തൃശൂർ നഗരത്തിനടുത്ത് വടൂക്കരയിലെ ഹരിത ഹോംസിലെ ആറാം നമ്പർ വീട് ഇനി 'ബോധി' യാണ്. അവിടെയാണ് ബുദ്ധന്‍റെ നിർമമതയും സൗമ്യതയും തുളുമ്പുന്ന നിറചിരിയുമായി കവിതയുടെ സ്വന്തം സച്ചിമാഷിന്‍റെ പുതിയ കൂട്.
മാഷിനൊപ്പം വീട്ടുകാര്യവും ലോകകാര്യവും കവിതാലോകവും പങ്കുവെച്ച് നല്ലപാതി, തുളസിയുമുണ്ട്. 'ബിന്ദൂ...' എന്ന മാഷിന്‍റെ നീട്ടിവിളിയിൽ തുളസി എന്ന പേര് അലിഞ്ഞ് ബിന്ദുവാകുന്നു. സമൂഹത്തിന്‍റെ ഗതിവിഗതികളിൽ ഓരോ കാലത്തും പ്രതികരിക്കുന്ന കവിയുടെ കാവ്യലോകം പോലെ പ്രക്ഷുബ്ധമല്ലീ വീട്ടുലോകം. കവിതയുറങ്ങുന്ന ബോധി ശാന്തമാണ്. കേരള സാഹിത്യ അക്കാദമി അധ്യക്ഷനായുള്ള മാഷിന്‍റെ ഈ തിരിച്ചുവരവ് മലയാളികൾക്ക് നൽകുന്ന പ്രതീക്ഷകൾ ചെറുതല്ല.
കൊടുങ്ങല്ലൂരിലെ പുല്ലൂറ്റ് ഗ്രാമത്തിൽനിന്ന് ആഗോള കവിതയുടെ ഉച്ചസ്ഥലികളിലേക്ക് വളർന്ന കവി ദേശാടന കാലം പിന്നിട്ട് വീണ്ടും ജന്മനാടിന്‍റെ സ്വസ്ഥതകളിലേക്ക് എത്തിയിരിക്കുകയാണ്. സർക്കാർ ഏൽപിച്ച സാഹിത്യ അക്കാദമിയുടെ ചുമതല, കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിയായിരുന്ന കാലത്തെ പരിചയസമ്പത്തുകൊണ്ട് എളുപ്പം നിർവഹിക്കാനാകുമെന്ന ശുഭപ്രതീക്ഷയിലാണ് സച്ചിമാഷും. വന്നുകയറുന്ന ഓരോരുത്തരെയും നിറചിരിയുമായി ചിരപരിചിതരെപ്പോലെ ചേർത്തുപിടിക്കുന്ന മാഷും പ്രിയതമയും ജീവിത സഞ്ചാരങ്ങളെക്കുറിച്ചും വീട്ടുകാര്യങ്ങളെക്കുറിച്ചും മനസ്സു തുറക്കുന്നു...
30 വർഷത്തെ ഡൽഹി ജീവിത ത്തിനുശേഷം ജന്മനാട്ടിലെത്തിയിരിക്കുകയാണ്. ഈ വരവ് എത്ര സന്തോഷം തരുന്നുണ്ട്
സച്ചിദാനന്ദൻ: തിരിച്ചുവരവിന്‍റെ ഒരുപാട് സന്തോഷമുണ്ട്. ഡൽഹിയിലായിരുന്നെങ്കിലും എല്ലാ വർഷവും പത്തോ പന്ത്രണ്ടോ തവണ വിവിധ പരിപാടികൾക്ക് ഞാൻ എത്താറുണ്ടായിരുന്നു. വിവിധ വിഷയങ്ങളിൽ ഇടപെട്ട് എഴുത്തുകാരൻ എന്നനിലയിൽ എപ്പോഴും സാന്നിധ്യമുണ്ടായിരുന്നു. അതിനാൽ തിരിച്ചുവന്നപ്പോൾ തീരെ അപരിചിതത്വം തോന്നുന്നില്ല.
നേരത്തേ തീരുമാനിച്ചുറപ്പിച്ചാ ണോ ഡൽഹി ജീവിതം അവസാനിപ്പിച്ചത്
സച്ചിദാനന്ദൻ: ആരോഗ്യപരമായ കാരണങ്ങളാലാണ് ഡൽഹി വിട്ടത്. കോവിഡ് രണ്ടാം തരംഗം ഡൽഹിയെ കാര്യമായി ബാധിച്ചു. ആശുപത്രികളിൽ കിടക്കയോ ഓക്സിജനോ കിട്ടാനില്ലാത്ത അവസ്ഥ. ഒരുപാട് സുഹൃത്തുക്കൾ കോവിഡിനിടെ മരിച്ചുപോയി. മൃതദേഹങ്ങൾ മോർച്ചറിയിൽ വെക്കാൻ സ്ഥലമില്ലാതായി. ഒന്നിച്ച് കത്തിച്ചുകളയേണ്ട അവസ്ഥ വന്നു. ശരിക്കും ഭയന്നുപോയി. അതിനു പുറമെ വിന്‍ററെത്തിയാൽ ആരോഗ്യപ്രശ്നങ്ങൾ പതിവാണ്.
എനിക്ക് ശ്വാസംമുട്ട് വന്നു. നെബുലൈസർ വേണ്ടിവന്നിരുന്നു. പൊലൂഷനും വളരെ കൂടുതലാണ്. കൊയ്ത്ത് കഴിഞ്ഞാൽ പഞ്ചാബ്-ഹരിയാന അതിർത്തി ഗ്രാമങ്ങളിൽ വയ്ക്കോലിന് തീയിടും. അതിന്‍റെ പുക ഡൽഹിയെ മൂടും. അത് പറ്റാതായി. ശരിക്കും പറഞ്ഞാൽ ഓടിപ്പോന്നതാണ്. പിന്നെ സർക്കാർ അക്കാദമി സ്ഥാനം ഏറ്റെടുക്കാനാകുമോ എന്നതിൽ ആശയവിനിമയം നടത്തിയിരുന്നു. ഒടുവിൽ അത് സമ്മതിച്ചു.
ബിന്ദു: ചെറിയ മകൾ ഡൽഹിയിലുണ്ട്. അവൾ കാരണമാണ് അവിടെ നിന്നിരുന്നത്. ഒടുവിൽ അവൾക്ക് ആശങ്കയായി. നാട്ടിൽ പോകാൻ അവളും നിർബന്ധിച്ചതോടെ തിരിച്ചുപോരാൻ തീരുമാനമെടുക്കുകയായിരുന്നു. ഇപ്പോൾ ഇവിടെ ഇഷ്ടപ്പെട്ടു. ഞങ്ങൾ രണ്ടുപേർക്കും പൂക്കളും ചെടികളുമൊക്കെ വലിയ ഇഷ്ടമാണ്. ഗാർഡൻ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണിപ്പോൾ.
കൊടുങ്ങല്ലൂരാണല്ലോ തറവാട്. ആ കാലം ഓർത്തെടുക്കാമോ
സച്ചിദാനന്ദൻ: പുല്ലൂറ്റ് എന്ന ഗ്രാമത്തിലാണ് വീട്. മൂത്ത ചേട്ടനും ചേച്ചിയുമുണ്ട്. ലോവർ മിഡിൽ ക്ലാസ് കുടുംബമായിരുന്നു. ധാരാളം വിഷമങ്ങൾ കണ്ടും അനുഭവിച്ചുമാണ് വളർന്നത്. കുറച്ച് നിലം ഉണ്ടായിരുന്നതിനാൽ പക്ഷേ പട്ടിണി കിടക്കേണ്ടിവന്നിട്ടില്ല.
അവിടെ ഉണ്ടായിരുന്ന കൂട്ടുകാരെല്ലാം അതിലധികം ദാരിദ്ര്യം അനുഭവിച്ചവരാണ്. കൃഷ്ണൻ, അബൂബക്കർ, അബ്ദുൽ ഖാദർ, വാസു. ഈ അബ്ദുൽ ഖാദറിനെപ്പറ്റിയും വാസുവിനെപ്പറ്റിയും ഒക്കെ ഞാൻ കവിത എഴുതിയിട്ടുണ്ട്. അക്കാലത്ത് ഗ്രാമം ദരിദ്രമായിരുന്നു എന്ന് പറയാം. വലിയ ഭൂസ്വത്തുള്ള രണ്ടുമൂന്ന് കുടുംബങ്ങൾ ഒഴിച്ചാൽ പണക്കാർ എന്ന് പറയാൻ ആരും ഉണ്ടായിരുന്നില്ല. എന്‍റെ നിലപാടുകളും പ്രതികരണങ്ങളും എന്നിൽ വളർത്തിയതിൽ ആ പശ്ചാത്തലം കൂടിയുണ്ട്.
ബി.എസ്.സി സുവോളജി വിത്ത് കെമിസ്ട്രിയിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽനിന്ന് ബിരുദം. സാഹിത്യത്തിലാണ് കമ്പമെന്ന സ്വയം തിരിച്ചറിവിൽ എം.എ ഇംഗ്ലീഷ് ലിറ്ററേചർ എറണാകുളം മഹാരാജാസ് കോളജിൽ നിന്നെടുത്തു.
മലയാള ഭാഷയെ ഹൃദയത്തിലേറ്റാൻ സ്വാഭാവികമായും വായനയും പ്രേരകമായിട്ടുണ്ടാവുമല്ലോ
സച്ചിദാനന്ദൻ: ചെറുപ്പം മുതലേ നല്ല വായനക്കാരനായിരുന്നു. നാട്ടിൽ രണ്ടു ലൈബ്രറികൾ ഉണ്ടായിരുന്നു; കലാകുസുമം ലൈബ്രറി, ആശാൻ സ്മാരക വായനശാല. ആശാൻ സ്മാരക വായനശാലയിൽ മലയാളത്തിലെ ഒട്ടുമിക്ക പ്രസിദ്ധീകരണങ്ങളും എത്തുമായിരുന്നു. തകഴി, കേശവദേവ്, ബഷീർ എന്നിവർ കത്തിനിൽക്കുന്ന സമയം. മലയാളത്തിലെ അന്നത്തെ പ്രധാന എഴുത്തുകാരുടെ പുസ്തകങ്ങൾ മുഴുവൻ വായിച്ചു തീർത്തിട്ടുണ്ട്.
പ്രധാന ബംഗാളി, ഹിന്ദി നോവലുകളുടെ തർജമകളും കുറച്ച് വിദേശ പുസ്തകങ്ങളുടെ തർജമയും ലൈബ്രറിയിൽനിന്ന് വായിക്കാൻ അവസരം കിട്ടി. കവികളിൽ ചങ്ങമ്പുഴ, വൈലോപ്പിള്ളി, ഇടശ്ശേരി, പി. കുഞ്ഞിരാമൻ നായർ എന്നിവരായിരുന്നു അക്കാലത്ത് പ്രധാനികൾ. കുറച്ചു കഴിഞ്ഞപ്പോൾ സുഗതകുമാരി ഒക്കെ രംഗപ്രവേശം ചെയ്തു. സ്കൂളിൽ പഠിക്കുന്ന കാലത്തേ എഴുത്തിൽ താൽപര്യമുണ്ടായിരുന്നു. ആറാം ക്ലാസിലാണ് ആദ്യ കവിത സ്കൂൾ മാസികയിൽ പ്രസിദ്ധപ്പെടുത്തിയത്. മലയാളം സ്വയം പഠിക്കാവുന്നതേയുള്ളൂ. ലോകസാഹിത്യത്തെ അറിയാനുള്ള മാർഗം ഇംഗ്ലീഷാണ് എന്ന വിശ്വാസത്തിലാണ് ഇംഗ്ലീഷിലേക്ക് തിരിഞ്ഞത്.
ഇംഗ്ലീഷ് അധ്യാപകനായി 24 വർഷം. അധ്യാപക കാലം എങ്ങനെയായിരുന്നു
സച്ചിദാനന്ദൻ: വീടിനടുത്താണ് കുഞ്ഞിക്കുട്ടൻ തമ്പുരാൻ കോളജ് (കെ.കെ.ടി.എം കോളജ്). അന്ന് മാനേജ്മെന്റ് കോളജാണ്. ഇംഗ്ലീഷ് പഠിപ്പിക്കാൻ ആളെ കിട്ടാൻ വിഷമമായിരുന്നു. പി.ജിക്ക് പഠിക്കുന്ന കാലത്തേ കോളജുകാർ അച്ഛനോട് പറഞ്ഞിരുന്നു, പഠിപ്പ് കഴിഞ്ഞാൽ കോളജിൽ അധ്യാപകനായി ചേരണമെന്ന്.
അച്ഛൻ സമ്മതിക്കുകയും ചെയ്തു. പി.ജി കഴിഞ്ഞപ്പോൾ ക്രൈസ്റ്റ് കോളജിലെ ഫാദറും എഴുതിയിരുന്നു അവിടെ ചേരണമെന്ന്. പക്ഷേ, അച്ഛൻ വാക്കുകൊടുത്തതിനാൽ കെ.കെ.ടി.എമ്മിൽ ചേർന്നു. അവിടെ സാമ്പത്തിക പ്രതിസന്ധി വന്നതോടെ 1970 ജനുവരിയിൽ ക്രൈസ്റ്റ് കോളജിലേക്ക് മാറി. അവിടെയായിരുന്നു പിന്നീടുള്ള അധ്യാപക ജീവിതം.
ക്രൈസ്റ്റിൽ പഠിപ്പിച്ചുകൊണ്ടിരി ക്കെയായിരുന്നല്ലോ വിവാഹം
സച്ചിദാനന്ദൻ: 1969ൽ ആയിരുന്നു അത്. വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹമായിരുന്നു. പരിചയവും ഉണ്ടായിരുന്നു. ചേട്ടൻ വിവാഹം ചെയ്തത് ഭാര്യയുടെ അമ്മാവന്‍റെ മകളെ ആയിരുന്നു. ബിന്ദുവിനെ കണ്ടുപരിചയം ഉണ്ടായിരുന്നു. സംസാരിച്ചിട്ടുമുണ്ട്. വിവാഹാലോചന വന്നപ്പോൾ അങ്ങനെയാണ് സമ്മതിച്ചത്.
ബിന്ദു: ഡിഗ്രി ഫസ്റ്റ് ഇയറിന് പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാൻ. ഞങ്ങൾ ബന്ധുക്കളായിരുന്നു. എനിക്ക് പ്രായം 18, മാഷിന് 23. മാഷിനെ കണ്ടു പരിചയം ഉണ്ടായിരുന്നു. പെണ്ണ് കാണാൻ വന്നപ്പോൾ എളിയ ജീവിതവും ഉയർന്ന ചിന്തയും പുലർത്തുന്ന ആളെയാണ് തേടുന്നത് എന്നായിരുന്നു പറഞ്ഞത്. എളിയ ജീവിതം വിഷമകരമായിരുന്നില്ല. അങ്ങനെയായിരുന്നു ജീവിച്ചുപോയിരുന്നതും ഇപ്പോൾ ജീവിച്ചുപോകുന്നതും.
മാഷിന്റെ കവിതകൾ വായിച്ചിരുന്നോ, സാഹിത്യ തൽപരയായിരുന്നോ
ബിന്ദു: ഞാൻ വന്നത് സാഹിത്യവുമായി അത്ര ബന്ധമുള്ള കുടുംബത്തിൽ നിന്നായിരുന്നില്ല. അച്ഛൻ നന്നായി വായിക്കുമായിരുന്നു. അമ്മ പഠിക്കുന്നതല്ലാതെ വായിക്കാൻ സമ്മതിക്കുമായിരുന്നില്ല. പക്ഷേ, അമ്മ നന്നായി വീണ വായിക്കുമായിരുന്നു. പാട്ടിനോട് അമ്മക്ക് കമ്പമുണ്ടായിരുന്നു.
മാഷുമൊത്തുള്ള ജീവിതം...
ബിന്ദു: മാഷ് അധികം സംസാരിക്കുമായിരുന്നില്ല. അന്തർമുഖത്വം ഉണ്ടായിരുന്നതായി തോന്നിയിരുന്നു. പിന്നെ അതിൽ മാറ്റം വന്നു. സ്നേഹത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല. പുസ്തക വായന എനിക്ക് ഇഷ്ടമായിരുന്നു. എല്ലാ പുസ്തകങ്ങളും വായിക്കും. കവിതയും കഥകളും. മാഷ് പലപ്പോഴും എഴുതിയ കവിതകൾ വായിച്ചുതരും. അറിയാത്തത് പറഞ്ഞുതരും. ആദ്യകാലത്ത് പുറത്തുപോവാനൊന്നും താൽപര്യം ഉണ്ടായിരുന്നില്ല. പിന്നീട് ആ ശീലം മാറി. പ്രഗ്നന്റ് ആയിരുന്നതിനാൽ ഇടക്ക് നിലച്ചുപോയ ഡിഗ്രി പഠനം പ്രൈവറ്റായി എഴുതി പാസായി. വളരെ പെട്ടെന്ന് മാഷെ ഉൾക്കൊള്ളാനായി.
എഴുത്ത് സജീവമായ 70കളെക്കുറിച്ച്...
സച്ചിദാനന്ദൻ: മഹാരാജാസിൽ പഠിക്കുന്ന കാലത്തുതന്നെ കേരള ഡൈജസ്റ്റ് എന്ന മാസികയിൽ എഴുതിത്തുടങ്ങിയിരുന്നു. മദ്രാസിൽനിന്നുള്ള ജയകേരളം വീക്ക്ലിയിലും പിന്നെ ജനയുഗം വാരികയിലും എഴുതിത്തുടങ്ങി. അന്വേഷണം എന്ന ലിറ്റിൽ മാഗസിൻ പോലെ മദ്രാസിൽനിന്ന് ഇറങ്ങിയിരുന്നു. അതിലാണ് പ്രധാനപ്പെട്ട കുറെ കഥകളും കവിതകളും ലേഖനങ്ങളും വന്നത്. ആധുനിക കവിതയുടെ തുടക്കം അക്കാലമായിരുന്നു. അയ്യപ്പപ്പണിക്കർ, എൻ.എൻ. കക്കാട് എന്നിവർ വരുന്നു. കവിതകളുടെ രീതിയും കാഴ്ചപ്പാടുകളും മാറുന്നു. ആ മാറ്റം നന്നായി തോന്നി.
തീവ്ര രാഷ്ട്രീയ ആശയത്തിലേക്കുള്ള മാറ്റം എങ്ങനെയാണുണ്ടായത്
സച്ചിദാനന്ദൻ: '72-73 കാലത്താണ് തീവ്രവാദ രാഷ്ട്രീയവുമായി അടുക്കുന്നത്. ഞാൻ ഒരിക്കലും പാർട്ടിയിൽ അംഗമായിരുന്നില്ല. അതേസമയം, സിംപതി ഉണ്ടായിരുന്നു. സമൂഹത്തിൽ കലാപം ആവശ്യമുണ്ട് എന്ന ബോധ്യം ഉണ്ടായിരുന്നു, അന്ന്. പാവപ്പെട്ട ആളുകളുടെ കണ്ണിലൂടെ ലോകത്തെ കാണുന്ന രീതി മനസ്സിൽ പതിഞ്ഞ കാലമായിരുന്നു അത്.
വായന തന്നെയാണ് അത്തരം ചിന്തകൾക്ക് വിത്തിട്ട പ്രധാന കാരണം. ഇടത് ആഭിമുഖ്യം സ്കൂളിൽ പഠിക്കുന്ന കാലത്തേ ഉണ്ടായിരുന്നു. തീവ്ര ഇടതുപക്ഷത്തോട് അനുഭാവം വന്നതോടെ അവരുടെ ജനകീയ സാംസ്കാരിക വേദിയിൽ ആക്ടിവായി.
നടവരമ്പ് സമരത്തിന്‍റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടല്ലോ
സച്ചിദാനന്ദൻ: '81ലായിരുന്നു നടവരമ്പ് സമരം. അവിടെ ഫാക്ടറിയിൽ തൊഴിലാളികളുടെ സമരം ഉണ്ടായി. തൊഴിലാളികൾ താമസിച്ചിരുന്നത് ഒരു ദലിത് കോളനിയിലാണ്. മുതലാളിയുടെ സ്വാധീനത്തിൽ അവിടെ കയറി പൊലീസ് ലാത്തിച്ചാർജ് നടത്തി. കുട്ടികളെ അടക്കം ആക്രമിച്ചു. ആ സമയത്ത് വൈകാരികം കൂടി ആയിരുന്നു ഞങ്ങളുടെ പ്രതികരണം. കോളനിയിൽ 144 പ്രഖ്യാപിച്ചിരുന്നു.
അത് ലംഘിച്ച് കോളനിയിൽ കയറി അവരോട് സംസാരിച്ചു. അതിനുശേഷം ജാഥയായി വന്ന് ഇരിങ്ങാലക്കുടയിൽ ആലിൻചുവട്ടിൽ പ്രസംഗിച്ചു. അപ്പോൾ പൊലീസ് ഒന്നും ചെയ്തില്ല. പിന്നീട് മാസങ്ങൾക്കു ശേഷമാണ് 144 ലംഘിച്ചു എന്ന കുറ്റത്തിന് അറസ്റ്റിലാകുന്നത്. അറസ്റ്റ് ചെയ്തെങ്കിലും ജയിലിൽ കിടന്നില്ല. അന്നുതന്നെ കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടു. അതിനെതിരെ ഹൈകോടതിയിൽ കേസ് കൊടുത്തു. ഞങ്ങൾ ജയിക്കുകയും ചെയ്തു.
ആക്ടിവിസ്റ്റ് എന്ന നിലയിലെ അറസ്റ്റ് ജീവിതത്തിലെ നിർണായക സംഭവമായിരുന്നില്ലേ
സച്ചിദാനന്ദൻ: ഞാൻ ഇപ്പോഴും ആക്ടിവിസ്റ്റ് തന്നെയാണ്. അനീതിയോട് എക്കാലവും പ്രതികരിച്ചിട്ടുണ്ട്. എഴുത്തിൽ ആ ആക്ടിവിസം തുടരുന്നുണ്ട്. ജാനുവിന്‍റെ നിൽപ് സമരത്തിലും ആദിവാസി ഭൂസമരത്തിലും സ്ത്രീകൾക്കെതിരായ സമരത്തിലുമൊക്കെ സംസാരിച്ചിട്ടുണ്ട്. ഇന്നും പല സംഭവങ്ങളിലും ഫേസ്ബുക്കിൽ എഴുതുകയും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും പങ്കെടുക്കുകയും ചെയ്യുന്നുണ്ട്.
രാഷ്ട്രീയ-സാംസ്കാരിക പ്രവർത്തനങ്ങളോട് വീട്ടിലെ പ്രതികരണം എങ്ങനെയായിരുന്നു
സച്ചിദാനന്ദൻ: ഒരുഭാഗത്ത് എഴുത്ത്, മറുഭാഗത്ത് ആക്ടിവിസം. വീട്ടുകാര്യങ്ങളിൽ കൂടുതൽ ഇടപെടാൻ കഴിയാതിരുന്ന പരാധീനത ഒരു വഴക്കിന് വഴിവെച്ചിട്ടില്ല. ഞാൻ ഇതൊക്കെ ചെയ്യുമ്പോൾ ബിന്ദുവിന് ചെറിയ പേടി ഉണ്ടായിരുന്നു. എന്നെ അറസ്റ്റ് ചെയ്യുമോ മറ്റെന്തെങ്കിലും പറ്റുമോ എന്ന ഭയം പലപ്പോഴും പങ്കുവെച്ചിട്ടുണ്ട്. അതല്ലാതെ ഈ രാഷ്ട്രീയത്തോട് വിരോധം ഉണ്ടായിട്ടില്ല. ചെയ്യുന്ന കാര്യങ്ങൾ നല്ലതിനു വേണ്ടിയാണ് എന്ന പൊതുവായ ബോധം അവർക്കുണ്ടായിരുന്നു.
അക്കാലത്ത് ഗൃഹസ്ഥൻ എന്ന നിലയിലും ഭർത്താവ് എന്ന നിലയിലുമുള്ള ജീവിതം വിലയിരുത്തിയിട്ടുണ്ടോ
സച്ചിദാനന്ദൻ: അക്കാലത്ത് ഭർത്താവിന്‍റെ ചുമതലയോ അച്ഛന്‍റെ ചുമതലയോ ശരിയായ വിധത്തിൽ നിർവഹിക്കാൻ പറ്റിയില്ല എന്നതിൽ പശ്ചാത്താപമുണ്ട്. അധികസമയവും പുറത്തായിരുന്നു. '72ലും '75ലുമാണ് രണ്ട് പെൺകുട്ടികളുടെ പിതാവായത്. കുട്ടികളുടെ ഉത്തരവാദിത്തം കൂടുതലായി ഭാര്യക്കായിരുന്നു. ഞാൻ പുസ്തകം വാങ്ങിച്ചുകൊണ്ടുവരും. കഥ പറഞ്ഞുകൊടുക്കും. അങ്ങനെ കിട്ടുന്ന സമയം ഗൃഹസ്ഥനാകാൻ ശ്രമിച്ചിട്ടുണ്ട്. കുട്ടികൾ അൽപംകൂടി വളർന്നപ്പോൾ ഞാൻ രാഷ്ട്രീയ പ്രവർത്തനങ്ങളിൽനിന്ന് അകന്നുതുടങ്ങിയിരുന്നു. അവരോടൊത്ത് കൂടുതൽ സമയം ചെലവഴിക്കാൻ അവസരം കിട്ടിത്തുടങ്ങി.
ഡൽഹി ജീവിതം
സച്ചിദാനന്ദൻ: സാംസ്കാരിക വേദിയുടെ തകർച്ച നിരാശ ഉണ്ടാക്കിയിരുന്നു. കേരളം വിടാൻ പറ്റിയ സമയമാണെന്ന് തോന്നി. '92ലാണ് ഡൽഹിയിലേക്ക് പോകുന്നത്. അവിടെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ജേണലായ ഇന്ത്യൻ ലിറ്ററേചറിന്റെ എഡിറ്റർ ആയാണ് പോയത്. രണ്ടാമത്തെ മകൾ പ്രീഡിഗ്രിയിൽ ആയിരുന്നു. അവളെ ഹോസ്റ്റലിൽ നിർത്തി. ഡൽഹിയിൽ മക്കളുടെ വിദ്യാഭ്യാസം മുന്നോട്ടുകൊണ്ടുപോകാൻ നല്ല സാധ്യതയാണെന്ന് മനസ്സിലായപ്പോൾ അവിടെ തുടരാൻ തീരുമാനിച്ചു. വൈകാതെ രണ്ടു മക്കളും അവിടെയെത്തി. '96 ആയപ്പോൾ സെക്രട്ടറി പോസ്റ്റ് ഒഴിവ് വന്നു. ഓപൺ പോസ്റ്റ് ആയതിനാൽ അപേക്ഷിച്ചു. അത് ലഭിക്കുകയും ചെയ്തു. അവിടെയും പലവീടുകളിലും മാറിമാറി താമസിച്ചു. അവിടെ അവസാനം 2000ത്തിൽ ഒരു ഫ്ലാറ്റ് വാങ്ങി. ഇരിങ്ങാലക്കുടയിൽ പണിത വീട് വിറ്റിട്ടാണ് അവിടെ ഫ്ലാറ്റ് വാങ്ങിയത്.
മക്കൾ സാഹിത്യ തൽപരരാണോ
സച്ചിദാനന്ദൻ: ഇളയ മകൾ സബിത കുറെ മലയാളം കവിതകൾ എഴുതിയിട്ടുണ്ട്. ഇംഗ്ലീഷിലും എഴുതും. കലക്ഷനുകൾ പബ്ലിഷ് ചെയ്തിട്ടുണ്ട്. കോമൺവെൽത്ത് സ്കോളർഷിപ്പിൽ ആർട്ട് ഏരിയയിൽ ലണ്ടനിൽ ഉപരിപഠനം നേടി. തിരിച്ചുവന്ന് ആർട്ട് എക്സിബിഷനുകൾ ക്യുറേറ്റ് ചെയ്തുവരുന്നു. ഹസ്ബൻഡ് എൻജിനീയറാണ്. സബിത എന്‍റെ കവിതകൾ വായിക്കുകയും വിമർശിക്കുകയും ചെയ്യാറുണ്ട്. എഴുതിക്കഴിഞ്ഞാൽ പലതും അയച്ചുകൊടുക്കും. ഇഷ്ടപ്പെട്ടെങ്കിൽ ചിലത് അവൾ തന്നെ ഇംഗ്ലീഷിലേക്ക് തർജമ ചെയ്യും. അവൾ പഠിച്ചത് ഇംഗ്ലീഷ് സാഹിത്യം തന്നെയായിരുന്നു. പൊതുവിൽ സാഹിത്യത്തോട് അവൾക്ക് മമത കൂടുതലുണ്ട്. മൂത്തയാൾ സരിത ബി.കോം എം.ബി.എ ആയിരുന്നു. ബംഗളൂരുവിൽ കമ്പനിയിൽ ജോലിചെയ്യുന്നു. ഇരുവരും വിവാഹിതരാണ്.
ഭക്ഷണ കാര്യത്തിൽ എങ്ങനെ
സച്ചിദാനന്ദൻ: കുറേക്കാലം വെജിറ്റേറിയൻ ആയിരുന്നു. പിന്നീട് രണ്ടും കഴിക്കുന്നയാളായി. ഷിംലയിലായിരുന്നപ്പോൾ പാചകവും പരീക്ഷിച്ചിരുന്നു. ചോറ്, സാമ്പാറ്, ദോശ, ഇഡലി ഒക്കെ ഉണ്ടാക്കാനറിയാം. ഭക്ഷണം കഴിക്കുന്നതിനിടെയായിരുന്നു ഫോട്ടോഷൂട്ട്. മാഷിന് ഭക്ഷണം വിളമ്പിക്കൊടുക്കാൻ പറഞ്ഞ ഫോട്ടോഗ്രാഫറോട് ബിന്ദുച്ചേച്ചിക്ക് നീരസം. ''ഈ വീട്ടിൽ ഇത്തരം ശീലങ്ങളില്ല. മാഷിനിഷ്ടം സ്വയം വിളമ്പിക്കഴിക്കുന്നതാണ്. കഴിച്ച പ്ലേറ്റുപോലും കഴുകിവെക്കുന്ന ശീലക്കാരനാണ് അദ്ദേഹം. എന്‍റെ വീട്ടിലും അങ്ങനെതന്നെ ആയിരുന്നു. വിവാഹം കഴിഞ്ഞ് മാഷിന്‍റെ വീട്ടിലും ഇത്തരം ശീലങ്ങൾ കണ്ട് സന്തോഷിച്ചിരുന്നു'' -ബിന്ദുച്ചേച്ചി സൗമ്യമായി കാര്യം പറഞ്ഞു.
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.