മട്ടാഞ്ചേരി: ഒരുപാട് പ്രതിസന്ധികൾ മറികടന്നാണ് നസ്റത്ത് പള്ളിപറമ്പിൽ ജോൺസൺ - ബിന്ദു ദമ്പതികളുടെ മൂത്ത മകൾ എഡ്ന എം.ബി.ബി.എസ് പ്രവേശനം മെറിറ്റിൽതന്നെ നേടിയത്. ചെറിയ വാടക വീട്ടിൽ ചായക്കടയും താമസവുമായി കഴിയുകയാണ് എഡ്നയുടെ അഞ്ചംഗ കുടുംബം.
പിതാവ് ജോൺസൺ ഡ്രൈവറായിരുന്നു. നട്ടെല്ലിന് തകരാർ സംഭവിച്ച് ഒരു വർഷം കിടപ്പിലായതോടെ വരുമാനം നിലച്ചു. ഒരുവർഷത്തെ ചികിത്സയുടെ ഫലമായി എഴുന്നേറ്റ് നടക്കാൻ കഴിഞ്ഞെങ്കിലും കടം കയറി കുടുംബം ദുരിതത്തിലായി. ജീവിതമാർഗത്തിന് വണ്ടിയിൽ ചായക്കച്ചവടം തുടങ്ങിയെങ്കിലും വാടക കൊടുക്കാൻ കഴിയാതെ വന്നതോടെ താമസിക്കുന്നിടത്തുനിന്ന് ഇറങ്ങേണ്ടി വന്നു. ഇവരുടെ ദുരിതം കണ്ട് മനസ്സലിഞ്ഞ സമീപവാസിയാണ് താമസിക്കാനും കച്ചവടത്തിനുമായി ചെറിയ വീട് നൽകിയത്.
ഈ പ്രതിസന്ധികൾക്കിടയിലാണ് എഡ്നക്ക് വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശനം ലഭിക്കുന്നത്. നേരത്തേ റുമാറ്റോ ആർത്രൈറ്റിസ് ബാധിച്ച എഡ്നയെ ചികിത്സിച്ച് ഭേദമാക്കിയത് ഡോ. ജോയ് തോമസാണ്. അന്ന് മുതൽ ഡോക്ടറാകണമെന്ന മോഹം പേറി നടക്കുകയായിരുന്നു എഡ്ന. എൻട്രസ് പരീക്ഷ രണ്ടാം ശ്രമത്തിൽ വിജയം കണ്ടു.
നല്ല നസ്റത്തുകാർ എന്ന വാട്ട്സ്ആപ് കൂട്ടായ്മയുടെ ഭാരവാഹികളായ കൊച്ചി ഡെപ്യൂട്ടി തഹസിൽദാർ ജോസഫ് ആൻറണി ഹെർട്ടിസ്, സമ്പത്ത് സാമുവൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കുടുംബത്തിന് ഇതുവരെ സഹായം നൽകിയത്. എഡ്നയുടെ മുന്നോട്ടുള്ള പ്രയാണത്തിന് ഇനിയും സഹായം വേണം. സഹോദരന്മാരായ സാമുവൽ, ജോയൽ എന്നിവർ വിദ്യാർഥികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.