ഓരോ നിമിഷവും ആകാംക്ഷയേറ്റി കൊട്ടിക്കയറുന്ന സിനിമ പോലെയായിരുന്നു സച്ചി. മലയാളികളുടെ കൈയടിയുടെ ടൈമിങ്ങും ഹൃദയതാളവും അറിഞ്ഞയാൾ. മധുരിച്ചുതുടങ്ങും മുമ്പൊരു പഴം ഞെട്ടറ്റുവീണപോൽ പെട്ടെന്നൊരുനാൾ വിധി ആ ജീവിതത്തിന് 'കട്ട്' പറഞ്ഞപ്പോൾ അനാഥരായവർ ഒരുപാടുണ്ട്.
ഉയരങ്ങളിൽനിന്നും ഉയരങ്ങളിലേക്കുള്ള യാത്രയിലായിരുന്നു സച്ചി. ഭാഗമായ സിനിമകളിലേറെയും കൊട്ടകകളെ ഉത്സവപ്പറമ്പാക്കിയെങ്കിലും ഇതൊന്നുമല്ല തന്റെ സിനിമയെന്ന് അയാൾ ഉറച്ചുവിശ്വസിച്ചു. കലയും കച്ചവടവും സംഗമിക്കുന്ന സിനിമയുടെ വ്യാകരണം ഹൃദിസ്ഥമാക്കിയ സച്ചി ഓരോ സിനിമയിലും സ്വയം പുതുക്കി. ആദ്യ സിനിമയായ ചോക്ലേറ്റിൽനിന്ന് അവസാന സിനിമയായ അയ്യപ്പനും കോശിയിലേക്കെത്തുമ്പോൾ ആ മാറ്റം തെളിഞ്ഞുകാണാം.
ദേശീയ അവാർഡിൽ മലയാള സിനിമ രാജ്യത്ത് ഒരിക്കൽക്കൂടി തലയുയർത്തി നിന്നപ്പോൾ അമരത്ത് പതാകയേന്തി സച്ചിയുണ്ടായിരുന്നു. ഇന്ത്യയിലെ ഏതൊരു സംവിധായകന്റെയും സ്വപ്നമുഹൂർത്തം. നേട്ടത്തിന്റെ ആരവങ്ങൾക്കിടയിലും അമർത്തിപ്പിടിച്ച കരച്ചിലുകളുമായി ചിലരിവിടെയുണ്ട്. സച്ചിയുടെ ഭാര്യ സിജിയും സഹോദരി സജിത രാധയും. സച്ചിയെന്ന പേരുപറഞ്ഞാൽ തന്നെ ഈ വീടിന്റെ മുറ്റത്ത് ഓർമകൾ വന്നൊരു പൂക്കളമിടും.
സിജി സച്ചി
ഇരുണ്ടുകൂടിയ കാർമേഘം മഴചുരത്തുംപോലെ സജിതയിൽനിന്ന് സഹോദരന്റെ ഓർമകൾ പെയ്തുതുടങ്ങി...
കൊടുങ്ങല്ലൂരായിരുന്നു ഞങ്ങളുടെ വീട്. ചേരമാൻ മസ്ജിദിന്റെ അടുത്തായിട്ടുവരും. നാലു മക്കളായിരുന്നു ഞങ്ങൾ. രണ്ടു ചേട്ടന്മാരുണ്ടായിരുന്നു. അവനായിരുന്നു ഇളയത്. ഞങ്ങൾ തമ്മിൽ രണ്ടു വയസ്സിൽ താഴെയേ വ്യത്യാസമുള്ളൂ. വീട്ടിലെ ഇളയകുട്ടിയായതിന്റെ വാത്സല്യമൊന്നും അവന് അധികം കിട്ടിയിട്ടില്ല. കുട്ടിക്കാലത്തെ പ്രധാന വിനോദമെന്നത് വായനയാണ്. അച്ഛനിലൂടെ പകർന്നുകിട്ടിയ ശീലമായിരുന്നു അത്. ഹൈസ്കൂൾ കാലത്ത് ഞങ്ങളെയെല്ലാം തനിച്ചാക്കി അച്ഛൻ പോയി. അതോടെ വീടൊന്നുലഞ്ഞു. ചേട്ടന്മാരുടെ അധ്വാനത്തിലും അമ്മയുടെ മനോധൈര്യത്തിലുമാണ് ജീവിതം മുന്നോട്ടുപോയിരുന്നത്. ഓണം പോലും നിറമില്ലാത്തതായി മാറി. വീട്ടിൽ ചേട്ടന്മാർ എത്തിക്കുന്നതും ചുറ്റുവട്ടത്തെ ലൈബ്രറികളിൽനിന്നും എടുത്തുകൂട്ടുന്നതുമായ പുസ്തകങ്ങളായിരുന്നു ഞങ്ങളുടെ സന്തോഷം. കിട്ടുന്നതെല്ലാം ഞങ്ങൾ ആവേശത്തോടെ വായിച്ചു. വായിച്ചത് പങ്കുവെച്ചും വായിക്കാത്തവ തേടിയും ഞങ്ങളൊരുമിച്ച് അക്ഷരങ്ങളെ വാരിക്കളിച്ചു.
സ്കൂൾ കാലം തൊട്ടേ അവൻ കവിത എഴുതുമായിരുന്നു. ഒരുപാട് സമ്മാനങ്ങളും വാങ്ങിയിട്ടുണ്ട്. കോളജ് കാലത്ത് മാഗസിനുകളിലും മറ്റും എഴുതിയിരുന്നു. അഭിഭാഷകനായി ഗൗണണിഞ്ഞപ്പോഴും സിനിമക്കായി പേനയുന്തിയപ്പോഴുമെല്ലാം കവിതകൾ എഴുതിക്കൊണ്ടേയിരുന്നു. പക്ഷേ, പ്രസിദ്ധീകരിച്ചിരുന്നില്ല. എഴുത്ത് അവനിൽ നൈസർഗികമായി സംഭവിക്കുന്നതുമാത്രമായിരുന്നു. എഴുത്തുകൾ വായിക്കാനായി അവന്റെ ടേബിളുകളും ഇരിപ്പിടങ്ങളുമെല്ലാം ഞാൻ പരതിയിരുന്നു. അവൻ കുറിച്ചിട്ടതൊക്കെ സൂക്ഷിക്കാനും തുടങ്ങി. മരിക്കുന്നതിന് കുറച്ചുനാൾ മുമ്പ് കവിതകളിൽനിന്നും തിരഞ്ഞെടുത്തവ ചേർത്ത് പ്രസിദ്ധീകരിക്കാം എന്നുപറഞ്ഞിരുന്നു. പക്ഷേ, വൈകാതെ അവൻ പോയി. സൂക്ഷിച്ചുവെച്ച കവിതകളിൽ നല്ലൊരു ശതമാനവും നഷ്ടപ്പെട്ടിരുന്നു. എങ്കിലും ശേഷിച്ചതെല്ലാം തുന്നിക്കൂട്ടി 'ആത്മസംവാദത്തിന്റെ ശിഷ്ടം' എന്നപേരിൽ അതൊരു സമാഹാരമാക്കി പുറത്തിറക്കി.
സച്ചിയുടെ സഹോദരി സജിത രാധ
സിനിമക്കായി എഴുതിത്തുടങ്ങുമ്പോഴും കൂട്ടായി ഞാനുണ്ടായിരുന്നു. കഥ മനസ്സിൽ വരുമ്പോഴേ പങ്കുവെക്കും. തിരക്കഥകൾ വായിച്ചുകേൾപ്പിക്കും. എഴുതിയതിനേക്കാൾ കൂടുതൽ കഥകൾ അവന്റെ മനസ്സിലുണ്ടായിരുന്നു. പക്ഷേ, അവൻ ഭാഗമായതിലേറെയും അവന്റെ മനസ്സിലുള്ള സിനിമകളിൽ ആയിരുന്നില്ലെന്നതാണ് സത്യം. ഞാൻ അതവനോട് തുറന്നു സംസാരിക്കാറുമുണ്ടായിരുന്നു. പക്ഷേ, സിനിമക്കായി പണം മുടക്കുന്നവനോട് അവന് കടപ്പാടുണ്ടായിരുന്നു. തന്റെ ആത്മസംതൃപ്തിക്കുവേണ്ടി സിനിമയെടുക്കേണ്ടത് മറ്റുള്ളവരുടെ പണം കൊണ്ടല്ലെന്ന ആദർശവാദിയായിരുന്നു.
ഏതു പാതിരാത്രിയിലും കതകുതട്ടി ആഘോഷമായി വീട്ടിലേക്ക് കടന്നുവരുന്ന, ഉറക്കെ കവിത ചൊല്ലുന്ന നല്ലൊരു സുഹൃത്തിനെക്കൂടിയാണ് നഷ്ടമായത്. കാഞ്ചനമാലയും മൊയ്തീനും തമ്മിലുള്ള പ്രണയകഥ ഒരുപാട് വർഷങ്ങൾക്കുമുമ്പ് വായിച്ചപ്പോഴേ ഇതൊരു സിനിമയാക്കാമെന്ന് ഞാൻ പറഞ്ഞിരുന്നു. അവനും ഏറെ ഇഷ്ടമായി. മറ്റൊരു സിനിമ ഇതേക്കുറിച്ച് വരുന്നുണ്ടെന്നറിഞ്ഞപ്പോൾ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
അവന്റെ സർഗവാസനയുടെ ആഴമറിയുന്നതുകൊണ്ടുതന്നെ അവന്റെ സിനിമകളെക്കുറിച്ചൊന്നും ഞാൻ നല്ലവാക്ക് പറഞ്ഞിരുന്നില്ല. 'അയ്യപ്പനും കോശിയു'മാണ് ഞങ്ങളിരുവരും സംതൃപ്തരായ ഒരേയൊരു സിനിമ. വരാൻ പോകുന്നത് ഇതിലും മികച്ചതായിരിക്കുമെന്ന് എന്നോട് പ്രഖ്യാപിച്ചിരുന്നു. ലോകത്തെല്ലായിടത്തുമുള്ള മനുഷ്യരോട് സംവദിക്കാൻ സാധിക്കുന്ന ഒരു സിനിമ അവൻ മനസ്സിലിട്ട് നടന്നിരുന്നു. മിഡിലീസ്റ്റ് പശ്ചാത്തലത്തിലുള്ള കഥയായിരുന്നു അത്. ഇതിനെല്ലാമിടക്കാണ് അവന് അസുഖം മൂർച്ഛിക്കുന്നത്.
സച്ചി പൃഥ്വിരാജിനൊപ്പം 'അയ്യപ്പനും കോശിയും' ലൊക്കേഷനിൽ
ഒരു ജിം ട്രെയിനറുടെ കീഴിൽ പരിശീലിക്കവെ സംഭവിച്ച ഇടുപ്പിലെ ഇടർച്ചയാണ് അവന്റെ ജീവിതത്തെ കീഴ്മേൽ മറിക്കുന്നത്. അസഹ്യമായ വേദന പിടിപെട്ടു. ചികിത്സിച്ച് ഭേദമായെങ്കിലും വേദന പിന്നെയും തുടർന്നു. കേരളത്തിലെ ഏറ്റവും മികച്ച ഓർത്തോ സർജന്മാരെ കണ്ടു. കേരളത്തിലുടനീളമുള്ള ആയുർവേദ ഉഴിച്ചിൽ കേന്ദ്രങ്ങളിൽ പോയി. പക്ഷേ, കാര്യമായ മാറ്റമൊന്നും കണ്ടില്ല. നടക്കാൻ പോലും കഴിയാതെയായി. ഉറക്കം നഷ്ടപ്പെട്ടു. വേദനകൾ അവൻ കടിച്ചുപിടിച്ചു. സിനിമയോടുള്ള അഭിനിവേശമാണ് അവനെ മുന്നോട്ടുനടത്തിയത്. അവസാനം സർജറി ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. അതിനിടയിലായിരുന്നു അവൻ
പോയത്... ജീവിതത്തിൽ റീടേക്കുകളില്ലല്ലോ. ഇല്ലെങ്കിൽ പിറകോട്ട് പോയി ചിലതെല്ലാം തിരുത്താമായിരുന്നു. അവനിവിടെത്തന്നെയുണ്ടാകുമായിരുന്നു. ദേശീയ അവാർഡ് വിവരമറിഞ്ഞപ്പോൾ ബസ് യാത്രയിലായിരുന്നു. അറിയാതെ കരഞ്ഞുപോയി -സജിത വിതുമ്പലോടെ പറഞ്ഞുനിർത്തി.
എല്ലാം പ്രണയമായിരുന്നു
സച്ചിയെന്നാൽ സിജിക്ക് പ്രണയത്തിന്റെ പര്യായമാണ്. സ്വന്തം പേരിനൊപ്പവും ഉയിരിനൊപ്പവും കൊരുത്തിട്ട സ്നേഹം...
''ഞങ്ങൾ ഒരുമിച്ചു പഠിച്ചിട്ടില്ല
ഒരേ പ്രായക്കാരല്ല
അയൽക്കാരല്ല
ചെയ്യുന്ന ജോലികളുടെ
സ്വഭാവവും പലതാണ്
എന്നിട്ടും ഞങ്ങളെങ്ങനെ ഇത്രക്ക്...''
സച്ചി എനിക്കായി എഴുതിയ വാക്കുകളാണിത്. എന്നെയും സച്ചിയെയും ചേർത്തുനിർത്തിയ അദൃശ്യനൂൽ എന്താണെന്ന് ഇപ്പോഴും അറിയില്ല. 11 വർഷം മുന്നേയാണ് ഞങ്ങൾ പരിചയപ്പെടുന്നത്. പരിചയം സൗഹൃദമായി. പിന്നീടെപ്പോഴോ പ്രണയമാണെന്ന് തിരിച്ചറിഞ്ഞു. ഉപാധികളില്ലാതെ ഒരുമിച്ചു ജീവിച്ചു. മനസ്സ് തുറന്നു സംസാരിച്ചു. പൊട്ടിച്ചിരിച്ചു. വേദനകളിൽ പരസ്പരം താങ്ങായി. സ്നേഹമായിരുന്നു സച്ചിയുടെ ഭാഷ. കാണുന്നതിനോടെല്ലാം സ്നേഹമായിരുന്നു. ജീവിതത്തിലെവിടെയോ വെച്ച് നഷ്ടമായ നിറങ്ങൾ ഞങ്ങൾ വീണ്ടെടുത്തുതുടങ്ങി. അവ ചേർത്ത് മഴവില്ലുകളുണ്ടാക്കി. തീവ്രമായ അഭിനിവേശത്താൽ ചേർന്നിരുന്നു. ഒരുമിച്ചു കിനാവുകൾ കണ്ടു.
ഞങ്ങളെ അടുപ്പിച്ചത് ഒരിക്കലും സിനിമയായിരുന്നില്ല. ഞാൻ സിനിമയേ കാണില്ലെന്നതാണ് സത്യം. ജീവിതത്തിലെ പല സാഹചര്യങ്ങളാൽ അവയിൽനിന്നെല്ലാം അകന്നുപോയി. വായനയുടെ കാര്യവും അങ്ങനെത്തന്നെ. നോവലോ മറ്റു സാഹിത്യരൂപങ്ങളോ ഒന്നും വായിക്കാറില്ല. വല്ല സയൻസോ ചരിത്രമോ ഒക്കെ വായിക്കും. ജീവിതത്തെ പ്രാക്ടിക്കലായി മാത്രം നോക്കിക്കാണുന്ന ഒരാളാണ് ഞാൻ. ഞാൻ സിനിമ കാണാത്തതിലൊന്നും സച്ചിക്ക് ഒരു പരിഭവവുമില്ലായിരുന്നു. ഞാൻ സിനിമ കാണാത്തയാളായതുകൊണ്ടാണ് ഇഷ്ടപ്പെട്ടതെന്നുവരെ പറഞ്ഞിട്ടുണ്ട്. സച്ചിയുടെ സിനിമകളിൽ നല്ലൊരു പങ്കും ഇപ്പോഴും കണ്ടിട്ടില്ല. എങ്കിലും, ഒരുമിച്ചു ജീവിക്കാൻ തുടങ്ങിയതിൽ പിന്നെ പലതും ശ്രദ്ധിച്ചുതുടങ്ങി. സഹോദരിയോട് ചോദിക്കുന്ന പോലെ അഭിപ്രായങ്ങളും തിരുത്തലുകളും എന്നോടും പങ്കുവെച്ചുതുടങ്ങി. 'അനാർക്കലി' സിനിമയിൽ പൃഥ്വിയുടെ കഥാപാത്രം മരിക്കുന്നതായായിരുന്നു എഴുതിയിരുന്നത്. പിന്നീട് ശുഭപര്യവസായിയായിരിക്കണമെന്ന എന്റെ അഭിപ്രായം കേട്ടാണ് മാറ്റിയെഴുതിയത്.
23 വയസ്സുമുതൽ അബൂദബിയിൽ ജീവിച്ചിരുന്നയാളാണ് ഞാൻ. പല കമ്പനികളിലും ജോലി ചെയ്തു. ലോജിസ്റ്റിക് കമ്പനി നടത്തിവരുകയായിരുന്നു. അതിനിടയിലാണ് സച്ചിക്ക് അസുഖം മൂർച്ഛിക്കുന്നത്. അതോടെ നാട്ടിലേക്ക് വന്നു. അയ്യപ്പനും കോശിയും ഷൂട്ടിങ്ങിലായിരുന്നു സച്ചിയപ്പോൾ. അസ്ഥി തുളക്കുന്ന വേദന സച്ചിയെ നിരാശനാക്കിയിരുന്നു. ഊന്നുവടി താങ്ങിയുള്ള ആ നടപ്പ് കണ്ടുനിന്നവരുടെയെല്ലാം കണ്ണുനനച്ചു. പലപ്പോഴും ചിത്രം പൂർത്തിയാക്കാനാവില്ലെന്നുപോലും തോന്നി. വേദനകൾക്കിടയിലും സിനിമയുടെ ഗുണമേന്മയിൽ ഒരു വിട്ടുവീഴ്ചക്കും ഒരുക്കമായിരുന്നില്ല. എന്റെ സാന്നിധ്യം സച്ചി എപ്പോഴും ആഗ്രഹിച്ചിരുന്നു. എല്ലാം മാറ്റിവെച്ച് ഇനിയുള്ള കാലം സച്ചിക്കൊപ്പം ജീവിക്കണമെന്ന് ഞാനും ഉറപ്പിച്ചു. ക്ഷേത്രത്തിൽ ദൈവങ്ങളെ സാക്ഷിനിർത്തി വിവാഹിതരായത് അപ്പോഴാണ്.
അവസാന ദിനങ്ങൾ ഒരു നീറ്റലായി ഇപ്പോഴും മനസ്സിലുണ്ട്. മരണത്തിന്റെ ചൂടുമണമുള്ള ഐ.സി.യുവിന്റെ തണുപ്പിലും ഞങ്ങൾക്കിടയിൽ പ്രണയത്തിന്റെ ഭാഷയായിരുന്നു. രണ്ടാമത്തെ സർജറി കഴിഞ്ഞ ദിവസം, 2020 ജൂൺ 15നാണ് അവസാനമായി സച്ചിയെ കണ്ടത്. കൂടെയിരിക്കണമെന്നു തോന്നിയ നിമിഷങ്ങളായിരുന്നു അത്. പക്ഷേ, നഴ്സ് പുറത്തേക്കിറങ്ങാൻ കനത്തു പറഞ്ഞു. മരുന്നുമണങ്ങൾക്കിടയിൽ കിടന്നിരുന്ന സച്ചിയുടെ നെറ്റിയിൽ അമർത്തി ചുംബിച്ചാണ് പുറത്തിറങ്ങിയത്. അവസാന ചുംബനമാണ് അതെന്ന് അറിഞ്ഞിരുന്നില്ല. അന്നുരാത്രി അപ്രതീക്ഷിതമായി സച്ചിയുടെ ആരോഗ്യം വഷളായി. ഓടിയെത്തിയപ്പോഴേക്കും പോയിരുന്നു. എന്നെയും, സ്നേഹിച്ച ഒരുപാട് മനുഷ്യരേയും ഓർമകളുടെ പെരുമഴയിലേക്ക് തള്ളിവിട്ട് അദ്ദേഹം പോയി. യാഥാർഥ്യം വീണ്ടെടുക്കാൻ സമയമെടുത്തു. സച്ചി പലർക്കും ആരായിരുന്നെന്ന് മരണശേഷമാണ് അറിയുന്നത്.
രാഷ്ട്രപതിയുടെ കൈയിൽനിന്ന് ദേശീയ അവാർഡ് വാങ്ങാൻ ഒന്നിച്ചുപോകുന്ന സ്വപ്നം പലതവണ പങ്കുവെച്ചിരുന്നു. സിനിമയിലൂടെ നഞ്ചിയമ്മയെ ലോകമറിയുമെന്നും സച്ചി ഉറപ്പിച്ചുപറഞ്ഞിരുന്നു. ദേശീയ അവാർഡിൽ മികച്ച സംവിധായകന്റെ പേര് പ്രഖ്യാപിച്ചപ്പോൾ പൊട്ടിക്കരഞ്ഞുപോയി. സച്ചിയുടെ പ്രിയപ്പെട്ട പെങ്ങളെയും കൂട്ടി ഡൽഹിക്ക് പോകണം. സച്ചിക്കായി അത് ഏറ്റുവാങ്ങണം -ഓർമകളുടെ വേലിയേറ്റത്തിൽ ഉലയാതെ സിജി വാക്കുകൾ അവസാനിപ്പിച്ചു.
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.