സിനിമയെക്കുറിച്ച് ഏറെ നേരം മകനോട് സംസാരിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന സംവിധായകനായ അച്ഛന്. അച്ഛെൻറ ഓരോ വാക്കും പാഠപുസ്തകംപോലെ മനസ്സില്‍ സൂക്ഷിക്കുന്നൊരു മകന്. അവന് വളര്‍ന്നപ്പോള്‍ സിനിമയെ സ്നേഹിച്ചിെല്ലങ്കിലേ അതിശയമുള്ളൂ. മലയാള സിനിമയിലെ ഹിറ്റ്മേക്കര് ഐ.വി. ശശിയുടെയും മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനം കവര്‍ന്ന നടി സീമയുടെയും മകനായ അനി സിനിമയല്ലാത്ത മറ്റേതു വഴിയിലൂടെയാണ് സഞ്ചരിക്കുക!
ആദ്യമായി കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത 'നിന്നിലാ നിന്നിലാ' എന്ന സിനിമ (തമിഴില്‍ 'തീനി')യിലൂടെ പ്രേക്ഷകമനസ്സില്‍ മഞ്ഞുപെയ്യിക്കുകയാണ് അനി ഐ.വി. ശശി. ഷികാഗോ ചലച്ചിത്രമേളയില്‍ മികച്ച ഷോര്‍ട്ട് ഫിക്ഷനുള്ള പുരസ്കാരം നേടിയ, അനി സംവിധാനം നിര്‍വഹിച്ച 'മായ' പ്രേക്ഷകരിലേക്കെത്തിയതും അടുത്തിടെയാണ്.
സിനിമയില്‍ വരാന്‍ അച്ഛനാണ് പ്രധാന കാരണം. നീ പഠിക്കണം, അതുകഴിഞ്ഞ് എന്തുവേണേലും ആയിക്കോ എന്നാണ് അമ്മ പറഞ്ഞുകൊണ്ടിരുന്നത്. പക്ഷേ, അച്ഛന് ചെറുപ്പംതൊട്ടേ എെൻറയുള്ളില് സിനിമയെ വളര്‍ത്തി. പത്തുവയസ്സായ മുതലേ അച്ഛന് സിനിമയെക്കുറിച്ച് സംസാരിക്കുമായിരുന്നു. ഞാന്‍ വലുതായശേഷം അച്ഛനുമായി അടുത്ത് സംസാരിച്ചിട്ടില്ല. സംസാരിക്കുന്ന സമയത്തൊക്കെ സിനിമ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അച്ഛനെക്കുറിച്ചുള്ള ഒരു ഓര്മ, എന്നെ മടിയില്‍ ഇരുത്തി, ഒരു പേപ്പറില്‍ കുറേ മനുഷ്യരുടെ ചിത്രങ്ങള്‍ വരച്ച്, അതിലൂടെ ഒരു ഷോട്ട് എങ്ങനെ സെറ്റ് ചെയ്യണമെന്നും ലെന്സിെൻറ റേഞ്ച് എന്താണെന്നുമൊക്കെ അച്ഛന് പറഞ്ഞുതന്നതാണ്. ഡ്രാമാറ്റിക്കലി ഏതൊക്കെ പടങ്ങള്‍ കറക്ടാണ്, ഏതൊക്കെ കറക്ടല്ല, എന്ത് ടെക്നിക്കാണ് ഉപയോഗിച്ചിരിക്കുന്നത്, സെറ്റ് എങ്ങനെയാണ് ഇട്ടിരിക്കുന്നത്...എല്ലാം അച്ഛന് പറഞ്ഞുതരും.
സിനിമ എന്ന ആഗ്രഹം ചെറുപ്പംതൊട്ടേ ഉണ്ടായിരുന്നു. സിനിമയുടെ ഏതെങ്കിലും ഭാഗമായാല്‍ മതിയെന്നായിരുന്നു ആദ്യത്തെ ആഗ്രഹം. അതിെൻറ ഒരു സന്ദര്‍ഭം ഇങ്ങനെയാണ്- ചെറുപ്പത്തില്‍ ഒരു പടത്തിെൻറ ഷൂട്ടിങ് കാണാന്‍ പോയിരുന്നു. ഷൂട്ടിങ് തീര്‍ന്ന് പാക്കപ്പ് ചെയ്തു പോവുമ്പോള്‍ എനിക്ക് ഒരു ദിവസം ഭയങ്കര സന്തോഷം തോന്നി. ഒരാളുടെ ഒരു കഥ എടുത്തുകാണിക്കാനും അതുണ്ടാക്കാനുമായിട്ട് കുറെ ആള്ക്കാര് പല സ്ഥലങ്ങളില്‍നിന്നു വരുന്നു. വേറെ വേറെ സോഷ്യല്‍ സ്റ്റാറ്റസും വേറെ വേറെ കാഴ്ചപ്പാടുകളും വേറെ അറിവുമുള്ള ആള്ക്കാര്, പലതരം കഴിവുള്ളവര്‍ എല്ലാവരും ഒരുമിച്ചുചേര്‍ന്ന് ഒരാളുടെ വിഷന്‍ പൂര്‍ത്തീകരിക്കാന്‍ പ്രയത്നിക്കുന്നു.
അവരുടെ ആ സുഖവും സമാധാനവും വഴക്കും എല്ലാം കണ്ടപ്പോള്‍ എനിക്ക് വലിയ പ്രചോദനമായി. രണ്ടാംവര്‍ഷ ബിരുദവിദ്യാര്‍ഥിയായിരിക്കെയാണ് സിനിമയിലേക്ക് ആദ്യമായി വരുന്നത്. എം.ആര്. രാജകൃഷ്ണന് സാറിനൊപ്പം ഓഡിയോഗ്രഫി ചെയ്തു. അച്ഛന് കഴിഞ്ഞാല്‍ സിനിമയിലെ എെൻറ ഗുരു രാജകൃഷ്ണന് സാറാണ്. അതിനുശേഷമാണ് പ്രിയന് സാറിനെ സമീപിക്കുന്നത്. അജയ് ദേവ്ഗണ് നായകനായ 'ആക്രോശി'ലാണ് ആദ്യമായി പ്രിയന്സാറിനെ അസിസ്റ്റ് ചെയ്യുന്നത്.
ആദ്യത്തെ പടം മലയാളത്തില്‍ ചെയ്യണമെന്നുതന്നെയായിരുന്നു ആഗ്രഹം. 2017ല്‍ 'മായ' എന്നൊരു ഷോർട്ട് ഫിലിം ചെയ്തിരുന്നു തമിഴില്‍. രണ്ടുമൂന്ന് ഫീച്ചര്ഫിലിമിെൻറ കഥകള്‍ ചേര്‍ത്താണ് അതൊരു പടമാക്കി ചെയ്തത്. ആ സമയത്തു തന്നെ ഐഡിയയുണ്ടായിരുന്നു. അത് തീര്‍ത്തിട്ട് മലയാളത്തില്‍തന്നെ ചെയ്യാം എന്ന് കരുതി. ചില പ്രൊഡ്യൂസര്‍മാരോട് സംസാരിക്കുകയും നായകനോട് കഥ പറയുകയും ചെയ്തു. പക്ഷേ, സ്ക്രിപ്റ്റ് തീര്‍ന്നപ്പോള്‍ ഒരു സുഖം തോന്നിയില്ല. മലയാളത്തില്‍ എഴുതുന്നതിലെ പരിമിതിയായിരുന്നു കാരണം. അതുകൊണ്ട് തമിഴില്‍ മാറ്റിയെഴുതാന്‍ തുടങ്ങി.
പെട്ടെന്ന് തിരക്കഥ പൂര്‍ത്തിയായി. ഞാന്‍ നിര്‍മാതാവിനോടും നടനോടും പറഞ്ഞു, എനിക്കിത് മലയാളത്തില്‍ ചെയ്യാന്‍ പറ്റില്ല എന്ന്. തമിഴില്‍ സ്ട്രെച്ച് ചെയ്യാന്‍ തുടങ്ങിയ സമയത്താണ് സുഹൃത്തും കാമറാമാനുമായ ദിവാകരന് മണി ഹൈദരാബാദില്‍ വന്ന് കഥ പറയാന്‍ നിര്‍ദേശിച്ചത്. രണ്ടു കഥകള്‍ നിര്‍മാതാവ് ബി.വി.എസ്.എന്‍. പ്രസാദിനോട് പറഞ്ഞു. അദ്ദേഹത്തിന് 'നിന്നിലാ നിന്നിലാ'യുടെ കഥയാണ് ഇഷ്ടമായത്. പിന്നീട് കാര്യങ്ങള്‍ പെട്ടെന്നായി.
വാള്‍ട്ട് ഡിസ്നിയുടെ ആനിമേഷന്‍ പടമായ റാറ്ററ്റോയി കണ്ടതാണ് ഈ കഥക്ക് പ്രചോദനമായത്. ആ കോണ്‍സെപ്റ്റ് എനിക്ക് ഭയങ്കര ഇഷ്ടമായി. അതേ ഫീലില്‍ ഒരു പടം എടുക്കണമെന്നൊരു ആഗ്രഹമുണ്ടായിരുന്നു. ഒരു സീന്‍ എഴുതി. കഥ എങ്ങനെ അവസാനിപ്പിക്കണമെന്ന് തീരുമാനിച്ചിട്ടില്ലായിരുന്നു. കഥാപാത്രങ്ങളെയും നിശ്ചയിച്ചിരുന്നില്ല. ഒരു തടിയനെ പ്രധാന കഥാപാത്രമാക്കിവെച്ചു എന്നുമാത്രം. സിതാര എന്ന സുഹൃത്തിന്റെ സജഷനിലാണ് ബാക്കി എഴുതാന്‍ തുടങ്ങിയത്. നായകനെ ഷെഫാക്കാന് തീരുമാനിച്ചു.
എഴുതിവന്നപ്പോള്‍ ഹാപ്പി ജേര്‍ണി, കൂടെ എന്ന പടങ്ങളോട് ചെറിയ സാമ്യംപോലെ. പിന്നെ ഫീല്‍ മാറ്റിയെടുക്കാം എന്ന് കരുതി. പടത്തില്‍ നാസര്‍ സാര്‍ ചെയ്ത ചീഫ് ഷെഫിെൻറ കഥാപാത്രം പ്രിയന്സാറിനെക്കൊണ്ട് ചെയ്യിക്കണമെന്നായിരുന്നു ആഗ്രഹം. ആ കഥാപാത്രത്തെ രൂപപ്പെടുത്തിയതുതന്നെ പ്രിയന്സാറിെൻറ ബോഡി ലാംഗ്വേജ് വെച്ചിട്ടായിരുന്നു. തെലുങ്കാണെന്ന് പറഞ്ഞപ്പോള്‍ ചെയ്യാന്‍ പറ്റില്ല എന്നു സാര്‍ പറഞ്ഞു. നാസര്‍ സാര്‍ മാത്രമായിരുന്നു അടുത്ത ഒാപ്ഷന്‍.
പടം ചെയ്യുമ്പോള്‍ അങ്ങനെയൊരു ഭാരം എന്നിലുണ്ടായിരുന്നില്ല. ഒരു സമയത്ത് ഐ.വി. ശശിയുടെ മകനെന്ന് ഇന്‍ഡസ്ട്രിയില്‍ തെളിയിക്കണം എന്നൊക്കെ ഉണ്ടായിരുന്നു. അച്ഛന് മരിച്ചതോടെ അതൊക്കെ പോയി എന്നാണ് തോന്നുന്നത്. അച്ഛൻറടുത്ത് മാത്രമേ എന്തോ പ്രൂവ് ചെയ്യണം എന്ന് തോന്നിയിട്ടുള്ളൂ. പ്രിയന്സാറിെൻറ കൂടെ ജോലി ചെയ്തു വരുന്ന സമയത്താണ് കുറച്ചുകൂടെ ക്ലാരിറ്റി കിട്ടാന്‍ തുടങ്ങിയത്. എടുത്താല്‍ എനിക്കിഷ്ടപ്പെട്ട പടം എടുക്കണം. അതിഷ്ടപ്പെടുന്ന കുറേ ആള്ക്കാര് ഉണ്ടാവും. അങ്ങനെ സിനിമയുമായി മുന്നോട്ടുപോയാല്‍ മതി. സിനിമയില്‍നിന്ന് കുറെ പണമുണ്ടാക്കണമെന്നുമില്ല. സമാധാനം, അതിന് മാത്രമാണ് ഞാന്‍ പ്രാധാന്യം കൊടുക്കുന്നത്. അതിനാണ് ഞാന്‍ സിനിമചെയ്യുന്നത്.
ഇടക്ക് പ്രിയന്സാറിെൻറ വീട്ടില്‍ പോകുന്ന പതിവുണ്ട് എനിക്ക്. അതെെൻറ രണ്ടാമത്തെ വീടുപോലെയാണ്. സാറുമായി സംസാരിച്ചിരിക്കും. അങ്ങനെയൊരു ദിവസം പ്രിയന്‍സാര്‍ പറഞ്ഞു മരക്കാര്‍ ഓകെയായിട്ടുണ്ട്. ചിലപ്പോള്‍ പെട്ടെന്ന് ചെയ്യേണ്ടിവരും എന്ന്. ഞാന്‍ എന്താണ് കഥയെന്നു ചോദിച്ചു. ഒരു ബേസ് മാത്രം സാര്‍ പറഞ്ഞു. കേട്ടപ്പോള്‍ എനിക്കും താല്പര്യമായി. എനിക്കും എഴുതാമോ എന്നു ചോദിച്ചു. എഴുതെടാ എന്നു സാറും പറഞ്ഞു. അങ്ങനെയാണ് മരക്കാരില്‍ വന്നത്. എഴുതിവന്നപ്പോള്‍ പടത്തില്‍ വര്‍ക്ക് ചെയ്യണം എന്ന ആഗ്രഹവും അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം ഒകെ പറഞ്ഞു. മരക്കാര്‍ തീര്‍ന്നതോടെ ഏതു പടവും എടുക്കാം എന്ന കോണ്‍ഫിഡന്‍സ് എനിക്കുണ്ടായി. മഹാഭാരതം എടുക്കണം എന്നാണ് എെൻറ വലിയ ആഗ്രഹം. മരക്കാര്‍ കഴിഞ്ഞപ്പോള്‍ യുദ്ധം എടുക്കാനൊക്കെ പറ്റും എന്ന ധൈര്യം വന്നു.
അച്ഛന് സംവിധാനം ചെയ്ത സിനിമകളില്‍ എനിക്ക് ഏറ്റവും ഇഷ്ടമായത് 'ആള്‍ക്കൂട്ടത്തില്‍ തനിയെ' ആണ്. അക്ഷരങ്ങള്‍ ഇഷ്ടമാണ്. ആരൂഡം, അനുബന്ധം, ആവനാഴി, ഇന്‍സ്പെക്ടര്‍ ബല്‍റാം എന്നിവയും ഇഷ്ടമാണ്.
അമ്മ ചെയ്ത പടങ്ങളില്‍ 'മഹായാനം' ഏറെ ഇഷ്ടമാണ്. ആ പടം ചെയ്യുന്ന സമയത്ത് അമ്മ ഗര്‍ഭിണിയാണ്. ഞാനും അമ്മയുടെ വയറ്റിലുണ്ടായിരുന്നു. അങ്ങനെ ഒരു വൈകാരിക ബന്ധംകൂടിയുണ്ട് മഹായാനവുമായി. ആള്‍ക്കൂട്ടത്തില്‍ തനിയെ വലിയ ഇഷ്ടമാണ്. വാര്‍ത്തയിലെ കഥാപാത്രവും പ്രിയപ്പെട്ടതാണ്. പക്ഷേ, പടം എന്ന നിലയില്‍ 'വാര്‍ത്ത' എനിക്ക് ഇപ്പോഴും പൂര്‍ണമായി മനസ്സിലായിട്ടില്ല. കേരള രാഷ്ട്രീയം അത്ര റിലേറ്റ് ചെയ്യാന്‍ പറ്റില്ല.
മിക്കവാറും ഒന്നും ചെയ്യാതെ ഇരിക്കും. ചെറുപ്പംതൊട്ടേ വെറുതെ വീട്ടില്‍ ഇരിക്കുന്നത് ഇഷ്ടമാണ്. ഷൂട്ടിങ് ഇല്ലെങ്കില്‍ വീട്ടില്‍തന്നെയാണ് സുഖം. സെക്കൻഡ് ലോക്ഡൗണ്‍ ഒക്കെ വന്നപ്പോള്‍ കുറച്ച് ബോറടി തുടങ്ങിയിട്ടുണ്ട്. സിനിമ കാണും, ഇത്തിരി എഴുതും, വായിക്കും. പാചകം ചെയ്യും. കുക്കിങ് എനിക്ക് ഇഷ്ടമാണ്. എപ്പോഴെങ്കിലും എക്സര്‍സൈസ് ചെയ്യും.
ഇപ്പോഴും മലയാളത്തില്‍തന്നെയാണ് തമിഴിനേക്കാള്‍ നല്ല പടങ്ങള്‍ വരുന്നത് എന്നാണ് തോന്നുന്നത്. അടുത്തകാലത്തൊന്നും തമിഴില്‍ നല്ല പടങ്ങള്‍ ഉണ്ടായിട്ടില്ല. എക്സ്പെരിമെൻറായി ചെയ്യുകയാണെങ്കില്‍ മലയാളത്തില്‍തന്നെയാണ് ചെയ്യുക. എനിക്ക് എഴുതാനും ആലോചിക്കാനുമൊക്കെ തമിഴാണ് എളുപ്പം. മലയാളത്തില്‍ പടം ചെയ്യണം എന്ന ആഗ്രഹമുണ്ട്. സ്ക്രിപ്റ്റുണ്ട്. നല്ലൊരു ടീം വന്നാല്‍ അത് ചെയ്യും. അടുത്ത പടവും തെലുങ്കിലാണ്.
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.