ലാ​ലും ല​ക്ഷ്മി​യും

വൃക്ക മാറ്റി ജീവൻ തിരിച്ചുപിടിച്ച ലാലിന് കൂട്ടായി ലക്ഷ്മിയെത്തി

അമ്പലപ്പുഴ: വൃക്ക മാറ്റിവെച്ചതിന്റെ പേരിൽ വിവാഹാലോചനകൾ മുടങ്ങിയ ലാലിന്റെ ജീവിതത്തിലേക്ക് കൈപിടിച്ച് ലക്ഷ്മിയെത്തി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ആറാം വാർഡ് കരുമാടി വലിയവീട്ടിൽ ലാലാണ് തമിഴ്‌നാട് ദിണ്ഡിഗൽ സ്വദേശി ലക്ഷ്മിയെ വരണമാല്യം ചാർത്തിയത്. ബന്ധുക്കളെയും സുഹൃത്തുക്കളെയും സാക്ഷിനിർത്തി വണ്ടാനം രക്തേശ്വരി ക്ഷേത്രത്തിൽ ഞായറാഴ്ച രാവിലെ ഒമ്പതിനും പത്തിനും ഇടയിലായിരുന്നു വിവാഹം.

മാവേലിക്കര കോടതിയിലെ വക്കീൽ ഗുമസ്തനായ ലാലിന് കുട്ടിക്കാലം മുതൽ ഉയർന്ന രക്തസമ്മർദമായിരുന്നു. 2016ലാണ് ഇരുവൃക്കയും തകരാറിലാണെന്നറിയുന്നത്. തുടർന്ന് നാലുവർഷം മുമ്പ് ഒരു വൃക്ക മാറ്റിവെച്ചു. അതിനുശേഷം വിവാഹാലോചന തുടങ്ങിയെങ്കിലും ആരും സന്നദ്ധമായില്ല. ഒടുവിൽ ലാലിന്റെ സുഹൃത്തിന്റെ ഇടപെടലിലാണ് ലക്ഷ്മിയുടെ ആലോചന വരുന്നത്.

പെണ്ണ് കാണാൻ ചെന്നപ്പോൾ എല്ലാ വിവരവും ലക്ഷ്മിയോട് തുറന്നുപറഞ്ഞു. ദൂരക്കൂടുതൽ ആയതിനാൽ വീട്ടുകാർ എതിർത്തെങ്കിലും ലക്ഷ്മി ലാലിനെ മതിയെന്ന നിലപാടിൽ ഉറച്ചുനിന്നു. മറ്റു വിവാഹാലോചനകൾക്കും വഴങ്ങിയില്ല. വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം നടക്കില്ലെന്ന് മനസ്സിലാക്കിയ ലക്ഷ്മി, ഒടുവിൽ ലാലിനെ വിളിച്ചുവരാമെന്ന് അറിയിച്ചു. അച്ഛനോടും അമ്മയോടും യാത്രപറഞ്ഞ ശേഷം പാലക്കാട് എത്തിയ ലക്ഷ്മിയെ ലാലിന്റെ സഹോദരിയും മറ്റു ബന്ധുക്കളും ചേർന്ന് അമ്പലപ്പുഴയിലെ സഹോദരിയുടെ വീട്ടിൽ കൊണ്ടുവന്നു. ഇവിടെനിന്നാണ് വിവാഹമണ്ഡപത്തിലെത്തിയത്.

Tags:    
News Summary - Kidney transplanted and regained life Lakshmi came to married life

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.