പാതിമുറിഞ്ഞ കിനാക്കൾ

പാതിമുറിഞ്ഞ കിനാക്കൾ

പ്രവാസിയായതിൽ പിന്നെ നോമ്പുകാലം പാതിവഴിയിൽ മുറിഞ്ഞുപോയ കിനാക്കളുടെ കാലം കൂടിയാണ്. പുലർച്ച ഭക്ഷണം കഴിക്കാൻ ഉമ്മ വിളിക്കുന്നത് കേട്ടാലും ചുവന്ന റോസാപ്പൂക്കളുള്ള എന്റെ പഞ്ഞിപ്പുതപ്പിലേക്ക് ഒന്നുകൂടി ചുരുണ്ടുകൂടുന്നതിന്റെ രസച്ചരട് പൊട്ടിയതും പ്രവാസിയായതിൽ പിന്നെയാണ്.

ഞാനുണർന്നില്ലെങ്കിൽ ഉച്ചവരെ വീടുറങ്ങുമെന്ന യാഥാർഥ്യമോർത്ത് നോമ്പിന്റെ രാത്രികളിൽ മനസ്സ് വിട്ടുറങ്ങാറില്ല. പടച്ചോനോട് പറയാനുള്ള പരാതികളുമായി നിസ്കാര പായയിൽ ഒറ്റക്കിരിക്കുമ്പോൾ രണ്ട് വെള്ളച്ചിറകുകൾ എനിക്കുണ്ടെന്ന് തോന്നും. ആ ചിറകിലേറി വാടാമല്ലികൾ പൂത്തുനിൽക്കുന്നൊരു വീട്ടുമുറ്റത്ത് ഞാൻ പറന്നിറങ്ങും. വിറകടുപ്പിൽ തരിക്കഞ്ഞി വേവുമ്പോഴുള്ള മണം എന്നെ അടുക്കളയിലെത്തിക്കും. സേമിയയും തേങ്ങപ്പാലും തരിക്കഞ്ഞിക്ക്‌ രുചിയേറ്റും. ‘നിക്ക് റവ ചേർക്കാത്ത കഞ്ഞിമതി’ ഉമ്മാ എന്ന് ചിണുങ്ങും.

എന്തിനാണ്‌ ഓരോ നോമ്പുകാലത്തും അവളെന്റെ കിനാവിൽ വന്ന്‌ കുറുമ്പ്‌ കാട്ടുന്നത്‌. അവളുടെ ആടുന്ന മരക്കസേരയിലിരുന്ന്‌ എന്നോട്‌ പരിഭവം പറയുന്നത്‌? ഇടക്ക്‌ മക്കളുടെ വിളികേട്ട്‌ ഞെട്ടിയുണരുമ്പോൾ തിരിച്ചറിയും. അവളിപ്പോൾ എന്റെ കിനാവിന്റെ ഭാഗം മാത്രമാണെന്ന്‌. വർഷങ്ങൾക്കപ്പുറമുള്ള എന്റെ മുഖമാണ്‌ അവൾക്ക്‌.

നോമ്പ്‌ തുടങ്ങുമ്പോൾ ഇക്കുറി ഞാൻ മുഴുവൻ നോമ്പും നോക്കുമെന്ന്‌ ആദ്യം പറയുക ഉമ്മയോടാണ്‌. ‘കുട്ട്യേൾടെ നോമ്പ്‌ ഉച്ചവരെയാണെന്ന്‌ ഇങ്ങള്‌ പറഞ്ഞാലൊന്നും വിശ്വസിക്കാൻ ന്നെ കിട്ടൂലാട്ടോ...’ അങ്ങനെ ഒന്നാം നോമ്പായി. കാലത്ത്‌ മുത്തുവും കുഞ്ഞോളും വരും. എനിക്ക്‌ നോമ്പുണ്ടോയെന്നറിയാൻ. ‘ഉണ്ടല്ലോ. ഇക്കുറി ഞാൻ മുഴുവൻ എടുക്കും’.

ഉച്ചവരെ ഞാൻ അങ്ങനെ വെറുതെ തുപ്പിനടക്കും. എല്ലാവരും അറിയട്ടെ. ഉമിനീരുപോലും ഇറക്കാത്ത നോമ്പാണ്‌ എന്റേതെന്ന്‌. ഉച്ചയാകുമ്പോൾ ഉമ്മച്ചി ചോറ്‌ കഴിക്കാൻ വിളിക്കും. ‘മഗ് രിബ്‌ ബാങ്ക്‌ കൊടുക്കാതെ പച്ചവെള്ളം ഞാൻ കുടിക്കുമെന്ന്‌ ഇവിടെയാരും കരുതേണ്ട’. എല്ലാരും കേൾക്കാൻ കുറച്ച്‌ ഉച്ചത്തിൽ ഞാൻ പറയും. ഉമ്മ അടുക്കളയിൽ കൂട്ടാൻ ഉണ്ടാക്കും. മുട്ട വറുക്കും. തക്കാളി കൂട്ടാന്റെ മണമടിക്കുമ്പോൾ ഞാൻ സ്വയം പറയും: ‘ഉമ്മ പ്രലോഭിപ്പിക്കുകയാണ്‌. അതിൽ വീഴരുത്‌...’ അപ്പോഴേക്കും ഉമ്മ ഞാൻ കാണാൻവേണ്ടി അനിയന്‌ എന്റെ മുന്നിൽ വന്നിരുന്ന്‌ ചോറു വാരിക്കൊടുക്കും.

‘ഇങ്ങട്‌ ഇരിക്ക്‌ പെണ്ണേ. അന്റൊരു നോമ്പ്‌..’ഉമ്മയുടെ കൈയിലുള്ള മുട്ടവറുത്തതും ചേർത്ത ഒരുരുള ആ വർഷത്തെയും എന്റെ പ്രതിജ്ഞ തെറ്റിക്കും. ചോറുണ്ടു കഴിയുമ്പോൾ ഞാൻ പറയും: ‘ഇതിൽ കുറ്റം ഉമ്മച്ചിക്ക്‌ മാത്രമാണ്‌. അതിനാൽ ഞാൻ നോമ്പ്‌ മുറിച്ചവിവരം മൂന്നാമതൊരാൾ അറിയരുത്‌.’ ഉപ്പ സ്‌കൂളിൽനിന്ന്‌ വരുമ്പോൾ കുറച്ച്‌ ക്ഷീണം അഭിനയിക്കണം. എന്നെ കാണുമ്പോൾ ഉപ്പ ചിരിച്ചോണ്ട്‌ ചോദിക്കും. ‘നോമ്പ്‌ കുട്ടി ഇന്ന്‌ എത്രവട്ടം നോമ്പ്‌ തുറന്നു?’

അപ്പോൾ കാര്യം മൂന്നാമതൊരാൾ അറിഞ്ഞിരിക്കുന്നു. യാസീൻ ഓതുന്ന ഉമ്മമ്മ കണ്ണാട താഴ്‌ത്തി എന്നെ പയ്യെ നോക്കുന്നുണ്ട്‌. ആ മുഖത്ത്‌ ഒരു ചിരിയും. ഞാൻ ഉറപ്പിച്ചു. നാലാമത്തെ ആളും അറിഞ്ഞു. ‘അല്ലേലും കുട്ട്യേൾടെ നോമ്പ്‌ ഇരുപത്തിയേഴാം രാവിന്റെ അന്നാണ്‌’. രാത്രി കിടക്കുമ്പോൾ ഉമ്മമ്മ സമാധാനിപ്പിക്കും.

‘അന്ന്‌ നെയ്യപ്പം ചൂടുന്ന ദിവസമല്ലെ. ഞാൻ അതിന്റെ പിറ്റേന്ന്‌ നോറ്റോളം.’‘അന്ന്‌ നോറ്റാൽ പുണ്യം കൂടുതലാണ്‌’–ഉമ്മമ്മ പറഞ്ഞു. ന്നാൽ ശരി. അങ്ങനെപ്പൊ മുത്തുവിനും കുഞ്ഞോൾക്കും കൂടുതൽ പുണ്യം കിട്ടേണ്ട. ഞാനും നോൽക്കും. വൈകീട്ട്‌ നാലുവരെ പിടിച്ചുനിൽക്കും. അടുക്കളയിൽനിന്ന്‌ നെയ്യപ്പത്തിന്റെ മണം വരും.

പടച്ചോനെ, ഏത്‌ കിത്താബിലാണ്‌ ഈ പുണ്യദിവസം നെയ്യപ്പം ചുടണമെന്ന്‌ പറഞ്ഞത്‌?. വെറുതെ എന്റെ പുണ്യം കളയാൻ. ‘അടുത്തവർഷം സത്യായിട്ടും ഉമ്മമ്മ ഞാൻ മുഴുവൻ നോമ്പും പിടിക്കും’. ആ പ്രസ്‌താവനയോടെ ആ കൊല്ലത്തെ നോമ്പ്‌ അവസാനിച്ചു. ഒന്നായി, രണ്ടായി മുപ്പത്‌ നോമ്പും എടുത്തത്‌ ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ്‌.

Tags:    
News Summary - Ramadan Memories of Husna Rafi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.