പുതുമുഖങ്ങളാൽ സമ്പന്നമായ പുതിയ മന്ത്രിസഭയിലെ പ്രമുഖനാണ് വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങളിലൂടെ സജീവ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന സി.പി.ഐ പ്രതിനിധിയായ കൃഷിമന്ത്രി പി. പ്രസാദ്. നിരവധി പരിസ്ഥിതിസമരങ്ങളിൽ മുന്നണിപ്പോരാളിയായിരുന്നു അദ്ദേഹം.
വള്ളിച്ചെരിപ്പും കോട്ടൺ-ഖദർ വസ്ത്രങ്ങളും മാത്രം ധരിക്കുന്ന, സൈക്കിൾ ഇഷ്ടവാഹനമായ വേറിട്ട ഈ നേതാവിന് ഓണത്തെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമൊക്കെ ഏറെ പറയാനുണ്ട്. 'മാധ്യമം കുടുംബ'വുമായി മന്ത്രി മനസ്സുതുറക്കുന്നു...
ഞങ്ങൾ ഓണാട്ടുകരക്കാരെ സംബന്ധിച്ചിടത്തോളം പൂക്കളവും കളികളും പാട്ടും സദ്യയുമൊക്കെ ഒന്നിനൊന്ന് പ്രിയപ്പെട്ടതുതന്നെ. എന്നിരുന്നാലും അതിൽ മുന്നിൽ വിഭവസമൃദ്ധമായ ഓണസദ്യ തന്നെ. പുന്നെല്ലിെൻറ ചോറുകൊണ്ടുള്ള ഊണ് മറക്കാനാവില്ല. അതിെൻറ നിറവും രുചിയും മണവുമൊക്കെ ഇന്നും നാവിൻതുമ്പിലുണ്ട്. ഒപ്പം പറമ്പിലും പാടത്തും നട്ടുവളർത്തിയ പച്ചക്കറികൾകൊണ്ടുള്ള കറികളും. കീടനാശിനികൾ തൊട്ടുതീണ്ടിയിട്ടില്ലാത്ത ഇത്തരം ഭക്ഷണം നമുക്കിന്ന് അന്യമാണ്. അവിടെയാണ് ഗതകാല സുഖസ്മരണകളിൽ നാം അഭിരമിക്കാൻ നിർബന്ധിതരാകുന്നത്.
ഞങ്ങളുടെ നാട്ടിൽ ഓണനാളുകൾ ആവേശം ജനിപ്പിക്കുന്ന ആഘോഷങ്ങളുടേതാണ്. സമത്വസുന്ദരമായ ലോകമെന്ന സങ്കൽപത്തിെൻറ ചെറിയ ഒരു പതിപ്പ് അന്ന് ചുറ്റിലും കാണാനാകും. എല്ലാ വിഷമങ്ങളും മറന്ന് തിരുവാതിരപോലുള്ള കളികളിൽ ഏർപ്പെടുന്ന സ്ത്രീകൾ. കാൽപന്തും വോളിബാളും കബഡിയുമൊക്കെയായിരുന്നു പുരുഷന്മാരുടെ പ്രിയപ്പെട്ട കളികൾ. ഉറിയടിയും തെങ്ങ്-കവുങ്ങുകയറ്റ മത്സരങ്ങളുമൊക്കെയുണ്ടാകും.
ടി.വി ചാനലുകളില്ലാതിരുന്ന ആ പഴയനാളുകളിൽ ഗാനമേളകളായിരുന്നു വലിയ ആകർഷണം. കർഷകത്തൊഴിലാളി സ്ത്രീകളും പുരുഷന്മാരുമൊക്കെ ഒന്നാംതരം പാട്ടുകാരായിരുന്നു. പൂർവികർ വഴി പകർന്നുലഭിച്ച പഴയ പാട്ടുകളും സ്വന്തമായി രചിച്ചതുമായ നാടൻപാട്ടുകളുടെ വലിയ ശേഖരമായിരുന്നു എല്ലാവരുടേയും മസ്തിഷ്കങ്ങൾ. കുട്ടികളുടേതും വലിയവരുടേതുമൊക്കെയായി ഒരുപാട് നാടൻകളികളും നമുക്കിടയിലുണ്ടായിരുന്നു. അവയെല്ലാം ഇന്ന് ഓർമകളിൽ മാത്രം. നാട്ടിലെ മുഴുവൻ ആളുകളുടെയും പങ്കാളിത്തം നിറയുന്നതാണ് ഓണത്തിെൻറ എല്ലാ ആഘോഷങ്ങളും.
ചിങ്ങമാസമായാൽപിന്നെ തിരുേവാണം ഒന്ന് വന്നുകിട്ടാൻ കാത്തിരിപ്പാണ്. നന്നേ പുലർച്ചെ ഉറക്കമുണർന്ന് വീട്ടമ്മമാർ തയാറാക്കുന്ന വിഭവസമൃദ്ധമായ ഊണ് രാവിലെ പത്തു മണിക്കേ തന്നെ കഴിക്കാമെന്നതാണ് കുട്ടികളെ സംബന്ധിച്ചുള്ള ഏറ്റവും വലിയ കാര്യം. കാരണം, നാട്ടിൽ നടക്കുന്ന കല്യാണങ്ങൾക്കു മാത്രമാണ് അത്തരത്തിലുള്ള ഭക്ഷണം ലഭിക്കുന്നത്. ഭക്ഷണം എന്ന പ്രശ്നം സമൂഹത്തെ വലിയതോതിൽ അലട്ടിക്കൊണ്ടിരുന്ന ഒരു കാലമായിരുന്നു.
എല്ലാവർക്കും ആഹാരത്തിെൻറ വില നല്ലപോലെ അറിയാം. ആരും ഭക്ഷണപദാർഥങ്ങൾ പാഴാക്കിയിരുന്നില്ല. സദ്യക്ക് കിട്ടിയിരുന്ന പഴം, ശർക്കരവരട്ടി, ഉപ്പേരികൾ, നാരങ്ങ തുടങ്ങിയവ പലരും കൈയിലുള്ള കൈലേസിലോ മറ്റോ പൊതിഞ്ഞ് വീടുകളിലേക്ക് കൊണ്ടുപോകുന്നത് പതിവായിരുന്നു. അതിലൊന്നും ആർക്കും ഒരു കുറച്ചിലുമുണ്ടായിരുന്നില്ല. ഇന്ന് വിളമ്പുന്ന കറികളിൽ പലതും ഒന്ന് തൊട്ടുനോക്കാൻപോലും പലരും തയാറല്ല. അത് കുപ്പത്തൊട്ടിയിലേക്ക് കമിഴ്ത്തുന്നത് പതിവുകാഴ്ചയാണ്.
ഇന്ന് ഭക്ഷണമെന്നത് പൊതുവെ പ്രയാസമില്ലാത്ത ഒന്നായി മാറിയെന്ന് പറയാതെ വയ്യ. പണ്ടൊക്കെ ഓണത്തിനും വിഷുവിനുമൊക്കെ മാത്രമാണ് അത്തരത്തിലുള്ള വിഭവങ്ങൾ ലഭിച്ചിരുന്നത്. ഇന്ന് പണം കൊടുത്താൽ തൂശനിലയിൽ എണ്ണിയാൽ തീരാത്ത ഇനങ്ങളുമായി ഹോട്ടലിൽ സദ്യ ഏതു നേരത്തും കിട്ടും.സദ്യ കഴിഞ്ഞാൽ കുട്ടികൾ നാടൻകളികളുമായി പറമ്പിലേക്കും പാടത്തേക്കും പോകും. പുരുഷന്മാർക്കും അവരുടേതായ കലാപരിപാടികളുണ്ടാകും. ഇന്നത്തെ അയൽക്കൂട്ടമോ കുടുംബശ്രീ സംവിധാനമോപോലെ സംഘടിത രൂപമില്ലെങ്കിലും മുതിർന്ന സ്ത്രീകളുടെ കൂട്ടായ്മകൾ അന്നും സജീവമായിരുന്നു. തങ്ങളുടേതായ നൈസർഗികമായ കലാപരിപാടികളിൽ അവർ വ്യാപൃതരായിരുന്നു. തീർത്തും ഗ്രാമീണമായ പശ്ചാത്തലത്തിൽ നിലനിന്നിരുന്ന അയൽപക്കങ്ങൾ തമ്മിലുള്ള ഇത്തരം ജൈവബന്ധങ്ങളുടെ അടിസ്ഥാന ഘടകം നന്മയിലൂന്നിയ ഹൃദയ ഐക്യം മാത്രമായിരുന്നു.
എെൻറയും ചേച്ചി സുജാതയുടെയും ഓണക്കാലം മുഴുവൻ നൂറനാട്ടിലെ വീട്ടിൽതന്നെയായിരുന്നു. അടൂർ ഏഴംകുളത്തെ അമ്മയുടെ വീട്ടിലേക്കു പോകുന്നത് വെക്കേഷൻ കാലത്താണ്. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങൾ ആഘോഷകാലമാണ്. വിഷു ഏപ്രിലിൽ വരുമെന്നതിനാൽ ഇരട്ടിമധുരം. അന്ന് കളിക്കാത്ത കളികളില്ല. കേറിയിറങ്ങാത്ത വീടുകളില്ല. കഴിക്കാത്ത ഭക്ഷണങ്ങളില്ല. മാങ്ങ, ചക്ക, ചാമ്പക്ക തുടങ്ങി തൊടികളിൽ എത്രയെത്ര പഴവർഗങ്ങളായിരുന്നു. പഴകുളത്തെ അച്ഛെൻറ അമ്മാവെൻറ വീട്ടിലെ ആതിഥ്യം മറക്കാനാവില്ല.
പരിസ്ഥിതിസ്നേഹത്തിെൻറ തുടക്കം
അച്ഛെൻറ അമ്മ കുട്ടിയമ്മയുടെയും അമ്മയുടെ അമ്മ രാജമ്മയുടെയും സ്നേഹവാത്സല്യങ്ങൾ ചെറുപ്പത്തിലേ ആവോളം ലഭിക്കാനുള്ള ഭാഗ്യമുണ്ടായി. അവർ പറഞ്ഞുതന്ന കഥകളിൽനിന്നൊക്കെയുള്ള കൊച്ചുകൊച്ചു അറിവുകൾതന്നെയായിരിക്കാം മനസ്സിൽ പരിസ്ഥിതിയെക്കുറിച്ചുള്ള ആദ്യ വിത്ത് പാകിയത്. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായിരുന്ന അച്ഛൻ ജി. പരമേശ്വരൻ നായർ പീക്കിങ് റേഡിയോയിലൂടെ കേട്ട 'കിഴക്കൻ ചക്രവാളത്തിൽ വസന്തത്തിെൻറ ഇടിമുഴക്ക'ത്തിൽ ആകൃഷ്ടനായി പഞ്ചായത്ത് മെംബർ സ്ഥാനം രാജിവെച്ചാണ് സി.പി.ഐ-എം.എല്ലിലേക്കു പോകുന്നത്. ആ പ്രഖ്യാപനത്തിൽ ആവേശംകൊണ്ട് വാഴൂർ വിശ്വം, ഡോ. സി.ആർ. കാരേലി തുടങ്ങിയവരും അച്ഛനോടൊപ്പമുണ്ടായിരുന്നു.
അവരെല്ലാവരും ചേർന്ന് വീട്ടിൽ ഒരു പൊതുയോഗം വിളിച്ചുചേർത്താണ് ജനാധിപത്യത്തിൽ അവിശ്വാസം രേഖപ്പെടുത്തുന്ന പ്രഖ്യാപനം നടത്തുന്നത്. കപട ജനാധിപത്യബോധത്തിനെതിരെ ഘോരഘോരം പ്രസംഗിച്ച അവരുടെ ശിഷ്ടജീവിതം ജയിലറകളിലായിരുന്നു. മോചിതനായശേഷം അച്ഛൻ വീണ്ടും സി.പി.ഐയിലേക്ക് തിരിച്ചുവന്നു. അന്ന് പന്തളം നിയോജക മണ്ഡലം സെക്രട്ടറിയായി പ്രവർത്തിച്ചു. അച്ഛെൻറ ഇളയ അനുജൻ ജി.ഡി. നായർ പയ്യന്നൂരിലേക്ക് സ്കൂൾ അധ്യാപകനായി േജാലി ലഭിച്ച് പോയി. പിന്നീട് പയ്യന്നൂർ മുനിസിപ്പാലിറ്റിയിൽ സി.പി.എമ്മിെൻറ ചെയർമാനായി. അദ്ദേഹത്തിെൻറയും അച്ഛെൻയും മൂത്ത രണ്ടു സഹോദരങ്ങളുടെയും അടുത്തായിരുന്നു അമ്മൂമ്മയെന്നതിനാൽ ഇടക്കൊക്കെേയ ഞങ്ങൾ കൊച്ചു മക്കൾക്ക് അടുത്ത് കിട്ടുമായിരുന്നുള്ളൂ. കഥകളും മറ്റും കൂടുതൽ പറഞ്ഞുതന്നിരുന്നത് അമ്മയുടെ അമ്മയായിരുന്നു.
പണ്ടത്തെ ഏതൊരു ഇടത്തരം കുടുംബത്തിനുമുള്ളതുപോലെ ഞങ്ങൾക്കും വയലും കൃഷിയുമുണ്ടായിരുന്നു. പല കുടുംബങ്ങൾക്കും സംഭവിക്കാറുള്ളതുപോലെ ബുദ്ധിമുട്ടുകൾ വരുന്ന അവസരത്തിൽ പാരമ്പര്യമായ സ്വത്തുവകകൾ എന്തെങ്കിലും കൈയൊഴിയേണ്ടിവരും. അച്ഛെൻറ പൊതുപ്രവർത്തനങ്ങളുടെ തുടർച്ചയായി സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായപ്പോൾ കൃഷിഭൂമി വിൽക്കേണ്ടിവന്നു. അക്കാലത്ത് വയലുകളിൽ പണിയെടുത്തിരുന്നവരുടെ വീടുകളിൽ പതിവായി പോകുമായിരുന്നു. മിക്കവരുടെയും മക്കൾ സഹപാഠികളും അടുത്ത കൂട്ടുകാരുമായിരുന്നു. വയലിലും വെള്ളത്തിലും മരത്തിലുമൊക്കെയായിരുന്നു അന്ന് സദാ സമയവും.
അപ്പോൾ ലഭിച്ച അനൗപചാരിക അറിവുകളൊക്കെ പരിസ്ഥിതിയെക്കുറിച്ചുള്ള സാമാന്യ ധാരണ പകർന്നുനൽകി. പേക്ഷ, അന്നൊന്നും ഞങ്ങളാരും വാസ്തവം പറഞ്ഞാൽ പരിസ്ഥിതി എന്നൊരു വാക്കുപോലും കേട്ടിട്ടില്ല. സ്കൂളിൽ പഠിക്കുേമ്പാൾ ജൂൺ അഞ്ചിന് പരിസ്ഥിതിദിനം ആചരിച്ചിട്ടേയില്ല. പിന്നീട് കോളജിലെത്തുേമ്പാഴാണ് പ്രകൃതി സംരക്ഷിക്കപ്പെടേണ്ട ഒന്നാണെന്ന തിരിച്ചറിവുണ്ടാകുന്നത്. അന്ന് ലൈബ്രറികളിൽ പോയി കിട്ടാവുന്ന പുസ്തകങ്ങൾ വായിക്കുമായിരുന്നു.
ആയിടക്കാണ് സൈലൻറ് വാലി വിഷയത്തിലും മാവൂർ ഗ്വാളിയോർ റയോൺസ് സമരവുമായി ബന്ധപ്പെട്ട വിഷയങ്ങളിെലാക്കെ കലാകൗമുദിയിലും മാതൃഭൂമിയിലുമൊക്കെ പ്രഫ. എം.കെ. പ്രസാദ് മാഷിെൻറ ലേഖനങ്ങൾ വന്നത്. നല്ലൊരു വായനക്കാരനായ അച്ഛൻ വീട്ടിൽ വാരികകൾ വരുത്തുമായിരുന്നു. വായനയിലേക്ക് വഴിതെളിച്ചുവിട്ടതും അച്ഛൻ തന്നെയായിരുന്നു. പത്രങ്ങളിൽ വരുന്ന പ്രധാന മുഖപ്രസംഗങ്ങൾ നീളത്തിൽ വെട്ടിയെടുത്ത് കുത്തിക്കെട്ടി ൈബൻഡാക്കി സൂക്ഷിക്കും. ഓരോ പത്രങ്ങളുടെയും നിലപാട് അറിയണമെങ്കിൽ എഡിറ്റോറിയൽ വായിക്കണമെന്ന അറിവ് അദ്ദേഹമാണ് പകർന്നുനൽകിയത്.
നമ്മൾ മനസ്സിൽ സൂക്ഷിച്ചുവെച്ച പല കാര്യങ്ങളും ഗൗരവമുള്ളതാണെന്ന് അങ്ങനെ ബോധ്യമായി. പലപ്പോഴായി മനസ്സിൽ ചേർത്തുവെച്ച കാര്യങ്ങളും വസ്തുതകളും കൂടുതലായി ത്വരിതപ്പെട്ടു. നാഷനൽ സർവിസ് സ്കീമിെൻറ ക്യാമ്പിൽ ഇത്തരം വിഷയങ്ങൾ ചർച്ചെക്കടുത്തതോടെ അതിെൻറ പ്രസക്തി മനസ്സിലാക്കി. മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഇതെന്ന് ബോധ്യപ്പെട്ടു. ഇത്തരമൊരു ധാരണയുമായാണ് വിദ്യാർഥിരാഷ്ട്രീയത്തിൽ സജീവമാകുന്നത്.
ഒമ്പതാം ക്ലാസിൽ പഠിക്കുേമ്പാൾതന്നെ എ.ഐ.എസ്.എഫ് താലൂക്ക് പ്രസിഡൻറും പത്തിലെത്തുേമ്പാൾ സെക്രട്ടറിയുമായി. കോളജിലെത്തുേമ്പാൾ മാവേലിക്കര താലൂക്ക് സെക്രട്ടറിയായി. എ.ഐ.എസ്.എഫിെൻറ ഉയർന്ന കമ്മിറ്റികളിലേക്ക് വരുേമ്പാൾ പ്രകൃതി-പരിസ്ഥിതി വിഷയത്തിൽ കൃത്യമായ രാഷ്ട്രീയ നിലപാടുകൾ സ്വീകരിച്ച കെ.വി. സുരേന്ദ്രനാഥ്, ശർമാജി തുടങ്ങിയവരുമായി പരിചയമായി. കേരളം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന അവരെപ്പോലെയുള്ള പ്രമുഖർ ഇത്തരത്തിലുള്ള ചിന്തകൾ വെച്ചുപുലർത്തുന്നവരാണെന്നുകൂടി അറിഞ്ഞപ്പോൾ കൂടുതൽ കരുത്തായി.
കലാലയ രാഷ്ട്രീയത്തിലും യുവജന പ്രസ്ഥാനത്തിലും പ്രവർത്തിക്കവെ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നടന്ന പരിസ്ഥിതിസമരങ്ങളുടെയും പ്രസ്ഥാനങ്ങളുെടയും ഭാഗമാകാൻ കഴിഞ്ഞതോടെ പരിസ്ഥിതിചിന്തക്ക് ബലം വർധിപ്പിച്ചു. കൂടുതൽ ആഴത്തിലും പരപ്പിലും ചിന്തിക്കാനും മനസ്സിലാക്കാനും കഴിഞ്ഞു. മേധ പട്കർ, വന്ദന ശിവ തുടങ്ങിയവരുമായുള്ള പ്രവർത്തനങ്ങൾ കൃത്യമായ ദിശാബോധം നൽകി. സുന്ദർ ലാൽ ബഹുഗുണയും ചന്ദി പ്രസാദ് ഭട്ടും ക്ലോഡ് അൽവാരിസും പാഠപുസ്തകങ്ങളായി. സുഗതകുമാരി ടീച്ചറും ജോൺസി ജേക്കബ് മാഷുമൊക്കെ നൽകിയ ഊർജം ചെറുതായിരുന്നില്ല.
വിവാഹം, കുടുംബം
രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തിലെ പിൻതലമുറക്കാരിയാണ് ഭാര്യ ലൈന. ചടയമംഗലത്തെ ആദ്യകാല കമ്യൂണിസ്റ്റുകാരിൽ പ്രമുഖനായിരുന്ന സഖാവ് രാഘവൻ നായരുടെ മകളുടെ മകളാണ്. തിരുവനന്തപുരം വഞ്ചിയൂരിലെ ഹോളി ഏയ്ഞ്ചൽസ് സ്കൂളിലെ മലയാളം അധ്യാപികയാണ് ലൈന. ഞാൻ സഖാവ് ബിനോയ് വിശ്വത്തിെൻറയും ലൈന മന്ത്രി മുല്ലക്കര രത്നാകരെൻറയും പേഴ്സനൽ സ്റ്റാഫിൽ പ്രവർത്തിക്കുകയായിരുന്നു. 2006ൽ ചടയമംഗലത്തെ ഒരു ഓഡിറ്റോറിയത്തിൽ വൈകീട്ട് മൂന്നിന് സി.പി.ഐ സംസ്ഥാന സെക്രട്ടറിയായ സഖാവ് വെളിയം ഭാർഗവൻ ഞങ്ങൾ രണ്ടു പേർക്കും മാലയെടുത്ത് തന്നു. പിന്നീട് 'സന്ദേശം' സിനിമയിൽ ശ്രീനിവാസൻ പറയുന്നതുപോലെ ഞങ്ങൾ അത് അങ്ങോട്ടും ഇങ്ങോട്ടും ചാർത്തി. ശേഷം ബിസ്കറ്റും ചായയും കുടിച്ച് പങ്കെടുത്തവരെല്ലാം പിരിഞ്ഞു.
ചേച്ചി സുജാത വീട്ടമ്മയായി മാന്നാറിലുണ്ട്. ഞങ്ങൾ ചെറുപ്പത്തിലേതന്നെ നല്ല കൂട്ടാണ്. അതുപോലെ തമ്മിൽ തല്ലാനും മോശമല്ല. തർക്കവും വഴക്കും സ്ഥിരമായി ഉണ്ടാകും. പേക്ഷ, ഹൃദയങ്ങൾ തമ്മിലുള്ള അടുപ്പം വേറൊന്നുതന്നെയാണ്. ഇന്നും അത് കാത്തുസൂക്ഷിക്കാൻ കഴിയുന്നുണ്ട്.
സ്ത്രീകളുടെ സഹനത്തിെൻറ നേർസാക്ഷ്യമാണ് എെൻറ അമ്മയും. കുഞ്ഞുങ്ങളെ വളർത്തി വലുതാക്കിയെടുക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. പേക്ഷ, കുടുംബത്തിലും സമൂഹത്തിലും അതിന് വിലകൽപിക്കുന്നവർ വിരളം. അയ്യായിരം രൂപ വരുമാനമുണ്ടാക്കുന്നതാണ് വലിയ കാര്യം. അമ്പതിനായിരം രൂപ പ്രതിമാസം കൊടുത്താലും സാധിക്കാത്ത കാര്യമാണ് ഒരു സ്ത്രീ വീട്ടിനുള്ളിൽ ചെയ്യുന്നത്. അത് അമ്മയാകുേമ്പാൾ അതിലും കൂടും. വാസ്തവത്തിൽ അച്ഛെൻറ പങ്ക് തുലോം തുച്ഛമാണ്. ജോലിക്കു പോകുന്നത് അല്ലാതെ കുടുംബത്തിന് സ്ത്രീകളുടെ യാതൊരു പങ്കുമില്ലെന്ന ചിന്താഗതിയാണ് പൊതുവെ എല്ലാവരും സ്വീകരിക്കുന്നത്.
സി.പി.ഐ-എം.എല്ലിൽ പ്രവർത്തിച്ച അച്ഛനെ അറസ്റ്റ് ചെയ്യാനെത്തിയത് കുപ്രസിദ്ധ പൊലീസ് മേധാവിയായിരുന്ന ഐ.ജി ലക്ഷ്മണയും സംഘവുമാണ്. അതിെൻറ ഭാഗമായി നടന്ന റെയ്ഡിലും മറ്റും അമ്മ നല്ലപോലെ അനുഭവിച്ചു. അച്ഛൻ അറസ്റ്റിലായശേഷം വീടിനു ചുറ്റുമുള്ള നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും കൂടി. അന്ന് പറക്കമുറ്റാത്ത കുഞ്ഞുങ്ങൾ എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ചേച്ചിയെയും എന്നെയും എത്രമാത്രം ബുദ്ധിമുട്ടിയാകും അമ്മ വളർത്തിയിട്ടുണ്ടാകുക. മകൻ ഭഗത്തും മകൾ അരുണ അൽമിത്രയും ജനിച്ചപ്പോഴാണ് അതിെൻറ തീവ്രത എന്താണെന്ന് മനസ്സിലാകുന്നത്.
അമ്മയെന്നാൽ സമാനതകളില്ലാത്ത അനുഭവമാണ്. അത് നൽകുന്ന ശക്തി ചെറുതൊന്നുമല്ല. വലിയ കരുത്തും ബലവുമാണ്. ഞാനും അമ്മയും തമ്മിൽ തർക്കങ്ങളില്ലാത്ത ദിവസങ്ങളില്ല. രാഷ്ട്രീയ ചർച്ചകൾ മണിക്കൂറുകളോളം നീണ്ടുനിൽക്കും. സത്യപ്രതിജ്ഞക്കുമുമ്പ് അമ്മയുടെ പാദത്തിൽ നമസ്കരിച്ചതിനെക്കുറിച്ച് അഭിപ്രായങ്ങൾ ഏറെ വരുകയുണ്ടായി. ഈ പറഞ്ഞത് എല്ലാം ചേർത്തുള്ള എെൻറ സ്നേഹവും ആദരവുമായിരുന്നു അത്. അൽഷൈമേഴ്സ് ബാധിതനായ അച്ഛൻ മരിച്ചിട്ട് എട്ടു കൊല്ലം കഴിഞ്ഞു.
എല്ലാവരും അരമണിക്കൂർ കൃഷി ചെയ്യണം
എല്ലാ ജനങ്ങളും പൂർണമായും കൃഷിയുമായി ബന്ധപ്പെട്ടുനിൽക്കേണ്ടതിെൻറ അനിവാര്യതയാണ് നമുക്കു ചുറ്റും സംഭവിക്കുന്ന വർത്തമാനകാല സംഭവങ്ങൾ. ഭക്ഷ്യ സ്വയംപര്യാപ്തതയെക്കുറിച്ച് നാം ആവേശത്തോടെ പറയുന്നുണ്ട്. അത് ആവശ്യമായ ഒന്നാണ്. പേക്ഷ, നമുക്ക് ലഭിക്കുന്ന ഭക്ഷണത്തെക്കുറിച്ച് എന്താണ് അറിയാവുന്നത്. ആരോ എങ്ങനെയൊക്കെയോ ഉണ്ടാക്കുന്നത് കഴിക്കാൻ വിധിക്കപ്പെട്ടവരായി നാം മാറി. ആരാണ് ഉണ്ടാക്കുന്നത്, ഉണ്ടാക്കുന്നതിൽ എന്തൊക്കെ ചേർന്നിരിക്കുന്നു എന്ന് അറിയാൻ അവകാശവുമുണ്ട്. ജീവിതശൈലീരോഗങ്ങൾ അനുദിനം കൂടുന്നു. ഭക്ഷണത്തിലേക്ക് നമ്മെള എത്തിക്കുന്നത് കൃഷി മാത്രമാണ്. ഓരോ നിമിഷവും മനുഷ്യെൻറ ആരോഗ്യം തകരുന്ന ഇക്കാലത്ത് വിഷരഹിതമായ ഭക്ഷണം ഉറപ്പുവരുത്തേണ്ടത് ആവശ്യമാണ്.
പരമാവധി ഉൽപാദനക്ഷമത വർധിപ്പിച്ച് കാർഷിക മേഖലക്ക് ഉണർവുണ്ടാക്കുകയാണ് പ്രാഥമികമായി ചെയ്യേണ്ടത്. അവശേഷിക്കുന്ന നെൽവയലുകൾ എന്തു വിലെകാടുത്തും സംരക്ഷിച്ചുനിർത്തണം. മുഴുവൻ ജനങ്ങൾക്കും പങ്കാളിത്തമുള്ള ഒരു കാർഷികരീതി സമൂഹത്തിൽ പുലരണം. എഴുന്നേറ്റുനിൽക്കാനും നടക്കാനും കഴിയുന്ന എല്ലാവരും ദിനേന കുറഞ്ഞത് അരമണിക്കൂറെങ്കിലും കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ജീവിതക്രമം രൂപപ്പെടുത്തണം. അത്തരമൊരു ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് ഓരോ വീട്ടിലും ഒരുതരി മണ്ണുപോലും വെറുതെയിടാത്ത, അവിടെ നമുക്ക് ആവശ്യമായ എന്തെങ്കിലുമൊക്കെ കൃഷി ചെയ്യുന്ന സമ്പ്രദായം കൊണ്ടുവരണം.
കൂടുതൽ ഉൽപാദനം സംഭവിച്ചാൽ ഉൽപന്നത്തിെൻറ സംഭരണം വലിയ തലവേദനയാകും. കൂടുതൽ മൂല്യവത്തായ ഉൽപന്നങ്ങാക്കി മാറ്റുക മാത്രമാണ് പ്രതിവിധി. കാർഷികോൽപന്നങ്ങളെ ശരിയായി സംഭരിച്ച് മൂല്യവർധിത ഉൽപന്നമാക്കി വിപണനം നടത്താൻ കഴിയണം. ആധുനിക സാങ്കേതികവിദ്യകൾ പ്രയോഗിക്കണം. പ്രാദേശികമായി ഓൺലൈൻ മാർക്കറ്റിങ് സംവിധാനം വന്നാൽ കർഷന് മികച്ച വില ലഭിക്കുകയും കൃഷി ലാഭകരമായി മാറുകയും ചെയ്യും. കൃഷി ലാഭകരമായ ഒന്നാണെന്ന സ്ഥിതി വരുേമ്പാൾ അതിനോടുള്ള താൽപര്യത്തിൽ പ്രകടമായ മാറ്റം വരും. അന്തസ്സാർന്ന ജീവിതത്തിെൻറ അഭിവാജ്യ ഘടകമായി കാർഷികവൃത്തി മാറുമെന്ന് കർഷകർക്ക് ഉത്തമബോധ്യം വരണം. അങ്ങനെ കാർഷിക മേഖലയിൽ കേരളത്തെ സ്വയംപര്യാപ്തമാക്കുക എന്ന വിശാല ലക്ഷ്യം മുൻനിർത്തി ഹ്രസ്വവും ദീർഘവുമായ പ്രവർത്തനങ്ങളാണ് സർക്കാർ വിഭാവനം ചെയ്യുന്നത്.
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.