രാജ് കലേഷ്, ഭാര്യ ദിവ്യ, മക്കളായ ദക്ഷ, ദർശ്. ചിത്രങ്ങൾ: അൻഷാദ്​

ഗുരുവായൂർ

‘ഒരുഘട്ടത്തിൽ മെന്റൽ ഡിപ്രഷനിലേക്കുവരെ കാര്യങ്ങൾ നീങ്ങി. ഇതിൽനിന്ന് രക്ഷപ്പെടാൻ സഹായിച്ചത് വ്യായാമമായിരുന്നു’ -കല്ലു മനസ്സുതുറക്കുന്നു

മുഖത്ത്​ മാത്രമല്ല, ശരീരമാകെ പടരുന്ന ചിരിയോടെയാണ്​ രാജ്​ കലേഷ് എന്ന കല്ലുവിനെ എവിടെയും കാണാനാകുക. സ്​റ്റോപ്പില്ലാതെ ആരെയും പിടിച്ചുനിർത്തുന്ന സംസാരം. പലപ്പോഴും കൊതിയൂറുന്ന വിഭവങ്ങൾ നിരത്തിവെച്ചുകൊണ്ടാവും ഈ തിരുവനന്തപുരത്തുകാരന്‍റെ എൻട്രി. അതുകണ്ട്​ മനസ്സും വയറും ഒരുപോലെ നിറഞ്ഞ്​ കാഴ്ചക്കാരും പോസിറ്റീവ്​ വൈബിലാകും.


ടെലിവിഷൻ ചാനലുകളിലെ കുക്കറി ഷോകളിലൂടെ വീട്ടമ്മമാരുടെ ഇഷ്ടതാരമാണ് കലേഷ്. ഒപ്പം മജീഷ്യൻ, ടെലിവിഷൻ അവതാരകൻ എന്നീനിലകളിൽ പരകായപ്രവേശവും നടത്തും. കോവിഡ് കവർന്ന മൂന്നുവർഷത്തെ ഇടവേളക്ക് ശേഷം വീണ്ടും മായാജാലവുമായി ഈയിടെ വേദിയിലെത്തി.
രുചിഭേദങ്ങൾ തേടിയുള്ള യാത്രകൾക്കിടയിലും തന്‍റെയും കുടുംബത്തിന്‍റെയും ഫിറ്റ്​നസ്​ കാര്യത്തിൽ ഏറെ ശ്രദ്ധപുലർത്തുന്നുണ്ട് കലേഷ്.

മാധ്യമം കുടുംബത്തിന്‍റെ ഫിറ്റ്​നസ്​ ഫോക്കസ്​ പതിപ്പിലേക്ക്​ ഷൂട്ടിനായി കല്ലുവും ഭാര്യ ദിവ്യയും മക്കളായ ദക്ഷയും ദർശും തിരുവനന്തപുരം ശംഖുംമുഖത്തെ ഉദയ് സ്യൂട്സ് ഹോട്ടലിൽ എത്തിയപ്പോൾ സംസാരം ഏറെയും ആരോഗ്യകാര്യങ്ങളിലായി...


ആഹാരമാണല്ലോ മുഖ്യം, ആരോഗ്യം നോക്കാറുണ്ടോ?

കലേഷ്​: ചെറുപ്പം മുതൽ ഞാൻ ആഹാരപ്രിയനാണ്. ഭക്ഷണകാര്യത്തിൽ ഒരു നിയന്ത്രണവുമില്ല. നല്ലഭക്ഷണം പാചകം ചെയ്യുന്നതിനൊപ്പം വയറുനിറയെ കഴിക്കുകയും ചെയ്യും. കേരളത്തിൽ അങ്ങോളമിങ്ങോളവും വിദേശരാജ്യങ്ങളിലും പോകുമ്പോൾ രുചിവൈവിധ്യങ്ങൾ ആസ്വദിക്കാൻ ഒട്ടും മടികാണിക്കാറില്ല. ഇത് ആരോഗ്യത്തെ ബാധിക്കുമെന്ന് സുഹൃത്തായ ഡോക്ടർ മുന്നറിയിപ്പ് നൽകിയപ്പോൾ വ്യായാമവും തുടങ്ങി.

സ്ഥിരമായി വർക്കൗട്ടുണ്ടോ?

കലേഷ്​: എവിടെ പോകുകയാണെങ്കിലും ട്രാക് സ്യൂട്ടും സ്കിപ്പിങ് റോപ്പും കൈയിൽ കരുതും. ജിംനേഷ്യം ഉള്ള ഹോട്ടലുകളിലാണ് താമസമെങ്കിൽ ദിവസവും കുറഞ്ഞത് അരമണിക്കൂറെങ്കിലും വർക്കൗട്ട് ചെയ്യും. ഒഴിവ്​ അനുസരിച്ച് ഇത് രണ്ടുമണിക്കൂർ വരെ നീളാനും സാധ്യതയുണ്ട്.

മുറിയിൽ പുഷ്അപ് എങ്കിലും എടുക്കാതെ പുറത്തിറങ്ങാറില്ല. തെരുവുനായ് ശല്യം ഇല്ലാത്തിടത്താണെങ്കിൽ ജോഗിങ്ങിനും ഇറങ്ങും. യാത്ര കഴിഞ്ഞ് തിരികെ പൂജപ്പുരയിലെ വീട്ടിലെത്തിയാൽ അടുത്തുള്ള ജിമ്മിൽ പോകും. സമയമില്ലെങ്കിൽ മകൾക്കൊപ്പം വീടിന്റെ ടെറസിൽ വർക്ഔട്ടിന് സമയം കണ്ടെത്തും. ഡംബൽ അടക്കം അത്യാവശ്യം ഉപകരണങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.


സ്വന്തം അനുഭവത്തിൽ വ്യായാമത്തിന്‍റെ ഗുണങ്ങൾ എന്തൊക്കെ?

കലേഷ്​: വ്യായാമം വഴി ശരീരത്തിനും മനസ്സിനും ഉണ്ടാകുന്ന ഗുണങ്ങൾ പറഞ്ഞറിയിക്കാനാവില്ല. കോവിഡ് പിടിപെട്ട് ഭേദമായപ്പോൾ ശ്വാസമെടുക്കാൻപോലും പ്രയാസം അനുഭവപ്പെട്ടിരുന്നു. കൃത്യമായ വ്യായാമം വഴിയാണ് ഈ ബുദ്ധിമുട്ട് മാറിയത്. മാജിക് പോലുള്ള പരിപാടികൾ സ്റ്റേജിൽ അവതരിപ്പിക്കുമ്പോൾ മനസ്സിനൊപ്പം ശരീരവും സഞ്ചരിക്കണം. വേദിയിൽ ആളുകൾക്ക് മുന്നിൽ നിൽക്കുമ്പോൾ ആത്‌മവിശ്വാസവും പ്രധാനമാണ്.

ഇത് കൈവരുന്നത് വ്യായാമംവഴി മാത്രമാണ്. കോവിഡ് മൂലം വേദികൾ നഷ്ടപ്പെട്ടതിനാൽ മൂന്നുവർഷമായി മാജിക് പരിശീലനം ഇല്ലായിരുന്നു. ആൾക്കൂട്ടത്തിൽനിന്നും സ്റ്റേജുകളിൽനിന്നും അകന്ന് വീടിനകത്ത് തളച്ചിടപ്പെട്ടതിനാൽ ഒരുഘട്ടത്തിൽ മെന്റൽ ഡിപ്രഷനിലേക്കുവരെ കാര്യങ്ങൾ നീങ്ങി. ഇതിൽനിന്ന് രക്ഷപ്പെടാനും സഹായിച്ചത് വ്യായാമമാണ്.

ഭക്ഷണത്തിൽ നിയന്ത്രണങ്ങൾ ഉണ്ടോയെന്ന ചോദ്യം കേട്ടപ്പോൾ ഉടൻ മറുപടിവന്നത്​ ഭാര്യ ദിവ്യയിൽ നിന്നാണ്​...

ദിവ്യ: വീട്ടിലാണെങ്കിലും പുറത്തുപോയാലും നാടൻ ഭക്ഷണത്തോടാണ് കലേഷിന് ഇഷ്ടം കൂടുതൽ. പ്രോട്ടീൻ അടങ്ങിയ വിഭവങ്ങളാണ് വീട്ടിൽ കൂടുതലും ഉണ്ടാക്കുന്നത്.

പയറും മത്തങ്ങയും കൊണ്ടുള്ള എരിശ്ശേരിയാണ് ഇഷ്ട വിഭവം. ബാലൻസ്ഡ് മീൽ ശീലമാണ് പിന്തുടരുന്നത്. മസിൽ കൂട്ടാൻ പ്രോട്ടീൻ പൗഡറോ മറ്റ് സപ്ലിമെന്റുകളോ വീട്ടിൽ ആരും ഉപയോഗിക്കാറില്ല.

ജീവിതത്തിൽ ഒരിക്കൽ മാത്രമാണ് കലേഷ്​ ഡയറ്റിങ് ചെയ്തത്. 21 ദിവസംകൊണ്ട് ഏഴ് കിലോ കുറച്ചു. സ്റ്റേജ് പരിപാടികളുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി ഇപ്പോൾ വീണ്ടും ശരീരഭാരം കുറക്കാൻ ശ്രമംനടത്തുന്നുണ്ട്. ഇതിനായി ചായയിലും മറ്റും മധുരം ഒഴിവാക്കി.


ദിവ്യയും ഫിറ്റ്​നസ് ​ ഫ്രീക്കാണോ?

ദിവ്യ: ഫിറ്റ്​നസ്​ കാര്യത്തിൽ കുടുംബം ഒന്നടങ്കം ശ്രദ്ധിക്കുന്നുണ്ട്​. ഞാൻ ഫിറ്റ്നസ് നിലനിർത്തുന്നത് നൃത്തത്തിലൂടെയാണ്. പൂജപ്പുര ഹരിശ്രീ ഡാൻസ് സ്‌കൂളിലെ നിത ടീച്ചറുടെ കീഴിലാണ് പരിശീലനം. കൂടാതെ മകനൊപ്പം ദിവസവും വൈകീട്ട് അരമണിക്കൂർ സൈക്കിൾ സവാരിയുമുണ്ട്.

നിലവിൽ, കലേഷിന്റെ പ്രൊഡക്ഷൻ കമ്പനിയായ രാജ് കലേഷ് പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ചുമതലയും വഹിക്കുന്നു.

(അച്ഛനും അമ്മയും പുലർത്തുന്ന ആരോഗ്യകാര്യങ്ങളി​ലെ ശ്രദ്ധ മക്കളായ ദക്ഷയിലേക്കും ദർശിലേക്കും പടർന്നിട്ടുണ്ട്​. ഇരുവരും കായികയിനങ്ങളിൽ പല ചുവടുകളും മുന്നേറിക്കഴിഞ്ഞു)

ദക്ഷ ആള്​ ജിംനാസ്റ്റിക്കാണ്​

വീട്ടിലെ ഫിറ്റ്നസ് ഫ്രീക് ഒമ്പതാം ക്ലാസുകാരി മകൾ ദക്ഷയാണെന്ന് കലേഷും ദിവ്യയും ഒരേ സ്വരത്തിൽ പറയുന്നു. അറിയപ്പെടുന്ന ജിംനാസ്റ്റിക്, യോഗതാരമാണ് തിരുവനന്തപുരം കാർമൽ സ്‌കൂൾ വിദ്യാർഥിനിയായ ദക്ഷ.

ചെറുപ്രായത്തിൽ വീട്ടിൽ ഓടിക്കളിക്കുമ്പോൾ ദക്ഷ രണ്ടുകാലും ചുമരിൽ ചവിട്ടി മുകളിലേക്ക് പിടിച്ചുകയറുമായിരുന്നു. കലേഷിന്റെ സഹപ്രവർത്തകയും അന്താരാഷ്‌ട്ര ജിംനാസ്റ്റിക്സ് താരവുമായ പശ്ചിമബംഗാൾ സ്വദേശി അഞ്ജലി ചൗധരി ഒരിക്കൽ വീട്ടിൽ വിരുന്നെത്തിയപ്പോൾ ദക്ഷയുടെ ഈ പ്രകടനം കണ്ടു.

അവരുടെ ഉപദേശമനുസരിച്ചാണ് മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ തിരുവനന്തപുരം ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ ജിംനാസ്റ്റിക്സ് ക്ലാസിന് ചേർത്തത്. പിന്നീട് യോഗപരിശീലനവും തുടങ്ങി. യോഗയിൽ ഭാവന ടീച്ചറുടെ ശിഷ്യത്വം സ്വീകരിച്ചതാണ് വഴിത്തിരിവായത്. ശരീരം ഫ്ലക്സിബിൾ ആക്കാൻ ഇത് ഏറെ സഹായിച്ചു.

ഇപ്പോൾ അസാമാന്യ മെയ്‌വഴക്കമാണ് ജിംനാസ്റ്റിക്സിലും യോഗയിലും ദക്ഷ കാഴ്ചവെക്കുന്നത്. ഇക്കഴിഞ്ഞ സംസ്ഥാന സ്‌കൂൾ കായികമേളയിൽ ജിംനാസ്റ്റിക്സിൽ രണ്ടിനങ്ങളിൽ ഒന്നാം സ്ഥാനം നേടി- ഹുല ഹൂപ്പിലും ബാൾ ഇനത്തിലും. ക്ലബ്‌സിൽ രണ്ടാം സ്ഥാനവും റിബണിൽ മൂന്നാം സ്ഥാനവും സ്വന്തമാക്കി. ദേശീയ, അന്തർദേശീയതലങ്ങളിൽ അംഗീകാരങ്ങൾ വാങ്ങിക്കൂട്ടണമെന്നാണ് ദക്ഷയുടെ ആഗ്രഹം.

ഫുട്ബാൾ ഫാൻ ദർശ്

തൈക്കാട് മോഡൽ സ്‌കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിയായ മകൻ ദർശും കായികരംഗത്ത് സജീവമാണ്. ഫുട്ബാളാണ് ദർശിന്റെ ഇഷ്ട ഇനം. റൊണാൾഡോ, മെസ്സി, നെയ്മർ ഫാനായ ദർശ് ഫുട്ബാളിൽ മികച്ച പരിശീലനം നേടാനുള്ള ഒരുക്കത്തിലാണ്.


റീചാർജ്​ ചെയ്യൂ, മനസ്സും ശരീരവും

മാനസിക, ശാരീരിക ആരോഗ്യം നിലനിർത്താൻ എല്ലാവരും അരമണിക്കൂറെങ്കിലും വ്യായാമത്തിനായി മാറ്റിവെക്കണമെന്ന് കലേഷും ദിവ്യയും പറയുന്നു.

സ്ത്രീകൾക്ക് യോഗ മികച്ച വ്യായാമമാണ്. ഒഴിവുസമയത്തിൽ കുറച്ച് വ്യായാമത്തിനായി നീക്കിവെച്ചാൽ അനാവശ്യചിന്തകളിൽനിന്ന് മനസ്സിനെയും ലഹരി ഉപയോഗം അടക്കമുള്ള ശീലങ്ങളിൽനിന്ന് ശരീരത്തെയും സംരക്ഷിക്കാം.

കേരളത്തിൽ ഉടനീളം യാത്രചെയ്തപ്പോൾ മലപ്പുറം ജില്ലയിലാണ് ഏറ്റവുമധികം കായികപ്രേമികളെ കാണാനായത്. വൈകുന്നേരമായാൽ ഫുട്ബാളുമായി അവർ മൈതാനങ്ങളിലേക്കിറങ്ങും. ഈ സംസ്കാരം വ്യാപിപ്പിക്കാനായാൽ ആരോഗ്യമുള്ള ഒരുസമൂഹത്തെ വാർത്തെടുക്കാനാകുമെന്നാണ് കലേഷിന്റെ പക്ഷം.

Tags:    
News Summary - raj kalesh and family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.