിയ മിഥ്യാധാരണകളാണ് പൊതുവെ സംശയരോഗമെന്നറിയപ്പെടുന്ന ഈയവസ്ഥയുടെ മുഖമുദ്ര. ചിലർക്ക് ഒപ്പം വിഷാദരോഗവും കണ്ടുവരുന്നു. നേരത്തേ കണ്ടെത്തി കൃത്യമായി ചികിത്സിച്ചാൽ സാധാരണജീവിതം സാധ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.