ഫാഷൻ റാമ്പുകളിൽ ക്യാറ്റ്വാക് നടത്തുന്ന മോഡലുകളുടെയും കല്യാണ മണ്ഡപങ്ങളിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്ന വധൂവരൻമാരുടെയും ഗ്ലാമറിന്റെ പിന്നാമ്പുറത്ത് ആരുമറിയപ്പെടാതെ പോകുന്ന ചിലരുണ്ട്, ഡിസൈനർമാർ. ഫ്രോക്കിലെ കളർ ലെയ്സും ബ്ലൗസിലെ ഒായിസ്റ്റർ സ്റ്റിച്ചും സാരിയിലെ എംബ്രോയിഡറി വർക്കുമെല്ലാം ഇവരുടെ കരവിരുതിലും ഭാവനയിലും വിരിയുന്നതാണ്. സ്റ്റിച്ചിലെ ചെറിയൊരു പിഴവ് പോലും പരാതിയും പരിഭവങ്ങളും ഉണ്ടാക്കുന്ന ഈ കാലത്ത് അത്രയേറെ ശ്രദ്ധയും സൂക്ഷ്മതയും പെർഫെക്ഷനും വേണ്ട ജോലിയാണ് ഫാഷൻ ഡിസൈനിങ്.
ഈ മേഖലയിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്നയാളാണ് ദുബൈയിൽ താമസിക്കുന്ന ഗുരുവായൂർ സ്വദേശി ജാസ്മിൻ കാസിം. തൃശൂരിലെ ചെറിയൊരു ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുകയും ബംഗളൂരുവിൽ സ്വന്തം ഇൻസ്റ്റിറ്റ്യൂട്ട് നടത്തുകയും ചെയ്ത ഇവർ ഇപ്പോൾ ദുബൈയിൽ ഫ്രീലാൻസ് ഫാഷൻ ഡിസൈനറാണ്. നിരവധി മോഡലുകളെയും വധൂവരൻമാരെയും അണിയിച്ചൊരുക്കിയ ജാസ്മിൻ ഫാഷൻ ലോകത്തേക്കുള്ള വരവിനെകുറിച്ചും ഡിസൈനിങ്ങിന്റെഫാഷൻ ആണ് എന്റെ പാഷൻ സാധ്യതകളെ കുറിച്ചും വിവരിക്കുന്നു.
ഫാഷൻ ഡിസൈനിങ് പഠിച്ചിരുന്നുവെങ്കിലും ഭർത്താവിനൊപ്പം ബംഗളൂരിലെത്തിയതോടെയാണ് ഈ മേഖലയിൽ കൂടുതൽ സജീവമായത്. സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിലാണ് ഡിസൈനിങ് തുടങ്ങിയത്. ഒറ്റ തയ്യിൽ മെഷീനിലായിരുന്നു തുടക്കം. കൂടുതൽ പേർ എത്തിയതോടെ വീടിന്റെ ഹാൾ മെഷീൻകൊണ്ട് നിറഞ്ഞു. ഇതോടെ 'ആച്ചീസ് സൂയിങ് അക്കാദമി' എന്ന പേരിൽ സ്ഥാപനം തുറന്നു.
ജർമനി, മെക്സികോ എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളും എത്തി. ടെക്സ്റ്റൈൽ ഡിസൈൻ ചെയ്യുന്നതിന് സ്വീഡനിലെ പ്രമുഖ ഡിസൈനർ തേടിയെത്തിയത് ഇപ്പോഴും മായാതെ മനസിൽ നിൽക്കുന്നു. ഇൻസ്റ്റിറ്റ്യൂട്ട് വളർച്ചയുടെ പാതയിലെത്തി നിൽക്കുേമ്പാഴാണ് ഭർത്താവ് സി.പി. ഷബീറിന് ദുബൈയിലേക്ക് വിളി വരുന്നത്. ഇതോടെ ബംഗളൂരു അധ്യായത്തിന് വിരാമമിട്ട് അഞ്ച് വർഷം മുൻപ് ദുബൈയിലേക്ക് പറന്നു.
ഇളയ മകളുടെ ജനനത്തെ തുടർന്ന് കുറച്ചുനാൾ വിട്ടുനിന്ന ശേഷം ഒരു വർഷം മുൻപാണ് ഡിസൈനിങ്ങിലേക്ക് തിരിച്ചുവന്നത്. ഫ്രീലാൻസ് ലൈസൻസ് എടുത്ത ജാസ്മിൻ 'ദി വോഗ് ഐകൺസ്' എന്ന പേരിൽ ഡിസൈനിങ് ക്ലാസും തുടങ്ങി. കോവിഡ് സാഹചര്യത്തെ തുടർന്ന് ക്ലാസ് ഓൺലൈനിലാണ്. 'മാധ്യമം' കുടുംബം ഉൾപെടെ പ്രമുഖ മാഗസിനുകളിൽ ഫാഷൻ ഡിസൈനിങ് കോളം ചെയ്തിരുന്നു.
നാട്ടിൽ ബ്രൈഡൽ ഡിസൈനിങ് ചെയ്തിരുന്നെങ്കിലും ദുബൈയിൽ അതിെൻറ സാധ്യത കുറവാണെന്ന് ജാസ്മിൻ പറയുന്നു. മോഡസ്റ്റ് ഫാഷനാണ് സാധാരണക്കാർ കൂടുതലും തെരഞ്ഞെടുക്കുന്നത്. മോഡലുകൾക്ക് അവരുടെ സങ്കൽപത്തിനനുസരിച്ചുള്ള ഡിസൈൻ ചെയ്തുകൊടുക്കും. വെസ്റ്റേൺ ടൈപ്പും ഗൗൺസുമാണ് കൂടുതലും ആവശ്യമായി വരുന്നത്. വമ്പൻ സ്റ്റേജ് പ്രോഗ്രാമുകളിൽ ആങ്കർ ചെയ്യുന്നവരുടെയും വേദിയിലെത്തുന്നവരുടെയും വസ്ത്രങ്ങൾ ചെയ്യുന്നുണ്ട്.
ഫാഷൻ ഡിസൈനിങ് മാത്രമല്ല, ആർട്ട് ക്രാഫ്റ്റിലും ഒരു കൈ നോക്കുന്നു. വേസ്റ്റുകൾ കുറക്കാനും പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ടും പുനരുപയോഗിക്കാവുന്ന വസ്തുക്കളാണ് കൂടുതലും ഉപയോഗിക്കുന്നത്. ഈ വസ്തുക്കൾ ഭൂമിക്ക് തന്നെ തിരിച്ചുകൊടുക്കാതെ ഇൻറീരിയർ ഡെകറേഷൻ പോലുള്ളകാര്യങ്ങൾക്ക് ഉപയോഗിക്കുന്നു. ദുബൈയിലെ സ്വകാര്യ സ്ഥാപനത്തിലെ ഐ.ടി സെക്യൂരിറ്റി ഹെഡാണ് ഭർത്താവ് ഷബീർ. സൈനബ്, ഇഷ് എന്നിവരാണ് മക്കൾ.
ഫാഷൻ ഡിസൈനിങിലേക്ക് കാലെടുത്തുവെക്കുന്നവരോട്
നിരീക്ഷിക്കാനുള്ള കഴിവാണ് പ്രധാനം. ആളുകളുടെ ബോഡി ഷേപും നിറവും ഉയരുവും വണ്ണവുമെല്ലാം വ്യത്യാസപ്പെട്ടിരിക്കും. എല്ലാ ഡ്രസും എല്ലാവർക്കും ചേരണമെന്നില്ല. ഒരാളെ മുന്നിൽ കണ്ടാൽ അയാൾക്ക് ചേരുന്ന ഡ്രസ് പാറ്റേൺ ഏതാണെന്ന് മനസിലാക്കാൻ കഴിയണം.
നിറം, മെറ്റീരിയൽ, പ്രിൻറ് എന്നിവയെല്ലാം ഇതിനെ അടിസ്ഥാനമാക്കിയാണ് തീരുമാനിക്കുന്നത്. പ്രിൻറുകൾക്ക് ഭയങ്കര മാജിക്കാണ്. ചിലത് അണിഞ്ഞാൽ ഭയങ്കര തടി തോന്നിക്കും. ചിലത് ഉയരം കൂടുതലോ കുറവോ തോന്നിക്കും. ഒരാളുടെ പ്ലസ് പോയിൻറ് ഹൈലൈറ്റ് ചെയ്ത് മൈനസ് കുറച്ച് കാണിക്കുന്നിടത്താണ് ഡിസൈനറുടെ വിജയം. പ്രശസ്ത ഡിസൈനർമാരുടെ കോംബിനേഷനുകളും പുതിയ ട്രെൻഡുമെല്ലാം നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കണം.
ഡിസൈൻ ചെയ്യാനുള്ള കഴിവ് മാത്രമല്ല, കുറഞ്ഞ ചിലവിൽ ഏറ്റവും മികച്ചത് നൽകാൻ കഴിയണം. ഇതിന് മാർക്കറ്റ് റിസർച്ച് അനിവാര്യമാണ്. കുറഞ്ഞ തുകക്ക് മികച്ച മെറ്റീരിയൽ എവിടെ നിന്ന് ലഭിക്കുമെന്നത് അറിഞ്ഞിരിക്കണം. ഉപഭോക്താവിൽ നിന്ന് വലിയ തുക വാങ്ങുന്നതിന് പകരം കുറഞ്ഞ തുകക്ക് മികച്ച ഡിസൈൻ നൽകാൻ കഴിയണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.