ഫാഷൻ ലോകത്ത് കുട്ടികൾക്കും ധാരാളം മൽസരങ്ങളും അവസരങ്ങളും തുറന്നിട്ടിരിക്കയാണ് ദുബൈ. ഇത്തവണത്തെ ജൂനിയർ മോഡൽ ഇൻറർനാഷണലിന് ദുബൈയാണ് ആതിഥേയത്വം വഹിക്കുന്നത്. കുട്ടികളുടെ ഫാഷനും പ്രതിഭയും മാറ്റുരക്കുന്ന അന്താരാഷ്ട്ര മൽസരത്തിൽ യു.എ.ഇയെ പ്രതിനിധീകരിക്കുന്നതാവട്ടെ ജോന തെരേസ ഷിജോ, ആദിയ പ്രമോദ്, സ്നിഗ്ദ രാകേഷ് എന്നീ മലയാളി മിടുക്കികളും. മൂവരും വളർന്നവരും പഠിക്കുന്നതും ഇവിടെ തന്നെ. അബൂദബിയിൽ താമസിക്കുന്ന അഞ്ചുവയസുകാരി ജോന . അൽ ബാസ്മ ബ്രിട്ടീഷ് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ്. ഡാൻസിങിലും ഡ്രോയിങിലും ഇതിനകം ശ്രദ്ധനേടിയിട്ടുണ്ട്.
പിതാവ് ഷിജോ ജോർജും മാതാവ് പ്രിൻസി ജോസും കാസർകോഡ് ജില്ലക്കാരാണ്. ജൂനിയർ മോഡൽ ഇൻറർനാഷണലിൽ 4-6വയസ് പ്രായമുള്ളവരുടെ കാറ്റഗറിയിലാണ് ജോന മത്സരിക്കുന്നത്. ദുബൈ ദ ഇന്ത്യൻ ഹൈസ്കൂൾ വിദ്യാർഥി ആദിയ പ്രമോദ് മൽസരിക്കുന്നത് പ്രി ടീൻ കാറ്റഗറിയിലാണ്. ഡാൻസിങ്, സിംഗിങ്, ആക്റ്റിങ്, മോഡലിങ് എന്നിവയിലെല്ലാം ഇതിനകം തന്നെ നിരവധി പ്രൈസുകൾ നേടിയിട്ടുണ്ട്. കണ്ണൂർ കുഞ്ഞിമംഗലം സ്വദേശി പ്രമോദിെൻറയും ദീപയുടെയും മകളാണ് ഈ 11കാരി.
കോഴിക്കോട് സ്വദേശിയായ രാകേഷ് സുകുമാറിെൻറയും ഗുരുവായൂർ സ്വദേശിനി വിദ്യയുടെയും മകളാണ് സ്നിഗ്ദ രാകേഷ്. ജെംസ് കേംബ്രിജ് ഇൻറർനാഷണൽ സ്കൂൾ വിദ്യാർഥിയായ സ്നിഗ്ദ, വളരെ ചെറുപ്പം മുതൽ തന്നെ നൃത്തകലയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രിയ മനോജ്, തിജി രതീഷ്, ഹേമന്ദ് ഷിൻഡെ എന്നിങ്ങനെയുള്ള ഗുരുവര്യരുടെ കീഴിൽ വ്യത്യസ്ത നൃത്തങ്ങൾ അഭ്യസിച്ചിട്ടുണ്ട്. സനിഗ്ദയും പ്രി-ടീൻ കാറ്റഗറിയിലാണ് മൽസരത്തിൽ പങ്കാളിയാകുന്നത്. മോഡലിങും മറ്റു കഴിവുകളും വളർത്തിയെടുത്ത് മുന്നേറാൻ ഇവർക്ക് മാതാപിതാക്കളുടെ പൂർണ പിന്തുയുണ്ട്. ഓൺലൈൻ വഴി നടന്ന ആദ്യഘട്ട മൽസരത്തിലൂടെയാണ് ഫൈനലിലേക്ക് കുട്ടികളെ തെരഞ്ഞെടുത്തത്.
നിരവധി കുട്ടികളെ പിന്തള്ളിയാണ് മലയാളികളായ ഇവർ നേട്ടം കൈവരിച്ചത്. നവംബർ അവസാനത്തിൽ നടക്കുന്ന മൽസരത്തിൽ മികച്ച പ്രകടനം കാഴ്വെക്കുന്നതിനുള്ള ഒരുക്കത്തിലാണ് മൂവരും. നാഷണൽ കോസ്റ്റ്യൂം റൗണ്ട്, ബാൾ ഗൗൺ/സ്യൂട്സ് റൗണ്ട്, ടാലൻറ് റൗണ്ട്, നാഷണൽ എക്സിബിഷൻ ഡേ, ഡിസേർട് സഫാരി എന്നിവ മൽസരത്തിെൻറ ഭാഗമായി നടക്കും. മലേഷ്യ, യുക്രൈൻ, റഷ്യ, അർമേനിയ, റെമേനിയ, ഇന്ത്യ, ഹംഗറി, കസാകിസ്താൻ, ഖത്തറ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.