അബു വളയാംകുളം

‘കാസ്റ്റിങ് ഡയറക്ടർ എന്നാൽ നടീനടന്മാരെ നിർദേശിക്കലല്ല, ആർട്ടിസ്റ്റിനെ കണ്ടെത്തി കഥാപാത്രമായി അവരെ പരുവപ്പെടുത്തിയെടുക്കലാണ്’

സൗദി വെള്ളക്ക, സുഡാനി ഫ്രം നൈജീരിയ സിനിമക​ളിലെ ഉമ്മമാരെ ഓർമയില്ലേ. മറ്റൊരാളെ സങ്കൽപിക്കാൻ കഴിയാത്തവിധം അനശ്വരമാക്കിയ ആ ഉമ്മമാരെ കണ്ടെത്തി വെള്ളിത്തിരയിലെത്തിച്ചത്​ അബു വളയംകുളമാണ്. ഇന്ന് മലയാള സിനിമയിലെ തിരക്കുള്ള കാസ്റ്റിങ് ഡയറക്ടർ.

ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ അബുവിന് അഭിമാനിക്കാൻ ഏറെയുണ്ട്. മികച്ച സ്വഭാവ നടിയായ ദേവി വർമ (സൗദി വെള്ളക്ക), ബാലതാരം മാസ്റ്റർ ഡാവിഞ്ചി (പല്ലൊട്ടി നൈന്‍റീസ്​ കിഡ്സ്) എന്നിവർ അബു വളയംകുളത്തിന്റെ കണ്ടെത്തലാണ്. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ വിൻസി അലോഷ്യസ്, മാധ്യമങ്ങളോട്​ പ്രതികരിച്ചപ്പോൾ ആദ്യം നന്ദി പറഞ്ഞത്​ അബുവിനായിരുന്നു. തന്നെ ആദ്യമായി അഭിനയിപ്പിക്കുന്നത് അബുക്കയാണെന്നായിരുന്നു വിൻസിയുടെ പ്രതികരണം.

നടൻ ലുക്മാൻ ഉൾപ്പെടെ അബു പരിശീലിപ്പിച്ച എത്രയോ കലാകാരന്മാർ ഇന്ന് മലയാള സിനിമയുടെ മുൻനിരയിലുണ്ട്. എന്നാൽ, ഒരു അവകാശവാദത്തിനും അദ്ദേഹമില്ല. ‘അത് പറയേണ്ടത് ഞാനല്ല’, ‘അവർ കഴിവുള്ളതുകൊണ്ട് എത്തി...’ എന്നൊക്കെ പറഞ്ഞൊഴിയുന്നു ഈ കലാകാരൻ. നടനായും നാടകക്കാരനായും കാസ്റ്റിങ് ഡയറക്ടറായും തിളങ്ങുന്ന അബു വളയംകുളം സംസാരിക്കുന്നു...

ഉത്സവപ്പറമ്പും നാടകവും

വളയംകുളം കൊഴിശ്ശങ്ങാട്ട് ക്ഷേത്രത്തിൽ ഉത്സവത്തിന് നാടകം കാണാൻ പോകുന്നതാണ് കുട്ടിക്കാല ഓർമ. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ അമ്പലപ്പറമ്പിൽ നാടകം കാണാനിരിക്കുമ്പോൾ ഗംഭീര ശബ്ദത്തിൽ ഒരു അനൗൺസ്മെന്റ് കേട്ടത് ഇന്നും കാതിലുണ്ട്. അത് നടൻ തിലകന്റെ ശബ്ദമായിരുന്നുവെന്ന് മനസ്സിലാകുന്നത് കാലങ്ങൾക്ക് ശേഷമാണ്.

തിലകൻ സംവിധാനം ചെയ്ത ‘ആദിശങ്കരൻ ജനിച്ച നാട്ടിൽ’ നാടകമായിരുന്നു അത്​. അദ്ദേഹം അഭിനയിക്കുന്നില്ല. ഉത്സവപ്പറമ്പിൽ കണ്ട നാടകം കൂട്ടുകാരുമായി ചേർന്ന് പുനരാവിഷ്‍കരിക്കാൻ ശ്രമിക്കുമായിരുന്നു. അതാണ് പിന്നീട് തനിമ നാടകസംഘത്തിന്‍റെ രൂപവത്കരണത്തിലെത്തിച്ചത്. ആദ്യഗുരു സോബി സൂര്യഗ്രാമം. സക്കരിയ, ദാസൻ, നൗഷാദ്, മനോജ്, പ്രകാശൻ, ഷൗക്കത്ത്, കബീർ, അക്ബർ ഷാ തുടങ്ങിയവരൊക്കെ ഉൾപ്പെട്ട നാടകക്കൂട്ടായ്മയാണ് വായനയിലേക്കും വിശാലതയിലേക്കും അടുപ്പിച്ചത്.

നാടകക്കൂട്ടായ്മയും സൗഹൃദവും

നാടകക്കാലത്തെ സുഹൃത്തുക്കൾതന്നെയാണ് ഇപ്പോഴത്തെയും കൂട്ടുകാർ. അവരിൽ പലരും സിനിമയിലെത്തിയെന്നു മാത്രം. ‘തനിമ’യിൽനിന്ന് പിന്നീട് എടപ്പാളിലേക്കും പൊന്നാനിയിലേക്കും ബന്ധം വികസിച്ചു. ജയകൃഷ്ണൻ മാസ്റ്റർ, എഴുത്തുകാരൻ പി. സുരേന്ദ്രൻ, പി.പി. രാമചന്ദ്രൻ, മുരളി, ഹരി, അഭിലാഷ്, സതീഷ് തുടങ്ങി എടപ്പാളിലെ സൗഹൃദങ്ങളും ചലച്ചിത്ര സംവിധായകൻ അഷ്റഫ് ഹംസ, തിരക്കഥാകൃത്ത് ഹർഷദ്, കൃഷ്ണദാസ് കടവനാട് തുടങ്ങിയ പൊന്നാനിക്കളരിയും മറക്കാൻ കഴിയുന്നതല്ല. പൊന്നാനി കൂട്ടായ്മയിൽ 1999ൽ മേയ്ഫ്ലവർ എന്ന ഷോർട്ട്ഫിലിം ചെയ്തിരുന്നു. സംഗീതശിൽപങ്ങളും ചെയ്തു.

ക്രെഡിറ്റെല്ലാം ഉമ്മക്ക്​

ഞാനിന്ന് എന്താണോ അതിന്റെയെല്ലാം ക്രെഡിറ്റ് ഉമ്മ ആയിഷക്കാണ്. സമ്മർദങ്ങളുണ്ടായിട്ടും ഉമ്മ എന്നും എന്റെ ആഗ്രഹങ്ങൾക്കൊപ്പം നിന്നിട്ടുണ്ട്. നാടകപ്രവർത്തനത്തിന് സൗകര്യമായ രീതിയിൽ പെയിന്റിങ് ജോലിയുമായി നടന്നപ്പോഴും, ഒരൊറ്റ മാസംകൊണ്ട് സൗദി പ്രവാസം അവസാനിപ്പിച്ച് തിരിച്ചുവന്നപ്പോഴും ഉമ്മ മറുത്തൊന്നും പറഞ്ഞില്ല.

കലയില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ലെന്ന്​ ഉമ്മക്കറിയാം. എനിക്ക് 15 വയസ്സുള്ളപ്പോൾ ഉപ്പ അബ്​ദുല്ല ദുബൈയിൽ മരിച്ചു. അവിടെ തന്നെ ഖബറടക്കുകയായിരുന്നു. പിന്നീടെല്ലാം ഉമ്മയാണ്. രണ്ടുവർഷം മുമ്പാണ് ഉമ്മ മരിച്ചത്. ഉമ്മയില്ലെന്നു ഞാൻ കരുതുന്നില്ല, കൂടെത്തന്നെയുണ്ട്. ഉമ്മയാണ് എന്നെ വഴിനടത്തുന്നത്. നസിയയാണ്​ ഭാര്യ. വിദ്യാർഥികളായ ഇഹ്തിശാം, സ്നേഹ മൽഹാർ, റൂമി എന്നീ മൂന്ന്​ മക്കളാണുള്ളത്​.

മിസ്​ ചെയ്യുന്നു, നാടകം

ഞാൻ എന്നെ അടയാളപ്പെടുത്താൻ ആഗ്രഹിച്ചത് നാടകപ്രവർത്തകൻ എന്ന നിലയിലായിരുന്നു. അഭിനയിക്കണമെന്നോ സംവിധാനം ചെയ്യണമെന്നോ ലക്ഷ്യമുണ്ടായിരുന്നില്ല, നാടകവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കണമെന്നേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, ധാരാളം നാടകങ്ങൾ സംവിധാനം ചെയ്യാൻ കഴിഞ്ഞു.

സ്കൂൾ നാടകരംഗത്ത് ഏറെ അവസരങ്ങളും പ്രോത്സാഹനവും നൽകിയ വളയംകുളം എം.വി.എം സ്കൂൾ, അൻസാർ സ്കൂൾ, എടയൂർ ഐ.ആർ.എസ് എന്നിവയോട് കടപ്പാടുണ്ട്. പിന്നീട് കേരളത്തില​ങ്ങോളമിങ്ങോളം നാടകപ്രവർത്തകരുമായി ഇടപെടാനും നല്ല ബന്ധംസ്ഥാപിക്കാനും കഴിഞ്ഞു. നാടകക്കാലം നന്നായി ആസ്വദിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇന്നും നാടകം മിസ്​ ചെയ്യുന്നുണ്ട്​. നാടകം കാണാനുള്ള അവസരം പരമാവധി നഷ്ടപ്പെടുത്താറില്ല. ഇനിയും നാടകങ്ങൾ ചെയ്യണം.

‘നിനക്ക് സിനിമയിലൊക്കെ ഒരുകൈ നോക്കിക്കൂടേ?’

നാടകംതന്നെയാണ് സിനിമയിലേക്ക് വഴിതെളിച്ചത്. ജയകൃഷ്ണൻ മാസ്റ്ററാണ് ‘നിനക്ക് സിനിമയിലൊക്കെ ഒരുകൈ നോക്കിക്കൂടേ?’ എന്ന് ആദ്യമായി ചോദിച്ചത്. നാടകക്കാല സൗഹൃദത്തിൽനിന്നുണ്ടായ സിനിമയാണ് ഹർഷദിന്റെ ‘ദായോം പന്ത്രണ്ടും’. റഈസ്, ഷറഫു, അഖിൽ, ലുക്മാൻ, കണ്ണൻ പട്ടേരി തുടങ്ങി കൂട്ടുകാരൊക്കെ തന്നെയായിരുന്നു അതിന്റെ അണിയറയിലും അരങ്ങിലും.

കിസ്മത്ത്, ചാൾസ് എന്റർപ്രൈസസ്, സൗദി വെള്ളക്ക, ദേര ഡയറീസ്, മഡ്ഡി, ദ ലാസ്റ്റ് ടൂ ഡേയ്സ്, ഉടലാഴം, ഈട തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. നാടകക്കാലത്തെ സുഹൃത്തുക്കൾ തന്നെയാണ് ഞാൻ അഭിനയിച്ചതും കാസ്റ്റിങ് നടത്തിയതുമായ മിക്ക സിനിമകളുടെയും അണിയറക്കാർ. അല്ലാത്തതുമുണ്ട്. വിജയ് സേതുപതി നിർമിച്ച്​ ലെനിൻ ഭാരതി സംവിധാനം ചെയ്ത ‘മെർകു തൊടർച്ചി മലൈ’ എന്ന തമിഴ് സിനിമയിൽ വേഷമിട്ടു. അവർ തിയറ്റർ ആർട്ടിസ്റ്റുകളെ തിരഞ്ഞാണ് ‘ദായോം പന്ത്രണ്ടും’ കണ്ട് ഇഷ്ടപ്പെട്ട് എന്നിലേക്കെത്തിയത്. പിന്നീട് തമിഴിൽനിന്ന് പല ഓഫറും വന്നെങ്കിലും ഞാൻ ഇവിടെ മറ്റു പ്രോജക്ടുകളിൽ എൻഗേജായിരുന്നു. നല്ല പ്രോജക്ടുകൾ വന്നാൽ ഇനിയും ചെയ്യും.

കാസ്റ്റിങ് ഡയറക്ടറിലേക്ക്

ആദ്യം ചെയ്യുമ്പോൾ കാസ്റ്റിങ് ഡയറക്ഷൻ എന്ന് കരുതിയിട്ടൊന്നുമല്ല. ‘സുഡാനി ഫ്രം നൈജീരിയ’ സിനിമയുടെ സംവിധായകൻ സകരിയ്യയെ നാടകം പഠിപ്പിച്ച ബന്ധമാണ്. സകരിയ്യയുടെ സിനിമയിൽ അഭിനയ പ്രാധാന്യമുള്ള രണ്ട് ഉമ്മമാരെ കണ്ടെത്താൻ സഹായം ചോദിച്ചപ്പോൾ പഴയ നാടകകാല ബന്ധത്തിൽനിന്നാണ് സാവിത്രി ശ്രീധരൻ, സരസ ബാലുശ്ശേരി എന്നിവരെ പോയി കണ്ടത്. അവർക്ക് പേടിയുണ്ടായിരുന്നു, എനിക്ക് ധൈര്യവും. വിചാരിച്ച പോലെ അവർ ഗംഭീരമായി ചെയ്തു. അതിന്റെ തുടർച്ചയായി വേറെയും സുഹൃത്തുക്കൾ സഹായം തേടി. അങ്ങനെ ​ക്രമേണ സംഗതി സീരിയസായി കാസ്റ്റിങ് ഡയറക്ടർ എന്ന നിലയിൽ എത്തുകയായിരുന്നു.

കാസ്റ്റിങ് എന്നാൽ നടീനടന്മാരെ നിർദേശിക്കലാണെന്ന തെറ്റിദ്ധാരണയുണ്ട്. അങ്ങനെയല്ല. ആർട്ടിസ്റ്റിനെ കണ്ടെത്തി കഥാപാത്രമായി അവരെ പരുവപ്പെടുത്തിയെടുക്കുന്ന ദീർഘമായ പ്രക്രിയയുണ്ട്. ചിലർ വേഗത്തിൽ കഥാപാത്രത്തിലേക്ക് കയറും. ചിലർ സമയമെടുക്കും. ചിലപ്പോൾ ഷൂട്ടിങ് തീരുന്നതു വരെ നമ്മൾ കൂടെ നിൽക്കേണ്ടി വരും.

ആറുമാസം വരെ ഒരു പ്രോജക്ടി​ന്റെ കൂടെത്തന്നെ നിൽക്കേണ്ടി വന്നിട്ടുണ്ട്. അധ്വാനത്തിനനുസരിച്ചുള്ള അംഗീകാരവും പ്രതിഫലവും ലഭിക്കു​ന്നുണ്ടോ എന്നു ചോദിച്ചാൽ ഇല്ല. പലപ്പോഴും ഫൈറ്റ് ചെയ്ത് പിടിച്ചുവാങ്ങുകയാണ്. നമുക്കും ജീവിക്കണ്ടേ. സംവിധായകർക്ക് കാസ്റ്റിങ് ഡയറക്ടറുടെ പ്രാധാന്യം മനസ്സിലായിട്ടുണ്ട്. പ്രൊഡക്ഷൻ ഹൗസുകൾക്കാണ് മനസ്സിലാവേണ്ടത്.

പുതിയ പ്രോജക്ടുകൾ

ശരത് വേണുഗോപാൽ സംവിധാനം ചെയ്യുന്ന ‘നാരായണന്റെ മൂന്നുമക്കൾ’, രാജേഷ് രവി, ഋഷി ശിവകുമാർ എന്നിവരുടെ പേരിടാത്ത ചിത്രങ്ങൾ, ജിതിൻ രാജ് സംവിധാനം ചെയ്ത ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് ലഭിച്ച ‘പല്ലൊട്ടി നൈന്‍റീസ്​ കിഡ്സ്’ എന്നിവ പുറത്തുവരാനിരിക്കുന്ന സിനിമകളാണ്. വെബ്സീരീസിൽ പ്രവീൺ ചന്ദ്രന്റെ (പി.പി.എൽ), നജീം കോയയുടെ (1000+ ബേബീസ്) ഹർഷദ് എഴുതി അൻസാർ സംവിധാനം ചെയ്യുന്ന പ്രോജക്ട് എന്നിവ ചെയ്യുന്നുണ്ട്. കുറെ പ്രോജക്ടുകൾ പ്രാരംഭഘട്ടത്തിലുണ്ട്.

എഴുത്തും സംവിധാനവും

എഴുത്തും സംവിധാനവും ഇപ്പോൾ ആലോചിക്കുന്നില്ല. പിന്നീട് തോന്നിയാൽ ചെയ്യും. നാടകത്തിലെ അനുഭവസമ്പത്തും ഇത്രയും സിനിമ പ്രോജക്ടുകളിൽ സഹകരിച്ചതിന്റെ പരിചയവുമുള്ളതിനാൽ സിനിമ സംവിധാനം ചെയ്യാനുള്ള ആത്മവിശ്വാസമൊക്കെയുണ്ട്.

അഭിനയമോഹികൾ അറിയാൻ

അഭിനയമോഹമുള്ളവർക്ക് വായനശീലവും നിരീക്ഷണബോധവും വേണം. കാസ്റ്റിങ് കാളുകൾക്ക്​ തയാറെടുപ്പില്ലാതെ പോകരുത്. പലപ്പോഴും എന്തെങ്കിലുമൊന്ന് പെർഫോം ചെയ്ത് കാണിക്കൂ എന്നു പറഞ്ഞാൽ അവരുടെ പക്കൽ ഒന്നുമുണ്ടാകില്ല. എത്ര പുസ്തകങ്ങൾ, കഥകൾ, കഥാപാത്രങ്ങൾ നമുക്കു മുന്നിലുണ്ട്. ന​ല്ല ഒന്നുരണ്ടെണ്ണം കണ്ടെത്തി അഞ്ചുമിനിറ്റ് പെർഫോം ചെയ്യാൻ തയാറായി പോയാൽ എന്താണ്?. ടിക് ടോക് വിഡിയോ അയച്ചുകൊടുക്കരുത്. ഒറിജിനൽ പ്ലേ അയക്കുക.

കൂളിങ് ഗ്ലാസൊക്കെ വെച്ചുള്ള സ്റ്റൈലൻ ഫോട്ടോ അയച്ചുകൊടുക്കുമ്പോൾ ആലോചിക്കേണ്ടത് ഫാഷൻ ഷോയിലേക്കല്ല, അഭിനയത്തിനാണ് നാം അവസരം തേടുന്നത്. ഫ്രീക് വേഷങ്ങളിലേക്കാണെങ്കിൽ അത്തരമൊന്ന് അയക്കാം. ബാക്കി വേണ്ടത് റോ ആയിട്ടുള്ള എഡിറ്റ് ചെയ്യാത്ത ഫോട്ടോയാണ്. കഴിവ് തേച്ചുമിനുക്കാൻ എല്ലാ അവസരവും പ്രയോജനപ്പെടുത്താം. അക്കാദമിക പഠനവും വർക് ഷോപ്പുകളും എല്ലാം നല്ലതുതന്നെ. കൂട്ടുകാരുമായി ചേർന്ന് കൊച്ചുസിനിമകൾ ഉണ്ടാക്കാം. 

Tags:    
News Summary - abu valayamkulam casting director talks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.