കൊച്ചി: ഫോട്ടോഗ്രഫിയിലും ഫോട്ടോഷൂട്ടിലുമെല്ലാം എന്നെന്നും പുതുമയുള്ള വഴികളിലൂടെ തൻറെ പ്രിയപ്പെട്ട ക്യാമറയും പിടിച്ച് നടക്കുന്നയാളാണ് മഹാദേവൻ തമ്പി. പാതയോരങ്ങളിൽ അതുമിതും വിറ്റ് മഞ്ഞും വെയിലുമേറ്റ് നിറംമങ്ങിയ ആസ്മാൻ എന്ന രാജസ്ഥാൻകാരിയെ അവിശ്വസനീയമായ േമക് ഓവറിലൂടെ ലോകത്തിനു മുന്നിലെത്തിച്ച അതേ ഫോട്ടോഗ്രാഫർ തന്നെ. ഇന്നിതാ സിക്സ്പാക്കും ഒത്ത ശരീരവുമുള്ളവർക്കു മാത്രമല്ല, പ്ലസ് സൈസിലുള്ളവർക്കും മോഡലാവാൻ പറ്റുമെന്ന് തൻറെ പുതിയ ഫോട്ടോഷൂട്ടിലൂടെ തെളിയിക്കുകയാണ് ഈ ചെറുപ്പക്കാരൻ.
വ്ലോഗറായ മുകേഷ് എം. നായരെ അസുര വേഷത്തിൽ ക്യാമറക്കു മുന്നിൽ നിർത്തിയാണ് മോഡലിങ് രംഗത്തെ സാമ്പ്രദായിക ആചാരങ്ങൾ ഒരിക്കൽ കൂടി മഹാദേവൻ പൊളിച്ചുകളയുന്നത്. തൻറെ മുഖം ഉൾപ്പെടുത്തി നല്ലൊരു ചിത്രമെടുത്തു തരണമെന്ന ആവശ്യവുമായി മുന്നോട്ടുവന്ന മുകേഷിനോട് മുഖം മാത്രമായി ഒതുക്കുന്നതെന്തിനാ, നമുക്കിത് ഫുൾ സെറ്റാക്കാമെന്നു പറഞ്ഞ് പ്രചോദനം പകരുകയായിരുന്നു ഇദ്ദേഹം.
ബോഡി ഷെയിമിങ് കൂടുതൽ ചർച്ചയാവുന്ന കാലത്ത് തടി കൂടിയവർ, ഒട്ടും തടിയില്ലാത്തവർ, ഇരുണ്ട നിറമുള്ളവർ തുടങ്ങി ശാരീരിക പ്രത്യേകതകൾ മൂലം അപകർഷത ബോധം അനുഭവിക്കുന്നവർക്ക് ആത്മവിശ്വാസം നൽകുകയെന്ന ലക്ഷ്യവുമായാണ് ക്യാമറ ചലിപ്പിച്ചത്. ഇത്തരത്തിൽ ആത്മവിശ്വാസം കുറവുള്ള പലരും മോഡലിങ് ആഗ്രഹം വെളിപ്പെടുത്തി തന്നെ വിളിക്കാറും സന്ദേശം അയക്കാറുമുണ്ടെന്ന് മഹാദേവൻ തമ്പി പറയുന്നു.
അയ്യപ്പനും കോശിയും സിനിമയിലെ മേക്കപ്പ്മാനായ നരസിംഹ സ്വാമിയാണ് മുകേഷിനെ പുതിയ ഭാവത്തിൽ ഒരുക്കിയെടുത്തത്. തിരുവനന്തപുരം നയനാസിലെ ബിജി ജോസൻ ആണ് കോസ്റ്റ്യൂം നൽകിയത്. ഒപ്പം ഗുരു എന്നുപേരുള്ള കുതിരക്കൊപ്പമുള്ള ചിത്രങ്ങളും എടുത്തിട്ടുണ്ട്. തിരുവനന്തപുരത്തെ പാലോടുള്ള റിസോർട്ടിൽ വെച്ചായിരുന്നു ചിത്രീകരണം. വിഷ്ണുരാജ്, മഹേഷ്, സജിത്ത് തുടങ്ങിയവരും അണിയറയിൽ പ്രവർത്തിച്ചിരിക്കുന്നു.
Team Mahadevan Thampi എന്ന യൂട്യൂബ് ചാനലിലൂടെ (https://www.youtube.com/channel/UCF1mCtGgmXt1nP-zGFSgasA) ഫോട്ടോഷൂട്ട് ചിത്രങ്ങളും വിഡിയോയും മഹാദേവൻ തമ്പി പങ്കുവെക്കുന്നുണ്ട്. വിഡിയോ കണ്ട് നിരവധി പേർ പ്രചോദനം നൽകുന്നുവെന്ന പ്രതികരണവുമായി എത്തിയിട്ടുണ്ട്. സിനിമ രംഗത്തും ഏറെ പ്രശസ്തനായ മഹാദേവൻ തമ്പി 98 വയസുള്ള പാപ്പിയമ്മയെയും മോഡലാക്കി പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.