പന്തീരാങ്കാവ്: പ്രായം എഴുപത്തഞ്ചോടടുക്കുമ്പോഴും ഇസ്മായിലിനു വിശ്രമമില്ല. അമ്പിലോളിയിലെ ആ പഴയ കെട്ടിടത്തിന്റെ ഒറ്റ മുറിയിലേക്ക് ഇപ്പോഴും വസ്ത്രങ്ങൾ തയ്ക്കാൻ ഇസ്മായിലിനെ തേടി എത്തുന്നവർ നാട്ടുകാർ മാത്രമല്ല, മൂന്നരപ്പതിറ്റാണ്ടിലധികം മൊയ്‌തീൻ പള്ളിക്കു സമീപം മസ്ജിദ് ബസാറിൽ കോഴിക്കോട്ടുകാരുടെ ഫാഷനുകൾ രൂപപ്പെടുത്തിയ കാരട്ടിയാട്ടിൽ ഇസ്മായിലിനെ തേടിയെത്തുന്നത് വിദൂരദേശങ്ങളിൽനിന്ന് വരെയാണ്.
നഗരത്തിലെ എണ്ണപ്പെട്ട തയ്യൽകാരിലൊരാളായിരുന്നു ഇസ്മായിൽ. അഡോൺ എന്ന തന്റെ നെയിം ബോർഡിന് കീഴിൽ ഇരുപതോളം തയ്യൽ യന്ത്രങ്ങളും തൊഴിലാളികളുമുണ്ടായിരുന്നു. പാരമ്പര്യമായി തയ്യൽ തൊഴിലാളിയാണ്. പിതാവും സഹോദരങ്ങളുമെല്ലാം ഫറോക്കിലെ അറിയപ്പെടുന്ന തയ്യൽ കട ഉടമകളായിരുന്നു. പഠിക്കുമ്പോൾ തന്നെ സഹോദരങ്ങൾക്കൊപ്പം ഇസ്മായിൽ കടയിൽ സഹായിയായി. പത്താം ക്ലാസ് തോറ്റതോടെ മുഴുസമയ തൊഴിലാളിയായി. ഇടക്ക് കുറച്ചു കാലം ഗൾഫിലായിരുന്നു. പിന്നീടാണ് കോഴിക്കോട് മസ്ജിദ് ബസാറിൽ കട തുറന്നത്. 35 വർഷത്തോളം കട തുടർന്ന ഇസ്മായിൽ ബന്ധുക്കളുമായുള്ള ഉടമസ്ഥാവകാശ തർക്കത്തെത്തുടർന്നാണ് അമ്പിലോളിയിലേക്ക് മാറിയത്. പ്രായമായതോടെ പഴയ പോലെ ജോലി ചെയ്യാനാവുന്നില്ലെങ്കിലും നാട്ടുകാരെ പോലെ തന്നെ, വർഷങ്ങളായി ബന്ധം പുലർത്തുന്ന ദൂരസ്ഥലങ്ങളിലുള്ള ചിലർ ഇപ്പോഴും വസ്ത്രങ്ങൾ തയ്ക്കാൻ അദ്ദേഹത്തെ തേടിയെത്തുന്നുണ്ട്. കോഴിക്കോടായിരുന്നപ്പോൾ ഉന്നത പൊലീസുകാർ , അഭിഭാഷകർ , രാഷ്ട്രീയക്കാർ തുടങ്ങിയ പലരുടെയും ഇഷ്ട തയ്യൽകാരനായിരുന്നു ഇസ്മായിൽ.
മുക്കത്തെ എൻജിനീയർ പ്രതാപ്, കുട വ്യാപാരി കൂടരഞ്ഞി സ്വദേശി പാപ്പച്ചൻ, കല്ലാനോട് സ്വദേശി ജോൺ പി. മാത്യു തുടങ്ങി നിരവധി ആളുകൾ ഇസ്മായിലിന്റെ പതിവ്കാരാണ്. പരേതനായ വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാരുൾപ്പെടെയുള്ളവർക്ക് സ്ഥിരമായി വസ്ത്രങ്ങൾ തയ്ച്ച് കൊടുക്കാറുണ്ടായിരുന്നതായി ഇസ്മായിൽ പറയുന്നു. മുസ്ലിം മത പണ്ഡിതർ ഉപയോഗിക്കുന്ന ഹാഫ് മാർ ഷർട്ടിൽ വിദഗ്ധനായതു കൊണ്ട് പലരും സമീപിക്കാറുണ്ട്. രണ്ട് ഭാര്യമാരിലായി മൂന്ന് പെൺകുട്ടികളും ഒരാൺകുട്ടിയുമടങ്ങിയതാണ് ഇസ്മായിലിന്റെ കുടുംബം. രാവിലെ തുടങ്ങി രാത്രി വൈകുവോളം കട തുറന്നിരിക്കാറുണ്ടായിരുന്ന ഇസ്മായിൽ, വൈകി വരുന്ന യാത്രക്കാർക്ക് സഹായിയായിരുന്നു. എന്നാൽ ലോക് ഡൗൺ സമയത്ത് കട തുറന്നപ്പോൾ പൊലീസിന്റെ ചൂരൽ പ്രയോഗത്തിന് ഇരയാകേണ്ടി വന്നതോടെയാണ് രാത്രി വൈകി കട തുറന്നിരിക്കുന്ന പതിവ് അവസാനിപ്പിച്ചത്. കൂട്ടിന് പഴയൊരു റേഡിയോയും ചൂടാറാപ്പാത്രം നിറയെ കട്ടൻ ചായയുമായി പുത്തൂർമഠം - പാലാഴി റോഡിൽ അമ്പിലോളിയിൽ ഇസ്മായിൽ ജീവിതം നെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.