റിയാദ്: പ്രവാസ രാഷ്ട്രീയ, സാംസ്കാരിക വേദികളിലെ സ്ഥിരം തീപ്പൊരി പ്രസംഗകനായ കെ.എം.സി.സി നേതാവ് എസ്.വി. അർഷുൽ അഹ്മദിന്റെ വാങ്മയ പ്രകടനം ഇനി ജന്മനാട്ടിലെ വേദികളിൽ. കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി സെക്രട്ടേറിയറ്റംഗമായ ഇദ്ദേഹം 22 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് ഞായറാഴ്ച നാട്ടിലേക്ക് മടങ്ങുന്നത് മുസ്ലിം ലീഗ് കോഴിക്കോട് സൗത്ത് മണ്ഡലം ജനറൽ സെക്രട്ടറി പദത്തിലേക്കാണ്.
റിയാദിൽ സാമൂഹിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വളരെ സജീവമായിരുന്ന അർഷുൽ റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ നിർവാഹക സമിതി അംഗവും മുസ്ലിം സർവിസ് സൊസൈറ്റി (എം.എസ്.എസ്), കോഴിക്കോട് ടൗൺ കൂട്ടായ്മയായ ‘സംഗമം’ എന്നിവയിൽ അംഗവുമാണ്. റിയാദിലെ രാഷ്ട്രീയ പൊതുവേദികളിൽ കൈയടികളും ആർപ്പുവിളികളും നേടാൻ അർശുലിന്റെ വാഗ്വിലാസത്തിന് കഴിഞ്ഞിരുന്നു. പ്രത്യേകിച്ചും രാഷ്ട്രീയ സംവാദ വേദികളിൽ. എതിരാളികളെ വാക്കുകളുടെ ചാട്ടുളിപ്രയോഗത്തിലൂടെ വീഴ്ത്താൻ മിടുക്കനായിരുന്നു. എന്നാൽ, കക്ഷിരാഷ്ട്രീയാതീതമായി വിപുലമായ സൗഹൃദവലയം സമ്പാദിച്ചിരുന്നു.
കോഴിക്കോട് സിറ്റി എം.എസ്.എഫിലൂടെയാണ് സജീവ പാർട്ടി പ്രവർത്തനത്തിലെത്തുന്നത്. തുടർന്ന് കോഴിക്കോട് സിറ്റിക്ക് കീഴിലുള്ള ചെമ്മങ്ങാട് ശാഖ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയായി. നാട്ടിലെ രാഷ്ട്രീയ വേദികളിൽ പ്രസംഗിച്ചും പ്രവർത്തിച്ചും ആഘോഷിക്കുന്ന കാലത്താണ് ഉപജീവനത്തിനുള്ള മറുകര തേടി സൗദി തലസ്ഥാനത്തെത്തുന്നത്. കോഴിക്കോട് സിറ്റി കെ.എം.സി.സി സെക്രട്ടറിയായാണ് റിയാദിൽ സംഘടനാ പ്രവർത്തനം തുടർന്നത്. പിന്നീട് കോഴിക്കോട് ജില്ല കെ.എം.സി.സി ജനറൽ സെക്രട്ടറിയായി. നാട്ടിലെ തെരഞ്ഞെടുപ്പുകാലങ്ങളിലെല്ലാം സൗദിയിലെ ഏറ്റവും തിരക്കേറിയ കെ.എം.സി.സി പ്രഭാഷകനായും മാറി. റിയാദ് സെൻട്രൽ കമ്മിറ്റി സെക്രട്ടറി, സൗദി നാഷനൽ കമ്മിറ്റി സെക്രട്ടറി ചുമതലകളിലുമെത്തി.
പലവിധ നിയമക്കുരുക്കിൽ അകപ്പെട്ട് ദുരിതപ്രവാസം പേറേണ്ടിവന്ന നിരവധിയാളുകളെ രക്ഷപ്പെടുത്തി നാട്ടിലയക്കാൻ മുന്നിൽനിന്നു. രോഗാവസ്ഥയിൽ പ്രയാസപ്പെടുന്നവരെ ശുശ്രൂഷിക്കുന്നതിനും അവർക്കാവശ്യമായ ചികിത്സ ഉറപ്പാക്കുന്നതിനും സജീവമായി ഇടപെട്ടു. സൗദിയിൽ മരിക്കുന്നവരുടെ മരണാനന്തര നടപടികൾ പൂർത്തീകരിക്കാനും ഖബറടക്കാനും നാട്ടിലേക്ക് അയക്കാനുമെല്ലാം ഒറ്റയാൾ പ്രവർത്തനങ്ങളിൽ മുഴുകി. ഈ കാലത്തിനിടയിൽ പ്രവർത്തനങ്ങൾക്ക് നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും തേടിയെത്തി.
തമിഴ്നാട് മുസ്ലിം ലീഗിന്റെ പ്രവാസി ഘടകം ‘ഖാഇദെ മില്ലത്ത് പേരവൈ’ റിയാദിൽ രൂപവത്കരിക്കാനും മലയാളികളുമായി അവർക്ക് പാലം തീർക്കാനും മുൻകൈയെടുത്തു. ഭാര്യ റഷീദ കോശാനി വീട് വനിത ലീഗ് ചെമ്മങ്ങാട് സെക്രട്ടറിയാണ്. മക്കളായ ഹസനുൽ ബന്നയും യാസറും റിയാദിൽ ജോലി ചെയ്യുന്നു. ഇളയ മകൻ ഹബീബ് റഹ്മാൻ ബിരുദ വിദ്യാർഥിയാണ്. മകൾ മൻഹ മറിയം ഒന്നാം ക്ലാസ് വിദ്യാർഥിനിയും. വെള്ളിയാഴ്ച കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റിയുടെയും ശനിയാഴ്ച കോഴിക്കോട് ജില്ല കമ്മിറ്റിയുടെയും യാത്രയയപ്പ് പരിപാടികളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.