20 വര്‍ഷംമുമ്പാണ് 'ബസന്തി' എന്ന കഥാപാത്രം ഈ പറക്കും തളിക എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകരിലേക്ക് ഇറങ്ങിവന്നത്. ആര്‍ക്കും മനസ്സിലാകാത്ത ഭാഷ സംസാരിക്കുന്ന ആ നാടോടിപ്പെണ്കുട്ടിയും ഉണ്ണികൃഷ്ണനും സുന്ദരനും താമരാക്ഷന്പിള്ളയെന്ന ബസും ഇന്നും മലയാളിയുടെ പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാണ്. താഹ സംവിധാനം നിര്‍വഹിച്ച് 2001ല്‍ പുറത്തിറങ്ങിയ ഈ ചലച്ചിത്രം മലയാളിക്ക് സമ്മാനിച്ച അഭിനേത്രിയാണ് നിത്യാദാസ്. വളരെ ചെറിയ കാലംകൊണ്ടുതന്നെ നിത്യാദാസ് ഏവരുടെയും പ്രിയപ്പെട്ട താരമായി. കണ്മഷി, ബാലേട്ടന്, മാറാത്ത നാട്, കഥാവശേഷന്, പൊന്മകള് (തമിഴ്) തുടങ്ങി 16 സിനിമകളില്‍ വേഷമിട്ടു. 2007ല്‍ പുറത്തിറങ്ങിയ നഗരമാണ് ഒടുവില്‍ അഭിനയിച്ച സിനിമ. ഇതേ വര്‍ഷമായിരുന്നു ജമ്മു-കശ്മീര്‍ സ്വദേശിയായ അരവിന്ദ് സിങ്ങുമായുള്ള വിവാഹം. വിമാനത്തിലെ കാബിന് ക്രൂ ആയ അരവിന്ദിനെ നിത്യ പരിചയപ്പെടുന്നതും ഒരു വിമാനയാത്രക്കിടെയാണ്. രണ്ടു മക്കളാണ് ഈ ദമ്പതികള്‍ക്ക്- നൈനയും നമനും. വിവാഹം, മക്കള്‍... ഇങ്ങനെ ചില ഇടവേളകളൊഴിച്ചാല്‍ അഭിനയരംഗത്ത് ഇപ്പോഴും സജീവമാണ് നിത്യ. ടെലിവിഷന്‍ പ്രേക്ഷകരുടെയും പ്രിയപ്പെട്ട താരമാണ് ഈ കോഴിക്കോട്ടുകാരി. സൂര്യ ടി.വിയിലെ അയ്യപ്പനും വാവരും (2007) സീരിയലിലെ ആയിഷയായി മിനിസ്ക്രീനിലെത്തിയ നിത്യ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത് തമിഴ് സീരിയലായ 'അന്പേ വാ'യിലാണ്. അഭിനയരംഗത്ത് നിത്യാദാസ് രണ്ടു പതിറ്റാണ്ട് തികച്ച വര്‍ഷംകൂടിയാണിത്.
ഒരു വനിത മാഗസിന് നടത്തിയ ഫോട്ടോഷൂട്ടാണ് എെൻറ സിനിമാപ്രവേശത്തിന് കാരണമായത്. വിജയികളില്‍ ഒരാളായ എെൻറ ഫോട്ടോ പ്രസിദ്ധീകരിച്ചുവന്നത് കണ്ട ദിലീപേട്ടനാണ് എന്നെ 'ഈ പറക്കും തളിക'യിലേക്ക് നിര്‍ദേശിക്കുന്നതും ഞാനതില്‍ നായികയാവുന്നതും. കൗമാരക്കാരിയായിരുന്ന ഞാന്‍ അത്ര ഇഷ്ടത്തോടെ ചെയ്ത കഥാപാത്രമായിരുന്നില്ല ബസന്തി. സിനിമയില്‍ സുന്ദരിയായി അഭിനയിക്കാനാണല്ലോ എല്ലാവരും ആഗ്രഹിക്കുക. എനിക്ക് കിട്ടിയതാകട്ടെ നേരെ ഓപ്പോസിറ്റായ വേഷവും. അയ്യോ, എനിക്കുമാത്രമെന്താണാവോ ഇങ്ങനെ ഒരു വേഷം കിട്ടിയത് എന്നൊക്കെ ആലോചിച്ച് ഞാന്‍ വിഷമിച്ചു. പക്ഷേ, പടമിറങ്ങിയപ്പോള്‍ എല്ലാവര്ക്കും ഇഷ്ടമായത് ബസന്തിയെയാണ്.
പറക്കും തളികയിലെ ബസന്തിയാണ് ഇഷ്ട കഥാപാത്രം. ആ സിനിമ ചെയ്യുന്ന സമയത്ത് സിനിമയെക്കുറിച്ച് കാര്യമായൊന്നും എനിക്കറിയില്ലായിരുന്നു. കണ്മഷിയിലെ അതേ പേരുള്ള കഥാപാത്രവും ഇഷ്ടമാണ്.
ഒരു സിനിമയുടെ വര്‍ക്ക് കഴിഞ്ഞ് ചെന്നൈയില്‍നിന്ന് കോഴിക്കോട്ടേക്കു വരുന്ന സമയത്ത് വിമാനത്തില്‍വെച്ചാണ് അരവിന്ദിനെ (വിക്കി) ആദ്യമായി കാണുന്നത്. ഞാനും അച്ഛനും പിറകിലെ സീറ്റില്‍ ഇരിക്കുകയാണ്. വിനുവേട്ടനും (വി.എം. വിനു) രഞ്ജിത്തേട്ടനും ഞങ്ങള്‍ക്കു മുന്നിലെ സീറ്റിലും ഇരിക്കുന്നു. അവരെന്നോട് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. കുറച്ചകലെ കാബിൻ ക്രൂ ആയ വിക്കി നിൽപുണ്ട്. അതിനിടയിൽ രഞ്ജിയേട്ടൻ വിക്കിയെക്കുറിച്ച് എന്തോ പറഞ്ഞു. അതിന് മറുപടിയായി 'എന്തിനാ അങ്ങനെയൊക്കെ പറയുന്നത്, എന്തൊരു സുന്ദരനാണ് അവിടെ നില്‍ക്കുന്നത്' എന്ന് പറയുകയും ചെയ്തു. ഞാനങ്ങനെ പറഞ്ഞുപോയതാണ്. അപ്പോള്‍ രഞ്ജിത്തേട്ടന് ചെയ്ത പണി എന്താണെന്നോ, വിക്കിയെ അടുത്തേക്ക് വിളിച്ചിട്ട് പറഞ്ഞു, ഇവള് പറയുന്നുണ്ട് നിങ്ങളെ കാണാന്‍ സുന്ദരനാണ് എന്ന്. ഞാന്‍ എന്തുചെയ്യണമെന്നറിയാതെ നിന്നുപോയി. അപ്പോള്‍ അദ്ദേഹം ചോദിച്ചു- സത്യമാണോ? അങ്ങനെ പറഞ്ഞില്ലെന്നു പറഞ്ഞ് ഞാന്‍ ഒഴിഞ്ഞുമാറി. ആ സംഭവം അങ്ങനെ കഴിഞ്ഞു. പക്ഷേ, നിമിത്തം എന്നൊക്കെ പറയാറില്ലേ, അതാണ് പിന്നീട് സംഭവിച്ചത്.
പിന്നീടൊരിക്കല്‍ ഞാനും ചേച്ചിയും ചെന്നൈയിലേക്ക് പോകുന്ന സമയത്ത് അദ്ദേഹം തന്നെയാണ് വിമാനത്തില്‍ സ്റ്റുവേഡായി ഉണ്ടായിരുന്നത്. എന്നെ കണ്ടപ്പോള്‍ എവിടെയോ കണ്ട് പരിചയമുണ്ടല്ലോ എന്നുപറഞ്ഞു. ഞാനൊന്നും പറയാതെ സീറ്റില്‍ വന്നിരുന്നു. പിന്നീടും ഇടക്കിടെ വിക്കിയെ വിമാനത്തില്‍ കണ്ടുമുട്ടി. അത് സൗഹൃദമായി, പ്രണയമായി കല്യാണത്തില്‍ എത്തിച്ചേര്‍ന്നു.
മുന്നൊരുക്കങ്ങളില്ലാതെ വിവാഹം
പെട്ടെന്നായിരുന്നു ഞങ്ങളുടെ കല്യാണം. ചേച്ചിയുടെ കല്യാണം കഴിഞ്ഞ് ആറു മാസമേ കഴിഞ്ഞിരുന്നുള്ളൂ. വിക്കിയുടെ സഹോദരെൻറ കല്യാണം കഴിഞ്ഞിട്ടും ആറു മാസമേ പിന്നിട്ടിരുന്നുള്ളൂ. വിക്കിയുടെ വീട്ടുകാര്‍ വിവാഹനിശ്ചയത്തിനു വന്നത് ഒരു മേയ് മാസത്തിലാണ്. അവര്‍ പറഞ്ഞു, ജൂണില്‍ വിവാഹം നടത്താമെന്ന്. കല്യാണത്തെപ്പറ്റി ചിന്തിക്കാനുള്ള സമയംപോലുമുണ്ടായിരുന്നില്ല എന്നതാണ് സത്യം. വിവാഹം നിശ്ചയിക്കുന്നതിനുമുമ്പേ ലണ്ടനില്‍ ഒരു പ്രോഗ്രാം ഏറ്റിരുന്നു. അതു കാരണം കല്യാണത്തിെൻറ രണ്ടുദിവസം മുമ്പാണ് ഞാന്‍ നാട്ടിലെത്തുന്നതുതന്നെ. ഗുരുവായൂരില്‍വെച്ചായിരുന്നു താലികെട്ട്. കുഞ്ഞുകല്യാണമായിരുന്നു ഞങ്ങളുടേത്.
ഞങ്ങള്‍ രണ്ടു ഭാഷക്കാരും രണ്ടു വ്യത്യസ്ത സംസ്ഥാനക്കാരുമാണെങ്കിലും വിക്കിയുടെ നാടായ ജമ്മുവിലെ പലോറയിലേക്ക് വിവാഹത്തിനുമുമ്പേ പോയിട്ടുണ്ടായിരുന്നു. വിക്കിയുടെ സഹോദരെൻറ വിവാഹത്തിന് ഞങ്ങളെ ക്ഷണിച്ചു. അവരുടെ രീതികളും ചടങ്ങുകളും കാണാനുംകൂടിയായിരുന്നു അത്. ഞാനും അച്ഛനും അമ്മയും പോയി. 15 ദിവസം അവിടെ ചെലവഴിക്കുകയും ചെയ്തു. അങ്ങനെ ഞാനാ വീട്ടില്‍ മരുമകളായി എത്തും മുമ്പേതന്നെ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും പരിചിതയായി. സത്യം പറഞ്ഞാല്‍ സഹോദരെൻറ ഭാര്യ വരുംമുമ്പേതന്നെ ആ വീട്ടിലേക്ക് കയറിച്ചെന്നത് ഞാനാണ്. അവരുടെ ഭക്ഷണത്തില്‍ ഇവിടത്തെപ്പോലെ ചോറ് ഇല്ല. അത് കുറച്ച് ബുദ്ധിമുട്ടായിരുന്നു. അച്ഛന് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. കാരണം നമ്മുടെ നാട്ടില്‍ ഉച്ചയാകുമ്പോള്‍ ചോറുണ്ണുക, അതും കുറച്ച് തൈര് കൂട്ടി ചോറുണ്ണുക എന്നൊക്കെ ആണല്ലോ. അവര്‍ പാചകം ചെയ്യാനുപയോഗിക്കുന്ന ഓയിലും വേറെയാണ്. ആ ചുവയൊക്കെ അഡ്ജസ്റ്റ് ചെയ്യാന്‍ കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു. പിന്നെ, ഞാന്‍ കുറച്ച് അഡ്ജസ്റ്റ് ചെയ്യുന്ന ആളായതുകൊണ്ട് കുഴപ്പമില്ലാതെ അതങ്ങനെ പോയി. നമ്മുടെയും അവരുടെയും കല്യാണരീതികളിലും വലിയ വ്യത്യാസമുണ്ട്.
അമ്മയാകാന്‍ അങ്ങനെ തയാറെടുപ്പൊന്നും ഞങ്ങള്‍ നടത്തിയിരുന്നില്ല. ആദ്യമേ പേരു കണ്ടുവെച്ചിരുന്നു. പെണ്ണാണെങ്കില്‍ നൈന എന്നും ആണ്കുട്ടിയാണെങ്കില് നമന്‍ എന്നും വിളിക്കണമെന്ന്. എനിക്ക് തോന്നുന്നു, ഞാന്‍ അമ്മയായതിനുശേഷം മകളാണ് ഒരമ്മ എങ്ങനെയായിരിക്കണമെന്ന് എന്നെ പഠിപ്പിച്ചത് എന്ന്.
നുന്നു സോഷ്യല്‍മീഡിയയില്‍ സജീവമാണ്. ഞാന്‍ അത്ര സജീവമല്ല. അവളാണ് എെൻറ സോഷ്യല്‍ മീഡിയ ഗുരു, എനിക്ക് പല കാര്യങ്ങളും പറഞ്ഞുതരാറ്.
നുന്നു വളരെ ഹെല്പ്ഫുള് ആണ്. ചെറിയ മോനുണ്ടല്ലോ. ഞാനെപ്പോഴും അവളോട് പറയും, ഞാന്‍ എവിടെയെങ്കിലും പോയിട്ടുണ്ടെങ്കില്‍ അവെൻറ പിന്നെയുള്ള അമ്മ നീയാണെന്ന്. അവന് ഭയങ്കര വികൃതിയാണ്. അവനെ കണ്ട്രോള് ചെയ്യാന്‍ അവളെക്കൊണ്ടൊന്നും പറ്റില്ല.
വളരെ ശാന്തമായ സ്വഭാവമാണ് അവള്‍ക്ക്. വീട്ടിലെ കാര്യങ്ങളിലൊക്കെ എന്നെ സഹായിക്കും. പാചകത്തോടും ഭയങ്കര ക്രേസാണ്. നന്നായി പാചകംചെയ്യും. യൂട്യൂബില്‍ നോക്കിയും അവളുടെ പരീക്ഷണങ്ങളാണ്. എല്ലാ കാര്യങ്ങളിലും കൂടെ നടന്ന് എന്നെ സഹായിക്കും. വലംകൈ എന്നൊക്കെ പറയില്ലേ, അതാണ് നുന്നു.
ഞാനൊരു പൊട്ടത്തിയായിരുന്നു (ചിരിക്കുന്നു). ഒന്നിനെക്കുറിച്ചും ഒന്നുമറിയാണ്ട് ഏതോ കാറ്റത്തിങ്ങനെ പോകുന്നു എന്നൊക്കെ പറയില്ലേ, അങ്ങനെയായിരുന്നു. നുന്നു അങ്ങനെയല്ല, ആവശ്യത്തിനേ സംസാരിക്കുകയുള്ളൂ. ആവശ്യമുള്ളവരോടേ സംസാരിക്കൂ. നോക്കിയുംകണ്ടും മാത്രമേ കാര്യങ്ങള്‍ ചെയ്യൂ. എന്നെയും നുന്നുവിനെയും നോക്കുകയാണെങ്കില്‍ ആകാശത്തിെൻറയും ഭൂമിയുടെയും വ്യത്യാസമുണ്ട്. എനിക്ക് തോന്നുന്നു, രണ്ടു കുട്ടികളുടെ അമ്മയായതിനുശേഷമാണ് എനിക്ക് കുറച്ച് മെച്യൂരിറ്റി വന്നത് എന്ന്. പക്ഷേ, ഇപ്പോഴത്തെ കുട്ടികള്‍ വളരെ പെട്ടെന്നുതന്നെ മെച്വേഡാവുന്നു. വലിയ വ്യത്യാസമുണ്ട് എെൻറയും അവളുടെയും കുട്ടിക്കാലങ്ങള്‍ തമ്മില്‍. ഇത് എെൻറ മാത്രം കാര്യമല്ല. എെൻറ പ്രായത്തിലുള്ള എല്ലാ അമ്മമാരും അങ്ങനെയാണെന്നു തോന്നുന്നു.
നുന്നു അത്ര ബോള്‍ഡാണോ എന്നറിയില്ല. എന്നാല്‍, നുന്നുവിനെ ബോള്ഡാക്കണം എന്നെനിക്കുണ്ട്. എല്ലാ കാര്യത്തിലും ഓകെയാണ്. പക്ഷേ, ആ ബോള്‍ഡ്നസ് അവള്‍ക്കില്ല. ചില ആള്‍ക്കാരുടെ മുഖത്തുനോക്കി പറയേണ്ട കാര്യങ്ങള്‍ പറയണമെന്ന് ഞാനെപ്പോഴും അവളോട് പറയാറുണ്ട്. ഞാനും ഒട്ടും ബോള്ഡായിരുന്നില്ല. പക്ഷേ, ഇപ്പോള്‍ ഞാന്‍ ശക്തയാണ്. പറയേണ്ട കാര്യങ്ങള്‍ പറയേണ്ട സമയത്ത് പറയണം. നമുക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ ചെയ്യുക. അങ്ങനെതന്നെയാണ് ഞാന്‍ നുന്നുവിനെയും പഠിപ്പിക്കാന്‍ ശ്രമിക്കുന്നത്. പെണ്കുട്ടികളാണെന്നുവെച്ച് എല്ലാം സഹിക്കേണ്ട കാര്യമില്ല. ശരിയാണെന്നു തോന്നുകയാണെങ്കില്‍ അത് തുറന്നുപറയണം.
പെണ്‍കുട്ടികളോട് പറയാനുള്ളത്
പെണ്മക്കള് എല്ലാ കാര്യങ്ങളും അമ്മമാരോട് തുറന്നുപറയണം. ഇത് അമ്മമാരെ ആശ്രയിച്ചാണ് ഇരിക്കുന്നത്. കാരണം, കുട്ടികളുടെ എല്ലാ കാര്യങ്ങളും അമ്മ അറിഞ്ഞിരിക്കണം. അതിന് അവളുടെ നല്ലൊരു സുഹൃത്താകണം. അങ്ങനെയാണെങ്കില്‍ പെണ്‍കുട്ടികള്‍ എല്ലാ കാര്യങ്ങളും അമ്മയോട് തുറന്നുപറയും. പെണ്‍കുട്ടികള്‍ ബോള്‍ഡായിരിക്കണം. ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ തുറന്നുപറയണം. ആദ്യം കുറച്ച് പ്രശ്നങ്ങള്‍ ഉണ്ടാവാം. പിന്നെ അത് ശരിയായിക്കോളും.
സിനിമ വലിയ മേഖലയാണ്. എന്നെപ്പോലുള്ള ചെറിയ ഒരാള്‍ക്ക് അവിടെ വലിയ പ്രോമിനന്സ് ഉണ്ടാവില്ല. പിന്നെ എനിക്കു പറ്റുന്ന തീയതിക്ക് അനുസരിച്ചാണ് ഞാന്‍ സീരിയല്‍ ചെയ്യുന്നത്. മോള്‍ക്ക് ഒരു വയസ്സായപ്പോഴാണ് ആദ്യ സീരിയല്‍ ചെയ്യുന്നത്. മോനുവേണ്ടിയും ചെറിയ ഇടവേള എടുത്തു. മോളുടെ പരീക്ഷസമയത്ത് ഷൂട്ടിങ് ഒഴിവാക്കാറാണ് പതിവ്. മോളുടെ എക്സാം, ഭര്‍ത്താവിെൻറ ഒഴിവ് ഒക്കെ നോക്കിയാണ് ഡേറ്റ് കൊടുക്കാറുള്ളത്. സീരിയലാകുമ്പോള്‍ ബുദ്ധിമുട്ടില്ലാതെ വര്‍ക്ക് ചെയ്യാനാവും. സിനിമ വിട്ടു എന്നൊന്നും പറയുന്നില്ല. നല്ല വേഷങ്ങള്‍ വന്നാല്‍ അഭിനയിക്കും.
അന്നും ഇന്നും നവ്യാനായര്‍ എെൻറ നല്ല സുഹൃത്താണ്. എല്ലാ കാര്യവും പങ്കുവെക്കാന്‍ പറ്റുന്ന ഒരാളാണ് നവ്യ. അവള്‍ക്ക് തിരിച്ചും അങ്ങനെത്തന്നെയാണ്. ഞങ്ങളുടെ കുടുംബങ്ങള്‍ തമ്മിലും സൗഹൃദമുണ്ട്. സിനിമയിലെ മറ്റൊരു സുഹൃത്ത് സംയുക്ത വര്‍മയാണ്. സുഹൃത്ത് എന്നതിനേക്കാള്‍ ചേച്ചിയെപ്പോലെയാണ്. അവരോട് സംസാരിക്കുന്നത് പോസിറ്റിവ് എനര്‍ജി നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.