കൊല്ലങ്കോട്: കൈത്തറിയോട് പുതുതലമുറക്ക് പ്രിയം കുറയുമ്പോഴും കുലത്തൊഴിലിനോടുള്ള ഇഷ്ടം കൊണ്ട് മാത്രം നെയ്ത്ത് തുടരുകയാണ് മുരുകേശൻ. കൊല്ലങ്കോട് പാവടി മേഖലയിൽ 300 ൽ അധികം നെയ്ത്ത് കുടുംബങ്ങൾ ഉണ്ടായിരുന്നതിൽ നിലവിൽ വടക്കേപ്പാവടി മുരുകേശൻ മാത്രമാണ് നാടൻ കൈത്തറിയുമായി മുന്നോട്ടു പോകുന്നത്. നാല് പതിറ്റാണ്ടിലധികമായി നെയ്ത്ത് ജോലി ചെയ്തു വരുകയാണ് അദ്ദേഹം.
പിതാവ് അരുണാചലം ഉണ്ടായിരുന്ന സമയത്ത് പാവടിയിൽ നെയ്ത്ത് മാത്രമായിരുന്നു ഉപജീവനമാർഗം. എന്നാൽ നിലവിൽ പുതുതലമുറ ഏറ്റെടുക്കാതായതോടെ നാടൻ കൈത്തറി നെയ്ത്തിന് ആരും വരാതായി. ഡിജിറ്റൽ സാങ്കേതികവിദ്യയോടെയുള്ള യന്ത്രവൽകൃത നെയ്ത്ത് പ്രചാരത്തിൽ എത്തിയതോടെയാണ് നെയ്ത്ത് കുടുംബങ്ങൾക്ക് ഓർഡറുകൾ കുറഞ്ഞ് വരുമാനം ഇല്ലാതായത്. സെമി ഓട്ടോമാറ്റിക് നെയ്ത്ത് യന്ത്രങ്ങൾക്ക് വലിയ വിലയുള്ളതിനാൽ ആരും അതിലേക്ക് കടക്കാതായി.
നെയ്ത്ത് അറിയുന്ന കുടുംബങ്ങളെ പരിപോഷിപ്പിക്കാൻ സർക്കാർ പദ്ധതി ആവിഷ്ക്കരിച്ചാൽ ഗുണകരമാകുമെന്ന് മുരുകേശൻ പറഞ്ഞു. നെയ്ത്ത് സഹകരണ സംഘങ്ങൾക്ക് കൂടുതൽ ധനസഹായം നൽകി നിലനിർത്തിയാൽ കൊല്ലങ്കോടിന്റെ പ്രകൃതി ഭംഗി ആസ്വദിക്കാൻ വിനോദ സഞ്ചാരികളേറെയെത്തിത്തുടങ്ങിയ സഹാചര്യത്തിൽ നാടൻ നെയ്ത്ത്, ഉൽപന്നങ്ങൾ എന്നിവയുടെ വിപണന സാധ്യതയേറും. പ്രാചീന നെയ്ത്ത് കുടുംബങ്ങളെ പഴയ പ്രതാപത്തിലേക്ക് തിരിച്ച്കൊണ്ടുവരുവാൻ സർക്കാർ പദ്ധതികൾ നടപ്പിലാക്കണമെന്ന ആവശ്യം സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.