പ്രണയമെഴുതിയാലും വിരഹമെഴുതിയാലും കേള്‍ക്കുന്നവരുടെ ഉള്ളില്‍ കിടന്ന് വിങ്ങും റഫീക്ക് അഹമ്മദിെൻറ വരികള്‍. 'രാക്കിളിതന്‍ വഴിമറയും നോവിന് പെരുമഴക്കാലം...' എന്നെഴുതിയ റഫീക്കിെൻറ തൂലികക്ക് 'ജോണീ മോനേ ജോണീ...' എന്നും അനായാസം വഴങ്ങും. ഭാവതീവ്രമായ പ്രണയഗാനങ്ങള്‍ മാത്രമല്ല, സിനിമയാവശ്യപ്പെടുന്നതെന്തും ഭാഷക്ക് പരിക്കുപറ്റാതെ എഴുതാന്‍ ഒരു പാട്ടെഴുത്തുകാരന് എന്ന നിലയില്‍ ബാധ്യസ്ഥനാണ് എന്ന് പറയുന്നു റഫീക്ക് അഹമ്മദ്. ജീവിതം, പ്രണയം, പാട്ട്, കോവിഡ് കാലത്തെ എഴുത്ത് തുടങ്ങിയ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് മലയാളത്തിെൻറ കാവ്യസുഗന്ധമുള്ള പാട്ടെഴുത്തുകാരന്.
ഈ പ്രതിസന്ധിഘട്ടത്തെ എഴുത്തുകാരന് എന്നനിലയില്‍ എങ്ങനെ കാണുന്നു?
തീര്‍ച്ചയായും രാജ്യം മാത്രമല്ല, ലോകംതന്നെ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോവുന്നു. എഴുത്തുകാരന് എന്ന നിലയില്‍ കാണുമ്പോള്‍ ഇത്തരം വലിയ ദുരന്തങ്ങളെ മനുഷ്യന് എങ്ങനെ സമീപിക്കുന്നു എന്നൊക്കെ മാറിനിന്ന് നോക്കാനുള്ള ശ്രമം എഴുത്തുകാരനിലുണ്ടാവും. നമ്മളുംകൂടി ഇതിെൻറ ഭാഗമായതുകൊണ്ട് അത് പെെട്ടന്ന് സാധിെച്ചന്നു വരില്ല. നമ്മളും വലിയ ഭയങ്ങളിലാണ്. മലയാളിക്ക് വലിയ ദുരന്തങ്ങളെ അഭിമുഖീകരിക്കേണ്ടിവന്നിട്ടില്ല. പ്രളയവും ശേഷം കോവിഡുമൊക്കെ വരുമ്പോള്‍ എല്ലാ മനുഷ്യരെയും സ്വയം ഒന്ന് ചിന്തിപ്പിക്കാന്‍ കഴിയുന്ന സന്ദര്‍ഭങ്ങളാണ്.
നമ്മള് ഇത്രയൊക്കെയേ ഉള്ളൂ എന്ന് തിരിച്ചറിവുണ്ടാക്കുന്ന സന്ദര്‍ഭം. ഇങ്ങനെയുള്ള ഘട്ടങ്ങളില്‍ മറ്റെല്ലാ ജീവജാലങ്ങളും ഒരു വംശം എന്ന നിലയില്‍ നിലനിൽപിനായി ഒരുമിച്ചുനില്ക്കാന് ശ്രമിക്കും. എന്നാല്‍, മനുഷ്യര്‍ക്കിടയില്‍ അങ്ങനെയല്ല, ദുരന്തത്തില്‍നിന്നും മുതലെടുക്കുന്ന ശക്തികള്‍, രാഷ്ട്രീയ ലാഭം നോക്കുന്നവര്‍ അങ്ങനെ വിചിത്രമായ കാഴ്ചകള്‍ കാണാന്‍ കഴിയുന്നുണ്ട്. ഇനിയുള്ള കാലഘട്ടത്തില്‍ ഇതുപോലുള്ള പ്രതിസന്ധികളോട് ഏറ്റുമുട്ടി മാത്രമേ മനുഷ്യവര്‍ഗത്തിന് മുന്നോട്ടുപോവാന്‍ പറ്റൂ എന്നു തോന്നുന്നു.
ലോക്ഡൗണിലെ സര്‍ഗാത്മകത എങ്ങനെയാണ്?
ചുറ്റുപാടും അടഞ്ഞുകിടക്കുകയാണ് എന്ന അറിവ് ബാധിക്കുന്നുണ്ട്. ലോകം മുഴുവന്‍ വല്ലാത്തൊരു അവസ്ഥയിലാണ് എന്ന ചിന്ത ബാധിക്കുന്നുണ്ട്. അത്ര സ്വാസ്ഥ്യമുള്ള ഇരുപ്പല്ല ഇത്. സര്‍ഗാത്മകമായ കാര്യങ്ങള്‍ അങ്ങനെ ചെയ്യാന്‍ പറ്റുന്ന അവസ്ഥയിലല്ല. മനസ്സിലൂടെ പല ആശങ്കകളും കടന്നുപോവും. ഈ സമയത്തെ ഇരിപ്പ് സര്‍ഗാത്മകമാക്കാന്‍ ശ്രമിച്ചുനോക്കുന്നു എന്നേയുള്ളൂ. പിന്നെ യാത്രയിലൊന്നും വലിയ കമ്പമില്ലാത്തതിനാല്‍ ലോക്ഡൗണില്‍ അത്തരം വിഷമങ്ങളൊന്നുമില്ല.
തിരക്കഥാരംഗത്തേക്കും ചുവടുവെക്കുകയാണല്ലോ? തിരക്കഥയിലും ഇനി റഫീക്ക് അഹമ്മദ് മാജിക് കാണാം?
സത്യത്തില്‍ രണ്ട് തിരക്കഥ മുമ്പ് എഴുതിയിട്ടുണ്ട്. അത് വെളിച്ചം കാണാതിരിക്കുകയാണ്. ഇപ്പോള്‍ എഴുതുന്ന തിരക്കഥ മിക്കവാറും നടക്കുമെന്നുതന്നെ കരുതുന്നു. മാജിക് ഉണ്ടാവുമോ എന്നൊന്നും അറിയില്ല. കഴിയുന്ന രീതിയില്‍ നന്നാക്കാന്‍ ശ്രമിക്കുന്നുണ്ട്. വിജീഷ് മണിയാണ് സംവിധായകൻ, ഹിന്ദിയിലാണ് സിനിമ ഉദ്ദേശിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ എങ്ങനെയാ വരിക എന്നറിയില്ല. ഡൽഹിയിലും കേരളത്തിലുമായാണ് കഥ നടക്കുന്നത്. കേരളത്തോട് വലിയ അഭിനിവേശമുള്ള ഒരു ചെറുപ്പക്കാര െൻറ ജീവിതത്തെയും പ്രണയത്തെയും ചുറ്റിപ്പറ്റിയാണ് കഥ.
പാട്ടില്‍ പ്രണയമൊക്കെ ഇങ്ങനെ തീവ്രമാവുന്നത് എങ്ങനെയാണ്?
എന്തു വിഷയത്തെക്കുറിച്ചെഴുതുമ്പോഴും അതിനെ മുഴുവനായി ഉള്‍ക്കൊണ്ട് അതിെൻറ തീവ്രത മനസ്സിലാക്കി എഴുതാന്‍ ശ്രമിക്കാറുണ്ട്. ഒരുപക്ഷേ, സിനിമയിലെ കഥാപാത്രത്തിെൻറയോ പ്രമേയത്തിെൻറയോ അവസ്ഥയെക്കാളും അത് ഉയര്ന്നുപോവുന്നുണ്ടാവും. മലയാളത്തിലെ പഴയ മനോഹരമായ ഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍ നമുക്കത് മനസ്സിലാവും. അപ്പോഴാണ് ഇതൊന്നും അത്ര വലിയ കാര്യമുള്ളതല്ല എന്നു മനസ്സിലാവുക. ഇപ്പോഴും ആസ്വദിക്കുന്ന പഴയ പല ഗാനങ്ങളുടെയും ചിത്രം നമ്മള് ഓര്‍ക്കുന്നുപോലുമുണ്ടാവില്ല. സിനിമകള്‍ കാണുമ്പോള്‍ നിലവാരമില്ലാത്തതായി നമുക്ക് തോന്നിയാലും പാട്ടുകള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. പുതിയ കാലത്തും പാട്ടുകള്‍ അങ്ങനെ കാലത്തെ അതിജീവിച്ച് നിലനില്‍ക്കണം എന്ന് ആഗ്രഹിക്കാറുണ്ട്. അതിനുള്ള ശ്രമങ്ങള്‍ നടത്താറുണ്ട്.
ട്യൂണിനൊപ്പിച്ചെഴുതുമ്പോള് കൂടുതല്‍ സമയം വേണ്ടിവരുമോ?
ഈ കാലഘട്ടത്തിലെ പാട്ടുകള്‍ മിക്കതും ട്യൂണിനനുസരിച്ചുതന്നെയാണ് പറയുന്നത്. സങ്കീര്‍ണമായ ട്യൂണുകളില്‍ കുറച്ച് സമയമെടുക്കും എഴുതാന്‍. മലയാള ഭാഷയെക്കുറിച്ചറിയുന്നവര് ഉണ്ടാക്കുന്ന ട്യൂണുകളില്‍ എഴുതാന്‍ എളുപ്പമായിരിക്കും. പാട്ട് എഴുതിക്കൊടുക്കുമ്പോള്‍ നമ്മള് സ്വതന്ത്രരാണ്. എങ്കിലും ഇന്നത്തെ കാലത്ത് ഇത്രയൊക്കെയേ പറ്റൂ. സിനിമക്ക് ചേര്‍ന്നുപോകുന്ന ട്യൂണ്‍ ആയിരിക്കും സംഗീതസംവിധായകന് തരുന്നത്.
മരണമെത്തുന്ന നേരമെന്ന പാട്ട് ഇന്നും ചര്‍ച്ചയാവുന്നുണ്ട്?
ഞാന്‍ അറുനൂറോളം പാട്ടുകളും മുന്നൂറില്പരം കവിതകളും എഴുതിയിട്ടുണ്ട്. 'മരണമെത്തുന്ന നേരത്ത്' എന്ന കവിത പ്രസിദ്ധീകരിച്ചുവന്നപ്പോള്‍ അത്ര ശ്രദ്ധിക്കപ്പെട്ടൊന്നുമില്ല. സിനിമയില്‍ വന്നപ്പോള്‍ പക്ഷേ, വലിയ പ്രചാരമുണ്ടായി. കുറെ ആരാധകരും ഈ പാട്ടിനുണ്ടായി. മരണത്തെക്കുറിച്ച് മാത്രമല്ല, പല വിഷയങ്ങളെക്കുറിച്ചും എഴുതിയിട്ടുണ്ട്. ഈ പാട്ടില്‍ മാത്രമാണ് ആളുകള്‍ എന്നെ തളച്ചിടുന്നത്. റഫീക്ക് അഹമ്മദ് എന്നു പറഞ്ഞാല്‍ 'മരണമെത്തുന്ന നേരത്ത്' എഴുതിയ ആള് എന്ന രീതിയില്‍ തളച്ചിടുന്ന അവസ്ഥയുണ്ട്. ഈ പാട്ടിനെക്കുറിച്ചുമാത്രം ഒരുപാട് ആള്ക്കാര് പ്രശംസിച്ച് പറയുമ്പോള്‍ എനിക്ക് വലിയ സന്തോഷമൊന്നുമില്ല. മറ്റു രചനകളൊന്നും പരിഗണിക്കാതെ ഇതിെൻറ മുകളില്‍ മാത്രം കുറ്റിയടിച്ചുനിര്ത്തുന്നത് സന്തോഷമുള്ള കാര്യമല്ല.
'പരദേശി'യിലെ 'തട്ടംപിടിച്ച് വലിക്കല്ലേ...'എന്ന പാട്ടിനും ആസ്വാദകരേറെയാണ്
പെണ്‍കുട്ടി കല്യാണം കഴിഞ്ഞ് പോകുന്ന സന്ദര്‍ഭത്തിലാണ് ഗാനം. പരിചയമുള്ള ഒരു സന്ദര്‍ഭമാണല്ലോ അത്. ഇതാണെങ്കില്‍ കല്യാണം അന്യരാജ്യത്തേക്കാണ്. ഈ വിഷയത്തിനോടനുബന്ധിച്ച് 'ഒറ്റനിലത്തിൻ സുല്‍ത്താന' എന്ന ഒരു കവിത മുമ്പ് എഴുതിയിട്ടുണ്ട്.
പാട്ട് എഴുതുമ്പോള്‍ കഥാപാത്രത്തിെൻറ വികാരത്തില്‍ വീണുപോവുന്ന അവസ്ഥയുണ്ടോ?
പാട്ട് നമ്മുടെ ആവശ്യത്തിനല്ലല്ലോ. കഥാപാത്രത്തിെൻറ അവസ്ഥയൊക്കെ ആലോചിക്കുമെങ്കിലും ആ വികാരത്തില്‍ നമ്മള് വീണുപോവുകയൊന്നുമില്ല. ആദ്യമായി എഴുതിയ 'ഗര്‍ഷോമി'ലെ കഥാപാത്രത്തിെൻറ അവസ്ഥ കുറച്ചുകാലം മനസ്സിലുണ്ടായിരുന്നു. 'പറയാന്‍ മറന്ന പരിഭവങ്ങള്‍...' എന്ന പാട്ട് എഴുതിയപ്പോള്‍. പാട്ടെഴുത്ത് അത്ര പരിചയമുണ്ടായിരുന്നില്ല അന്ന്.
പാട്ടില്‍ മഴയും പുഴയുമൊക്കെ ഇടക്കിടെ വരുന്നുണ്ടല്ലോ?
അത് പലരും ചൂണ്ടിക്കാണിച്ചപ്പോഴാണ് മനസ്സിലാക്കിയത്. മഴ മഴ എന്നുമാത്രം വേണ്ട എന്ന് കരുതി ഇപ്പോള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കാറുണ്ട്. മഴയും പുഴയുമൊക്കെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്നതുകൊണ്ടാവാം.
'ചെമ്പാവ് പുന്നെല്ലിൻ ചോറോ...' കേള്‍ക്കുമ്പോള്‍ നാവില്‍ വെള്ളമൂറുന്ന 'സാൾട്ട് ആൻഡ് പെപ്പറി'ലെ പാട്ട്. പാചകം വശമുണ്ടോ? നല്ല ഭക്ഷണം തേടിപ്പോവാറുണ്ടോ?
പാചകം അറിയില്ല (ചിരിക്കുന്നു). പാചകം എനിക്കറിയില്ലെങ്കിലും അതിനോട് ബഹുമാനമുണ്ട്. കവിതപോലെ പാചകവും നല്ല ഒരു കലയാണ്. ആസ്വദിച്ച് കഴിക്കുന്ന ആളാണ്. നല്ല ബീഫും മസാലദോശയുമൊക്കെ കിട്ടുന്ന സ്ഥലങ്ങളില്‍ പോയി കഴിക്കാറുണ്ട്.
സിനിമാലോകത്തുനിന്ന് അഭിനന്ദനങ്ങള്‍ കിട്ടാറുണ്ടോ?
'ആറ്റുമണല്‍പ്പായയില്‍...' എന്ന പാട്ട് മോഹന്‍ലാല്‍ ആണ് പാടിയതും അഭിനയിച്ചതും. അത് വളരെ ഇഷ്ടപ്പെട്ടു പാടിയ പാട്ടാണെന്ന് അദ്ദേഹം പറയുകയുണ്ടായി. അങ്ങനെ ചിലരൊക്കെ പറയാറുണ്ട്.
പഴയ തലമുറയില്‍ കൂടുതലിഷ്ടം?
വയലാര്‍-, ദേവരാജന്‍ പാട്ടുകള്‍ വലിയ ഉന്മേഷം തരാറുണ്ട്. പി. ഭാസ്കരന്-, ബാബുരാജ്, പി. ഭാസ്കരന്-, കെ. രാഘവന് പാട്ടുകളൊക്കെ കേള്‍ക്കാനിഷ്ടമാണ്.
എഴുത്തിനോടുള്ള ആസ്വാദക പ്രതികരണം എങ്ങനെയാണ്?
ചിലര്‍ പറയും പഴയ കാലത്തെ പാട്ടുകള്‍പോലെ മനോഹരമല്ല ഗാനങ്ങള്‍ എന്ന്. സിനിമയിലെ മാറ്റം പാട്ടിലുമുണ്ടാവും, സിനിമക്കുവേണ്ടിയാണ് പാട്ടുകള്‍ ഉണ്ടാവുന്നത്. പുതിയ കാലത്തെ സിനിമയില്‍ 'ആത്മവിദ്യാലയമേ...' പോലൊരു ഗാനം ഉണ്ടായിക്കൊള്ളണമെന്നില്ല. പുതിയ കാലത്തെ പാട്ടുകളെ ഇഷ്ടപ്പെടുന്നവരുണ്ട്. വിമര്‍ശനത്തോടെ കാണുന്നവരുമുണ്ട്. കവിത വളരെ കുറച്ച് ആളുകള്‍ മാത്രമേ അംഗീകരിക്കുകയുള്ളൂ.
എഴുതിയ ആളെവെച്ച് വിലയിരുത്തുന്നതായും തോന്നിയിട്ടുണ്ട്. പാട്ടിെൻറ ആസ്വാദകര്‍ പലപ്പോഴും വളരെ നിഷ്കളങ്കരാണ്. ആരാണ് എഴുതിയത്, സംഗീതം ചെയ്തത് എന്നറിഞ്ഞുകൊണ്ടൊന്നുമല്ല അവര്‍ ആസ്വദിക്കുന്നത്. അവര്‍ കുറെക്കൂടി സത്യസന്ധരായിട്ടുള്ളവരാണ്. ഉദാരമനസ്കരായിട്ടുള്ളവരാണ്. കലര്‍പ്പില്ലാത്ത ഇഷ്ടമാണത്. പാട്ടെഴുത്തിന് കിട്ടിയിട്ടുള്ള ആസ്വാദക ശ്രദ്ധ കവിതയുടെ കാര്യത്തില്‍ കിട്ടിയിട്ടില്ല.
വായന
ലോകത്ത് ഏറ്റവും ഇഷ്ടപ്പെടുന്ന വസ്തു എന്താണെന്ന് ചോദിച്ചാല്‍ പുസ്തകം തന്നെയാണ്. വായനയാണ് എന്നെ ഞാനാക്കിമാറ്റിയത്. പണ്ട് വായിച്ചിരുന്നപോലെ ഏകാഗ്രമായി വായിക്കാന്‍ പറ്റാറില്ല. വായനയോടുള്ള ബന്ധം വളരെ ആഴത്തിലാണ്. എന്തെങ്കിലും, ഒന്നു വായിക്കാതെ ഒരു ദിവസം കടന്നുപോവാന്‍ ബുദ്ധിമുട്ടാണ്.
സിനിമ ജീവിതത്തെ മാറ്റിയോ?
സിനിമാരംഗത്തുണ്ട് എന്നത് യാഥാർഥ്യമാണ്. സിനിമ എെൻറ വിദൂരസ്വപ്നത്തില്പോലും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അതിലേക്ക് മുഴുവനായും മുഴുകാന്‍ കഴിയാറില്ല. പാട്ടെഴുത്തുകൊണ്ട് സാമ്പത്തികമായി മെച്ചമായിട്ടുണ്ട്. സിനിമയുടെ ലോകത്ത് അഭിരമിക്കുക, അതിെൻറ താരപ്രഭാവങ്ങളില് അലിഞ്ഞുചേരുക അങ്ങനെയുള്ള പരിപാടികളൊന്നുമില്ല. എനിക്കതില്‍ ചേര്‍ന്നുപോകാന്‍ കഴിയുന്ന വ്യക്തിത്വമല്ല ഉള്ളത്. പാട്ടെഴുതും, മിണ്ടാതെ തിരിച്ചുപോരും അത്രയേയുള്ളൂ. പാട്ടെഴുത്ത് എെൻറ അടിസ്ഥാനപരമായ വ്യക്തിത്വത്തില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല.
സൗഹൃദങ്ങള്‍?
വളരെ വിപുലമായ സൗഹൃദമൊന്നുമില്ല. ആത്മാവിനോട് തൊട്ടുനില്‍ക്കുന്നവര്‍ വളരെ കുറച്ചേയുള്ളൂ. ബന്ധങ്ങളായി നിലനില്‍ക്കുന്നത് പണ്ടുമുതലേയുള്ള വളരെ കുറച്ച് ബന്ധങ്ങളാണ്. അത് അന്നും ഇന്നും അങ്ങനെതന്നെയാണ്.
പാട്ടെഴുതാന്‍ ഏകാന്തത ആവശ്യമാണോ?
ൈസ്വരം വേണമെന്നുണ്ട്. മനസ്സിന് സ്വസ്ഥതയും വേണം.
എഴുതിയശേഷം സിനിമയില്‍ വരുമ്പോള്‍ വിസ്മയം തോന്നിയ പാട്ടുകളേതാവാം?
ട്യൂണറിയാതെ എഴുതിയ പാട്ടുകളാണ് അങ്ങനെ വിസ്മയിപ്പിച്ചിട്ടുള്ളത്. 'സൂഫി പറഞ്ഞ കഥ'യിലെ 'തെക്കിനികോലായച്ചുമരില്...', 'ഡോ. പേഷ്യൻറി'ലെ 'മഴ ഞാനറിഞ്ഞിരുന്നില്ല...', 'ആമി'യിലെ 'നീര്മാതളപ്പൂവിനുള്ളില്...' ഈ പാട്ടൊക്കെ അങ്ങനെ കേട്ടപ്പോള്‍ വലിയ സന്തോഷം തോന്നിയിട്ടുണ്ട്. രമേഷ് നാരായണനുമായി മിക്ക പാട്ടുകളും എഴുതി സംഗീതം ചെയ്തവയാണ്. എം. ജയചന്ദ്രെൻറ കൂടെയും ചില പാട്ടുകള്‍ അങ്ങനെ ചെയ്തിട്ടുണ്ട്. സംഗീതത്തിെൻറ മാന്ത്രിക സ്പര്‍ശത്തിലൂടെ നമ്മള് ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയില്‍ പാട്ടുമാറുമ്പോള് അത്ഭുതം തോന്നിയിട്ടുണ്ട്.
പുതിയ പാട്ടുകള്‍
വരാനിരിക്കുന്ന രണ്ട് പ്രധാന സിനിമകള്‍... ബ്ലെസി സംവിധാനം ചെയ്യുന്ന 'ആടുജീവിതം'. എ.ആര്. റഹ്മാനാണ് സംഗീതം. വിനയന് സംവിധാനം ചെയ്യുന്ന '19ാം നൂറ്റാണ്ട്'. റിലീസായ 'വര്‍ത്തമാനം', 'രണ്ട്', 'വണ്‍' എന്നീ സിനിമകളില്‍ എഴുതിയിരുന്നു.
മികച്ച പ്രണയഗാനങ്ങളെഴുതിയ ആള്‍ക്ക് പ്രണയവിവാഹമല്ല?
പ്രണയവും വിവാഹവും രണ്ടു വിഷയങ്ങളാണ്. വിവാഹം, കുടുംബം... അത് ഒരു പ്രത്യേക സ്ഥാപനമാണ്. പ്രണയം സർവസ്വതന്ത്രമാണ്. അത് എന്തെങ്കിലും ഉപാധിയോടുകൂടിയതല്ല. അത് എല്ലാകാലത്തും മനുഷ്യരിലുണ്ടാവും. പ്രണയം വിവാഹത്തിലെത്തുന്നതോടെ കഴിഞ്ഞു എന്ന രീതിയിലാണ് നമ്മുടെ സിനിമകളിലും ജീവിതങ്ങളിലുമൊക്കെ കാണാനാവുന്നത്.
കുടുംബം?
ഭാര്യ ലൈല. രണ്ടു മക്കള്‍: മനീഷ് അഹമ്മദ്, ലാസ്യ. രണ്ടുപേരും മെഡിക്കല്‍ വിദ്യാർഥികളാണ്.
എഴുത്തി െൻറ പിരിമുറുക്കത്തോട് വീട്ടുകാരുടെ പ്രതികരണ വും പിന്തുണയുമെങ്ങനെയാണ് ?
എഴുത്തിന്റെ പേരിൽ കുടുംബത്തി െൻറ ഉത്തരവാദിത്തങ്ങളിൽ നിന്നൊഴിഞ്ഞ് മാറാറില്ല. വീട്ടിലെ ചെറിയ കാര്യങ്ങൾ വരെ അറിയുകയും ഇടപെടുകയും ചെയ്യുന്ന കുടുംബസ്ഥൻ തന്നെയാണ്. ഞാനെഴുത്തുകാരനാണ്, ഒന്നിലും ഇടപെടാൻ പറ്റില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞ് നിൽക്കാറില്ല. അങ്ങനെയുളളവർ കല്യാണം കഴിക്കാൻ പാടില്ലല്ലോ. എഴുത്തി െൻറ സമ്മർദ്ദങ്ങൾ അവരെ ബാധിക്കാതിരിക്കാൻ ശ്രമിക്കാറുണ്ട്. ചെറിയ കുടുംബമാണ്. സ്വസ്ഥമായി ജീവിക്കുന്നു.
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.