ന്യൂഡൽഹി: രാജ്യത്ത് 18 വയസിന് മുകളിലുള്ളവർക്ക് മേയ് ഒന്നുമുതൽ വാക്സിൻ വിതരണം ആരംഭിക്കുമെന്ന വാർത്തകൾക്ക് പിന്നാലെ ആർത്തവസമയത്തെ വാക്സിനേഷൻ സംബന്ധിച്ചായിരുന്നു ചർച്ച. ആർത്തവ സമയത്ത് സ്ത്രീകൾ വാക്സിനെടുക്കാമോ? എന്ന ചോദ്യം പലരും ചോദിച്ചുതുടങ്ങി. അതിനുകാരണമായത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ഒരു കുറിപ്പും.
ആർത്തവ സമയത്ത് പ്രത്യേക രോഗപ്രതിരോധ ശേഷി കുറവ് ഉണ്ടാകുമെന്നും അതിനാൽ ആർത്തവത്തിന് അഞ്ചുദിവസം മുമ്പും ശേഷവും വാക്സിനെടുക്കരുതെന്നുമുളള കുറിപ്പായിരുന്നു അത്.
യഥാർഥത്തിൽ ആർത്തവ സമയത്ത് വാക്സിനെടുക്കാമോ? മേയ് ഒന്നുമുതൽ ആർക്കുവേണമെങ്കിലും വാക്സിനെടുക്കാമെന്നാണ് വിദഗ്ധർ പറയുന്നത്. ഇതുസംബന്ധിച്ച് പ്രസ് ഇൻഫർമേഷൻ വിശദീകരണം നൽകുകയും ചെയ്തു. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന കിംവദന്തികൾ വിശ്വസിക്കരുതെന്നാണ് പി.ഐ.ബി പറയുന്നത്.
'സ്ത്രീകൾ ആർത്തവത്തിന് അഞ്ചുദിവസം മുമ്പും ശേഷവും വാക്സിനെടുക്കരുതെന്ന തെറ്റായ വാദം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. കിംവദന്തികളിൽ വീഴരുത്. മേയ് ഒന്നുമുതൽ 18 വയസിന് മുകളിലുള്ള എല്ലാവരും വാക്സിൻ സ്വീകരിക്കണം' -പി.ഐ.ബി പറയുന്നു.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന തെറ്റായ വാർത്തകൾക്കെതിരെ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും രംഗത്തെത്തിയിരുന്നു. വാക്സിനും ആർത്തവ സമയവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് പഠനങ്ങൾ തെളിയിച്ചതായും അവർ ചൂണ്ടിക്കാട്ടി.
തെറ്റായ പ്രചാരണങ്ങൾ വിശ്വസിച്ച് ആരും വാക്സിനെടുക്കുന്നതിൽനിന്ന് പിന്മാറരുതെന്നും എല്ലാവരും തങ്ങളുടെ ഊഴമനുസരിച്ച് വാക്സിൻ യജ്ഞത്തിൽ പങ്കാളികളാകണമെന്നും ഗൈനേക്കാളജിസ്റ്റായ ഡോ. മുൻജാൽ വി കപാഡിയ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.