ലോകത്തെയാകെ കോവിഡ് തളർത്തിയ കാലത്തും ദേശീയ, അന്തർദേശീയ അംഗീകാരങ്ങൾ മലയാളത്തിലേക്ക് കൊണ്ടുവന്നതിെൻറ നിറവിലാണ് ജാഫർ ഇടുക്കി. ജാഫർ ഇടുക്കിയെ മുഖ്യകഥാപാത്രമാക്കി ബിജു മാണി സംവിധാനം ചെയ്ത 'ചുഴൽ' ദേശത്തും ദേശാതിർത്തികൾക്കപ്പുറത്തും പുരസ്കാരങ്ങൾ വാങ്ങിക്കൂട്ടുകയാണ്.
ചുഴലിൽ ഗംഭീരപ്രകടനവുമായാണ് ജാഫർ നിറഞ്ഞുനിൽക്കുന്നത്. മിസ്റ്ററി ത്രില്ലർ ഗണത്തിൽപെടുന്ന ഈ ചിത്രം ഒരു ഹിൽസ്റ്റേഷൻ റിസോർട്ടിൽ താമസിക്കാനെത്തിയവരെയും അവരെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകളുമാണ് പ്രമേയമാക്കിയത്. ഫ്രാൻസിലെ കാൻസ് ഇൻറർനാഷനൽ വേൾഡ് ഫിലിം ഫെസ്റ്റിവലിൽ ചിത്രം പുരസ്കാരം നേടി. അന്തമാനിൽ നടന്ന പോർട്ട് ബ്ലയർ ഇൻറർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ ഹൊറർ ത്രില്ലർ വിഭാഗത്തിലും മികച്ച തിരക്കഥക്കും അവാർഡ് നേടി. ഇന്ത്യൻ പനോരമ ഇൻറർനാഷനൽ ഫിലിം ഫെസ്റ്റിവലിലും ചുഴൽ അവാർഡുകൾ വാരിക്കൂട്ടി. കൂടെ ചുരുളിയിലെ വർക്കിച്ചനായുള്ള തകർപ്പൻ പ്രകടനവും.
2005ൽ 'ഒ.കെ. ചാക്കോ കൊച്ചിൻ മുംബൈ'യിലൂടെ സിനിമാഭിനയം തുടങ്ങിയ ജാഫർ ഇന്ന് വളരെ തിരക്കുള്ള മലയാള താരങ്ങളിൽ ഒരാളായി മാറിക്കഴിഞ്ഞു. ഇതുവരെ 150ലേറെ സിനിമകളിൽ അഭിനയിച്ചുകഴിഞ്ഞു.
കോവിഡ് പ്രതിസന്ധികൾക്കിടയിലും ജാഫറിന് സിനിമകളുടെ എണ്ണത്തിൽ കുറവൊന്നും വന്നിട്ടില്ല. ലൊക്കേഷനിൽനിന്ന് ലൊക്കേഷനിലേക്ക് നീളുന്ന സിനിമാജീവിതത്തിൽ, കോവിഡ് ഭീതിപരത്തിയ കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ ജാഫറിന് വീട്ടിൽ ഒതുങ്ങിക്കൂടേണ്ടിവന്നത് ഒരു മാസക്കാലം മാത്രം. ഇതിനിടയിൽ ചില ആൽബങ്ങളിലും അഭിനയിച്ചു. മഹാമാരിയുടെ കാലത്ത് പള്ളിയിൽ ബാങ്ക് വിളിക്കുന്ന മുക്രിയുടെ ഏകാന്തതയും അനുഭവങ്ങളും പകർത്തിയ തൗഫീക്ക് എന്ന ആൽബം യൂട്യൂബിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.
ഇരുപതോളം ചിത്രങ്ങളാണ് ജാഫറിേൻറതായി റിലീസിങ്ങിന് കാത്തിരിക്കുന്നത്. ജാഫർ പ്രധാന വേഷങ്ങളിലെത്തുന്ന സിനിമകളുടെ ചിത്രീകരണവും പുരോഗമിക്കുന്നുണ്ട്. ഹൈദരാബാദിൽ മോഹൻലാൽ -പൃഥ്വിരാജ് ചിത്രമായ ബ്രോ ഡാഡിയിലെ വേഷം കഴിഞ്ഞ് ചെന്നൈയിൽ നയൻതാര നായികയാകുന്ന തമിഴ് ചിത്രത്തിെൻറ ലൊക്കേഷനിലേക്ക്. അവിടെനിന്ന് മുംബൈയിൽ ഫഹദ് ചിത്രമായ മലയൻ കുഞ്ഞിെൻറ സെറ്റിലേക്ക്. അവിടെനിന്ന് നാട്ടിലേക്ക്. ഇവിടെയും കാത്തിരിക്കുന്നത് നിരവധി ചിത്രങ്ങൾ.വിനയൻ ചിത്രമായ 19ാം നൂറ്റാണ്ട്, പേരിട്ടിട്ടില്ലാത്ത ലാൽ ജോസ് ചിത്രം, ബിനു തൃക്കാക്കര നായകനാകുന്ന മൈ നെയിം ഈസ് അഴകൻ, ഷറഫുദ്ദീൻ നായകനാകുന്ന പ്രിയൻ ഓട്ടത്തിലാണ്... അങ്ങനെ ജാഫർ ഓടുകയാണ് ഒരു സെറ്റിൽ നിന്ന് അടുത്ത സെറ്റിലേക്ക്.
ഓട്ടോ ഓടിക്കലും മിമിക്രിയും...
പത്താം ക്ലാസ് കഴിഞ്ഞ് കുറച്ച് പണികളൊക്കെ പഠിച്ച് വീടിനടുത്ത് ഒരു കടയെടുത്ത് റേഡിയോ- ടി.വി നന്നാക്കലും ഇലക്ട്രീഷ്യൻ, പ്ലംബർ തുടങ്ങിയ ജോലികളും ചെയ്തിരുന്ന കാലമുണ്ട്. കടയുടെ മുന്നിൽ ഒരു ഓട്ടോയും ഇട്ട് ഓടിക്കും. ഇടക്കൊക്കെ മിമിക്രിയും. അങ്ങനെ പത്തുപന്ത്രണ്ട് കൊല്ലം. അങ്ങനെയിരിക്കെ കലാഭവൻ റഹ്മാെൻറ ജോക്സ് ഇന്ത്യ എന്ന പ്രഫഷനൽ ട്രൂപ്പിൽ കയറി. പിന്നീട് അബിയുടെ സാഗർ ട്രൂപ്പിൽ രണ്ടു വർഷം. അവിടെനിന്നാണ് കലാഭവനിൽ എത്തുന്നത്. അവിടെ ആറു വർഷത്തോളം ഉണ്ടായിരുന്നു. ഇതിനിടയിൽ എട്ട് സുന്ദരികളും ഞാനും എന്ന സീരിയലിൽ എത്തി. അക്കാലത്ത് ശ്രദ്ധിക്കപ്പെട്ട സീരിയലായിരുന്നു അത്. അങ്ങനെയിരിക്കെ ആദ്യ സിനിമയിൽ അവസരം കിട്ടി. മമ്മി സെഞ്ച്വറി ഇറക്കിയ കോമഡി മൂസ എന്ന വിഡിയോ കാസറ്റിൽ എന്നെ കണ്ടാണ് ഡയറക്ടർ അനീഷ് പണിക്കർ സിനിമയിലേക്ക് വിളിക്കുന്നത്. ഒ.കെ. ചാക്കോ കൊച്ചിൻ മുംബൈ എന്നായിരുന്നു സിനിമയുടെ പേര്. തിലകൻ ചേട്ടൻ മുഖ്യവേഷത്തിൽ എത്തുന്ന സിനിമയിൽ പ്രധാന മൂന്നു കഥാപാത്രങ്ങളിൽ ഒരാളായിട്ടായിരുന്നു വേഷം. സിനിമ തിയറ്ററിൽ റിലീസ് ആയില്ല. ടി.വിയിൽ ഇടക്ക് വരാറുണ്ട്.
കലാഭവൻ മണിയുടെ ചാക്കോ രണ്ടാമനായിരുന്നു രണ്ടാമത്തെ സിനിമ. അതിനുശേഷമാണ് മമ്മൂക്ക ചിത്രമായ കയ്യൊപ്പിൽ നല്ലൊരു സീരിയസ് വേഷം കിട്ടുന്നത്. ഹോട്ടൽ ബോയിയുടെ വേഷമായിരുന്നു അത്. കൈയിൽ ചൂലുമൊക്കെയായി റൂം വൃത്തിയാക്കുന്ന സീൻ. മമ്മൂക്കക്കൊപ്പമുള്ള ആ ആദ്യ സീൻ പേടിച്ചാണ് ചെയ്തത്. ചൂലുമായി നിന്ന് ഡയലോഗ് പറയാതെ എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ട് ഡയലോഗ് അവതരിപ്പിക്കുന്നത് നല്ലതായിരിക്കുമെന്ന് മമ്മൂക്കയാണ് പറഞ്ഞുതന്നത്. പിന്നീട് സിനിമ കണ്ടവർ നല്ല അഭിപ്രായം പറഞ്ഞപ്പോൾ സന്തോഷം തോന്നി. ആദ്യമായി ശ്രദ്ധിക്കപ്പെട്ട വേഷം അതായിരുന്നു.
ആഗ്രഹിച്ച വേഷങ്ങളിൽ ഒരു കട്ട വില്ലൻവേഷം മാത്രമേ ഇനി ചെയ്യാനുള്ളൂ. ബാക്കി എല്ലാം ചെയ്തു. ചെറിയ വില്ലൻവേഷങ്ങൾ കിട്ടിയിട്ടുണ്ട്. റിലീസിങ്ങിന് കാത്തിരിക്കുന്ന സിനിമകളിലൊന്നായ സബാഷ് ചന്ദ്രനിൽ മില്ല് നടത്തുന്ന ചെട്ടിയാരുടെ വില്ലൻവേഷമാണ്.
താടിയും മീശയുമൊക്കെ വളർത്തി ചാച്ചൻ, അപ്പച്ചൻ, അച്ചാച്ചൻ, ജോസഫ് ചേട്ടൻ, ലാസർ ചേട്ടൻ തുടങ്ങിയ കുറെ കാർന്നോര് കഥാപാത്രങ്ങളിലാണ് ഞാൻ ഇപ്പോൾ നിൽക്കുന്നത്. ഇറങ്ങാനുള്ള ഇരുപതോളം സിനിമകളിൽ ആറെണ്ണം കോമഡിവേഷവും ബാക്കിയൊക്കെ സീരിയസ് വേഷങ്ങളുമാണ്.
ജാഫറിെൻറ അഭിനയമികവ് തമിഴകത്തേക്കും കടക്കുകയാണ്. വിഘ്നേഷ് സംവിധാനം ചെയ്യുന്ന, നയൻതാര മുഖ്യവേഷത്തിൽ എത്തുന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമയിലെത്തുന്നത്. ലിജോ ജോസ് െപല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കെട്ടും മാർട്ടിൻ പ്രക്കാട് ചിത്രമായ നായാട്ടും കണ്ടാണ് തമിഴിലേക്ക് വിളി വരുന്നത്. നയൻതാര സിനിമയിൽ പ്രധാന വേഷമാണ് ജാഫറിനുള്ളത്. 42 ദിവസത്തെ ഷൂട്ടിങ്ങാണ് അവിടെ ഉണ്ടായിരുന്നത്. തമിഴിനു പുറമെ തെലുങ്കിലും ഒരു കൈ നോക്കാനുള്ള തയാറെടുപ്പിലാണ് ജാഫർ. തെലുങ്ക് സിനിമയുടെ ചർച്ചകൾ പുരോഗമിക്കുകയാണ്.
ഫഹദ് ഫാസിൽ സിനിമയായ മലയൻ കുഞ്ഞിെൻറ ഷൂട്ടിങ്ങാണ് ഈയിടെ കഴിഞ്ഞത്. ഇതിൽ പ്രധാനപ്പെട്ട റോളാണ്. ഫഹദുമൊത്തുള്ള കോമ്പിനേഷൻ സീനുകൾ മുംബൈയിൽെവച്ചാണ് ചിത്രീകരിച്ചത്.
തിയറ്ററിൽ പോയി സിനിമ കാണാറില്ല. പത്തുപതിനാറ് കൊല്ലമായിക്കാണും തിയറ്ററിൽ പോയിട്ട്. അതിനു പിന്നിൽ വേദനിപ്പിക്കുന്ന ചില ഓർമകൾ ഉണ്ട്. ഇടുക്കിയിൽ ഉണ്ടായിരുന്നപ്പോൾ എെൻറ ഒരു അനിയത്തിക്കുട്ടിയും അവളുടെ ജ്യേഷ്ഠനുമൊക്കെകൂടി ഞായറാഴ്ച മാറ്റിനിക്ക് ഇടുക്കി ഗ്രീൻലാൻഡ് തിയറ്ററിൽ സിനിമക്ക് പോകുമായിരുന്നു. വിവാഹമൊക്കെ കഴിഞ്ഞ് കുറച്ചുനാൾ കഴിഞ്ഞപ്പോൾ ആ കുട്ടി മരിച്ചു. അതിൽപിന്നെ തിയറ്ററിൽ പോകുന്നത് ഒഴിവാക്കി. ടി.വിയിൽ മനസ്സിൽ പതിഞ്ഞ പഴയ സിനിമകൾ വന്നാൽ കാണും. എെൻറ സിനിമകൾ ഒട്ടും കാണാറില്ല. പിന്നെയുള്ള ഹോബി ടി.വിയിൽ ന്യൂസ് കാണലാണ്.
ഷൂട്ടിങ്ങിനിടെ അവധി കിട്ടിയാൽ ജാഫർ തൊടുപുഴ ഉടുമ്പന്നൂരിലെ വീട്ടിലെത്തും. അവിടെ ഭാര്യ സിമിക്കും മക്കളായ അൽഫിയക്കും മുഹമ്മദ് അൻസാഫിനും മുന്നിൽ ഉത്തരവാദിത്തമുള്ള ഗൃഹനാഥനാണ്. വീട്ടിലെ കൃഷിയിടത്ത് മണ്ണിനെയറിഞ്ഞ തനി ഇടുക്കിക്കാരൻ കർഷകനാകും. സുഹൃത്തുക്കൾക്കും നാട്ടുകാർക്കും മുന്നിൽ അവരിൽ ഒരാളായ ജാഫർക്കയും.
''സിനിമയിൽ എത്തിയിട്ട് 16 വർഷം കഴിയുന്നു. തിരിഞ്ഞുനോക്കുമ്പോൾ വലിയ മാറ്റമൊന്നും വന്നിട്ടില്ല. ദാരിദ്ര്യവും ദുരിതവും ഒക്കെ കുറച്ച് ഒതുങ്ങി എന്നേയുള്ളൂ. സിനിമയിൽനിന്നും മിമിക്രിയിൽനിന്നും കിട്ടിയതൊക്കെ കൂട്ടിെവച്ച് ഒരു വീട് െവച്ചു. പിന്നെ മോളെ വിവാഹം ചെയ്ത് അയച്ചു. ഒരു വണ്ടി വാങ്ങി. കൃഷിക്കായി 15 സെൻറ് സ്ഥലം വാങ്ങി. ഇപ്പോൾ സിനിമ ഉണ്ട്. കടവും ഉണ്ട്. കടങ്ങൾ കുറശ്ശെ വീട്ടിക്കൊണ്ടിരിക്കുന്നു. മകൾക്ക് ഒരു കുഞ്ഞായി. അപ്പൂപ്പനായതിെൻറ സന്തോഷത്തിൽ അങ്ങനെയൊക്കെ പോകുന്നു.
പത്താം വയസ്സിൽ തുടങ്ങിയതാണ് പണി. ഞാൻ മാറിയിട്ടില്ല എന്നാണ് എെൻറ വിശ്വാസം. സൗകര്യങ്ങൾ ഒക്കെ പഴയതിൽനിന്ന് മെച്ചപ്പെട്ടുവന്നുകൊണ്ടിരിക്കുന്നു. ആ സൗകര്യങ്ങളിൽ കയറി താമസിച്ചുകഴിയുമ്പോൾ നമ്മൾ മാറണമെന്നില്ലല്ലോ. പണ്ട് മരത്തിെൻറ ചുവട്ടിൽ കസേരയുമിട്ട് ഇരുന്നവനാ ഇപ്പോൾ കാരവാനിൽ ഇരിക്കുന്നത് എന്ന് ചിലർ പറഞ്ഞേക്കാം. അവർ തരുന്ന സൗകര്യത്തിൽ ഇരിക്കുന്നു, അത്രേയുള്ളൂ. അവിടെ അത്തരം സൗകര്യങ്ങൾ ഇല്ലെങ്കിൽ മരത്തിെൻറ ചുവട്ടിൽത്തന്നെയിരിക്കും.
ഇത് സിനിമാഫീൽഡ് ആണ്.നമ്മളേക്കാൾ കഴിവുള്ളവർ വന്നാൽ വീട്ടിൽ ഇരിക്കേണ്ടിവരും. അങ്ങനെ വന്നാൽ അഞ്ചാറ് ഓട്ടോറിക്ഷ വാങ്ങി ഒരെണ്ണം ഞാൻ ഓടിച്ച് ബാക്കി മറ്റുള്ളവരെക്കൊണ്ട് ഓടിപ്പിക്കും. അങ്ങനെ ചെലവ് കഴിഞ്ഞുപോകാം എന്ന ചിന്താഗതി എപ്പോഴുമുണ്ട്. നമ്മൾ ഏതു തൊഴിലും ചെയ്യാൻ തയാറുണ്ടെങ്കിൽ ജീവിതത്തിൽ പരാജയം വരില്ലെന്നാണ് വിശ്വാസം.
ചുഴലിന് കാൻ ഫെസ്റ്റിവലിൽ അവാർഡ് കിട്ടിയത് ഞാൻ അറിയുന്നത് ലാൽ സാർ പറയുമ്പോഴാണ്. ഹൈദരാബാദിൽ േബ്രാ ഡാഡിയുടെ ഷൂട്ടിങ്ങിനിടെയായിരുന്നു അത്. ജാഫറിെൻറ സിനിമ കാൻ ഫെസ്റ്റിവലിൽ അവാർഡ് നേടിയല്ലോ എന്ന് ലാൽ സാർ പറഞ്ഞറിഞ്ഞപ്പോൾ ഏറെ അഭിമാനം തോന്നി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.