2002ൽ കമൽ സംവിധാനം ചെയ്ത ‘നമ്മൾ’ സിനിമയിലൂടെ മലയാളി പ്രേക്ഷക മനസ്സിലേക്ക് കുടിയേറിയ പ്രിയ നടിയാണ് ഭാവന. കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നട സിനിമകളിലും തന്‍റേതായ ഇടം കണ്ടെത്തിയ കരുത്തുറ്റ അഭിനേത്രി.
മലയാള സിനിമ ചരിത്രത്തിൽ സമാനതകളില്ലാത്ത ക്രൂരതക്ക് ഇരയാവേണ്ടിവന്നതോടെ അഭിനയരംഗത്തുനിന്ന് പിൻവലിഞ്ഞെങ്കിലും നീതിക്കുവേണ്ടി ശക്തമായി പോരാടി, അതുവരെ തുടർന്നുവന്ന ആൺകോയ്മയുടെ നീതികേടിനെ തുറന്നുകാണിച്ചവൾ.
സിനിമയെക്കാൾ വ്യക്തിജീവിതത്തിനും മാനസികാരോഗ്യത്തിനും പ്രധാന്യം നൽകി സിനിമാ ജീവിതത്തിന് താൽക്കാലിക ഇടവേള നൽകിയ ഭാവന വീണ്ടും മലയാള സിനിമയിൽ സജീവമാകുകയാണ്.
സിനിമാകഥയെ പോലും വെല്ലുന്ന അനുഭവങ്ങൾ ജീവിതത്തിലൂടെ കടന്നുപോയെങ്കിലും അതിനെയെല്ലാം അതിജീവിച്ച് സ്ത്രീസമൂഹത്തിന് പുതിയ ദിശാബോധം പകർന്നുനൽകിയ ഭാവന തന്‍റെ തിരിച്ചുവരവിനെ കുറിച്ച് സംസാരിക്കുന്നു...
ആറുവർഷങ്ങൾക്കുശേഷം മലയാള സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തി. പ്രേക്ഷകർ വലിയ സ്വീകാര്യതയോടെ ‘ന്‍റിക്കാക്കൊരു പ്രേമോണ്ടാർന്ന്’ ഏറ്റെടുത്തു. എന്തുതോന്നുന്നു മടങ്ങിവരവും ചിത്രത്തിനോടുള്ള പോസിറ്റിവ് പ്രതികരണവും?
തീർച്ചയായും ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ നമ്മൾ ഹാർഡ്വർക്ക് ചെയ്യുന്നത് ഈ ഒരു സ്വീകാര്യതക്കുവേണ്ടിയാണല്ലോ. ചിത്രം കണ്ടവരൊക്കെ നല്ല അഭിപ്രായം പറയുന്നത് കാണുമ്പോൾ സന്തോഷവും സ്നേഹവും തോന്നുന്നു.
ഒരു പുതിയ ടീമിനൊപ്പമായിരുന്നു മടങ്ങിവരവ്. മലയാള സിനിമ അധികം ചർച്ചചെയ്തിട്ടില്ലാത്ത ഒരു പ്രമേയവും. ഇനിയൊരു മടങ്ങിവരവ് ഇല്ലെന്നു പ്രഖ്യാപിച്ച ഭാവന ഈ ചിത്രം തന്നെ തിരിച്ചുവരവിന് തെരഞ്ഞെടുക്കാൻ കാരണം?
മടങ്ങിവരവില്ലെന്നൊന്നും പ്രഖ്യാപിച്ചിട്ടില്ലായിരുന്നു. ഒരു ബ്രേക്ക് എടുക്കാൻ തോന്നി. അഞ്ചുവർഷം കന്നട സിനിമകളും പരസ്യങ്ങളും മാത്രം ചെയ്തു. മലയാള സിനിമയാണ് എന്നെ നടിയാക്കിയത്. ഇപ്പോഴും സ്വന്തം ഭാഷ പറഞ്ഞ് അഭിനയിക്കാൻ തന്നെയാണ് ഇഷ്ടവും കംഫർട്ടബ്ളും. പുതിയ ടീമിനൊപ്പം ഫ്രഷ് ആയിട്ട് കരിയർ റീ സ്റ്റാർട്ട് ചെയ്യാം എന്നു തോന്നി. ശരിക്കും പ്ലാൻ ചെയ്തൊന്നും അല്ലായിരുന്നു. എല്ലാം ഒരു കറക്ട് ടൈമിൽ വന്നുചേർന്നുവെന്ന് മാത്രം.
96ന്‍റെ കന്നട റീമേക്ക് 99 അടക്കം ഭാവനയുടേതായി പുറത്തുവന്നു. മലയാളത്തിൽനിന്ന് നിരവധി നടിമാർ അന്യഭാഷകളിൽ തിളങ്ങുന്നുണ്ട്. മലയാളം ഇൻഡസ്ട്രിയും മറ്റു ഭാഷ സിനിമാ സെറ്റുകളും തമ്മിൽ പൊതുവെ തോന്നിയ വ്യത്യാസങ്ങൾ?
മലയാള സിനിമ കുറച്ചുകൂടി അറ്റാച്ച്ഡ് ആണ്. ഞാൻ വളരെ ചെറുപ്പത്തിൽ അഭിനയിച്ചുതുടങ്ങിയതല്ലേ. ചെറുപ്പകാലം മുഴുവൻ ഇവിടത്തെ ഷൂട്ടിങ് സെറ്റിലാണ് ചെലവിട്ടത്. അതുകൊണ്ടുതന്നെ അതിന്‍റെ ഒരു അടുപ്പം ഇവിടെ എനിക്കുണ്ട്. മിക്കവരെയും വ്യക്തിപരമായി അറിയാം. ടെക്നീഷ്യൻസ് മുതൽ യൂനിറ്റ് അംഗങ്ങൾ പോലും ഒരു കുടുംബം പോലെയാണ്. കന്നടയിലൊക്കെ ശരിക്കും പ്രഫഷനൽ സ്പേസ് ആണ്. ജോലിചെയ്യുന്നു, തീർക്കുന്നു, തിരിച്ചുമടങ്ങുന്നു. പക്ഷേ, എന്‍റെ സ്വഭാവപ്രകൃതി കൊണ്ടാവാം എല്ലായിടത്തും നല്ല സൗഹൃദങ്ങൾ ഉണ്ടാക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്.
ഐ.എഫ്.എഫ്.കെ വേദിയിൽ ഭാവനയുടെ തിരിച്ചുവരവ് മലയാളികൾ ഏറ്റെടുത്തിരുന്നു. കേരളം വിട്ട് ബംഗളൂരുവിലേക്ക് ഒരു പറിച്ചുനടൽ നടത്തിയപ്പോൾ കേരളം മിസ് ചെയ്തിരുന്നോ?
ഐ.എഫ്.എഫ്.കെയിലെ സപ്പോർട്ട് എനിക്ക് ഒരുപാട് ധൈര്യം പകർന്നുതന്നു. മാറിനിൽക്കേണ്ട കാര്യമില്ലെന്നു തോന്നിയ സമയത്തായിരുന്നു അത്. ബംഗളൂരുവിൽ ആണ് ഭർത്താവിന്റെ വീട്. അമ്മ, ചേട്ടൻ, ഞങ്ങളുടെ പട്ടികൾ എല്ലാം നാട്ടിലാണ്. അവരെ മിസ് ചെയ്യുന്നുവെന്ന് തോന്നുമ്പോഴൊക്കെ ഞാൻ നാട്ടിലെത്തും. ബംഗളൂരു വളരെ അടുത്തല്ലേ.
കന്നടയുടെ മരുമകൾ കൂടിയാണിപ്പോൾ. വീണ്ടും മലയാളികൾ ഭാവനയെ ബിഗ് സ്ക്രീനിൽ കാണാൻ എത്ര നാൾ കാത്തിരിക്കണം?
ഞാൻ മൂന്നു മലയാളം സിനിമകൾ ഇതിനകം ചെയ്തു കഴിഞ്ഞു. ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത റാണി എന്ന മൂവിയിൽ ഒരു ഗസ്റ്റ് റോൾ ചെയ്തിട്ടുണ്ട്. ഷാജി കൈലാസ് സാറിന്‍റെ ഹണ്ട്, നഹി കഹാനി, പിന്നെ ഒരു പുതിയ ടീമിന്‍റെ കൂടെ ഒരു മൂവി ചെയ്തു. ഒരു ഷെഡ്യൂൾ കൂടി ബാക്കിയുണ്ട്. ഈ വർഷം മൂന്നു സിനിമകൾ എന്തായാലും റിലീസാകും എന്നാണ് പ്രതീക്ഷ.
സോഷ്യൽ മീഡിയയിൽ സജീവമാണല്ലോ. അതിനൊപ്പം ഒരുപാട് സൗഹൃദങ്ങളും കാത്തുസൂക്ഷിക്കുന്നുണ്ട്. മഞ്ജു വാര്യർ, സംയുക്ത വർമ തുടങ്ങി സ്ഥിരം പാർട്ണേഴ്സ് ആയ ശിൽപയും ഷഫ്‌നയും മൃദുലയും രമ്യ നമ്പീശനുമെല്ലാം. ഈ സൗഹൃദങ്ങൾ നൽകുന്ന കരുത്ത് എത്രത്തോളമാണ്?
ഫ്രൻഡ്സ് അല്ലേ നമ്മളുടെ കരുത്ത്. എല്ലാവരും തിരക്കുള്ളവരാണ്. എന്നാലും സമയം കണ്ടെത്തി ഒന്നിച്ചുകൂടാറുണ്ട്. എല്ലാവർക്കും അതൊരു റീ സെറ്റിങ് പ്രോസസ് ആണെന്നു തോന്നുന്നു.
മലയാള സിനിമ മാറിയതായി തോന്നിയിട്ടുണ്ടോ? കണ്ടന്റ് ഉൾപ്പെടെ?
മലയാള സിനിമ കൂടുതൽ റിയലിസ്റ്റിക്സ് ആയ പോലെ തോന്നുന്നു. ടെക്നിക്കലീ ഒരുപാട് അഡ്വാൻസ്ഡ് ആകുന്നുണ്ട് മലയാള സിനിമ. ഒരുപാട് ഒറിജിനൽ ഐഡിയകൾ മലയാളത്തിൽ നമുക്ക് കാണാൻ സാധിക്കും. പുറത്തുള്ള ഫ്രൻഡ്സ് ഒക്കെ നല്ല സിനിമ കാണാൻ തോന്നുമ്പോൾ മലയാളം സിനിമയാണ് കാണാറുള്ളതെന്നാണ് പറയാറ്. പണ്ട് ഉണ്ടായിരുന്നപോലെ ഔട്ട് ആൻഡ് ഔട്ട് കോമഡി മൂവികൾ അൽപം കുറഞ്ഞപോലെ തോന്നുന്നു.
ബോഡി ഷേമിങ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വളരെയധികം ശ്രദ്ധിച്ചുവേണം ഓരോ ഡയലോഗുകളും പറയാൻ. സമൂഹമാധ്യമങ്ങൾ സിനിമകളെ കീറിമുറിച്ച് വിമർശിക്കാറും അഭിനന്ദിക്കാറുമുണ്ട്. ഇത് നല്ലതാണെന്ന് തോന്നിയിട്ടുണ്ടോ?
എല്ലാത്തിനും നല്ല വശവും മോശം വശവും ഉണ്ട്. ബോഡി ഷേമിങ്, ജെൻഡർ ഷേമിങ് മറ്റ് അധിക്ഷേപങ്ങൾ തെറ്റാണെന്ന് ഒരു പരിധിവരെ ജനങ്ങളിലെത്തിക്കാൻ സോഷ്യൽ മീഡിയ സഹായിച്ചിട്ടുണ്ട്. അതേസമയം, ഏറ്റവും കൂടുതൽ അധിക്ഷേപങ്ങൾ നടക്കുന്നത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആണ്. കൂടുതൽ ബോധവത്കരണം കൊണ്ടുവരാൻ എല്ലാവരും ശ്രമിക്കണം. വിദ്യാഭ്യാസത്തിലും സാക്ഷരതയിലും നമ്മൾ മുന്നിൽ ആണെങ്കിലും ഒരുപാട് അടിസ്ഥാനപരമായ കാര്യങ്ങൾ ഇനിയും നമ്മൾ ശ്രദ്ധിച്ചുതുടങ്ങണം. അനാവശ്യമായ സോഷ്യൽ മീഡിയ അധിക്ഷേപങ്ങൾ അടക്കം തെറ്റാണെന്നുള്ള ബോധം പരസ്പരം പറഞ്ഞ് മനസ്സിലാക്കണം.
സ്വകാര്യ കാര്യങ്ങൾ, പ്രത്യേകിച്ച് സിനിമ താരങ്ങളുടെ ജീവിതത്തിലേക്ക് സോഷ്യൽ മീഡിയ ആഴ്ന്നിറങ്ങി പല പ്രതിസന്ധികളും സൃഷ്ടിക്കാറുണ്ട്. നെഗറ്റീവ് കമന്‍റുകളും സൈബർ ആക്രമണവും ഉൾപ്പെടെ. ഭാവനയും അവയെ നേരിട്ടിരുന്നു?
സൈബർ ആക്രമണം എല്ലാ മേഖലയിലുള്ളവരും നേരിടുന്ന കാര്യമാണ്. ഇതൊരു സാധാരണ കാര്യമായി മാറാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. വർക്കിനെ വിമർശിക്കുന്നത് നമുക്ക് മനസ്സിലാക്കാം. വ്യക്തിപരമായി ആക്രമിക്കുക അല്ലെങ്കിൽ അസഭ്യം പറച്ചിൽ ഇതൊക്കെ എന്തിനാണ് ചെയ്യുന്നതെന്ന് ഇപ്പോഴും മനസ്സിലാവുന്നില്ല. പലരുടെയും സങ്കടങ്ങൾ അവർ ഇങ്ങനെയൊക്കെയാകും തീർക്കുന്നതെന്നു തോന്നുന്നു.
സിനിമയിലെ മാറ്റത്തെ കുറിച്ച് പറയുമ്പോൾ തന്നെ അഭിനയത്തിൽ മാത്രമല്ല, മറ്റു പല മേഖലകളിലും ഇന്ന് സ്ത്രീകൾ ധാരാളമായി കടന്നുവരുന്നുണ്ടല്ലോ. ഈ മാറ്റത്തെക്കുറിച്ച്?
ഇന്ന് സെറ്റിൽ അസിസ്റ്റന്‍റ് ഡയറക്ടേഴ്സ് തൊട്ട് ഡബ്ബിങ് സ്റ്റുഡിയോയിൽ റെക്കോഡ് ചെയ്യുന്നതുവരെ സ്ത്രീകൾ ആണ്. ശതമാനം എടുത്താൽ ഒരുപക്ഷേ കുറവായിരിക്കാം. എന്നാലും, തുടക്ക കാലം വെച്ച് താരതമ്യം ചെയ്യുമ്പോൾ വലിയ മാറ്റം കാണുന്നുണ്ട്. വ്യക്തിപരമായി വളരെ അധികം സന്തോഷം തോന്നുന്ന കാര്യമാണിത്. സ്ത്രീകളായാലും പുരുഷന്മാരായാലും ട്രാൻസ്ജെൻഡേഴ്സ് ആയാലും എല്ലാവർക്കും അവരുടെ പാഷൻ പിന്തുടർന്ന് സന്തോഷം നൽകുന്ന തൊഴിൽമേഖല കണ്ടെത്തട്ടെ.
2002ൽ ‘നമ്മൾ’ സിനിമയിലൂടെ തുടങ്ങിയ സിനിമാജീവിതം 20 വർഷം പിന്നിടുകയാണ്. കടന്നുപോയ വർഷങ്ങളെ എങ്ങനെ വിലയിരുത്താം?
20 വർഷം ആയെന്നൊക്കെ പറയുന്നത് വലിയം അത്ഭുതം തോന്നുന്നു. ഇപ്പോഴും എന്നെ കണ്ടുമടുത്തു എന്ന് എന്‍റെ പ്രേക്ഷകർ പറയുന്നില്ലല്ലോ അതു തന്നെ വലിയ കാര്യം. ഒരുപാട് നല്ല വേഷങ്ങൾ എനിക്ക് ചെയ്യാൻ പറ്റി. ഒരുപാട് നല്ലതും മോശവുമായ അനുഭവങ്ങൾ ഉണ്ടായി. ജീവിതം അങ്ങനെ ആണല്ലോ. എല്ലാത്തിനും ഒരു മിക്സ് അല്ലേ. കരിയറിലും അങ്ങനെ തന്നെ.
ആദ്യ സിനിമ തന്നെ വൻ വിജയമായിരുന്നിട്ടും അഞ്ചു വർഷത്തിനുശേഷമാണ് ഒരു അന്യഭാഷ ചിത്രത്തിൽ അഭിനയിക്കുന്നത്. ഇത്ര വലിയ ഇടവേള വരാൻ കാരണം?
നല്ല വേഷങ്ങൾ അപ്പോഴാണ് വരാൻ തുടങ്ങിയതെന്ന് തോന്നുന്നു. പിന്നെ എനിക്കും ഒരു കോൺഫിഡൻസ് അല്ലെങ്കിൽ ശരിക്കുമുള്ള സീരിയസ്നെസ് ഒക്കെ വന്നത് ആ ഒരു സമയത്താണ്. 15 വയസ്സിൽ തുടങ്ങിയതല്ലേ. സിനിമയുടെ പ്രാധാന്യം ഒക്കെ ഞാൻ ഉൾക്കൊണ്ട ശേഷമാണ് മറ്റു ഭാഷകളിൽ അഭിനയിച്ചു തുടങ്ങിയത്.
കാർത്തികയെന്നത് മനോഹരമായ പേരല്ലേ. പിന്നെന്തെ ഭാവനയെന്ന പേര് തന്നെ തുടരാൻ തീരുമാനിച്ചത്. ആരായിരുന്നു ആ പേരിട്ടത്?
സിനിമയിൽ കാർത്തിക എന്ന പേര് പലർക്കും ഉണ്ടായിരുന്നു. ഒരു ഐഡന്‍റിറ്റി ഉണ്ടാക്കാൻ പേര് മാറ്റുന്നതാണ് നല്ലതെന്നു തോന്നി. ‘നമ്മൾ’ ചെയ്യുന്ന സമയത്ത് കമൽ സാർ ഒക്കെ പറഞ്ഞതാണ് പേര് മാറ്റുന്നത് നല്ലതാകും എന്ന്. അങ്ങനെ ഞാൻ ഷോർട്ട് ലിസ്റ്റ് ചെയ്ത കുറച്ച് പേരിൽനിന്നും എല്ലാവർക്കും ഇഷ്ടമായ പേരാണ് ഭാവന.
കുടുംബജീവിതം എങ്ങനെ പോകുന്നു?
സന്തോഷത്തോടെ പോകുന്നു. നവീൻ ബിസിനസ് ഒക്കെ ആയിട്ട് ബംഗളൂരുവിൽ സെറ്റിൽഡ് ആണ്. എനിക്ക് ഷൂട്ട് ഇല്ലാത്തപ്പോൾ ഞങ്ങൾ ട്രാവൽ ചെയ്യും, മൂവി കാണും. ഒരു ചെറിയ ഹോളിഡേ ട്രിപ് ഉടനെ പ്ലാൻ ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.