റഹ്മാൻ സംഗീതത്തോടുള്ള പ്രണയംകൊണ്ട്'പാട്ടിനുപോയ' ഷാൻ റഹ്മാൻ അതിമനോഹര ഗാനങ്ങൾ സമ്മാനിച്ചുതുടങ്ങിയിട്ട് 12 വർഷമായി. ആർക്കും മൂളാവുന്ന മാജിക്കൽ സംഗീതംകൊണ്ട് ഹൃദയം കീഴടക്കിയ ഷാൻ റഹ്മാനും കുടുംബവും വിശേഷങ്ങൾ പങ്കുവെക്കുന്നു...
അനുരാഗത്തിൻവേളയിൽ മനമിൽ പ്രേമാർദ്രമായ് പാടാൻ മലയാളിക്ക് മാജിക് ഗാനങ്ങൾ സമ്മാനിച്ച ഷാൻ റഹ്മാനെക്കുറിച്ച് ആരെങ്കിലുമൊരു കഥയെഴുതിയാൽ അതിങ്ങനെയാകും തുടങ്ങുക. കാരണം മറ്റൊന്നുമല്ല, റാസൽഖൈമ ഇന്ത്യൻ ഹൈസ്കൂളിൽ പഠിക്കുേമ്പാൾ ഷാൻ റഹ്മാൻ ആദ്യം ചേർന്നത് കരാേട്ട ക്ലാസിലാണ്. ആദ്യ ദിവസത്തെ കിക്കിൽതന്നെ 'തിരിച്ചടി' നേരിട്ടതോടെ നേരെ തൊട്ടടുത്തുള്ള പിയാനോ ക്ലാസിലേക്കു മാറി. കറുപ്പിലും വെളുപ്പിലുമുള്ള പിയാനോ കട്ടകളുടെ 'കട്ട ഫാൻ' ആയപ്പോഴേക്കും റാസൽഖൈമയിൽനിന്ന് തലശ്ശേരിക്ക് പറക്കേണ്ടിവന്നു.
അതേസമയത്തുതന്നെയാണ് മറ്റൊരു റഹ്മാൻ ഇന്ത്യൻ സിനിമസംഗീതത്തിെൻറ സിംഹാസനത്തിലേക്കുള്ള യാത്രയും തുടങ്ങിയത്- സാക്ഷാൽ എ.ആർ.റഹ്മാൻ. റോജയിലെയും ജൻറിൽമാനിെലയും പാട്ടുകൾ കേട്ടപ്പോൾതന്നെ ഷാൻ റഹ്മാൻ ഉറപ്പിച്ചു; 'സംഗീതത്തിൽ എനിക്ക് തനതായി എന്തെങ്കിലും ചെയ്യണം'. അന്നുവരെ ഇഷ്ടപ്പെട്ട പാട്ടുകളുടെ നോട്ടുകൾ മനസ്സിലാക്കി കീബോർഡിൽ വായിക്കുക മാത്രമാണ് ചെയ്തിരുന്നത്. സ്വന്തമായി പാട്ടുകൾക്ക് ഈണംപകരണമെന്ന ആഗ്രഹം ഷാനിൽ നിറച്ചത് എ.ആർ. റഹ്മാനാണ്. ആ ആഗ്രഹത്തിൽ തുടങ്ങിയ സംഗീതയാത്ര തെന്നിന്ത്യൻ ഭാഷകളിലെയും മറാത്തിയിലെയും 50ലേറെ സിനിമകൾ പിന്നിട്ട് ഒരു 'നീലക്കുറുഞ്ഞിക്കാല'ത്തിെൻറ നിറവിലാണിപ്പോൾ. ഒപ്പം ലോകം മുഴുവൻ ഏറ്റുപാടിയ ജിമിക്കി കമ്മലിെൻറയും മാണിക്യമലരായ പൂവിയുടെയും പെരുമയും.
''സംഗീതസംവിധാനരംഗത്ത് 12 വർഷം ആയെന്നത് നിങ്ങളൊക്കെ പറയുേമ്പാഴാണ് ഓർക്കുന്നതുതന്നെ. ദൈവാനുഗ്രഹമാണ് എന്നെ ഇത്രയുംകാലം ഈ വഴിയിൽ നടത്തിച്ചത്. മലബാറിൽ ജനിച്ച ഒരു മുസ്ലിം പയ്യൻ സ്വാഭാവികമായും എത്തിപ്പെടുക ഗൾഫിലാണ്. ദുബൈയിൽ ഒരു ബിസിനസ്, അത് വളരുേമ്പാൾ അജ്മാനിലോ ഷാർജയിലോ ഒരു ബ്രാഞ്ച് കൂടി. ഇതിൽനിന്ന് മാറി പാട്ടിെൻറ വഴിയേ നടക്കാൻ തീരുമാനിച്ചപ്പോൾ ഉപ്പ അബ്ദുൽ റഹ്മാനും ഉമ്മ ലൈലയും നൽകിയ പിന്തുണ വളരെ വലുതാണ്. 'മകൻ അവെൻറ പാട്ടിനു പോയി ഭാവി കളയുമോ?' എന്ന് സംശയിച്ചവരോട് 'അവെൻറ ഇഷ്ടം നടക്കട്ടെ' എന്നാണ് അവർ പറഞ്ഞത്. 'ചെമ്പിനില്ലാത്ത ചൂട് എന്തിനാണ് അടപ്പിന്?' എന്ന ചിന്ത എനിക്കു തന്ന ആത്മവിശ്വാസം ചെറുതല്ല. ശാസ്ത്രീയമായി പഠിക്കാത്തതിനാൽ മ്യൂസിക് ഡയറക്ടർ ആകുമെന്ന് കരുതിയതേയില്ല. ഇതിലേക്ക് നയിച്ചത് എ.ആർ. റഹ്മാെൻറ പാട്ടുകളാണ്. അദ്ദേഹം കാരണമാണ് ഷാൻ റഹ്മാനെന്ന സംഗീതസംവിധായകെൻറ 12 വർഷത്തെ ലൈഫ് ഉണ്ടായത്.'' -ഷാൻ പറയുകയാണ്; ജീവിതം, സംഗീതം, സൗഹൃദം, യാത്ര...
എ.ആർ. റഹ്മാനെ അനുകരിച്ചാണോ ഷാൻ റഹ്മാൻ എന്ന പേര് സ്വീകരിച്ചതെന്നുവരെ ഷാനിനോട് ചോദിച്ചവരുണ്ട്. മലയാളത്തിെൻറ എ.ആർ. റഹ്മാൻ എന്ന വിളിപ്പേരും സ്വന്തം. അതിൽ സന്തോഷിക്കുേമ്പാഴും ഷാനിനെ സങ്കടപ്പെടുത്തുന്നൊരു കാര്യമുണ്ട്- എ.ആർ. റഹ്മാനെ ഇതുവരെ പരിചയപ്പെടാൻ പറ്റിയിട്ടില്ല. എ.ആറിെൻറ ഭാര്യസഹോദരിയുടെ ഭർത്താവായ നടൻ റഹ്മാനുമായി നല്ല അടുപ്പമുണ്ട് ഷാനിന്. 'റഹ്മാനിക്കയോട് പറഞ്ഞിട്ടുണ്ട് എന്നെ അദ്ദേഹത്തിെൻറയടുത്ത് എന്നെങ്കിലും കൊണ്ടുപോകണമെന്ന്. എവിടെയാണെങ്കിലും ഒന്നുപറഞ്ഞാൽ മതി, ഓടിയെത്താമെന്ന്. സംഗീതവഴിയിലെ ഏതെങ്കിലുമൊരു തിരിവിൽവെച്ച് അദ്ദേഹത്തെ കണ്ടുമുട്ടുമെന്നുതന്നെയാണ് പ്രതീക്ഷ. സമയമാകുേമ്പാൾ അത് നടക്കും'- ഷാനിൽ 13 വയസ്സുള്ള ആ 'ഫാൻ ബോയ്' ഇന്നുമുണ്ട്. റഹ്മാെൻറ പാട്ടുകൾ കാസറ്റിൽ റെക്കോഡ് ചെയ്ത് വാങ്ങി നിരന്തരം കേട്ട് നോട്ടുകൾ മനസ്സിലാക്കിയാണ് ഷാൻ തന്നിലെ സംഗീതപ്രതിഭയെ മിനുക്കിയെടുത്തത്. പിന്നെ ഇൻറർനെറ്റിെൻറയും യൂട്യൂബിെൻറയുമൊക്കെ കാലമായപ്പോൾ 'ക്ലാസ്' അവിേടക്കു മാറ്റി.
അങ്ങനെ സംഗീതസംവിധാനത്തിലും സൗണ്ട് എൻജിനീയറിങ്ങിലുമൊക്കെ ഹരംപിടിച്ചുനടന്ന സമയത്തൊരു മ്യൂസിക് ഷോയിലേക്കുള്ള യാത്രയിലാണ് വിനീത് ശ്രീനിവാസനെ പരിചയപ്പെട്ടത്. ആ സൗഹൃദം ഷാനിനെ സിനിമയിലെത്തിച്ചു. ജോണി ആൻറണിയുടെ മമ്മൂട്ടി ചിത്രം 'ഈ പട്ടണത്തിൽ ഭൂതം' ആയിരുന്നു ആദ്യ ചിത്രം. വിനീതും ഷാനും ആദ്യമായൊന്നിച്ച 'കോഫി@എം.ജി റോഡ്' എന്ന മ്യൂസിക് ആൽബം ഹിറ്റായിരുന്നു. 'മലർവാടി ആർട്സ് ക്ലബി'ലൂടെ വിനീത് ആദ്യമായി സംവിധായകെൻറ വേഷമണിഞ്ഞപ്പോഴും സംഗീതം മറ്റാരുമായിരുന്നില്ല. എങ്കിലും 'തട്ടത്തിൻ മറയത്തി'ലെ നവീനത്വത്തിെൻറ ഭംഗിയും മെലഡിയുടെ ശാലീനതയുമുള്ള ഒരുപിടി ഈണങ്ങളാണ് ഷാനിനെ ശ്രദ്ധേയനാക്കിയത്. ഇനി ഷാനിെൻറ പാട്ടുകളുടെ കാലമാണെന്ന് സംഗീതാസ്വാദകർ വിധിയെഴുതി. എന്നാൽ, ഗിന്നസ് പക്രുവിെൻറ 'കുട്ടിയും കോലും' വരെ എട്ടുമാസത്തോളം കാത്തിരിക്കേണ്ടിവന്നു 'സംഗീതം-ഷാൻ റഹ്മാൻ' എന്ന ടൈറ്റിൽ കാർഡ് വീണ്ടും സ്ക്രീനിൽ തെളിയാൻ.
എട്ടു മാസത്തോളം സിനിമയിലേക്ക് വിളിയും കാത്തിരുന്ന ആ കാലത്തെ തെൻറ ലോക്ഡൗൺ കാലമെന്നാണ് ഷാൻ വിശേഷിപ്പിക്കുന്നത്. അതുകൊണ്ട് കോവിഡ് വന്നപ്പോഴുള്ള ലോക്ഡൗണൊന്നും ഒരു പ്രശ്നമായില്ലെന്നും ഷാൻ കളിയായി പറയും. ഈ അനിശ്ചിതാവസ്ഥ ഷാനിെൻറ കരിയറിൽ പലയിടത്തും കാണാം. 'ഏതു േജാലിയിലുമുണ്ട് ഈ അനിശ്ചിതാവസ്ഥ. അതാലോചിച്ച് ടെൻഷൻ അടിച്ചിരുന്നിട്ട് ഒരു കാര്യവുമില്ല. സിനിമകളില്ലാത്ത സമയത്തും എനിക്ക് വെറുെത ഇരിക്കേണ്ടിവന്നിട്ടില്ല. പരസ്യ ജിംഗിളുകൾ, ടി.വി ഷോ അങ്ങനെ എന്തെങ്കിലുമൊക്കെ ദൈവം കൊണ്ടുവന്നുതരും. ജീവിതത്തിൽ ഇങ്ങനെയും ഒരു വശമുണ്ട്, നമ്മൾ അതിനെ തരണംചെയ്തേ പറ്റൂ എന്നൊക്കെ പഠിപ്പിച്ച നാളുകളാണത്'- ഷാൻ പറഞ്ഞു.
ഒരു ഘട്ടമെത്തിയപ്പോൾ തനിക്ക് ശാസ്ത്രീയസംഗീതം ചെയ്യാൻ കഴിയുമെന്ന് 'അരവിന്ദെൻറ അതിഥികളി'ലൂടെ ഷാൻ തെളിയിക്കുകയും ചെയ്തു. 'രവീന്ദ്രൻ മാഷും ജോൺസൺ മാഷുമൊക്കെ മാസ് ആയി ക്ലാസിക് ചെയ്തവരാണ്. അവരുടെ പാട്ടുകൾ എത്ര ക്ലാസിക്കൽ ആണെങ്കിലും സാധാരണക്കാർ ഏറ്റെടുക്കും. എെൻറ എല്ലാ പാട്ടുകളും സാധാരണക്കാരെ മുന്നിൽക്കണ്ടാണ് ചെയ്തിട്ടുള്ളത്'- ഷാനിെൻറ സമീപനവും ആ പാട്ടുകൾപോലെത്തന്നെ ലളിതം.
2009ൽ സിനിമ കരിയർ തുടങ്ങിയ സമയത്തുതന്നെയായിരുന്നു കൊച്ചിക്കാരി സൈറയുമായുള്ള ഷാനിെൻറ വിവാഹവും. സംഗീതം പഠിക്കാത്തൊരു സംഗീതജ്ഞനും ഇൻറീരിയർ ഡിസൈനിങ് പഠിക്കാത്തൊരു ഇൻറീരിയർ ഡിസൈനറുമാണ് തെൻറ വീട്ടിലുള്ളതെന്ന് ഷാൻ പറയും. എം.ബി.എ (എച്ച്.ആർ) പഠിച്ച സൈറയും കൈവെക്കുന്നതൊക്കെ ഹിറ്റ് തന്നെ. കൊച്ചിയിൽ കാക്കനാട്ടുള്ള ഇവരുടെ ഫ്ലാറ്റിെൻറ ഉള്ളലങ്കാരം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. നടൻ അജു വർഗീസിെൻറ ഭാര്യ അഗസ്റ്റീനയുടെ കിഡ്സ് ബുട്ടീക് ആയിരുന്നു 'സൈറ ഷാൻ ഡിസൈൻസി'െൻറ ആദ്യ േപ്രാജക്ട്. ഇടക്ക് കോവിഡ് വില്ലനായെങ്കിലും അഞ്ചോളം പ്രോജക്ടുകൾ ഇപ്പോൾ സൈറയുടെ മേൽനോട്ടത്തിൽ നടക്കുന്നുണ്ട്.
അടുത്തിടെവരെ സ്റ്റുഡിയോയും വീട്ടിൽതന്നെയായിരുന്നതിനാൽ ഷാനിെൻറ തിരക്കുകൾ കുടുംബജീവിതത്തിൽ പ്രശ്നങ്ങളുണ്ടാക്കിയിേട്ടയില്ലെന്ന് സൈറ പറയുന്നു. സംഗീതം, കുടുംബം എന്നിവ കഴിഞ്ഞാൽ പിന്നെ ഷാനിെൻറ ക്രേസ് കാറുകളാണ്. അതിങ്ങനെ ഇടക്കിടെ മാറ്റുന്നതാണ് സൈറ, ഷാനിന് നൽകുന്ന ഏക മൈനസ് മാർക്ക്. മിനി കൂപ്പറും ബി.എം.ഡബ്ല്യുവും കടന്ന് ഇപ്പോൾ റേഞ്ച് റോവറിലെത്തിനിൽക്കുകയാണ് ഷാനിെൻറ വാഹനപ്രേമം. ഇത്രയും വലിയ വണ്ടിയൊക്കെ വാങ്ങിയിട്ട് അധികം യാത്ര പോകാത്തതാണ് സൈറയുടെ പരിഭവത്തിന് കാരണം. പത്തു മിനിറ്റ് മാത്രം ഡ്രൈവുള്ള സ്റ്റുഡിയോയിലേക്കാണ് ഷാൻ ആകെ കാറോടിക്കുക. പിന്നെ അപൂർവമായി കോഴിക്കോടൻ യാത്രകളും. 'വീട്ടിൽ ഞങ്ങൾക്കൊപ്പം ഇരിക്കാനാണ് ഇക്ക കൂടുതൽ ഇഷ്ടപ്പെടുന്നത്. അതുകൊണ്ട് യാത്ര പോകാത്തതിൽ അധികം പരിഭവവുമില്ല. പക്ഷേ, ഡ്രൈവ് അല്ലാതെയുള്ള യാത്രകൾ മകൻ റയാനുമൊത്ത് ഞങ്ങൾ നടത്താറുണ്ട്. ഈ കോവിഡ് കാലത്ത് മിസ് ചെയ്യുന്നതും അത്തരം യാത്രകളാണ്'- സൈറ പറയുന്നു.
പത്തുവയസ്സുകാരൻ റയാനാണ് വീട്ടിലെ സൂപ്പർ സ്റ്റാർ. അവെൻറ സന്തോഷവും താൽപര്യവും കേന്ദ്രീകരിച്ചുള്ള യാത്രകളാണ് ഷാനും സൈറയും പ്ലാൻ ചെയ്യുക. ദുബൈയാണ് ഇഷ്ട ലൊക്കേഷൻ. മൂന്നര മണിക്കൂർകൊണ്ട് എത്താം എന്നതിനാൽ ഒന്നും ആലോചിക്കാതെ പോയി വാരാന്ത്യം ആഘോഷിച്ചിട്ട് വരാവുന്ന സ്ഥലമാണ് ദുബൈ. കഴിഞ്ഞ വർഷം സ്കോട്ലൻഡിലുള്ള സൈറയുടെ സഹോദരിയുടെ അടുത്തേക്ക് ഒരു യൂറോപ് ട്രിപ്പ് പ്ലാൻ ചെയ്തിരുന്നു. കോവിഡ് മൂലം അത് മുടങ്ങിയതിെൻറ വിഷമം റയാന് ഇനിയും മാറിയിട്ടില്ല. ദുബൈയിലേക്കുള്ള ആദ്യ വിമാനയാത്രയും ഹോേങ്കാങ്ങിലെ ഡിസ്നി ലാന്ഡിലേക്ക് നടത്തിയ യാത്രയുമാണ് റയാന് അവിസ്മരണീയം.
യാത്രചെയ്യാൻ മടിയുള്ള തന്നെ വിനീത് ശ്രീനിവാസൻ പറ്റിച്ച് പലയിടങ്ങളിലും കൊണ്ടുപോയിട്ടുണ്ടെന്നും പറയുന്നു ഷാൻ. ചെന്നൈയിൽ 'ആന അലറലോടലറൽ' എന്ന സിനിമയുടെ റെക്കോഡിങ് കഴിഞ്ഞ സമയം. 'നമുക്കൊന്ന് മൂകാംബിക വരെ പോകാ'മെന്നായി വിനീത്. ഷാനിനാണെങ്കിൽ തീരെ താൽപര്യമില്ല. വിനീത് ഈ ആവശ്യമുന്നയിച്ചതിലും കാര്യമുണ്ട്. അടുത്ത സിനിമയായ 'അരവിന്ദെൻറ അതിഥികളു'ടെ കഥ നടക്കുന്നത് മൂകാംബികയിലാണ്. നേരത്തേ ഒന്നുപോയി കണ്ടാൽ ഈണമിടുേമ്പാൾ ഉപകാരപ്പെടുമെന്നാണ് വിനീത് അഭിപ്രായപ്പെട്ടത്.
യൂട്യൂബിൽ നോക്കി മൂകാംബികയെക്കുറിച്ച് പഠിച്ചോളാമെന്നായിരുന്നു ഷാനിെൻറ മറുപടി. അങ്ങനെ രണ്ടുനാൾ കഴിഞ്ഞ് ഇരുവരും െകാച്ചിയിലേക്ക് വിമാനം കയറാൻ ഹോട്ടലിൽനിന്ന് പുറപ്പെട്ടു. വഴിക്കുവെച്ചാണ് വിനീത് പറയുന്നത് കൊച്ചിക്കല്ല മംഗലാപുരത്തേക്കാണ് യാത്രയെന്ന്. അപ്പോഴാണ് താൻ 'പെട്ടുപോയ' വിവരം ഷാൻ മനസ്സിലാക്കുന്നത്. പക്ഷേ, മംഗലാപുരത്തുനിന്ന് മൂകാംബികയിലെത്തിയശേഷം അവിടെ ചെലവഴിച്ച നാളുകൾ ജീവിതത്തിലെ വിലപ്പെട്ട നിമിഷങ്ങളായിരുന്നുവെന്നും ഷാൻ പറയുന്നു. ആ ദിവസങ്ങളിലെ അനുഭവങ്ങൾ 'അരവിന്ദെൻറ അതിഥികളി'ലെ പാട്ടുകളിൽ നിർണായക സ്വാധീനം ചെലുത്തുകയും ചെയ്തു.
'വിനീതിനെപ്പോലുള്ള സുഹൃത്തുക്കളാണ് എെൻറ അനുഗ്രഹം. അവരുടെ വർക്ക് ചെയ്തു കഴിഞ്ഞാൽ പിന്നെ എന്നെ ൈമൻഡ് ചെയ്യേണ്ട കാര്യംതന്നെ പലർക്കുമില്ല. പക്ഷേ, ഞാൻ മുഴുവൻ സമയവും പാട്ടിെൻറ പിന്നാലെ തിരക്കിലായിരിക്കുമെന്ന് അറിയുന്ന അവർ എെൻറ സ്ട്രെസ് കുറക്കാനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്. അത് എനിക്ക് നൽകുന്ന എനർജി വളരെ വലുതാണ്. ആദ്യം കണ്ട വിനീതും ഷാനുംതന്നെയാണ് ഞങ്ങൾ ഇപ്പോഴും. സിനിമക്കും പാട്ടിനും അപ്പുറമാണ് ഞങ്ങളുടെ സൗഹൃദം. ഞാനൊരു ഈണമിട്ടാൽ അത് വിനീതിന് ഇഷ്ടമായില്ലെങ്കിൽ അഞ്ചു മിനിറ്റിനുള്ളിൽ കാൾ വരും. രണ്ടു ദിവസത്തേക്ക് വിളിയേ വന്നില്ലെങ്കിൽ ഉറപ്പിക്കാം, വിനീത് വരികൾ എഴുതുകയാെണന്ന്. ഞങ്ങൾ എപ്പോഴും കാണുകയും എന്നും വിളിക്കുകയും ഒന്നുമില്ല. പക്ഷേ, ഹൃദയത്തോട് ചേർന്ന് എന്നും ഒരുമിച്ചുണ്ട്' - 'ഒരു അഡാർ ലവ് സ്റ്റോറി'യാണ് ഷാനിെൻറയും വിനീതിെൻറയും സൗഹൃദം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.