''അല്ല, ഓണായിട്ടെന്താ പരിപാടി...?''
''എന്ത്, പതിവുപോലെ തന്നെ... പൂക്കളോം സദ്യേം പായസോം അങ്ങനെ...''
''അതല്ല... ഓണായിട്ടെന്താ നമുക്കൊന്ന് 'കൂടണ്ടേ'?''
ഓണക്കാലമായാൽ ശരാശരി മലയാളികളുടെ സംഭാഷണമാണിത്...
ഓണമെന്നത് ആഘോഷങ്ങളുടേതു മാത്രമല്ല, കൂട്ടായ്മയുടെ കൂടി ഉത്സവമാണെന്ന് നമുക്കറിയാം. വിദേശരാജ്യങ്ങളിലുള്ളവരും അന്യനാടുകളിലുള്ളവരും കുടുംബക്കാരും കൂട്ടുകാരുമെല്ലാം ഒത്തുചേർന്ന് ആഘോഷിക്കുന്നതായിരുന്നു കുറച്ചു കാലം മുമ്പുവരെ നമ്മുടെ ഓണം. എന്നാൽ, അടുത്ത കാലങ്ങളിലായി ഓണം ഒരു വിഭാഗത്തിന് 'കൂടാൻ' ലൈസൻസുള്ള ആഘോഷമായി. ഓരോ ഓണക്കാലത്തും മലയാളികൾ കുടിച്ചുതീർക്കുന്നത് കോടിക്കണക്കിന് രൂപയുടെ മദ്യമാണ്. ഓണം കഴിഞ്ഞ് ഒരുമാസത്തിനുള്ളിൽ പലപ്പോഴും ഈ കണക്കുകൾ പുറത്തുവിടാറുമുണ്ട്. എല്ലാകാലത്തും ഓണത്തിന് റെക്കോഡ് മദ്യവിൽപനയാണ്. അടുത്തകാലത്തായി അതിന്റെ കണക്കുകൾ വല്ലാതെ കൂടി.
ഓണമെന്നു മാത്രമല്ല, മിക്ക വീടുകളിലെയും കൊച്ചുകൊച്ച് ആഘോഷങ്ങളിൽ പോലും മദ്യം കടന്നുകൂടിയിട്ടുണ്ട്. എന്തിന് കുഞ്ഞിന്റെ നൂലുകെട്ടലിനും ഒന്നാം പിറന്നാളിനും വരെ മദ്യം വീടുകളിൽ വിളമ്പുന്നു. വിവാഹമാണെങ്കിൽ പറയുകയും വേണ്ട. വിവാഹത്തിന് മദ്യപാനത്തിനായി മാത്രം വേറെ ഫണ്ട് തന്നെ കണ്ടെത്തേണ്ട സ്ഥിതിയാണ് മിക്ക വീടുകളിലും.
വിവാഹവേളകളിൽ ഒരു മുറി മദ്യപാനത്തിനുവേണ്ടി മാറ്റിയെടുക്കാറുണ്ട്. ഭക്ഷണം കൊടുക്കേണ്ട പോലെ തന്നെ മദ്യം വിളമ്പുന്നതും നിർബന്ധമാക്കി പലയിടത്തും. പണ്ടൊക്കെ ഒളിച്ചും പാത്തും ചെയ്തിരുന്ന മദ്യസേവകൾക്ക് ഇന്ന് കുറച്ചധികം മാന്യത കൈവന്നു. ഇങ്ങനെ കൊച്ചുകൊച്ചു കുടുംബാഘോഷങ്ങളിൽ വരെ മദ്യം വിളമ്പുന്ന സംസ്‌കാരം വല്ലാതെ നമ്മുടെ നാട്ടിൽ പടർന്നുകഴിഞ്ഞു. അതിന്റെ കുറെക്കൂടി വിപുലമായ രീതിയിലുള്ള പ്രകടനമാണ് ഓണമടക്കമുള്ള ആഘോഷങ്ങളിൽ നാം കാണുന്നത്.
സംസ്ഥാനത്ത് ഓണനാളുകളിലെ മദ്യവിൽപനയിൽ എല്ലാതവണയും റെക്കോഡ് വർധനയാണ്. ബെവ്‌കോ, കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകൾ വഴി ഓണനാളുകളിൽ കോടികളുടെ മദ്യമാണ് വിറ്റുപോകുന്നത്.
2021ലെ ഉത്രാടദിനത്തിൽ മാത്രം ബെവ്‌കോ ഔട്ട്ലെറ്റുകളിൽ നടന്നത് 78 കോടി രൂപയുടെ മദ്യ വിൽപനയാണ്. ഉത്രാടദിനത്തിൽ തിരുവനന്തപുരം പവർഹൗസ് റോഡിലെ ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതൽ മദ്യം വിറ്റത്. ഒറ്റ ദിവസംകൊണ്ട് ഇവിടെ വിറ്റത് ഒരുകോടി നാലുലക്ഷം രൂപയുടെ മദ്യമാണ്. കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകൾ വഴി ഉത്രാടദിനത്തിൽ മാത്രം 12 കോടി രൂപയുടെ മദ്യം വിറ്റപ്പോൾ ഓണനാളുകളിലെ 10 ദിവസങ്ങളിലായി 55 കോടി രൂപയുടെ വിൽപനയും നടന്നു.
മൊത്തത്തിൽ 500 കോടിയിലേറെ രൂപയുടെ വിൽപന നടന്നെന്നാണ് അനൗദ്യോഗിക കണക്ക്. അതിനുമുമ്പത്തെ വർഷം ബെവ്കോ ടോക്കൺ വഴി എട്ടു ദിവസം നടന്നത് 179 കോടി രൂപയുടെ മാത്രം വിൽപനയായിരുന്നു.179 കോടിയിൽനിന്നാണ് 500 കോടിയിലേക്ക് ഒരു വർഷംകൊണ്ട് വിൽപന വർധിച്ചത്. ബാറുകളിലെ പാർസൽ വിൽപനയുടെ കണക്ക് ലഭ്യമല്ല. ഇതുകൂടി വരുമ്പോൾ കണക്ക് വീണ്ടും ഉയരും. 2019ൽ 487 കോടി രൂപയുടെ മദ്യമാണ് ഓണനാളുകളിൽ ബെവ്‌കോ വിറ്റത്.
മദ്യമില്ലാതെ ഒരു ആഘോഷമില്ല എന്ന സങ്കൽപം ബോധപൂർവം മലയാളിയുടെ പൊതുബോധത്തിൽ വല്ലാതെ വളർന്നുകഴിഞ്ഞു. അല്ലെങ്കിൽ അതിനെ അങ്ങനെ വളർത്തിക്കഴിഞ്ഞുവെന്നുവേണം പറയാൻ. ഓണമായാൽ വീടുകളിൽ രണ്ടുതരമാണ് ആഘോഷം. ഒന്ന് കുടിച്ച് ആഘോഷിക്കുന്നവരും അല്ലാത്തവരും.
മദ്യപിച്ച് ആഘോഷിക്കുന്നവർ അവരുടെ ലഹരിയുടെ ലോകത്ത് ആറാടുമ്പോൾ ബാക്കിയുള്ളവർ ആർക്കോ വേണ്ടി ആഘോഷിക്കേണ്ടിവരുന്നതും യാഥാർഥ്യമാണ്. ഒരു കുടുംബത്തിന്റെ മുഴുവൻ ആഘോഷങ്ങളുടെ സന്തോഷമാണ് മദ്യപിക്കുന്നവർ കുറക്കുന്നത്. ഇത്തരം സ്വാർഥമായ ഉല്ലാസം തേടൽ പല വീടുകളിലും സംഘർഷത്തിലേക്കാണ് നയിക്കുന്നത്.
ഒരു വീട്ടിൽ രണ്ടുരീതിയിൽ ആഘോഷങ്ങൾ നടക്കുമ്പോൾ സ്വാഭാവികമായും അതിൽ ഒരുകൂട്ടർക്ക് അസ്വസ്ഥതയുണ്ടാക്കുമെന്ന് ഉറപ്പാണ്. അത് മദ്യപിക്കാതെ ഒഴിഞ്ഞുനിൽക്കുന്ന സ്ത്രീകൾ, കുട്ടികൾ എന്നിവരിലായിരിക്കും കൂടുതലും. എന്തെങ്കിലും ചെറിയ കാര്യത്തിന് ഒന്നും രണ്ടും പറഞ്ഞ് അത് വാക്കേറ്റത്തിലേക്കും വഴക്കിലേക്കും അവിടെനിന്ന് കൈയാങ്കളിയിലേക്കും വരെ കാര്യങ്ങൾ എത്തിക്കും. ഓണക്കാലത്ത് വലിയരീതിയിൽ ഗാർഹിക പീഡനങ്ങൾ നടക്കാറുണ്ട്. അതിൽ ഭൂരിഭാഗവും മദ്യപാനത്തിന്റെ പേരിലായിരിക്കുമെന്ന് മാത്രം.
കേരളത്തിലെ 61 ശതമാനം കുടുംബങ്ങളിലും സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ നടക്കുന്നതായാണ് കണക്ക്. നാട്ടിൽ നടക്കുന്ന കുറ്റകൃത്യങ്ങളിൽ നല്ലൊരു ശതമാനം നടക്കുന്നതും മദ്യലഹരിയിലാണ്. കൊലപാതകങ്ങളിൽ 84ഉം ബലാത്സംഗങ്ങളിൽ 65ഉം ശതമാനം മദ്യപാനത്തിന്റെ ലഹരിയിലാണ്. എന്തിന് കേരളത്തിലെ വിവാഹമോചനത്തിൽ 70 ശതമാനത്തിലേറെ കേസിലും മദ്യം വില്ലനായി എത്തുന്നുണ്ട്. ഓണക്കാലത്ത് പലർക്കും സ്ഥലകാലബോധമുണ്ടാകില്ല. അന്ന് കാട്ടിക്കൂട്ടുന്ന പലതിനും കണക്കുകളുമുണ്ടാകില്ല. പല കുടുംബങ്ങളിലെയും അക്രമങ്ങൾ ഓണത്തിന്റെ ആനുകൂല്യത്തിൽ പുറംലോകം അറിയാതെപോകുന്നുവെന്നു മാത്രം.
ഓണക്കാലത്ത് വീട്ടിലെ മുതിർന്നവർ മദ്യപിക്കുന്നത് കുട്ടികളും കാണുന്നുണ്ട്. ആരും പ്രത്യേകിച്ച് എതിർക്കാനൊന്നും പോകുന്നില്ല. മുതിർന്നവർ ഒരവകാശമായി മദ്യപാനത്തെ കൊണ്ടാടുമ്പോൾ കുട്ടികളുടെ മനസ്സിലേക്കും ഇത് തെറ്റായ സന്ദേശമാണ് നൽകുന്നത്. ഓണത്തിന് മദ്യപിച്ചാൽ പ്രശ്‌നമൊന്നുമില്ല എന്ന ചിന്ത അവരിലേക്ക് വരും. പ്രായപൂർത്തിയാകുന്നതിനുമുമ്പ് അവരും ഇതുപോലെ മദ്യം എവിടെനിന്നെങ്കിലും സംഘടിപ്പിച്ച് ആഘോഷം നടത്തും. അത് പിന്നീട് എല്ലാ ആഘോഷങ്ങളിലേക്കുമുള്ള മദ്യക്കൂട്ടായ്മകളുടെ തുടക്കമാകും.
പിന്നീട് ആഘോഷങ്ങളിൽനിന്ന് മാറി സ്ഥിരം മദ്യപാനത്തിലേക്കും കൊണ്ടുചെന്നെത്തിക്കും. ഇക്കാര്യം പല മാതാപിതാക്കളും ഓർക്കാറില്ല. നിങ്ങൾ വീടുകളിൽ മദ്യം ഉപയോഗിക്കുമ്പോൾ, ആഘോഷവേളകൾ കൊഴുപ്പിക്കാൻ മദ്യം വിളമ്പുമ്പോൾ ലഹരി ഒരു തെറ്റല്ല എന്ന ചിന്തയാണ് കുട്ടികളിലേക്ക് പകർന്നുനൽകുന്നത്. വലിയൊരു സാമൂഹിക വിപത്തിലേക്കുള്ള വഴികൂടിയാണ് ഇത്തരം മദ്യാഘോഷങ്ങൾ തുറന്നുകൊടുക്കുന്നത്.
മിക്ക ഓണക്കാലത്തും മദ്യപാനംമൂലം ഒട്ടേറെ വാഹനാപകടങ്ങൾ ഉണ്ടാകാറുണ്ട്. കൂട്ടുകാരുമായി ചേർന്ന് മദ്യപിച്ച് വാഹനമോടിക്കുമ്പോഴായിരിക്കും ഭൂരിഭാഗം അപകടങ്ങളും സംഭവിക്കുന്നത്. അപകടത്തിൽപെടുന്നത് പലപ്പോഴും യുവാക്കളായിരിക്കും. ഓണദിനമാണ് പലരും യാത്രക്കായി തിരഞ്ഞെടുക്കുന്നത്. ഈ യാത്രാവേളയിൽ പലരും മദ്യപിക്കുകയും ചെയ്യും. ഇത് അപകടത്തിലേക്ക് നയിക്കും. കൂട്ടായി മദ്യപിക്കുന്നതിനിടയിൽ വാക്ക്തർക്കവും തുടർന്ന് കൊലപാതകങ്ങൾ വരെയും അരങ്ങേറുകയും ചെയ്യും.
ഇത്തരം ആഘോഷങ്ങളിലാണ് മദ്യം പലരും ആദ്യം രുചിച്ചുനോക്കുന്നത്. പിന്നീട് അത് വലുതായിവരും. മദ്യപാനം മൂലം നിരവധി അസുഖങ്ങളും നിങ്ങളെ തേടിയെത്തും. ഓർമശക്തി കുറയുക, ഏകാഗ്രത നഷ്ടപ്പെടുത്തുക, രക്തസമ്മർദം, ഗുരുതരമായ കിഡ്‌നി, ലിവർ, പാൻക്രിയാസ് അസുഖങ്ങൾ, ഹൃദയാഘാതം, സംശയരോഗം, അമിതവണ്ണം തുടങ്ങി രോഗങ്ങളുടെ ഒരു നീണ്ടനിര തന്നെയുണ്ട്.
ഓണം മലയാളികളുടെ വൈകാരികമായ ഒരുത്സവംകൂടിയാണ്. ഏതു നാട്ടിലാണ് ജീവിക്കുന്നതെങ്കിലും ഓണക്കാലത്ത് സ്വന്തം നാട്ടിലേക്കും വീട്ടിലേക്കും ഓടിയെത്താൻ കൊതിക്കാത്തവർ ഉണ്ടാകില്ല. പക്ഷേ, ആ സന്തോഷം എന്തിനാണ് മദ്യത്തിന് പകുത്തുകൊടുക്കുന്നത്. ആഘോഷവേളകളുടെ സന്തോഷവും സമാധാനവും നശിപ്പിക്കുന്ന മദ്യത്തെ ഒഴിച്ചുനിർത്താൻ ശ്രമിക്കൂ...
● എല്ലാവരും ഒത്തുചേരാനും വർത്തമാനം പറയാനും സ്‌നേഹം പങ്കിടാനും പരസ്പരം അറിയാനും ഉള്ളതാണ് ഓരോ ആഘോഷവും. അതിലേക്ക് മദ്യം വന്നാൽ ആ ലക്ഷ്യം നിറവേറ്റാനുള്ള സാധ്യത കുറയും.
● ആഘോഷവേളകളിൽ കുടുംബത്തിനുള്ളിൽ വേർതിരിവുണ്ടാക്കുന്ന പദാർഥത്തെ നമുക്ക് മനഃപൂർവം അകറ്റിനിർത്താം. ഈ ഓണത്തിന് മദ്യപിക്കില്ല എന്നങ്ങ് തീരുമാനിക്കണം. വെറുതെ പറഞ്ഞാൽ പോരാ, പ്രാവർത്തികമാക്കണം.
● 'ഓണമല്ലേ കുടിക്കാതെ എങ്ങനെയാണ്', 'ഒരൽപം കഴിക്കാഞ്ഞാൽ താനൊക്കെ എന്തൊരു മനുഷ്യനാ' തുടങ്ങിയ ചോദ്യങ്ങൾ ഇരുചെവികളിലും വന്നുചേരും. മദ്യപിക്കാത്തതെന്തോ അപരാധമാണെന്ന രീതിയിൽ നിങ്ങളെ അവർ കളിയാക്കും. പക്ഷേ, ആ കളിയാക്കലുകളിലും പ്രേരണകളിലും വീഴാതിരിക്കുക. ഓണമായതുകൊണ്ട് കഴിക്കണം എന്ന് ആരാണ് തീരുമാനിക്കുന്നത്? ഓണത്തിന് മദ്യപിച്ചില്ലെങ്കിൽ ഒന്നും നഷ്ടപ്പെടാനില്ല എന്ന് ആദ്യം തിരിച്ചറിയുക. പകരം നിങ്ങൾക്ക് ലഭിക്കുന്നത് ജീവിതത്തിൽ വല്ലപ്പോഴും ലഭിക്കുന്ന അസുലഭ മുഹൂർത്തങ്ങളായിരിക്കും.
●ഓണക്കാലത്ത് കുട്ടികളെയും കൂട്ടി ചെറിയൊരു യാത്ര പോകാം. അവരുടെ സന്തോഷങ്ങൾക്ക് പ്രാധാന്യം നൽകാം.
● ഓണത്തിന് വീട്ടിലെ അടുക്കളയിൽ നിങ്ങൾക്കുംകൂടി പങ്കുചേരാം. സദ്യ ഒരുക്കാനും പച്ചക്കറികൾ നുറുക്കാനുമെല്ലാം കൂടെക്കൂടാം. മക്കളെയും കൂടെ കൂട്ടാം. ഇത്തരം ചെറിയ ചെറിയ സന്തോഷങ്ങൾ നിങ്ങൾ ആസ്വദിച്ചുതുടങ്ങുക. ഒരിക്കലും മദ്യത്തിന് നൽകാൻ പറ്റാത്ത സന്തോഷവും സുഖവുമായിരിക്കും ഇത് സമ്മാനിക്കുക.
● മദ്യമില്ലാത്ത നല്ല സദസ്സുകളാവണം ഓരോ ആഘോഷവും. നിങ്ങൾ ലഹരി ഉപേക്ഷിച്ചാൽ അത് നിങ്ങൾക്കു മാത്രമല്ല, വരുംതലമുറക്കുംകൂടി ഉപകാരം ചെയ്യും.
●വിവരങ്ങൾക്ക് കടപ്പാട്:
ഡോ. സി.ജെ. ജോൺ
●തയാറാക്കിയത്: പി. ലിസി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.