മനുഷ്യരാശിയെ ഭൂമിയിൽനിന്ന് പിഴുതെറിയാൻവരെ ശേഷിയുള്ള കാലാവസ്ഥ മാറ്റങ്ങളാണ് നമുക്ക് ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്നത്. വരാനിരിക്കുന്ന ദുരന്തകാലത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും പരിഹാര നടപടികൾ നിർദേശിക്കുകയുമാണ് മലയാളിയും പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനുമായ ഡോ. റോക്സി മാത്യു കോൾ ഈ അഭിമുഖത്തിൽ...
കുറച്ചുകാലമായി മലയാളികൾ കേട്ടുശീലിച്ച വാക്കാണ് കാലാവസ്ഥമാറ്റം. മഴ കൂടുേമ്പാഴും കുറയുേമ്പാഴും കാലാവസ്ഥമാറ്റമെന്നാണ് നമ്മൾ പറയാറുള്ളത്. അതിനപ്പുറം ആ വാക്കിന് വ്യാപ്തിയുണ്ടെന്നു തിരിച്ചറിഞ്ഞത് അടുത്തിടെ യു.എന്നിെൻറ ഐ.പി.സി.സി റിപ്പോർട്ട് പുറത്തുവന്നതോടെയാണ്. കാലാവസ്ഥവ്യതിയാനം എന്നത് വെറുതെ കാലം തെറ്റി പെയ്യുന്ന മഴയല്ല. മനുഷ്യരാശിയെ പിഴുതെറിയാൻ കരുത്താർജിച്ച യാഥാർഥ്യമാണെന്ന് ഐ.പി.സി.സി റിപ്പോർട്ട് മുന്നറിയിപ്പു നൽകുന്നു, വരാനിരിക്കുന്നതൊന്നും നല്ല വാർത്തകളല്ലെന്ന് ലോകരാജ്യങ്ങളെ ഓർമിപ്പിക്കുന്നു.
ആഗോളതാപനത്തിെൻറ ഫലമായുണ്ടായ കാലാവസ്ഥ വ്യതിയാത്തിെൻറ അനന്തരഫലങ്ങൾ ലോകരാജ്യങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഭൂമിയുടെയും സമുദ്രത്തിെൻറയും ചൂടു വർധിച്ചുകൊണ്ടിരിക്കുന്നു. ഇതിെൻറ ഫലമായി പ്രളയം, ഉഷ്ണതരംഗം, കാട്ടുതീ, ചുഴലിക്കാറ്റ് തുടങ്ങിയ ദുരന്തങ്ങളാണ് നമ്മെ കാത്തിരിക്കുന്നത്. ഈ വൈകിയ വേളയിലെങ്കിലും അതു തിരിച്ചറിയാനോ ജാഗരൂകരാവാനോ കഴിഞ്ഞില്ലെങ്കിൽ ഭൂമുഖത്തുണ്ടാവുന്ന നാശനഷ്ടങ്ങൾ നികത്താനാവില്ല
ലോകത്തെ ഞെട്ടിച്ച ഈ റിപ്പോർട്ട് തയാറാക്കിയ ഐ.പി.സി.സി അവലോകന സമിതിയിലെ ഒരംഗം മലയാളിയാണ്. കൃത്യമായി പറഞ്ഞാൽ കോട്ടയം പാലാ ഭരണങ്ങാനം സ്വദേശി ഡോ. റോക്സി മാത്യു കോൾ. മിനിസ്ട്രി ഓഫ് എർത്ത് സയൻസസിന്റെ നിയന്ത്രണത്തിലുള്ള പുണെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മീറ്റിയറോളജിക്കു (ഐ.ഐ.ടി) കീഴിലുള്ള ക്ലൈമറ്റ് ചേഞ്ച് റിസർച് സെൻററിലെ ശാസ്ത്രജ്ഞനാണ് റോക്സി മാത്യു കോൾ. നിരവധി ഗവേഷണ പ്രബന്ധങ്ങൾ ഇദ്ദേഹത്തിേൻറതായി പുറത്തുവന്നിട്ടുണ്ട്. കോട്ടയം സി.എം.എസ് കോളജിൽനിന്ന് ഫിസിക്സിൽ ബിരുദം നേടിയ ശേഷം കൊച്ചിൻ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽനിന്ന് എം.എസ്സി ഫിസിക്കൽ ഓഷ്യനോഗ്രഫി രണ്ടാംറാങ്കോടെ പാസായി. ജപ്പാനിലെ ഹൊക്കാഡോ യൂനിവേഴ്സിറ്റിയിൽനിന്ന് 'ഓഷ്യൻ ആൻഡ് അറ്റ്മോസ്ഫെറിക് സയൻസസ്' എന്ന വിഷയത്തിൽ പിഎച്ച്.ഡി. തുടർന്ന് ഇറ്റലിയിലെ യൂറോ -മെഡിറ്ററേനിയൻ സെൻറർ ഫോർ ക്ലൈമറ്റ് ചേഞ്ചിൽ റിസർച് അസോസിയേറ്റായിരിക്കെയാണ് കാലാവസ്ഥ വ്യതിയാനങ്ങളെക്കുറിച്ച് കൂടുതൽ പഠിച്ചത്.
ഇന്ത്യൻ മീറ്റിയറോളജിക്കൽ സൊസൈറ്റി 2016ൽ മൺസൂണിെൻറ മാറ്റങ്ങളെക്കുറിച്ചുള്ള ഇദ്ദേഹത്തിെൻറ പഠനങ്ങളെ മുൻനിർത്തി 'യങ് സയൻറിസ്റ്റ്' അവാർഡ് നൽകി ആദരിച്ചു. ഭാര്യ: ജുബി. മക്കളായ പ്രത്യഹാര, പർജന്യ എന്നിവർക്കൊപ്പം 12 വർഷമായി പുണെയിലാണ് താമസം. കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചും രാജ്യത്തിന് അതെങ്ങനെ ഭീഷണിയാകുമെന്നതിനെക്കുറിച്ചും 'മാധ്യമം കുടുംബ'ത്തോട് സംസാരിക്കുകയാണ് ഡോ. റോക്സി മാത്യു കോൾ.
●എന്താണ് ഐ.പി.സി.സി?
1990 മുതലാണ് യു.എൻ ഇൻറർഗവൺമെൻറൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (ഐ.പി.സി.സി ) റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചുതുടങ്ങിയത്. അതിനുമുമ്പ് കാലാവസ്ഥമാറ്റങ്ങൾ ഉണ്ടെന്ന് ശാസ്ത്രജ്ഞർ വ്യക്തിപരമായി കണ്ടെത്തിയിരുന്നു. എന്നാൽ, ഇൗ പഠനങ്ങളൊന്നും ഒരു കുടക്കീഴിലായിരുന്നില്ല. എല്ലാ പഠനങ്ങളും അപഗ്രഥിച്ച്, കാലാവസ്ഥ എങ്ങനെ മാറുന്നു, എത്രത്തോളം, അതിൽ മനുഷ്യെൻറ ഇടപെടൽ എങ്ങനെ തുടങ്ങിയ കാര്യങ്ങൾ വ്യക്തമായി പഠിക്കാൻ യു.എന്നിനു കീഴിലുള്ള വേൾഡ് മീറ്റിയറോളജിക്കൽ ഓർഗനൈസേഷൻ വഴി ശാസ്ത്രജ്ഞർ രൂപംെകാടുത്ത പാനലാണ് ഐ.പി.സി.സി. ആറോ ഏഴോ വർഷം കൂടുേമ്പാഴാണ് എല്ലാ ശാസ്ത്രീയ പഠനങ്ങളും ചേർത്തുവെച്ച് അവലോകനം നടത്തി റിപ്പോർട്ട് പുറത്തുവിടുന്നത്. ഒേന്നാ രണ്ടോ പഠനങ്ങളെ അടിസ്ഥാനമാക്കിയല്ല, ആയിരക്കണക്കിന് ഗവേഷണങ്ങൾ പഠിച്ചാണ് ഈ അവലോകനങ്ങൾ തയാറാക്കുന്നത്. പാനലിൽ ഭൂരിഭാഗം പേരും ശാസ്ത്രജ്ഞരാണ്. എന്നാൽ, ഇക്കോണമിക് സോഷ്യോ ഇംപാക്ട് മനസ്സിലാക്കാൻ സാമൂഹിക സാമ്പത്തിക വിദഗ്ധരും ഉണ്ട്. ഈ പാനലിെൻറ ആറാം അവലോകന റിപ്പോർട്ടാണിപ്പോൾ പുറത്തുവന്നത്. ആദ്യ റിപ്പോർട്ടിൽ കാലാവസ്ഥമാറ്റം വ്യക്തമായിരുന്നു. എന്നാൽ, എന്തുകൊണ്ട്, എത്രത്തോളം എന്നു പറയാനുള്ള ഡാറ്റ നമുക്കില്ലായിരുന്നു. ഇന്ന് 30 വർഷം പിന്നിട്ടു. 1980 മുതലുള്ള സാറ്റലൈറ്റ് േഡറ്റ നമ്മുടെ കൈവശമുണ്ട്. അതുവെച്ച് കൃത്യതയോടെ പറയാൻ കഴിയും, ഇന്നയിന്ന ഇടങ്ങളിലൊക്കെ, ഇത്രയിത്ര മാറ്റം ഉണ്ട് എന്ന്. സൂപ്പർ കമ്പ്യൂട്ടിങ് ഫെസിലിറ്റി ഉപയോഗിച്ച് ഭാവിയിൽ കാലാവസ്ഥ എത്ര മാറുമെന്നും പറയാൻ കഴിയും.
●ഇന്ത്യയെ സംബന്ധിച്ച് എത്രത്തോളം ഗുരുതരമാണ് കാര്യങ്ങൾ?
കാലാവസ്ഥമാറ്റം ബാധിക്കുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഭൂപ്രകൃതി നോക്കിയാൽ മൂന്നുഭാഗവും ഇന്ത്യൻ മഹാസമുദ്രവും വടക്ക് ഹിമാലയവും. ഭൂമിശാസ്ത്രപരമായി രാജ്യത്തിെൻറ കിടപ്പ് സുരക്ഷിതത്വമാണ് നമുക്ക് നൽകിയിരുന്നത്. പക്ഷേ, ഇപ്പോൾ ഹിമാലയത്തിലും ഇന്ത്യൻ മഹാസമുദ്രത്തിലും വലിയ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഹിമാലയത്തിലെ മഞ്ഞുരുകി വെള്ളപ്പൊക്കം ഉണ്ടാകുന്നു. മഞ്ഞുവീഴ്ച കുറവായതോടെ തടാകങ്ങളിൽ ഒഴുക്കു കുറഞ്ഞു. ഹിമാലയത്തിന് താഴെ കഴിയുന്ന ജനത കൃഷിയെ ആശ്രയിച്ചുജീവിക്കുന്നവരാണ്. വെള്ളം ഇല്ലാതായതോടെ കൃഷി മുടങ്ങി. ഉത്തരാഖണ്ഡ്, ബിഹാർ, ഹിമാചൽപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് മുംബൈ പോലുള്ള സിറ്റികളിലേക്ക് പലായനം കൂടി. സമുദ്രത്തിൽ ചൂടുകൂടിയതിെൻറ ഫലമായി ചുഴലിക്കാറ്റുകളുടെ എണ്ണത്തിൽ 50 ശതമാനം വരെ വർധനയുണ്ടായി. 20-40 ശതമാനം വരെ തീവ്രതയും വർധിച്ചു. ബംഗാൾ ഉൾക്കടലിൽ പണ്ടുതൊട്ടേ ചൂടുകൂടുതലാണ്. അവിടെ ചുഴലിക്കാറ്റ് പതിവാണ്. എന്നാൽ, അറബിക്കടലിൽ ചൂട് കുറവായിരുന്നു ഒന്നുരണ്ട് ദശകങ്ങൾ മുമ്പുവരെ. ഇപ്പോൾ ചുഴലിക്കാറ്റിന് അനുയോജ്യമായ തരത്തിൽ ചൂട് വർധിച്ചു.
ഇന്ത്യയുടെ പ്രത്യേകത എല്ലാ ദുരന്തങ്ങളും ഒരുമിച്ച് സംഭവിക്കാനുള്ള സാധ്യത കൂടുതലാണ് എന്നതാണ്. ചുഴലിക്കാറ്റ് ഉണ്ടാകുേമ്പാൾ കടലിലെ തിരമാല 5-7 മീറ്റർ വരെ ഉയരാം. ഈ തിരമാല വെള്ളത്തെ തള്ളി കരയിലേക്ക് കൊണ്ടുവരുന്നതിെൻറ ഫലമായി കടലാക്രമണം ഉണ്ടാകും. അതിനൊപ്പം ചുഴലിക്കാറ്റിെൻറ ഫലമായി മഴയും ഉണ്ടാവാം. മഴയുടെ വെള്ളവും തിരയുടെ വെള്ളവും ഒരുമിച്ചുചേരുന്നതോടെ വെള്ളപ്പൊക്കത്തിെൻറ തീവ്രത കൂടും. ഒാരോ വർഷവും ഉയരുന്ന സമുദ്രനിരപ്പ് ദുരന്തത്തിെൻറ ആക്കം കൂട്ടും. സമുദ്രനിരപ്പ് ഉയരുേമ്പാൾ കടലിലേക്ക് വെള്ളം ഇറങ്ങിപ്പോകില്ല. കുട്ടനാട്, കുമരകം തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങൾ അതിെൻറ കഷ്ടപ്പാടും ദുരിതവും അനുഭവിക്കുന്നവരാണ്. എല്ലാ ദുരന്തങ്ങളും ആദ്യം ബാധിക്കുന്നത് സ്വന്തമായി വീടോ കുടിവെള്ളമോ വൈദ്യുതിയോ ഇല്ലാത്ത ദുർബല ജനവിഭാഗങ്ങളെയാണെന്ന് ഓർക്കണം.
ഉഷ്ണതരംഗം അധികവും കണ്ടുവരുന്നത് ഇൻഡോ-പാകിസ്താൻ റീജ്യനിൽ ആണ്. അതായത് പാകിസ്താൻ മുതൽ രാജസ്ഥാൻ, ഒഡിഷ, ആന്ധ്രപ്രദേശ് വരെ. കേരളത്തിൽ അതിന് സാധ്യത കുറവാണ്. എന്നാൽ 'ഹീറ്റ് സ്ട്രോക്ക്' (സൂര്യാഘാതം) സംഭവിക്കാം. സമുദ്രതീരമായതിനാൽ അന്തരീക്ഷത്തിൽ താരതമ്യേന ഹ്യുമിഡിറ്റി (ഈർപ്പം) കൂടുതലാണ്. ഹ്യുമിഡിറ്റിയും താപനിലയും വർധിക്കുേമ്പാൾ മനുഷ്യരിൽ വിയർപ്പ് കുറയും. ഇതോടെ താപനില ക്രമീകരിക്കാൻ ശരീരം ശ്രമിക്കുകയും കൂടുതൽ ഊർജം ഉപയോഗിക്കുന്നതോടെ സ്ട്രോക്ക് സംഭവിക്കുകയും ചെയ്യും. പ്രളയം, കൃഷിനാശം, പലായനം, ദാരിദ്ര്യം എല്ലാം കാലാവസ്ഥവ്യതിയാനത്തിെൻറ ചുവടുപിടിച്ച് പിന്നാലെ വരും. ആഗോളതാപനത്തെ ചെറുക്കുക മാത്രമാണ് ഏക മാർഗം.
●പ്രളയം, ചുഴലിക്കാറ്റ്... മലയാളിക്ക് ഇനി അതൊരു ശീലമാകുമോ?
അങ്ങനെയാണെന്നാണ് റിപ്പോർട്ടുകൾ കാണിക്കുന്നത്. മഴയെക്കുറിച്ച് കാൽപനികമായി ചിന്തിക്കുന്നവരാണ് മലയാളികൾ. മഴ അലങ്കാരവും അഹങ്കാരവും ആയിരുന്നു മലയാളിക്ക്. എന്നാൽ, ഇനിയങ്ങോട്ട് അങ്ങനെയല്ല. മഴയെയും വെള്ളത്തെയും ഗൗരവമായി കാണണം. വരൾച്ച, വെള്ളപ്പൊക്കം എന്നിവയാണ് കേരളത്തിൽ കൂടുതൽ കാണാൻ കഴിയുക. അന്തരീക്ഷ വായുവിന് ചൂടുകൂടുേമ്പാൾ നീരാവിയെ കൂടുതൽ സമയം വെച്ചിരിക്കാൻ കഴിയും. അപ്പോൾ കുറെ നാൾ മഴ പെയ്യാതിരിക്കാം. വരണ്ട ദിനങ്ങൾ കൂടുതലായിരിക്കും. പെയ്യുേമ്പാൾ ഒറ്റയടിക്ക് അതെല്ലാം പെയ്തുതീർക്കുകയും ഒഴുകിപ്പോവുകയും ചെയ്യാം. അതോടെ വലിയ അളവിൽ വെള്ളം ഭൂമിയിലെത്തും. ഇതുതന്നെയാണ് മേഘവിസ്ഫോടനത്തിലും സംഭവിക്കുന്നത്. ഈ അതിതീവ്രമഴയാണ് ഇപ്പോൾ കേരളത്തിൽ കണ്ടുവരുന്നത്. വെള്ളപ്പൊക്കം വരുേമ്പാൾ ഒഴുകിപ്പോകാൻ ഇടമില്ല. ഈ വർഷം മൺസൂൺ കാലത്ത് അതായത് ജൂൺ മുതൽ ആഗസ്റ്റ് പകുതി വരെ 25 ശതമാനം മഴ കുറവാണ്. കോട്ടയത്തു മാത്രമാണ് താരതമ്യേന നല്ല മഴ ലഭിച്ചത്. പാലക്കാട് 40-45 ശതമാനം മഴ കുറവാണ്. നല്ല മഴ കിട്ടുന്ന സ്ഥലമാണ് കേരളം. എങ്കിലും പല വർഷങ്ങളിലും വരൾച്ച അനുഭവിച്ചിട്ടുണ്ടെന്നതും മറക്കരുത്.
●പാരിസ് ഉച്ചകോടിയിലെ തീരുമാനങ്ങൾ നടപ്പാക്കപ്പെട്ടോ?
ആഗോള താപനില വർധന രണ്ട് ഡിഗ്രി സെൻറിഗ്രേഡ് പരിധി ലംഘിക്കാന്‍ അനുവദിക്കരുത് എന്നതായിരുന്നു ലോകരാജ്യങ്ങളെടുത്ത സുപ്രധാന തീരുമാനം. 2023ഓടെ ഫോസിൽ ഇന്ധനങ്ങൾക്ക് പകരം 175 ജിഗാവാട്സ് സൗരോർജം, കാറ്റ് പോലെയുള്ള പുനരുപയോഗ ഊർജ സ്രോതസ്സുകൾ ഉപയോഗിക്കുമെന്ന് ഇന്ത്യയടക്കം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ, ഒരു രാജ്യവും ഇത് പാലിച്ചില്ല. ഇനി എന്തെങ്കിലും ചെയ്യാൻ തുടങ്ങിയാൽതന്നെ അടുത്തൊന്നും മാറ്റം വരാനില്ല. കഴിഞ്ഞ റിപ്പോർട്ട് വരെ കാർബൺ പുറന്തള്ളൽ കുറക്കാനാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. നമ്മൾ ആ വഴിക്കല്ല പോയത്. കോവിഡ് വന്നിട്ടുപോലും കാർബൺ ഡയോക്സൈഡ് കുറഞ്ഞില്ല.
വ്യവസായവത്കരണം, വാഹനങ്ങളുടെ ഉപയോഗം എന്നിവ വഴി ഇതുവരെ ഉൽപാദിപ്പിക്കപ്പെട്ട കാർബൺ ഡയോക്സൈഡ് നൂറ്റാണ്ടുകൾക്കപ്പുറവും നിലനിൽക്കുമെന്നതാണ് സത്യം. കാർബൺ തള്ളൽ കുറക്കാനുള്ള ചെലവും കൂടിക്കൊണ്ടിരിക്കുന്നു. തീവ്രകാലാവസ്ഥ മൂലം രാജ്യങ്ങൾക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടം വേറെ. 21ാം നൂറ്റാണ്ടിെൻറ അവസാനത്തോടെ ആഗോള ശരാശരി താപനില 1.5 മുതൽ 2 ഡിഗ്രി സെൽഷ്യസ് കടക്കുമെന്നാണ് കഴിഞ്ഞ റിപ്പോർട്ട് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ഇപ്പോൾതന്നെ അന്തരീക്ഷ താപനില 1.1 കടന്നു. 2040നകം ഇത് 1.5 കടക്കും. 2060നകം 2 ഡിഗ്രി കടക്കും. അതായത് ചുഴലിക്കാറ്റ്, ഉഷ്ണതരംഗം, പ്രളയം എന്നിവ കുറെ കാലത്തേക്കുകൂടി നിലനിൽക്കുമെന്നുതന്നെ.
●കടൽഭിത്തി നിർമാണം പാരിസ്ഥിതിക പ്രശ്നമാണോ?
പഠിക്കാെത ചെയ്യുന്ന ഏതൊരു പ്രവൃത്തിയും പരിസ്ഥിതിക്ക് ദോഷകരമാവും. കടൽഭിത്തി ചിലയിടങ്ങളിൽ പ്രയോജനകരമാവും. ചിലയിടങ്ങളിൽ ഫലിക്കണമെന്നില്ല. കണ്ടൽക്കാടുകൾ ഇടകലർത്തി െചയ്യാം. ശാസ്ത്രീയമായി പഠനം നടത്തിയേ ചെയ്യാവൂ. അല്ലെങ്കിൽ കോസ്റ്റൽ ഡൈനാമിക്സ് മാറും. മണ്ണൊലിപ്പ്, തീരശോഷണം എന്നിവ സംഭവിക്കാം. കണ്ടൽ തന്നെ പലവിധമുണ്ട്. അതിൽ ഏതാണ് സഹായകരം എന്ന് തിരിച്ചറിയണം. മാത്രമല്ല, തദ്ദേശീയ ജനതയുടെ അറിവുകൾ പ്രയോജനപ്പെടുത്തണം. 20 വർഷം മുമ്പ് ഇവിടെ എങ്ങനെയായിരുന്നു എന്നും അവിടത്തെ കടലിെൻറ സ്വഭാവരീതിയും തീരത്തെക്കുറിച്ചും വ്യക്തമായി അറിയാവുന്നത് ഇവർക്കായിരിക്കും.
●കേരളത്തിന് എന്താണ് ചെയ്യാൻ കഴിയുക?
കഴിയുന്നത് അഡാപ്റ്റേഷൻ (പൊരുത്തപ്പെടൽ) ആണ്. നമ്മുടെ സ്ഥലത്ത് കാലാവസ്ഥ എങ്ങനെയാണ് മാറുന്നത്. അതിനനുസരിച്ച് മാറുക. പുഴ, മല, മണ്ണ്, റോഡ് എന്നിവയിൽ എന്തുചെയ്യുേമ്പാഴും അപകടസാധ്യത മുൻകൂട്ടിക്കാണണം. വീടുവെക്കാനാണെങ്കിലും എല്ലാ കാര്യങ്ങളിലും പരിസ്ഥിതിയെ ഉൾക്കൊള്ളിച്ച ആസൂത്രണം വേണം. നഗര-ഗ്രാമ വികസനങ്ങളിലും പരിസ്ഥിതി പരിഗണിക്കണം. കേരളത്തിൽ അതിതീവ്രമഴ കൂടുന്നതാണ് കണ്ടുവരുന്നത്. ഇത് പശ്ചിമഘട്ടത്തിൽ ഉരുൾപൊട്ടലിനു സാധ്യത കൂട്ടും. പശ്ചിമഘട്ടം ദുർബല അവസ്ഥയിലാണ്. വനമേഖല കുറയുന്നു. ഖനന- നിർമാണപ്രവർത്തനങ്ങൾ കൂടുന്നു. കുന്നും മരങ്ങളും കുറയുന്നതോടെ അതിതീവ്രമഴ വരുേമ്പാൾ മണ്ണിന് വെള്ളത്തെ പിടിച്ചുനിർത്താനുള്ള കഴിവ് ഇല്ലാതാകും. അപ്പോൾ ഉരുൾപൊട്ടി ഇതെല്ലാം താഴെ പുഴകളിലേക്കെത്തും. എന്നാൽ, പുഴയിലെ ൈകേയറ്റംമൂലം വെള്ളം ഒഴുകിപ്പോകാൻ സ്ഥലമില്ലാതാകുന്നു. വെള്ളപ്പൊക്കം ഉണ്ടാവുകയും കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യും. പരിസ്ഥിതിയെ മുൻകൂട്ടി കണ്ടുള്ള പ്രവർത്തനങ്ങളാണ് വേണ്ടത്. ദീർഘവീക്ഷണത്തോടെ കാണണം. കോട്ടയത്തെ മീനച്ചിൽ നദീതട സംരക്ഷണസമിതിയുടെ പ്രവർത്തനങ്ങൾ മാതൃകയാണ്. മലപ്പുറത്തും ഇത്തരം കൂട്ടായ്മയുണ്ട്. മഹാരാഷ്ട്രയിലെ പുണെയിൽ കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ 250 പേർ മരിച്ചു. ഇതേത്തുടർന്ന് ഇവിടെയും ഇത്തരത്തിൽ നെറ്റ്വർക് തുടങ്ങി. ഇത്തരം കൂട്ടായ്മകൾ പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും വലിയ തോതിൽ ആരംഭിക്കണം. കാരണം, പ്രാദേശിക ഭരണകൂടത്തിനും ജനങ്ങൾക്കുമാണ് ഇതിൽ കൂടുതൽ ചെയ്യാൻ കഴിയുക.
●കാലാവസ്ഥമാറ്റത്തെ പ്രതിരോധിക്കാൻ പ്രായോഗികമായി എന്തൊക്കെ കാര്യങ്ങളാണ് സമൂഹം ചെയ്യേണ്ടത്?
കാര്‍ബണ്‍ പുറന്തള്ളൽ കുറക്കുകയാണ് ഏറ്റവും പ്രധാനം. പക്ഷേ, ഇതിപ്പോള്‍ ഒരു വ്യക്തിയുടെയോ ഒരു രാഷ്ട്രത്തിെൻറയോ പരിധിക്കപ്പുറമാണ്. ആഗോളാടിസ്ഥാനത്തിലുള്ള പരിശ്രമങ്ങളാണ് വേണ്ടത്. കാർബണി
െൻറ ആയുസ്സ് നൂറ്റാണ്ടുകളിലധികം ആയതിനാൽ, നമ്മൾ ഇപ്പോൾതന്നെ എല്ലാ കാര്‍ബണ്‍ ഉദ്യമനവും നിർത്തിയാലും ആഘാതങ്ങൾ നൂറ്റാണ്ടുകൾ നിലനിൽക്കും. അതുകൊണ്ട് അതിതീവ്ര കാലാവസ്ഥ വരുംവര്‍ഷങ്ങളില്‍ ഒരു സ്ഥിരഘടകം എന്ന നിലയില്‍ കാണാനും അതിെൻറ പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനും തയാറാകേണ്ടതുണ്ട്. കാലാവസ്ഥവ്യതിയാനത്തിനും പരിസ്ഥിതിക്കും പ്രാധാന്യം നൽകുന്ന സർക്കാറുകളെ തിരഞ്ഞെടുക്കുക. രാഷ്ട്രീയത്തിലും തെരഞ്ഞെടുപ്പിലും പരിസ്ഥിതി മുഖ്യവിഷയമാക്കുക. അത്തരം പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുക.
●ഭൂമിയെ ദുരന്തമുഖത്തുനിന്ന് രക്ഷിക്കാൻ കുടുംബങ്ങൾക്ക് നിത്യജീവിതത്തിൽ എന്തൊക്കെ ചെയ്യാനാവും?
മനുഷ്യെൻറ നിലനിൽപിനെ ഇല്ലാതാക്കുന്ന തരത്തിൽ കാലാവസ്ഥമാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നു. പാരിസ്ഥിതിക മാറ്റത്തിെൻറ ആഘാതം കുറക്കാൻ കുടുംബങ്ങൾക്ക് നിരവധി മാർഗങ്ങളുണ്ട്. ഉപയോഗിക്കാത്തപ്പോൾ ലൈറ്റുകളും വൈദ്യുതി ഉപകരണങ്ങളും ഓഫ് ചെയ്യുക. ഈ ഉപകരണങ്ങൾ ഊർജ കാര്യക്ഷമതയുള്ളതാണെന്ന് (energy efficient) ഉറപ്പുവരുത്തുക. സ്കൂളിലേക്കും ജോലിസ്ഥലത്തേക്കും യാത്രചെയ്യുമ്പോൾ പൊതുഗതാഗതമോ സൈക്കിളുകളോ കാർ പൂളിങ്ങോ തിരഞ്ഞെടുക്കുക. ഏറ്റവും പ്രധാനം, പരിസ്ഥിതിയിലെയും കാലാവസ്ഥയിലെയും മാറ്റങ്ങളെ മനസ്സിലാക്കി അതിനായി നമ്മുടെ പഞ്ചായത്തിനെയും സംസ്ഥാനത്തെയും രാഷ്ട്രത്തെയും സജ്ജമാക്കാന്‍ പറ്റിയ ജനപ്രതിനിധികളെ തെരഞ്ഞെടുക്കുക എന്നതാണ്. പഞ്ചായത്തുതലത്തില്തന്നെ ഇതിനു മുന്‍ഗണന കൊടുക്കുകയും പരിഹാരമാര്‍ഗങ്ങള്‍ കാണുകയും വേണം. കാലാവസ്ഥ വ്യതിയാനം ആഗോള പ്രതിഭാസമാണെങ്കിലും അതിെൻറ പ്രത്യാഘാതങ്ങളും പരിഹാരമാര്‍ഗങ്ങളും പ്രാദേശികമാണ്.
●കേരളത്തിൽ വീട് നിർമിക്കുമ്പോൾ പരിസ്ഥിതിസംരക്ഷണം മുൻനിർത്തി എന്തൊക്കെ കാര്യങ്ങളാണ് പരിഗണിക്കേണ്ടത്?
സ്വന്തമായി ഭവനം നിർമിക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. ഇത് കാലാവസ്ഥാ വ്യതിയാനത്തിെൻറ ആഘാതം ആഗിരണം ചെയ്യാൻ കഴിയുന്ന വനമേഖലയും തുറസ്സായ സ്ഥലങ്ങളും അതിവേഗം നഷ്ടപ്പെടുന്നതിലേക്കു നയിച്ചു. കേരളത്തിൽ ഏകദേശം 12 ലക്ഷം വീടുകൾ ഒഴിഞ്ഞുകിടക്കുകയാണെന്ന് തിരിച്ചറിയുമ്പോള്‍ അടിസ്ഥാന പ്രശ്നം നമുക്കു മനസ്സിലാകും. നമുക്ക് ഈ വീടുകള്‍ നവീകരിച്ച് ഉപയോഗിച്ചുകൂടേ? പാറക്കും മണലിനുമായി കുന്നുകളെയും നദികളെയും കൊല്ലാതിരിക്കാൻ നിർമാണ സാമഗ്രികൾ പുനരുപയോഗിക്കാനുള്ള വഴികളെങ്കിലും കണ്ടെത്താനാകില്ലേ? ഖനനം ചെയ്ത് ലോലമായ കുന്നുകളിൽ കനത്ത മഴ പെയ്യുമ്പോൾ ഉരുള്‍പൊട്ടല്‍ കൂടുതലായി സംഭവിക്കുന്നു. കൂടാതെ മണലും നീര്‍ത്തടങ്ങളും നഷ്ടപ്പെട്ട നദികൾ ചുറ്റുമുള്ള പ്രദേശങ്ങളെ അതിവേഗം വെള്ളംകൊണ്ട് മൂടുന്നു. വനമേഖലയെയും പുഴകളെയും ചൂഷണം ചെയ്യാത്ത സുസ്ഥിര നിർമാണമാണ് നമ്മൾ ലക്ഷ്യമിടേണ്ടത്. ഒരു വീട് പണിയുന്നതിനുമുമ്പ്, ഭൂമിശാസ്ത്രപരവും കാലാവസ്ഥാപരവുമായ എല്ലാ ഘടകങ്ങളും പരിഗണിക്കുക.
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.