കുഞ്ചാക്കോ ബോബൻ. ചിത്രം: നിജിത്ത് ആർ നായർ

'ഇനി മുന്നോട്ടെന്ത്' എന്ന് ചിന്തിക്കാതെ കൂസലില്ലാതെയായിരുന്നു പുതിയ വേഷങ്ങളെല്ലാം തിരഞ്ഞെടുത്തത്. ഇനിയും അത് തുടരും'-കുഞ്ചാ​േക്കാ ബോബൻ

''റൊമാന്റിക് ഹീറോ ടാഗിൽ ഒതുങ്ങില്ലെന്ന് ഉറപ്പിച്ചായിരുന്നു മടങ്ങിവരവ്. അല്ലെങ്കിൽ വന്നതിനെക്കാൾ വേഗത്തിൽ മടങ്ങിപ്പോകാമായിരുന്നു'' -25 വർഷമായി മലയാള സിനിമയിൽ സജീവമായ കുഞ്ചാക്കോ ബോബൻ ഇതു പറയുമ്പോൾ ഒരു കംഫർട്ട്​ സോൺ തകർത്ത്​ പുതിയ വിജയം കൈവരിച്ച ആത്മവിശ്വാസം മുഖത്തറിയാം.

ചോക്ലറ്റ് ഹീറോ, കോളജ് കുമാരൻ തുടങ്ങിയ ക്ലീഷേ നായക കഥാപാത്രങ്ങളിൽനിന്ന് പുറത്തുചാടി താരം. അതിനായി ചെറിയൊരു ഇടവേളയും എടുത്തു.

അനിയ​ത്തിപ്രാവ്, നക്ഷത്രത്താരാട്ട്, മയിൽപ്പീലിക്കാവ്, ചന്ദാമാമ, മഴവില്ല്, നിറം, പ്രേം പൂജാരി, പ്രിയം, സ്നേഹിതൻ, കസ്തൂരിമാൻ, സ്വപ്നക്കൂട് എന്നിങ്ങനെ ഒട്ടേറെ കോളജ്-പ്രണയ ചിത്രങ്ങളുണ്ട് കു​ഞ്ചാ​ക്കോ ബോബന്റെ പേരിൽ. നായികയോട് പ്രണയം പറഞ്ഞ് നൃത്തംചെയ്ത് യുവജനങ്ങൾക്കിടയിൽ അന്ന് സെൻസേഷനലായി.

എന്നാൽ, 2000ത്തിന്റെ തുടക്കത്തിലെ നായകനടനെ പിന്നീട് അധികമൊന്നും കോളജ് കുമാരനായി സിനിമകളിൽ കണ്ടില്ല. 2006ൽ കിലുക്കം കിലുകിലുക്കം എന്ന ചിത്രം മാത്രമായി കരിയറിൽ. 2007ൽ ഒരു ചിത്രംപോലും ഇറങ്ങിയില്ല.


സ്വയം പൊളിച്ചെഴുതി മടക്കം

കുഞ്ചാക്കോ ബോബ​ൻ എന്ന നടന്റെ പേരിലെ വാർപ്പുമാതൃകകളെ ​പൊളിച്ചാണ്​ 2010ലെ മലയാള സിനിമയിലേക്കുള്ള മടക്കം. എൽസമ്മ എന്ന ആൺകുട്ടിയിലെ പാലുണ്ണി എന്ന നർമം പറയുന്ന കഥാപാത്രമായിരുന്നു അതിൽ ശ്രദ്ധേയം. ഹ്യൂമർ, നെഗറ്റിവ് കഥാപാത്രങ്ങൾ ചെയ്യാത്തതെന്താണെന്ന് പലരും ചോദിച്ചിരുന്നു.

അന്ന് ചെയ്യാൻ സാധിക്കാതിരുന്ന പല കഥാപാത്രങ്ങളും മടങ്ങിവരവിൽ ചെയ്യാൻ കഴിഞ്ഞുവെന്ന് കുഞ്ചാക്കോ ബോബൻ തന്നെ പറയുന്നു. 2011ൽ പുറത്തിറങ്ങിയ ട്രാഫിക് എന്ന ചിത്രത്തിലെ ഡോ. ഏബൽ തരിയൻ എന്ന കഥാപാത്രം അതിന് ഉദാഹരണമായിരുന്നു. ''നിങ്ങൾ നോ പറഞ്ഞാൽ ഇവിടെ ഒന്നും സംഭവിക്കില്ല.

ഏതൊരു ദിവസത്തെയുംപോലെ ഈ ദിവസവും കടന്നുപോകും. മറക്കപ്പെടും. പക്ഷേ, നിങ്ങളുടെയൊരു ഒറ്റ യെസ് ചിലപ്പോൾ ചരിത്രമാകും'' -ട്രാഫിക്കിലെ ഈ ഡയലോഗ് പോലെയായിരുന്നു പിന്നീടുള്ള ഈ നടന്റെ കരിയറും.


കഥാപാത്രങ്ങൾ ചോദിച്ചുപോകും

മലയാള സിനിമയുടെ മാറ്റങ്ങളും സ്വയം പരിശ്രമിച്ച് വരുത്തിയ മാറ്റങ്ങളും ഇ​പ്പോൾ താരത്തിൽ കാണാം. ''ഇഷ്ടപ്പെട്ട സിനിമകളുടെ ഭാഗമായി ഒപ്പം പ്രവർത്തിക്കാൻ ആഗ്രഹമുള്ള, താൽപര്യമുള്ള സംവിധായകരുടെ അടുത്ത് കഥാപാത്രങ്ങൾ ചോദിച്ചുവാങ്ങാറുണ്ട്. ഇപ്പോഴും അത് തുടരുന്നു. നായാട്ട്, ന്നാ താൻ ​കേസ് കൊട് എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ചോദിച്ചുവാങ്ങിയതായിരുന്നു'' -അദ്ദേഹം പറയുന്നു.


തുടരും പരീക്ഷണങ്ങൾ

''വ്യത്യസ്ത പരീക്ഷണ സിനിമകളുടെ ഭാഗമാകാൻ ശ്രമിക്കുകയും ​ശ്രദ്ധിക്കുകയും ചെയ്തിട്ടുണ്ട്. ഇനിയും അത് തുടരുകയും ചെയ്യും'' -അദ്ദേഹം കൂട്ടിച്ചേർത്തു.

മുഴുക്കുടിയനായും പൊലീസുകാരനായും അയ്യൻകാളിപ്പടയിലെ നേതാവായുമെല്ലാം 'ഇനി മുന്നോട്ടെന്ത്' എന്ന് ചിന്തിക്കാതെ കൂസലില്ലാതെയാണ് ഈ തിരഞ്ഞെടുപ്പുകളെല്ലാം.

''ആഗ്രഹങ്ങളോടൊപ്പം പരിശ്രമംകൂടിയാകുമ്പോൾ അവ തീർച്ചയായും ലഭിക്കും. പൗലോ കൊയ്ലോ പറഞ്ഞതുപോലെ തേടുക, ​അപ്പോൾ വഴി നമുക്ക് തുറന്നുവരും'' -കുഞ്ചാക്കോ പറയുന്നതിങ്ങനെ.

Tags:    
News Summary - kunchacko boban 'Nna, Thaan Case Kodu' is something I haven't tried before

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.